കനി
Kani | Author : Zorba
പതിനാറ് ദിനങ്ങളായി ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട്.. അമ്മയുടെ മരണം എന്നെ അത്രയധികം തളർത്തി കളഞ്ഞു.. ഇന്നത്തോടെ എല്ലാ ചടങ്ങുകളും കഴിഞ്ഞു.. അയല്പക്കത്തെ നല്ലവരായ കുറച്ചു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത് ചടങ്ങുകൾക്ക്, അവരെല്ലാം തന്നെ മടങ്ങി.. മടുപ്പിക്കുന്ന ഏകാന്തതയിൽ ഞാൻ ചിന്തയിൽ മുഴുകി ഇരുന്നു.. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും ആയിരുന്നു ഉണ്ടായിരുന്നത്..
എന്റെ കുഞ്ഞു നാളിലെ അച്ഛൻ മരിച്ചു പോയി.. പിന്നീട് അമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി.. പിജി വരെ പഠിച്ചെങ്കിലും കൃഷി ആയിരുന്നു എനിക്ക് ഇഷ്ടം.. അമ്മയോടൊപ്പം കൃഷി പണി ചെയ്തു ഞാനും അങ്ങനെ ജീവിച്ചു..
വര്ഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് അമ്മ വല്ലാതെ തളർന്നിരുന്നു.. പെട്ടന്ന് ഒരു ദിവസം വീണു പോകുവായിരുന്നു.. മരണകിടക്കയിൽ അമ്മ എന്നോട് പറഞ്ഞ ഒരേ ഒരു കാര്യമേ പറഞ്ഞുള്ളു.. നീ ഒറ്റയ്ക്ക് ആയി പോവരുത് മോനെ.. നീ എന്റെ അനിയത്തിയുടെ അടുത്തേക്ക് പോണം.. വര്ഷങ്ങളായി അവളെ പറ്റി എനിക്ക് ഒരു അറിവും ഇല്ല..
തമിഴ്നാട്ടിൽ എവിടെയോ ആണെന്ന് അറിയാം.. പഴയ ഒരു വിലാസം അമ്മയുടെ പെട്ടിയിൽ ഉണ്ട്.. അത് എടുത്ത് നീ അവളെ വിളിക്കണം.. അവളോടൊപ്പം താമസിക്കണം.. അമ്മയുടെ അവസാന ആഗ്രഹം ആണെന്ന് നീ അവളോട് പറയണം..
എന്റെ മോൻ അവളോടൊപ്പം താമസിക്കണം.. കുടുംബവും കുട്ടികളും ഒക്കെ ആയി കഴിയുമ്പോൾ തിരിച്ചു വരണം.. ഇവിടെ ഒരു വീട് വെച്ച് ഇവിടെ താമസിക്കണം.. ഇത്രയും പറഞ്ഞു അമ്മ എന്നെന്നേക്കുമായി എന്നിൽ നിന്ന് വിട്ട് പോയി..
ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു..
ചിന്തകളിൽ കുരുങ്ങി പോയ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു.. ഞാൻ രാജീവ്.. എന്റെ വാർത്തമാനകാലവും ഭൂതകാലവും കുറച്ചൊക്കെ മനസിലായെന്ന് കരുതുന്നു..
ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ഞാൻ കഷ്ടപ്പെട്ട് നോക്കി നടത്തിയിരുന്ന കൃഷിയും മനോഹരമായ ഈ നാടും വിട്ട്, ഇന്ന് വരെ കണ്ടിട്ടില്ലാത്ത അമ്മയുടെ അനുജത്തിയുടെ അടുത്തേക്ക് പോകുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്നാൽ അമ്മയുടെ വാക്കുകളെ തള്ളാനും പറ്റുന്നില്ല..
എന്തെങ്കിലും പറയുന്നതിന് മുൻപ് അമ്മ വിട്ട് പോകുകയും ചെയ്തു..
അമ്മ പറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു.. പെട്ടിയിൽ നിന്ന് ഞാൻ വിലാസം തപ്പി എടുത്തു.. കാഞ്ചന എന്ന പേര് വായിച്ചപ്പോഴാണ് ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഇളയമ്മയുടെ രൂപം മനസിലേക്ക് വന്നത്.. എപ്പോഴും ചിരിക്കുന്ന ഒരു മുഖം.. ചെറിയ ഒരു ഓർമയായി മാത്രമാണ് അത് തെളിഞ്ഞത്..
വിലാസത്തിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു.. ഫോൺ എടുത്ത് മറുതലയ്ക്കൽ നിന്നും ഹലോ യാര് എന്നൊരു സ്ത്രീ ശബ്ദം ചോദിച്ചു..
ഞാൻ : യെൻ പേര് രാജീവ്, കാഞ്ചന എന്ന ആളോട നമ്പർ ഇത് താനാ??
കാഞ്ചന : നാ കാഞ്ചന താ പേസ്ത്.. നീങ്ക യാര്??
ഞാൻ : നാ കൗമുദി യോട പയ്യൻ.. ഉങ്ക ചേച്ചി കൗമുദി..
കാഞ്ചന : രാജീവേ, നീയോ?? എത്ര നാളായെടാ വിളിച്ചിട്ട്.. സുഖാണോ മോനെ നിനക്ക്?? അമ്മയ്‌ക്കൊടാ??
ഞാൻ കാര്യങ്ങളെല്ലാം ഇളയമ്മയെ അറിയിച്ചു.. ഇളയമ്മ കരയുന്നത് ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു..
ഇളയമ്മ : മോനെ രാജീവേ, ഞാൻ ഒന്നും അറിഞ്ഞില്ലെടാ.. ഞാനും നിങ്ങളെ അന്യോഷിച്ചില്ല.. നിങ്ങൾ എന്നെയും.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. മോൻ ഇങ്ങോട്ട് പോര്, ഞാൻ മോനെ നോക്കിക്കോളാം.. അമ്മയുടേം ആഗ്രഹം അതല്ലായിരുന്നോ.. ഞാനും ഭർത്താവും കൂടെ ഒരു ഹോം സ്റ്റേ നടത്തുവാണ്.. നിനക്കും ഞങ്ങളോടൊപ്പം കൂടാം.. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്.. നീ വരുന്നത് സന്തോഷം ആകും.. സ്വന്തം എന്ന് പറയാൻ ഞങ്ങൾക്ക് ആരുമില്ല.. മക്കളും ഇല്ല.. നിനക്ക് ഇവിടെ ഇതൊക്കെ നോക്കി നടത്തുകയും ചെയ്യാം.. വയസായി തുടങ്ങി ഞങ്ങൾക്കും.. ഞാൻ മോന് അഡ്രെസ്സ് അയക്കാം..
ഞാൻ : ശെരി ഇളയമ്മേ..
ഇളയമ്മ : മോൻ എന്നത്തേക്ക് എത്തും??
ഞാൻ : ഉടനെ പുറപ്പെടാം.. ഇവിടെ പറയാൻ ഒന്നും എനിക്ക് ആരും ഇല്ലല്ലോ..
ഇളയമ്മ : ശെരി മോനെ..
വിലാസം ഇളയമ്മ അയച്ചു തന്നു.. ഊട്ടി ആണ് ലൊക്കേഷൻ.. ഞാൻ ഗൂഗിൾ ഇൽ ഒന്ന് പരതി നോക്കി.. KV Home Stay, കാടിനുള്ളിലായിട്ടുള്ള ഒരു കെട്ടിടം..
ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിക്കാൻ വയ്യായിരുന്നു എങ്കിലും അമ്മയ്ക്ക് കൊടുത്ത വാക്ക് ഓർത്ത് ഞാൻ ഊട്ടിക്ക് പുറപ്പെട്ടു..
ഞാൻ സന്ധ്യയോടെ ഇളയമ്മ യുടെ ഹോം സ്റ്റേ യ്ക്ക് അടുത്തുള്ള പട്ടണത്തിൽ എത്തി.. തണുപ്പ് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. കയ്യിൽ കമ്പിളി ഒന്നും കരുതിയിരുന്നുമില്ല.. ഞാൻ ഇളയമ്മയെ വിളിച്ചു.. ഇരവി എന്ന ഇളയച്ഛൻ എന്നെ കൂട്ടാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ജീപ്പ് എന്റെ അടുത്ത് വന്ന് നിന്നു.. ജീപ്പിലിരുന്ന വ്യക്തി എന്നോട് ചോദിച്ചു, രാജീവ് ആണോ?? ഞാൻ ഇരവി..
ഞാൻ അതെ എന്നും പറഞ്ഞു ചിരിച്ചു.. ഞാൻ ബാഗ് എല്ലാം പിന്നിൽ വെച്ച് മുന്നിൽ കയറി.. കയറിയ ഉടനെ ഒരു കമ്പിളി എടുത്ത് എനിക്ക് തന്നിട്ട് ഇളയച്ഛൻ പറഞ്ഞു, കയ്യിൽ ഉണ്ടാവില്ലെന്ന് എനിക്ക് തോന്നിയിരുന്നു.. അതാ എടുത്തത്.. ഇത് ഇല്ലാതെ ഇവിടെ പറ്റില്ല.. ഞാൻ ഒന്ന് പുഞ്ചിരിച്ചു.. വണ്ടി പതിയെ ചലിച്ചു തുടങ്ങി..
ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി.. അപ്പോൾ എനിക്ക് മനസിലായി, ആള് ഭയങ്കര പാവം ആണെന്ന്.. ഞങ്ങൾ പെട്ടെന്ന് തന്നെ കമ്പനി ആയി.. വണ്ടി വീട്ടിൽ എത്തി.. KV Home Stay എന്ന ബോർഡ് ഞാൻ വായിച്ചു.. വണ്ടിയിൽ നിന്ന് ഇറങ്ങി, ചുറ്റും ഒന്ന് വീക്ഷിച്ചു.. നല്ല പോലെ നോക്കി നടത്തുന്ന ഒന്നാണെന്നു ഒറ്റ നോട്ടത്തിൽ മനസിലായി.. വൃത്തി ആയി പെയിന്റ് അടിച്ചിട്ടുണ്ട്, വൃത്തി ആയ മുറ്റം.. കാടിന്റെ നടുവിൽ ആയതിനാൽ ഒരു പ്രതേക ഭംഗി അതിനു ഉണ്ടായിരുന്നു..
ഇളയമ്മ എന്നെ കണ്ടതും ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.. എന്നിട്ട് പറഞ്ഞു കൗമുദി യെ പോലെ തന്നെ ഉണ്ട് നീയും.. വലിയ കുട്ടി ആയി.. എന്റെ ഓർമയിൽ മങ്ങി നിന്നിരുന്ന ആ രൂപം തന്നെയാണ് ഇളയമ്മയ്ക്ക് ഇപ്പോഴും എന്നത് എന്നെ ആശ്ചര്യ പെടുത്തി.. ഞങ്ങൾ ഉള്ളിലേക്ക് കയറി.. ഞാൻ ആകെ ഒന്ന് വീക്ഷിച്ചു.. അത്യാവശ്യം നല്ല സൗകര്യം ഉള്ള ഒന്ന് തന്നെ ആയിരുന്നു അത്.. ഇളയമ്മ എന്നെ ഒരു മുറിയിലേക്ക് കൊണ്ട് പോയി.. അതാണെന്റെ മുറി എന്ന് പറഞ്ഞു.. ഒന്ന് ഫ്രഷ് ആയി വാ, അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം കഴിച്ചിട്ട് നീ നന്നായി റെസ്റ്റ് എടുക്ക് എന്നും പറഞ്ഞു ഇളയമ്മ പോയി..