ഏട്ടത്തി – 3 Likeഅടിപൊളി 

ഏട്ടത്തി 3

Ettathy Part 3 | Author : Achillies | Previous Part


വൈകിയത് മനഃപൂർവ്വമല്ല

സമയം ജോലി അസുഖം എല്ലാവരും കൂടി ആക്രമിച്ചത് താങ്ങാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല… ഈ ഭാഗം എല്ലാം ഒന്നു കൂട്ടിയോജിപ്പിക്കുക എന്നത് മാത്രേ ചെയ്തിട്ടുള്ളൂ… കിച്ചുവും നീരജയേയും രണ്ടു പാർട്ടിൽ അവതരിപ്പിച്ചതിലും കൂടുതലായി ഒന്നും എന്റെ മനസ്സിൽ വരുന്നില്ല, തെറ്റുകൾ മാത്രമേ ഉണ്ടാവാൻ സാധ്യത ഉള്ളൂ, വിമർശങ്ങൾ സ്വാഗതം ചെയ്യുന്നു…

കാത്തിരുന്ന, വായിക്കുന്ന എനിക്ക് വേണ്ടി രണ്ടു വരി എഴുതാനും പ്രോത്സാഹിപ്പിക്കാനും വിമർശിച്ചു തെറ്റുകൾ കാട്ടിത്തരാനും സമയം കണ്ടെത്തുന്ന എല്ലാ കൂട്ടുകാരോടും ഹൃദയം നിറഞ്ഞ നന്ദി.

കഥകൾ പലപ്പോഴും കഥകളായി തന്നെ എടുക്കണം, കഥകളുടെ ഉദ്ദേശം ഏറ്റവും പ്രഥമമായി എന്നെയും നിങ്ങളെയും സന്തോഷിപ്പിക്കുക ചിന്തിപ്പിക്കുക എന്നു മാത്രമാണ്…

സ്നേഹപൂർവ്വം…❤️❤️❤️


“ഡാ…കൃഷ്ണാ…..മോനെ, നീ എങ്ങനെ…..”

കിച്ചു കണ്ടത് മനസ്സ് കണക്ക് കൂട്ടും മുൻപ് കരഞ്ഞു വിളിച്ചു തൊട്ടടുത്തു നിന്ന രാഘവൻ ഓടിയിരുന്നു.. മുന്നിലുള്ളത് സത്യമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് തിരിച്ചറിയാൻ കഴിയാതെ കിച്ചു യാന്ത്രികമായി മുന്നോട്ടു നടന്നു.

“മോനെ….”

ഓടിക്കയറിയ രാഘവൻ കൃഷ്ണനെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുമ്പോൾ കിച്ചുവിനാകെ ഒരു മരവിപ്പ് മാത്രമേ തോന്നിയുള്ളൂ…

“ഇത് ഏട്ടൻ തന്നെ ആണോ…അല്ലെങ്കിൽ ഏട്ടന്റെ മുഖം ഉള്ള മാറ്റാരെങ്കിലും ആയിരിക്കുമോ…”

കിച്ചുവിന്റെ മനസ്സിലൂടെ ചോദ്യങ്ങളുടെ തീവണ്ടി പാളങ്ങൾ പലതും തെറ്റിച്ചോടി.

“മോനേ….കിച്ചു….ഇത് ഞാൻ തന്നെ ആടാ…നിന്റെ ഏട്ടനാ,….”

വല്യച്ഛന്റെ കൈപ്പിടിയിൽ നിന്ന് വഴുതി കിച്ചുവിനെ മുറുക്കി കെട്ടിപ്പിടിച്ചു കൃഷ്ണൻ പറയുമ്പോൾ സന്തോഷത്തിന് പകരം അസ്വസ്ഥതയും സങ്കടവും തന്നിൽ നിറയുന്നതെന്തിനെന്നു കിച്ചുവിന് എത്ര ആലോചിച്ചിട്ടും മനസിലാക്കാൻ കഴിഞ്ഞില്ല.

“നിനക്ക് എന്താ പറ്റിയെ…നിന്റെ ആത്മഹത്യകുറിപ്പും കൊണ്ടു ഇവിടെ വന്ന ആളേതാ…നീ ഇത്ര കാലം എവിടെ ആയിരുന്നു…”

കൃഷ്ണൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു ഇരുന്നപ്പോൾ രാഘവൻ അവന്റെ കൈ കവർന്നു ചോദ്യങ്ങൾ എയ്തു കൊണ്ടിരുന്നു.

