അർത്ഥം അഭിരാമം 1
Ardham Abhiraamam Part 1 | Author : Kabaneenath
[ www.kambi.pw ]
ഇരുപത്തിനാല് മിസ്ഡ് കോൾസ് ……!
കിടക്കയിൽ സൈലന്റ് മോഡിൽ കിടന്ന ഫോൺ എടുത്തു നോക്കിയിട്ട് അഭിരാമി വീണ്ടും ഫോൺ കിടക്കയിലേക്കിട്ടു …
ആശങ്കയും ദേഷ്യവും വാശിയും സങ്കടവും കൂടിച്ചേർന്ന മുഖഭാവത്തോടെ അവൾ മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു …
അടച്ചിട്ടിരിക്കുന്ന ജനൽപ്പാളികളും വാതിലും ….
ഫുൾ സ്പീഡിൽ കറങ്ങുന്ന സീലിംഗ് ഫാൻ…
ഇളം മഞ്ഞ ചുരിദാറിൽ , ആ ഫാനിന്റെ ചുവട്ടിൽ അവൾ വിയർത്തു നിന്നു …
കിടക്കയിൽ കിടന്ന ഫോണിൽ വീണ്ടും ലൈറ്റ് മിന്നിയണയുന്നത് അവൾ കണ്ടു …
അടുത്ത നിമിഷം അടഞ്ഞുകിടന്ന വാതിലിൽ മുട്ടുകേട്ടു …
അവളൊന്നു ഞെട്ടി…
പിന്നെ, ഒരാശങ്കയോടെ അവൾ വാതിലിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു …
വാതിലിനപ്പുറം അമ്മിണിയമ്മയെ അവൾ കണ്ടു …
“സാർ പുറത്തു വന്നു നിൽപ്പുണ്ട് ….”
“ഉം ….” അവളൊന്ന് അമർത്തി മൂളി …
” എന്താ പറയേണ്ടത് ….?”
” വാതിൽ തുറന്നിട്ടേക്ക് ….”
പറഞ്ഞിട്ട് അഭിരാമി തിരിഞ്ഞു …
ഫാൻ ഓഫ് ചെയ്തിട്ട് അവൾ മേശ വലിപ്പ് തുറന്നു …
ഫയലുകൾക്കു താഴെ മറച്ചു വെച്ച , തുകൽപ്പാളിയിൽ പൊതിഞ്ഞ ഒരു കഠാര അവൾ വലിച്ചെടുത്തു …
” കൊന്നേക്കാം ആ നാറിയെ ….”
ഒരു മുരൾച്ചയോടെ അഭിരാമി കഠാര വലം കൈയ്യിൽ പിടിച്ച്, ഇരു കൈകളും പിന്നിൽ കെട്ടി വാതിലിനു പുറത്തേക്ക് വന്നു..
ആ സമയം തന്നെ രാജീവ് മുൻവശത്തെ തുറന്ന വാതിലിലൂടെ അകത്തേക്ക് കയറി ..
ലിവിംഗ് റൂം കടന്ന് അയാൾ ഡൈനിംഗ് ഹാളിലേക്ക് വന്നു …
” ഞാൻ കുറേയേറെ വിളിച്ചു … ” അയാൾ പറഞ്ഞു …
” ഞാൻ കണ്ടു … ” പരുഷമായിരുന്നു അവളുടെ സ്വരം ..
“പിന്നെ എടുക്കാതിരുന്നത് ….?” അവളോട് അനുവാദം ചോദിക്കാതെ തന്നെ അയാൾ ഡൈനിംഗ് ടേബിളിനരുകിൽ കിടന്ന മരക്കസേരയിലേക്കിരുന്നു ..
“ഇനി അതിന്റെ ആവശ്യമില്ല, എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു … ”
” അഭീ … ” അയാൾ മൃദുവായി വിളിച്ചു.
” നോ …” അവൾ കോപത്തോടെ അയാളുടെ മുഖത്തു നോക്കി തടഞ്ഞു ..
“നിങ്ങളിനി എന്റെ പേര് ഉച്ചരിക്കരുത് … ”
” അല്ലാതെ ഞാൻ പിന്നെ നിന്നെ എന്തു വിളിക്കണം …?”
” നിങ്ങൾ വന്ന കാര്യം പറഞ്ഞു പോകാൻ നോക്ക് … ” ഒരകലം സൂക്ഷിച്ചു കൊണ്ട് , അഭിരാമി അയാളിലേക്കടുത്തു.
