ജിന്‍സി മറിയം – 3

ജിന്‍സി മറിയം 3

Jincy Mariyam Part 3 | Author : Shyam Bensal 

Previous Part


 

കുറച്ചു വൈകി. ക്ഷമിക്കണം. ബിസിനസ് തിരക്കും, പിന്നെ കഥ എഴുതി ശീലം ഇല്ലാത്തതും ഒക്കെ കൂടി വൈകി. വായിച്ചു സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി.


 

എന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തില്‍ അമ്പരപ്പും , പേടിയും തോന്നിയ അവള്‍ ഒരു ഞെട്ടലോടെ അവിടേക്ക് ഇരുന്നു. സത്യത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ആരെയെങ്കിലും ഇങ്ങനെ തെറി വിളിക്കുന്നത്‌. നിയന്ത്രണം വിട്ടു പോയി എങ്കിലും പെട്ടന്ന് തന്നെ എനിക്ക് കുറ്റബോധം തോന്നി. വേണമെന്ന് വിചാരിച്ചല്ല എങ്കില്‍ കൂടി അങ്ങനെ പ്രതികരിച്ചു പോയി. അവള്‍ ഒരു ചന്തി മാത്രം ചെയറില്‍ വച്ച് ഇപ്പോള്‍ ഞാന്‍ അടിക്കും എന്നുള്ള ഭീതിയോടെയുള്ള ഇരിപ്പ് കണ്ടപ്പോള്‍ തന്നെ എന്‍റെ ദേഷ്യം പോയി. എനിക്കുള്ളില്‍ ചിരി വന്നുവെങ്കിലും ഞാന്‍ ഗൌരവം വിട്ടില്ല. ആ സമയത്ത് ഫോണ്‍ ഒന്ന് റിംഗ് ചെയ്തു സ്റ്റോപ് ആയി. അതിനു മുന്‍പും ഒരു മിസ്‌ കോള്‍ വന്നിരുന്നത് ഞാന്‍ ഓര്‍ത്തു വേഗം ഫോണില്‍ നോക്കി. ഭാര്യയാണ്.. ദുബായിയില്‍ എത്തിയിട്ട് ഭാര്യയെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ല എന്നോര്‍ത്തപ്പോള്‍ മനസ് ഒന്ന് വിങ്ങി. അതെങ്ങനെ വന്നപ്പോള്‍ മുതല്‍ ജിന്‍സി താടകയുടെ കാര്യം പറഞ്ഞു അച്ഛന്‍ വിളിക്കുകയല്ലേ. അതിന്‍റെ പിന്നാലെ പോയി മറന്നു. ജിന്‍സിയെ ഒന്ന് കൂടി കലിപ്പിച്ചു നോക്കിയ ശേഷം വേഗം തിരിച്ചു ഡയല്‍ ചെയ്തു അല്പം മാറി നിന്നു.

ഫോണ്‍ എടുത്ത ഉടന്‍ അവള്‍ “ഏട്ടാ അച്ഛന്‍ തന്ന ടാസ്കില്‍ ആണല്ലേ” ചിരിയോടെയാണ് ചോദ്യം വന്നത്. പരിഭവം പറയും എന്ന് ഓര്‍ത്തെങ്കിലും അതില്ലാതെ കാര്യം മനസിലാക്കിയാണ് അവള്‍ പ്രതികരിച്ചത്. എനിക്കതില്‍ അത്ഭുതം തോന്നിയില്ല. എല്ലായ്പോഴും അവള്‍ അങ്ങനെയാണ്. അതുകൊണ്ട് തന്നെയാണ് കല്യാണം കഴിഞ്ഞ ശേഷം അതിനു മുന്‍പുള്ള ഒരു ജീവിതത്തില്‍ നിന്നും തീര്‍ത്തും മാറിയത്. അങ്ങനെ ആലോചന കാട് കേറുന്ന ഇടയില്‍ എന്‍റെ മറുപടി കേള്‍ക്കാത്തത് കൊണ്ട് അവള്‍ വീണ്ടും ഏട്ടാ എന്ന് വിളിച്ചു. ഞാന്‍ ഉടന്‍ തന്നെ തിരിച്ചു നടന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ജിന്‍സിയുടെ പ്രതികരണം വരുന്ന ഭാഗം ഒഴികെ ബാക്കി എല്ലാം പറഞ്ഞു. അവളുടെ ഭര്‍ത്താവു പറഞ്ഞതും കൂടി പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈഫ് പറഞ്ഞു.