കിച്ചു കൃഷ്ണനെ നോക്കിക്കണ്ടു, അയഞ്ഞ കറുപ്പ് ജുബ്ബയും നര വീണു പിന്നി തുടങ്ങിയ കറുത്ത കാവി മുണ്ടും, കരിവാളിച്ച മുഖവും കൈകളും, താടി കുറച്ചു നീണ്ട മുഖം മുടി കൊഴിഞ്ഞു നെറ്റിയിലേക്ക് കേറിയിട്ടുണ്ട്, പണ്ടുള്ളതിനെക്കാൾ മെല്ലിച്ച ശരീരം. കൃഷ്ണൻ തന്റെ മുൻപിൽ കൊണ്ടു വെച്ച ഗ്ലാസ്സിലെ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി.

“മരിക്കാൻ തന്നെയാ എഴുതി വെച്ചു പോയത് വല്യച്ച…പക്ഷെ വിധി കരുതി വെച്ച ബാക്കി കൂടി അനുഭവിക്കാതെ എങ്ങനെയാ പോവാൻ കഴിയ…”

കൃഷ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ കിച്ചു വാതിൽ പടിയിൽ നിന്ന അമ്മയിലേക്ക് നോക്കി. തന്നെപ്പോലെ മരവിച്ചു കൃഷ്ണനെ നോക്കി നിൽക്കുന്ന അമലയെ കണ്ട കിച്ചു വീണ്ടും ഉലഞ്ഞു. അവന്റെ കണ്ണുകൾ വീണ്ടും നീണ്ടു, എന്നാൽ കണ്ണിൽ എവിടെയും താൻ തേടിയവളെ പെട്ടില്ല..തന്റെ പാതിയെ, അവൾ അറിഞ്ഞു കാണുമോ എന്നവൻ ഭയന്നു, അറിഞ്ഞാൽ താൻ വീണ്ടും ഒരു രണ്ടാമൂഴക്കാരനായി മാറുമോ എന്ന ഭയം അവനിൽ നിറഞ്ഞു.

“നീ എന്തിനാ മോനെ മരിക്കാൻ ഒക്കെ തീരുമാനിച്ചെ…നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കുന്നവരെ ഒക്കെ എങ്ങനെ മറക്കാൻ പറ്റി…”

ലോകത്തു വെച്ചു ഏറ്റവും കാണാൻ കൊതിച്ചത് കൃഷ്ണനെ ആയിരുന്നു എന്ന കണക്ക് സുമ കണ്ണീരൊഴുക്കി കള്ളം പറഞ്ഞു.

മരിച്ചവർ തിരിച്ചു വന്നാൽ ശെരിക്കും സന്തോഷമാണോ, സങ്കടമാണോ തോന്നേണ്ടത്, ഏട്ടൻ മരിച്ചിട്ടില്ല എന്നറിയുമ്പോൾ അനിയന് സ്വാഭാവികമായും സന്തോഷവും, മൂത്ത മകൻ കൊള്ളിവെക്കാൻ ഉണ്ടെന്നു അറിയുമ്പോൾ വൈധവ്യം തീണ്ടിയ അമ്മയ്ക്ക് പുണ്യവുമാണ് തോന്നേണ്ടത്, എന്നാൽ കൃഷ്ണൻ തിരികെ വന്നപ്പോൾ മനസ്സിൽ നിറയുന്നതെന്തെന്നു തിരിച്ചറിയാൻ അമലയ്ക്കും കിച്ചുവിനും ചുഴിഞ്ഞു നോക്കിയിട്ടും മനസിലായില്ല… മുകളിൽ മുറിയിൽ നൂല് കൊണ്ട് കെട്ടിയ ജീവിതത്തിന് ഇനി എത്ര ആയുസ്സ് കാണുമെന്നു പോലും ചിന്തിക്കാൻ ആവതില്ലാത്ത പെണ്ണിന്റെ തേങ്ങലുകൾ കിടക്കയിലെ തുണിവിരി ഏറ്റുവാങ്ങി.