” ഞാൻ പറഞ്ഞല്ലോ …, ബിസിനസ്സ് ഡൾ ആയിരുന്നു … അതൊക്കെ ഇൻവെസ്റ്റാണ് … ഒരാറു മാസം കൂടി നിനക്കു ക്ഷമിച്ചു കൂടെ …?”
” നിങ്ങൾക്കു ഞാൻ തന്ന അവധികൾ ഒരുപാട് കഴിഞ്ഞതാണ്, ഇനി ആ കാര്യത്തിൽ ഒരു എക്സ്ക്യൂസും എനിക്ക് കേൾക്കണമെന്നില്ല … ”
ഹാളിൽ നിന്നും അടുക്കളയിലേക്ക് തിരിയുന്ന ഇടനാഴിയിൽ അമ്മിണിയമ്മയുടെ മുഖം ഒന്ന് മിന്നിമറഞ്ഞത് രാജീവ് കണ്ടു.
” ഒരവസരം കൂടി ….” രാജീവിന്റെ സ്വരം ദയനീയമായിരുന്നു …
” നോ കോംപ്രമൈസ്…. ” അഭിരാമി അയാളുടെ മുഖത്തേക്ക് നോക്കി ..
” ഞാൻ ലീഗലായിട്ടു മുന്നോട്ടു പോകുന്നു.. അതിനുള്ള എവിഡൻസ് എന്റെ കയ്യിലുണ്ട്. എനിക്കു നഷ്ടപ്പെട്ടത് നീ , നീ തിരിച്ചു തന്നേ മതിയാകൂ…”
“അഭീ … ഞാൻ പറഞ്ഞല്ലോ ….”
“നീ ഒന്നും പറയണ്ടെടാ…”
കോപാകുലയായി അഭിരാമി അയാളുടെ നേരെ ചീറി…
ശാന്തത കൈവിടാതെ തന്നെ , ഇടതു കൈയുടെ ചൂണ്ടുവിരലാൽ മുഖത്തിരുന്ന ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് രാജീവ് കസേരയിൽ നിന്നും എഴുന്നേറ്റു ..
“കൂൾ …. കൂൾ … അഭീ … ”
അഭിരാമി മറുപടി പറയാതെ കൈകൾ പിന്നിൽ കെട്ടി അയാളെ നോക്കി കിതച്ചു കൊണ്ടിരുന്നു …
“ഏതൊരു യുദ്ധത്തിനും ഒരു സന്ധിയും സമാധാന ചർച്ചകളുമൊക്കെയുണ്ട് … ഇതു യുദ്ധമൊന്നുമല്ലല്ലോ ….”
സംസാരിച്ചു കൊണ്ട് , അയാൾ അവളുടെയടുത്തേക്ക് അടിവെച്ചു …
“നിന്റെ പണം, എന്റെ പണം എന്നൊന്ന് നമുക്കിടയിൽ ഇല്ലായിരുന്നു .. ബട്ട് … ”
” പണം എന്റേതായിരുന്നുവല്ലോ..”
“ശരി തന്നെ, പക്ഷേ ഞാൻ നിന്റെ ആരായിരുന്നു …?”
രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു ..
“ആരുമല്ലായിരുന്നു … ” അവൾ പുച്ഛത്തിൽ ചിറി കോട്ടി …
” അതേ, ആരുമല്ലായിരുന്നു … പക്ഷേ, ആരുമല്ലാതാകുന്നതിനു മുൻപുള്ള ഞാനാണ് പറയുന്നത് എന്ന് കരുതി , ഒരാറു മാസം കൂടി നീ ക്ഷമിച്ചാൽ ……”
“രണ്ടര വർഷമായിട്ട് ഇല്ലാത്ത രണ്ട് കോടി നീ തരുമെന്ന് ഞാൻ വിശ്വസിക്കണമെന്ന് ….”
ആയമെടുക്കാൻ ഒരകലം കണക്കാക്കി അവൾ പിന്നോട്ടടി വെച്ചു.
“രണ്ടര വർഷത്തിന്റെ കൂടെ ഒരാറു മാസം കൂടി … ”
” ഒരു നിമിഷം കൂടി സാദ്ധ്യമല്ല….”
അവൾ തീർത്തു പറഞ്ഞു …
” അപ്പോൾ നീ കാശ് വാങ്ങിയേ പിൻവാങ്ങൂ….?”
രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു.
ഡൈനിംഗ് ടേബിളിൽ ചാരി അഭിരാമി നിന്നു …
“ഇനി എന്റെ പണം കൊണ്ട് നീ സുഖിക്കില്ല ….”
“നീയും ….” ക്രൗര്യം നിറഞ്ഞ മുഖത്തോടെ രാജീവ് ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു…
” കൊല്ലും ഞാൻ … ” രാജീവിന്റെ അടുത്ത വാക്കുകൾ പല്ലുകൾക്കിടയിലൂടെയാണ് പുറത്തു വന്നത് …
അയാളുടെ കണ്ണുകളിൽ പക കത്തിജ്വലിക്കുന്നതവൾ കണ്ടു..
രാജീവ് അടുത്ത ചുവട് മുന്നോട്ടു വെച്ചതും അഭിരാമി പിന്നിൽ പിണച്ചുകെട്ടിയിരുന്ന കൈകൾ അഴിച്ചു .
അയാളുടെ മുഖത്തു നോക്കിക്കൊണ്ടു തന്നെ അവളടുത്ത നിമിഷം വലം കൈ പിന്നിൽ നിന്നും മിന്നൽ പോലെ വലിച്ചെടുത്ത് , അയാളുടെ നേരെ വീശി ..
“ആ… ഹ് … ”
ഇടം കൈ മുട്ടിനു മുകളിൽ , വലം കൈ കൊണ്ട് പൊത്തിപ്പിടിച്ച് രാജീവ് കുനിഞ്ഞു പോയി ..
” അതിനു മുൻപേ നിന്നെ ഞാൻ കൊല്ലും…”
ബാധ കയറിയതു പോലെ തുള്ളി വിറച്ചവൾ പറഞ്ഞു.
അവളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ രാജീവ് പതറിപ്പോയിരുന്നു ..
ഷർട്ടു കീറിയ ഭാഗത്തു നിന്നും രക്തം പനച്ചു തുടങ്ങി … പൊത്തിപ്പിടിച്ച അയാളുടെ കൈപ്പത്തിയിലേക്ക് രക്തം പരന്നു തുടങ്ങി.
” ടീ … നീ … ”
വിശ്വാസം വരാത്തതു പോലെ രാജീവ് അവളെ നോക്കി.
” അതേടാ നായേ…. ഞാൻ തന്നെ ….”
അവൻ തിരിച്ചാക്രമിക്കും എന്നൊരു ഭയം ഉള്ളിലുള്ളതിനാൽ അവൾ കസേര, കാലു കൊണ്ട് ഇരുവരുടെയും ഇടയിലേക്ക് നിരക്കിയിട്ടു ..
“നിന്നെ അത്രത്തോളം വിശ്വസിച്ചവളാ ഞാൻ , ഇനിയും നിന്നെ …..”
രാജീവിന്റെ വിരലുകളിൽ നിന്ന് രക്തം താഴേക്കു വീണു തുടങ്ങി ..
വെളുത്ത ടൈൽസിനു മുകളിൽ മഞ്ചാടിക്കുരു ചിതറിയ പോലെ രക്തത്തുള്ളികൾ കിടന്നു ..
“മോളേ ……” അടുത്ത നിമിഷം ഒരലർച്ചയോടൊപ്പം പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദവും കേട്ടു …
ട്രേയും ചായക്കപ്പുകളും വീണു ചിതറിയ തറയ്ക്കപ്പുറം , അമ്മിണിയമ്മയുടെ കാലുകൾ കുനിഞ്ഞു നിന്ന രാജീവ് കണ്ടു ..
ആ ഒരു നിമിഷം മതിയായിരുന്നു അയാൾക്ക് ….
വലം കൈ കൊണ്ട് , മുന്നിൽക്കിടന്ന കസേര വലിച്ചെറിഞ്ഞ് , ഞെട്ടിത്തിരിഞ്ഞ അഭിരാമിയുടെ കഴുത്തിലേക്ക് രാജീവ് ഇടം കൈ ചുറ്റി .
കസേര ചുവരിലിടിച്ചു വീണ ശബ്ദത്തിൽ തിരിഞ്ഞപ്പോഴേക്കും അഭിരാമിയുടെ വലം കൈയിലെ കഠാര രാജീവിന്റെ കൈയ്യിലായിരുന്നു ..