ഏട്ടാ തോമസ്‌ അങ്കിള്‍ അകെ ടെന്‍ഷനില്‍ ആണ്. അവരുടെ കാര്യം കഷ്ടത്തില്‍ ആണ്. ജിന്‍സിയുടെ ജോലി കൂടി ഇല്ലെങ്കില്‍ കഷ്ടമാകും എന്നാണ് ഇവിടെ പറഞ്ഞത്. അങ്കിള്‍ ഒന്നും നന്നായി കഴിക്കുന്നില്ല ഇവിടെ വന്നിട്ട്. വലിയ ടെന്‍ഷന്‍ പോലെ തോന്നി. ജിന്‍സിയുടെ ഫാമിലി ലൈഫും നല്ല സുഖത്തില്‍ അല്ലെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

എട്ടന് എങ്ങനെ ഹെല്പ് ചെയ്യാന്‍ പറ്റുക. പറ്റുമെങ്കില്‍ ചെയ്യുക. ഒരുപാടു റിസ്ക്‌ ഒന്നും എടുക്കണ്ട. നമുക്ക് എല്ലാവരെയും സഹായിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ കയ്യില്‍ അല്ലല്ലോ. അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു, ആ സംഭാഷണം തുടരാന്‍ എനിക്ക് താല്പര്യം തോന്നിയില്ല. ഞാന്‍ നോക്കാം എന്ന് പറഞ്ഞ ശേഷം വീട്ടുകാര്യങ്ങള്‍ ഒക്കെ ചോദിച്ചു. ഇവിടുന്നു ഫ്ലൈറ്റില്‍ കേറും മുന്‍പ് വിളിക്കാം എന്ന് പറഞ്ഞു  കോള്‍ കട്ട്‌ ചെയ്തു.

തിരിഞ്ഞു നോക്കുമ്പോള്‍ ജിന്‍സി എന്നെതന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു. അടുത്തെത്തിയപ്പോള്‍ അവള്‍ പതിയെ എഴുനേല്‍ക്കാന്‍ തുടങ്ങി. ഞാന്‍ കൈകൊണ്ടു ഇരിക്കാന്‍ ആംഗ്യം കാണിച്ചപ്പോള്‍ വേഗത്തില്‍ തന്നെ അവള്‍ ഇരുന്നു. ഞാന്‍ അടുതെത്തി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകള്‍ കലങ്ങി കിടപ്പുണ്ട്. കരഞ്ഞത് പോലെ തോന്നുന്നു. ഞാന്‍ അവളുടെ അടുത്തേക്ക് ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുള്ള കസേരയിലേക്കും എന്‍റെ മുഖത്തേക്കും അവള്‍ മാറിമാറി നോക്കി. കസേരയില്‍  ക്രോസ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.  കൊറോണ പ്രോട്ടോക്കോള്‍. ഫോണ്‍ അടുത്തുള്ള പ്ലഗ് പോയിന്‍റില്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ട ശേഷം  ഒരു കസേര വിട്ടുള്ള കസേരയില്‍ ഇരുന്നു. ജിന്‍സി എന്‍റെ പ്രവര്‍ത്തികള്‍ തന്നെ നോക്കി ഇരിക്കുന്നു. ഞാന്‍ അക്രമിക്കുമോ എന്നുള്ള പേടി ആണെന്ന് തോന്നുന്നു. ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഗൌരവത്തോടെ തന്നെ അവളെ നോക്കി. എന്‍റെ കണ്ണുകളെ നേരിടാന്‍ ആവാത്തപോലെ അവള്‍ നോട്ടം മാറ്റിക്കളഞ്ഞു.

