ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 2
Oru election Duty aparatha Part 2 | Author : Vijay Das
[ Previous Part ]
ഏപ്രില്‍ 3 ശനിയാഴ്ച.
ഒരു ദിവസം കൂടി കഴിഞ്ഞാല്‍ ഡ്യൂട്ടിക്കിറങ്ങണം. ഞങ്ങള്‍ ഡ്യൂട്ടി ഉള്ളവര്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി രണ്ട് ദിവസത്തെ താമസത്തിനുള്ള ഐറ്റംസ് സ്റ്റോര്‍ ചെയ്തു വെക്കുന്ന ദിവസമാണിന്നും നാളേയുമൊക്കെ.
ഞാനും ലക്ഷ്മിയും പ്ലാന്‍ ചെയ്ത പോലെ ഒരു 11 മണിക്ക് ടൌണില്‍ മീറ്റ് ചെയ്ത് കറങ്ങി, ഷോപ്പിങ്ങ് ഒക്കെ നടത്തി ഭക്ഷണമൊക്കെ കഴിച്ച് ഇറങ്ങി – മൃദുലയുടെ നാട്ടിലേക്ക്. വൈകുന്നേരമായപ്പോള്‍ അവിടെ എത്തി, പാടത്തിനടുത്തുകൂടെ നടന്ന് അവളുടെ വീട്ടിനു മുന്പില്‍ എത്തി.
അവളുടെ അമ്മ ഉമ്മറത്തിരിക്കുന്നുണ്ട്. ഒരു നിമിഷത്തിനുള്ളില്‍ അവരുടെ മുഖത്ത് പരിചയത്തിന്‍റെ പുഞ്ചിരി വിരിഞ്ഞു.
“മൃദൂ, ഇതാരൊക്കെയാ വന്നിരിക്കുന്നതെന്നു നോക്കിക്കേ…” എന്ന് അകത്തേക്കു വിളിച്ചു പറഞ്ഞ് ഞങ്ങളെ വിളിച്ച് അകത്തു കയറ്റിയിരുത്തി.
ലളിതമായ നല്ല വൃത്തിയുള്ള വീട്. മൃദുലയുടെ അച്ഛന്‍ അകത്തു നിന്ന് വന്നു.
മൃദുല അകത്തുനിന്ന് എത്തിനോക്കുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് ആശ്ചര്യവും അമ്പരപ്പും.
ലക്ഷ്മി വേഗം തന്നെ കൈയിലുണ്ടായിരുന്ന് ബിഗ്ഷോപ്പറുകള്‍ അവളുടെ കൈയില്‍ ഏല്‍പ്പിച്ചു.
“ഡ്യൂട്ടിക്ക് പോവുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങളാണ്. അവിടെ ഒരു രാത്രിയും രണ്ടുപകലും നില്‍ക്കണ്ടേ….മൃദുലയ്ക്ക് ഇതൊന്നും പരിചയമില്ലല്ലോ. പിന്നെ വാങ്ങി ഇവിടെത്തിക്കണമെന്ന് സാറിനും വല്യ നിര്‍ബന്ധം…” എന്ന് പറഞ്ഞ് ലക്ഷ്മി എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു.
മൃദുലയുടെ മുഖത്ത് നാണം വിരിഞ്ഞു.
അച്ഛനമ്മമാരുടെ മുഖത്തും ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞോന്ന് സംശയം. എന്തോ മനസിലായ പോലെ അവര്‍ പരസ്പരം ഒന്ന് നോക്കുകയും ചെയ്തു. മൃദുല കുറച്ചു നിമിഷങ്ങള്‍ അമ്പരന്നു നിന്ന ശേഷം കിറ്റൊക്കെ കൊണ്ട് അകത്തേക്കു പോയി.
ഞങ്ങള്‍ മൃദുലയുടെ അച്ഛനമ്മമാരോട് കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ് കുറച്ചു സമയം ചെലവഴിച്ചു. ലക്ഷ്മിക്ക് സംസാരം അവള്‍ക്ക് താത്പര്യമുള്ളിടത്തേക്ക് കൊണ്ടുവരാനുള്ള കഴിവ് അപാരം തന്നെ. പെട്ടെന്ന് തന്നെ മൃദുലയ്ക്ക് കല്യാണമാലോചിക്കുന്ന കാര്യത്തിലേക്ക് സംസാരം വന്നു. ഇവിടെയും ഒരാള് കല്യാണം അന്വേഷിച്ചിരിക്കുന്നുണ്ട് എന്ന് എന്നെ ചൂണ്ടിയുള്ള അവളുടെ പറച്ചിലിനപ്പുറത്തേക്ക് ഇനി ഒഫീഷ്യല്‍ പ്രൊപ്പോസലൊന്നും ആവശ്യമില്ലായിരുന്നു. അച്ഛനമ്മമാര്‍ ഒന്ന് ചൂളിയ പോലെ. അമ്മ വേഗം ചായയെടുക്കട്ടെ എന്ന് പറഞ്ഞ അകത്തേക്കു പോയി. ലക്ഷ്മിയും ആ വഴി പോയപ്പോള്‍ ഞാനും അച്ഛനും കൃഷികാര്യങ്ങളൊക്കെ സംസാരിച്ച് ഇരുന്നു.
അധികം വൈകാതെ വന്നു ചായ – ചായയും കൊണ്ട് മൃദുലയും.
എന്‍റെ കൈയില്‍ തരുമ്പോളേക്ക് നാണം കൊണ്ട് അവള്‍ ചായ കളഞ്ഞില്ലെന്നേയുള്ളൂ. ഇവിടുത്തെ പ്രൊപ്പോസലൊക്കെ അകത്തെത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ചായ നന്നായിരുന്നെന്ന് തോന്നുന്നു. എന്‍റെ ശ്രദ്ധ മൃദുലയിലായിരുന്നല്ലോ.
അങ്ങനെ അനൌദ്യോഗിക പെണ്ണുകാണലും കഴിഞ്ഞ് കല്യാണം ഏതാണ്ട് ഉറപ്പിച്ച പോലെയാണ് ഞങ്ങള്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ലക്ഷ്മിയെപ്പോലൊരു പെണ്ണ് ബില്‍ഡപ്പ് കൊടുക്കാനുണ്ടെങ്കില്‍ അറയ്ക്കല്‍ ബീവിയെ വരെ ധൈര്യമായി കല്യാണമാലോചിക്കാം
“അപ്പൊ മറ്റന്നാള്‍ രാവിലെ കാണാം മൃദുല, സീ യൂ…” എന്ന് പറഞ്ഞ് ലക്ഷ്മി ഇറങ്ങി. ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നതു കണ്ടാണെന്നു തോന്നുന്നു മൃദുലയുടെ അമ്മ പറഞ്ഞു, “മോളേ, അവരെ യാത്രയാക്കിയിട്ട് വാ…”
അങ്ങനെ ലക്ഷ്മി മുന്പിലും ഞാന്‍ രണ്ടാമതും എന്‍റെ രണ്ടടി പുറകില്‍ മൃദുലയുമായി ഞങ്ങള്‍ പാടത്തിനരികിലൂടെ നടന്നു. വലതുവശത്ത് മരങ്ങളും വള്ളീപ്പടര്‍പ്പുകളും പടര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. ഞാന്‍ കഴിയാവുന്നതും മൃദുലയ്ക്കൊപ്പം ചുവടുവെച്ചുകൊണ്ട് അവളോട് സംസാരിക്കാന്‍ ശ്രമിച്ചു. “മൃദുല ഒന്നും പറഞ്ഞില്ല…”
ഇപ്പോള്‍ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ദൂരത്താണ് ഞങ്ങള്‍. ലക്ഷ്മി സന്ദര്‍ഭം അറിഞ്ഞ് ഒരുപാട് മുന്പില്‍ കാറിനടുത്തെത്തി എന്തോ ഫോണ്‍ വന്ന പോലെ എടുത്തു സംസാരിച്ചു കറങ്ങി നടക്കാന്‍ തുടങ്ങി. 5 മിനിറ്റ് എന്ന് കൈകൊണ്ട് കാണിച്ചു.
“ലക്ഷ്മി ഫോണ്‍ വെക്കാന്‍ ഒരുപാട് നേരമാവും. നമുക്കൊന്ന് നടന്നിട്ടു വരാം? ഈ മരക്കൂട്ടത്തിന്‍റെ അപ്പുറമൊക്കെ എന്താണ്? കാവ്? കുളം? ഒക്കെയുണ്ടോ? അല്ല ഈ കഥയിലും സിനിമയിലുമൊക്കെ അങ്ങനെയാണല്ലോ…”
മൃദുല മൃദുവായി ചിരിച്ചു. ഞാന്‍ മരക്കൂട്ടത്തിനിടയിലേക്ക് നടന്നപ്പോള്‍ അവളൂം കൂടെ വന്നു.
“ഹൊ എന്തായാലും ഒന്ന് ചിരിച്ച് കണ്ടല്ലോ തമ്പുരാട്ടി. അടിയന്‍റെ ജീവിതം ധന്യമായി!”
ഇത് കേട്ടതോടെ അവളുടെ മുഖം കൂടുതല്‍ വിടര്‍ന്ന് നാണം കലര്‍ന്ന പാല്‍പ്പുഞ്ചിരി പൊട്ടിവിടരാന്‍ തുടങ്ങി.
അവളാണെങ്കില്‍ അത് മറയ്ക്കാന്‍ കിടന്ന് പാടുപെടുന്നത് കണ്ട് എനിക്ക് ശരിക്കും ചിരി വന്നു.
“മൃദൂ…” ഞാന്‍ പെട്ടെന്ന് വിളിച്ചപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. വീടിനുപുറത്ത് ആരും അവളെ വിളിക്കുന്ന വിളി ആണെന്ന് തോന്നുന്നില്ല അത്.
ഞാന്‍ കുറച്ചു കൂടി അടുത്ത് ചെന്ന് പറഞ്ഞു. “മൃദു ഇപ്പോഴും ഒന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദൂരം വന്നതും നിന്നതുമെല്ലാം മൃദുവിനെ കാണാന്‍ വേണ്ടി മാത്രമാണ്. നിനക്ക് താത്പര്യമില്ലെങ്കില്‍ ഞാനിനി വരുന്നില്ല.”
അവള്‍ വല്ലാതായി. മുഖത്ത് നോക്കുന്നില്ല.
“ഞാന്‍ പോകുന്നു.” എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. പരിഭ്രമിച്ച ഒരു ശ്വാസോച്ഛ്വാസത്തിനു ശേഷം അവളുടെ ധൃതിയിലുള്ള ശബ്ദം കേട്ടു “പ്ലീസ്….”
ഞാന്‍ തിരിഞ്ഞു നിന്നു. “ഊം?”
“…അത്…ഞാനെന്താ പറയണ്ടത്?”
“ഞാന്‍ വരുന്നത് ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ”
“അയ്യോ ഇല്ല…”
“അപ്പൊ ഇഷ്ടപ്പെട്ടോ?”
അതു കേട്ടപ്പോള്‍ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. കീഴ്പോട്ട് നോക്കി ഒരു നിമിഷം സംശയിച്ച് അവള്‍ മെല്ലെ മൂളി “ഊം”.
“അപ്പോ ഇനിയും വരുന്നത് ഇഷ്ടമാണോ?”
ഇത്തവണ അവളുടെ മുഖത്തെ പുഞ്ചിരിയില്‍ നാണം കുറച്ചുകൂടി പൂത്തു. “ഊം” അവള്‍ വീണ്ടും മൂളി.
“ഇടയ്ക്കിടയ്ക്ക്?”
അവള്‍ക്ക് ശരിക്കും ചിരിവരുന്നുണ്ട്. അവള്‍ തിരിഞ്ഞു നിന്നു. ഞാന്‍ അപ്പുറം ചെന്ന് അവള്‍ക്ക് അഭിമുഖമായി നിന്ന് വീണ്ടും ചോദിച്ചു. “ഞാന്‍ ഇടയ്ക്കിടയ്ക്ക് വരുന്നത് ഇഷ്ടമാണോന്ന് ഇപ്പൊ പറഞ്ഞോണം. ഇഷ്ടമില്ലാത്തിടത്തേക്ക് വരാനൊന്നും ഞാനില്ല.” പരിഭവം സ്വരത്തില്‍ വരുത്തിയാണ് ഞാന്‍ പറഞ്ഞത്. വീണ്ടും അവള്‍ താഴോട്ടുനോക്കി മൂളി.
“എന്‍റെ മുഖത്തുനോക്കി പറയണം. ഇല്ലെങ്കില്‍ ഞാനിപ്പൊ പോവും.”
ഞാന്‍ തിരിയാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ പെട്ടെന്ന് മുഖമുയര്‍ത്തി നോക്കി.
“ഊം”
“എന്ത്?”
“അത്…ഇഷ്ടമാണ്…”
“എന്ത്? എന്നെയോ?”