“കാശിയിൽ തന്നെ യാത്ര തീർക്കണം ന്നാ വല്യച്ഛ കരുതിയെ, ഗംഗയിൽ ലയിക്കാൻ, ഇറങ്ങിയതാ,…പടിക്കെട്ടിൽ ഇരുന്ന് പ്രാര്ഥിക്കുമ്പോഴാ, ഒരു ഗുരു വന്നു വിളിക്കുന്നത്, നല്ല പ്രായം ഉണ്ടാവും,മുടി ഒക്കെ നരച്ചു കാഷായം ധരിച്ചു ജഡ മൂടിയ മുഖവുമായി,… ഗുരു കൈലാസത്തിലേക്ക് പോകുവാണ് കൂടെ ചെല്ലാൻ പറഞ്ഞു.

ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നി, ഒരു പരിചയം പോലും ഇല്ലാത്ത ഒരു സന്യാസി അടുത്തു വന്നു എന്നോട് കൈലാസത്തിലേക്ക് കൂട്ടു ചെല്ലാൻ പറയുന്നു. യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങിയ എനിക്ക് ആദ്യം വേണ്ട എന്നു പറയാനാ തോന്നിയെ, പക്ഷെ അദ്ദേഹത്തിന്റെ മുഖത്തെ തേജസ്സിലേക്ക് നോക്കി, കഴിയില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല,… ഒന്നും എടുക്കാതെ അതേ നിലയിൽ അദ്ദേഹത്തോടൊപ്പം ഞാൻ യാത്രയായി വീണ്ടും, പല ക്ഷേത്രങ്ങൾ പല ജീവിതങ്ങൾ. നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ കൈലാസ താഴ്‌വരയിൽ എത്തി.

“”””ജീവിതത്തിൽ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും വിട്ടൊഴിഞ്ഞവർക്കുള്ളതാണ് ലയനം,നിനക്കിനിയും ഭൂമിയിൽ കർമ്മങ്ങൾ ബാക്കിയുണ്ട്, നീ ചെയ്യേണ്ട ഒരു മകന്റെ ഭർത്താവിന്റെ ജേഷ്ട്ടന്റെ കർത്തവ്യങ്ങളും ബാക്കിയുണ്ട്, എന്നെങ്കിലും ഒരിക്കൽ നിന്റെ കർമ്മം നീ പൂർത്തിയാക്കി എന്നു ഉറപ്പു വരുമ്പോൾ തിരികെ ഇവിടെ വരിക…നിന്നെ മോക്ഷത്തിലേക്ക് നടത്താൻ ഞാനുണ്ടാവും…”””

അദ്ദേഹം അത് പറഞ്ഞു തീർന്നതും എന്റെ ശരീരമാകെ വിറച്ചു, പിന്നെ തിരിഞ്ഞു നോക്കാൻ പോലും കഴിയാതെ ഒരു കെട്ടുകൊണ്ടു കെട്ടിയ ശരീരം മാത്രമായി ഞാൻ തിരികെ നടക്കുക ആയിരുന്നു വല്യച്ച…”

കൃഷ്ണൻ കണ്ണുകളുയർത്തി, പ്രകാശം ദർശിച്ച പോലെ കൈകൂപ്പി,

“എന്റെ ഭഗവാനെ….”

സുമയും ഭക്തിയിൽ മുഴുകി സീരിയൽ കാണും പോലെ കൈകൂപ്പി നിന്നു.

“പിന്നെ എനിക്ക് നിങ്ങളെ എല്ലാവരെയും കാണണം എന്ന് തോന്നി…എന്റെ അമ്മയെ, എന്റെ നീരജയെ, കിച്ചൂനെ, ഇനി ബാക്കിയുള്ള കാലം ഇവിടെ ഇവരോടൊപ്പം ഇവരെ സംരക്ഷിച്ചു, ജീവിക്കണം…”

എന്റെ നീരജ എന്നു കൃഷ്ണന്റെ നാവ് മൊഴിഞ്ഞത് കേട്ട കിച്ചുവിന്റെ ചെവി കരിഞ്ഞു ഹൃദയം മുറിഞ്ഞു.അവൻ നിസ്സഹായനായി അമലയെ നോക്കി. എന്നാൽ കിച്ചുവിനെ നോക്കി നിന്ന അമ്മയുടെ മുഖത്തും പരിഭ്രാന്തി നിറഞ്ഞു നിന്നത് കണ്ട കിച്ചുവിന്റെ പ്രതീക്ഷകളിൽ വിള്ളൽ വീണു തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *