ഏഴാം യാമം
Ezhaam Yaamam | Author : Vatsyayanan
മഞ്ഞു പെയ്യുന്ന മകരമാസരാത്രി. നിലാവിന്‍റെ മേലാടയണിഞ്ഞു നിൽക്കുന്ന നിശാഗന്ധിപ്പൂക്കളെ തഴുകി നിശ്ശബ്ദമായി കടന്നു പോയ ഒരു ഇളങ്കാറ്റ് കൈകളിൽ ഏന്തി വന്ന സുഗന്ധം അരുന്ധതിയുടെ നാസാരന്ധ്രങ്ങളെ ഇക്കിളിയിട്ടു. കണ്ണുകളടച്ച്, ശിരസ്സു പിന്നിലേക്കായ്ച്ച്, ഒരു ദീർഘനിശ്വാസമെടുത്ത് അവൾ ഒരു നിമിഷം ആ സൗരഭ്യത്തിൽ സ്വയം അലിഞ്ഞു. മിഴികൾ തുറന്ന് അവൾ ചുറ്റുപാടും നോക്കി. ചലിക്കാത്തവയും ഒഴുകിനീങ്ങുന്നവയും അണഞ്ഞുതെളിയുന്നവയും … അങ്ങനെ നഗരത്തിന്‍റെ പല തരങ്ങളിലുള്ള രാത്രിവെട്ടങ്ങൾ. നിദ്രക്കു പിടികൊടുക്കാതെ പ്രകാശത്തിന്‍റെ ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിയെത്തുന്ന യുവത്വത്തിളപ്പുകൾ. അരുന്ധതി ഒന്നു മന്ദഹസിച്ചു.
നഗരമദ്ധ്യത്തിലെ ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരു ബഹുനിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയുടെ മട്ടുപ്പാവിലായിരുന്നു അവൾ. ഒന്നു കൂടി കൃത്യമായിപ്പറഞ്ഞാൽ മട്ടുപ്പാവിന്‍റെ ചുറ്റുമതിലിന്മേലാണ് അവളുടെ ഇരുപ്പ്. താഴേക്കു നോക്കിയാൽ ആർക്കും ഭയം തോന്നിപ്പോകാം. വീഴാതെയിരിക്കാൻ മതിലിന്‍റെ വക്കത്ത് പിടിച്ചു പോയേക്കാം. പക്ഷേ അരുന്ധതിക്ക് ഭയമില്ലായിരുന്നു. കാരണം അവൾ ഒരു യക്ഷിയായിരുന്നു.
മനുഷ്യന്‍റെ ഭീതിസ്വപ്നങ്ങൾക്കു മീതെ ഊളിയിട്ടു പറക്കുന്ന, ശൃംഗാരഹാസത്തിൽ മൃത്യുവിന്‍റെ കൊലച്ചിരി ഒളിപ്പിക്കുന്ന, മനുഷ്യരക്തം കുടിക്കുകയും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്യുന്ന യക്ഷിയല്ല; ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്‍റേതല്ലാത്ത ഒരു തെറ്റിന്‍റെ പേരിൽ ഒരു സിദ്ധന്‍റെ ശാപമേറ്റ് യക്ഷിയായി മാറിയ ഒരു അപ്സരസ്സ് ആയിരുന്നു അരുന്ധതി. നിഷ്കളങ്കരായ മനുഷ്യരെ വേട്ടയാടുന്നത് അവൾ വെറുത്തു. എപ്പോഴൊക്കെ അരുന്ധതിയുടെ ദംഷ്ട്രകൾ മനുഷ്യഗളങ്ങളിൽ ആഴ്ന്നുവോ അപ്പോഴൊക്കെ അവ ഏതെങ്കിലും അപരാധിയുടെ രക്തം മാത്രമായിരുന്നു ചിന്തിയത്: അരുംകൊലയാളികൾ, സഹജീവിയെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നവർ, സ്ത്രീത്വത്തെ ബലപ്രയോഗത്തിന് ഇരയാക്കുന്നവർ. അല്ലാത്തപ്പോഴൊക്കെ പക്ഷിമൃഗാദികളുടെ നിണത്താൽ അവൾ ദാഹം തീർത്തു.
———— “നിശാഗന്ധിപ്പൂവിന്‍റെ മണം!” ആശ്ചര്യപ്പെട്ടു കൊണ്ട് അലീന മനുവിന്‍റെ കൈക്കു ചുറ്റിപ്പിടിച്ചു. “നിനക്ക് വരുന്നില്ലേ?” അവൾ അവനോട് ചോദിച്ചു.
അവൻ ഗന്ധം പിടിച്ചു. “ഉം”, അവൻ പറഞ്ഞു, “ആ ഷോപ്പിങ് കോംപ്ലെക്സിന്‍റെ അടുത്ത് ഒരെണ്ണം നില്പില്ലേ? അതിന്‍റെ പൂവായിരിക്കും.”
കമിതാക്കളായ അലീനയുടെയും മനുവിൻ്റെയും പ്രായം ഇരുപതുകളുടെ ആദ്യപകുതിയിൽ ആയിരുന്നു. പ്രശസ്തമായ ഒരു ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ ലീഡ് ഡിസൈനർ ആണ് മനു. അടുത്തയിടെ ആരംഭിച്ച ഒരു എഫ്. എം. റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കി ആണ് അലീന.
ജീവിതം ആഘോഷിക്കുന്നവർ. ഉയരെയുള്ള തന്‍റെ ഇരിപ്പിടത്തിൽ ഇരുന്ന് അവരെ നിരീക്ഷിക്കുകയായിരുന്ന അരുന്ധതി ഓർത്തു. പാവം മനുഷ്യർ. യൗവനം എത്ര പെട്ടെന്നാണ് അവരെ വിട്ടു പോകുന്നത്! ദേവകൾക്കും യക്ഷിഗന്ധർവന്മാർക്കും നിത്യയുവത്വം ഉള്ളതിനാൽ താരതമ്യേന ക്ഷണികജീവികളായ മനുഷ്യരോട് അവൾക്ക് പൊതുവേ എപ്പോഴും അനുകമ്പയാണ് തോന്നിയിട്ടുള്ളത്.
അലീനയും മനുവും നടക്കുന്നതിന് എതിർദിശയിൽ ഇരുളിന്‍റെ മറവിൽ നിന്ന് മുഖംമൂടി ധരിച്ച രണ്ട് രൂപങ്ങൾ പ്രത്യക്ഷപ്പെട്ടതും അവരെ സമീപിച്ചതും പെട്ടെന്നായിരുന്നു. ഉയരം കൂടിയ മെലിഞ്ഞ ഒരാളും തടിച്ച കുറുകിയ മറ്റൊരാളും.
അവരെ കണ്ട് അലീനയും മനുവും നിന്നു. അപകടം തിരിച്ചറിഞ്ഞ് ഉൾപ്രേരണയാൽ മനു അലീനയെ തന്‍റെ പിന്നിലേക്ക് നീക്കി നിർത്തി.
“ചേട്ടനും ചേച്ചീം കൂടെ ധിറുതീല് എങ്ങാട് പോണേണ്?” ഉയരം കുറഞ്ഞ മുഖംമൂടിക്കാരൻ ചോദിച്ചു.
“എന്തു വേണം? What do you want?” മനുവിന്‍റെ ശബ്ദം ഒട്ടും പതറിയിരുന്നില്ല.
ഉയരം കൂടിയ ആൾ കൈ മുൻപോട്ട് നീട്ടുക മാത്രം ചെയ്തു. അതോടൊപ്പം തന്നെ മറ്റേയാളിന്‍റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു.
ഉയരം കുറഞ്ഞ ആളിന്‍റെ കത്തി പിടിച്ചിരിക്കുന്ന കൈയുടെ നേർക്ക് മനുവിന്‍റെ ഇടംകാൽ ക്ഷണത്തിൽ ഒന്ന് ഉയർന്നു താണു. കത്തി ദൂരേക്ക് തെറിച്ചു വീണു. അലീനയെ പിന്നിലേക്ക് തള്ളി മാറ്റിയിട്ട് അവർ രണ്ടു പേരുമായി മനു സംഘട്ടനത്തിൽ ഏർപ്പെട്ടു. അലീന സംഭ്രമത്തോടെ യേശുവിനെയും കൃഷ്ണനെയും അല്ലാഹുവിനെയും ഒക്കെ വിളിച്ച് പ്രാർത്ഥിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ. “അഹ് … ആ … .” പെട്ടെന്ന് മനുവിന്‍റെ നിലവിളി ഉയർന്നു. ഉയരം കൂടിയ കൊള്ളക്കാരന്‍റെ കൈയിൽ ഇരുന്ന് തിളങ്ങിയ കത്തിമേൽ പുരണ്ടിരുന്നത് അവന്‍റെ രക്തമായിരുന്നു. ഇരു കൈകളാലും വയറിന്മേൽ പൊത്തിപ്പിടിച്ചു കൊണ്ട് അവൻ നിലത്തു വീണു.
കൊള്ളക്കാർ പരസ്പരം നോക്കി. ഉയരം കുറഞ്ഞ ആൾ തന്‍റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി കണ്ടെടുത്തു. ഉയരം കൂടിയ ആളിനോട് അലീനയെ പിടിക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചിട്ട് അയാൾ അതു നീട്ടിപ്പിടിച്ചു കൊണ്ട് മനുവിന്‍റെ നേർക്ക് അടുത്തു. മറ്റേ ആൾ അലീനയുടെ അടുത്ത് എത്തി. “ഒള്ളതെന്നാന്നു വെച്ചാ ഇങ്ങെട് ചേച്ചീ.“ അവളുടെ നേർക്ക് കത്തി നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അലീനയുടെ കണ്ണുകൾ അപ്പോഴും നിലത്തു കിടന്ന് പിടയുന്ന മനുവിന്‍റെ മേലായിരുന്നു. അവന്‍റെ ജീവൻ! ഉയരം കുറഞ്ഞ അക്രമി അതാ കത്തി ഓങ്ങുകയാണ് … . ”അവനെ കൊല്ലരുതേ!“ അവൾ നിലവിളിച്ചു. ഉയരം കൂടിയ കൊള്ളക്കാരൻ അതു കേട്ട് ക്രൂരമായി ഒന്ന് ചിരിച്ചു.
പെട്ടെന്ന് ഒരു വലിയ പക്ഷി പറന്നു വന്ന് ഇറങ്ങിയതു പോലെ ഒരു ശബ്ദം അയാളുടെ പിന്നിൽ ഉണ്ടായി. ഏതാണ്ട് ഒപ്പം തന്നെ മാംസളമായ ഒരു ”ക്ര്ർശ്ച്“ ശബ്ദവും. അലീനയുടെ കണ്ണുകളിൽ പെട്ടെന്ന് വന്നു കൂടിയ സംഭ്രമം കണ്ട് ഉയരം കൂടിയ അക്രമി തിരിഞ്ഞു നോക്കി. എന്താണത്! ഒരാൾ ഉയരമുള്ള ഒരു ഭീമൻ പരുന്തോ? അല്ല … ഉടലിനോടൊട്ടുന്ന കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ. തന്‍റെ കൂട്ടാളിയെ അവൾ ഇറുക്കിപ്പിടിച്ചിരിക്കുകയാണ്. അവൾ സ്വന്തം മുഖം കുനിച്ച് അവന്‍റെ കഴുത്തിനോടു ചേർത്തു പിടിച്ചിരിക്കുന്നു … എന്ത്? അവൾ അവന്‍റെ കഴുത്തിൽ കടിച്ചു പിടിച്ചിരിക്കുകയാണല്ലോ! എന്തൊരു നീളമുള്ള കോമ്പല്ലുകളാണ് അവളുടേത്! അവ ഒരു മനുഷ്യസ്ത്രീയുടേതു തന്നെയോ? എന്താണു സംഭവിക്കുന്നത്?
”എടീ!“ അയാൾ അലറി. അവൾ കേട്ട ഭാവം ഇല്ല.
അപ്പോഴാണ് ഉയരം കൂടിയ കൊള്ളക്കാരന്‍റെ തലയിൽ പതിയെ വെളിവു വീണത്. കറുത്ത വേഷം … കടവാവാലിന്‍റേതു പോലുള്ള ചിറകുകൾ … നീണ്ട ദംഷ്ട്രകൾ! കഥകളിൽ താൻ കേട്ടിട്ടുള്ള ഒരു രക്തരക്ഷസ്സോ യക്ഷിയോ ആയിരിക്കില്ലേ ഇവൾ? അതെ — അതു തന്നെ! ആ യക്ഷി തന്‍റെ കൂട്ടുകാരന്‍റെ ചോര കുടിക്കുകയാണ്!