അവളെ തെറി വിളിച്ചതിനാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങും എന്നുള്ള ഒരു ചമ്മല്‍ എനിക്കും ഉണ്ടായിരുന്നു. എന്നാലും സംസാരിക്കണമല്ലോ. ഞാന്‍ പതിയെ ഒന്ന് ചുമച്ചു. അവള്‍ എന്നെ തിരിഞ്ഞു  നോക്കി. ഞാന്‍ പറഞ്ഞു തുടങ്ങി…

സീ ജിന്‍സി… മോശമായി സംസാരിച്ചതില്‍ സോറി. പെട്ടന്ന് ദേഷ്യം വന്നതുകൊണ്ട് ആണ്. നിന്നെ അപമാനിക്കണം എന്ന് ഞാന്‍ വിചാരിച്ചില്ല. നിന്‍റെ അപ്പന്‍ എന്‍റെ വീട്ടില്‍ ഉണ്ട്. അദ്ദേഹം നല്ല ടെന്‍ഷനില്‍ ആണ്. എന്‍റെ അച്ഛനും, വൈഫും പറഞ്ഞ കാര്യങ്ങള്‍ മാത്രമേ നിന്നെക്കുറിച്ചു എനിക്കറിയു. അവര്‍ നിന്നെ എങ്ങനെയെങ്കിലും സഹായിക്കാന്‍ ആണ് പറഞ്ഞത്. അതിനു വേണ്ടി നിന്നോട് സംസാരിക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത്‌.

നീ കരുതുന്നപോലെ ഞാന്‍ ഇവിടെ പെട്ട് കിടക്കുവല്ല. ഞാന്‍ ഇന്ന് നൈറ്റ് ഫ്ലൈ ചെയ്യും. ഇവിടെ നിന്ന് ചാര്‍ട്ടര്‍ ചെയ്തു പോകുന്ന ഒരു ഫ്ലൈറ്റില്‍ ഒരു സീറ്റ് എനിക്ക് കിട്ടിയതുകൊണ്ടാണ് ഇവിടെ വന്നത്. നിന്‍റെ കാര്യം അറിഞ്ഞപ്പോള്‍ അതെ ഫ്ലൈറ്റില്‍ തന്നെ ഒരു സീറ്റ് കിട്ടുമോ എന്നാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ആണ് ബന്ധപ്പെടാന്‍ ശ്രമിച്ചത്‌. ഇപ്പോള്‍ അതില്‍ സീറ്റ് ഫുള്‍ ആണ്. എന്തെങ്കിലും ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെടാം എന്നാണ് പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞു ഇതേപോലെ മറ്റൊരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഉണ്ട്. ഇതില്‍ സീറ്റ് ഇല്ലെങ്കില്‍ അതില്‍ റെഡിയാക്കി തരാന്‍ ശ്രമിക്കാം. ഇതാണ് ഈ ചെറിയ സമയത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം. ഇനി നിങ്ങളുടെ സൗകര്യം പോലെ ആലോചിച്ചു പറ. ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

അവള്‍ തിരിച്ചു എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. ഫോണിലേക്ക് ഒന്ന് നോക്കി എന്‍റെ മുഖത്തേക്ക് അറ്റന്‍ഡ് ചെയ്തോട്ടെ എന്ന് അനുവാദം ചോദിക്കുന്ന പോലെ ഒന്ന് നോക്കി. ഞാന്‍ മുഖം കൊണ്ട് കോള്‍ എടുക്കാന്‍ ആംഗ്യം കാണിച്ചു. അവള്‍ ഫോണ്‍ എടുത്തു ചെവിയോടു ചേര്‍ത്തു. അപ്പുറത്ത് നിന്നുള്ള സംസാരം കേട്ടിട്ട് ആകണം പെട്ടന്നു മുഖം മാറി. ഇടം കണ്ണുകൊണ്ട്  എന്നെയൊന്നു നോക്കിയ ശേഷം എണീറ്റ് ദൂരെ മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. രണ്ടു മിനിറ്റ് നീണ്ട കോള്‍ കട്ട് ചെയ്തു തിരികെ നടക്കുമ്പോള്‍ ഫേസ് ഷീല്‍ഡിനുള്ളില്‍ കയ്യിട്ടു അവള്‍  കണ്ണ് തുടക്കുന്നത് കാണാമായിരുന്നു. എന്തായാലും നല്ലൊരു കോള്‍ ആയിരുന്നില്ല എന്ന് മനസിലായി. അവള്‍ തിരികെ എന്‍റെ അടുത്തേക്ക് എത്തിയ ശേഷം ഇടറിയ ശബ്ദത്തോടെ ഒന്ന് വാഷ്‌ റൂം വരെ പോയിട്ട് വരാം എന്ന് പറഞ്ഞു തിരികെ പോയി. ഞാന്‍ കണ്ണടച്ചു കസേരയിലേക്ക് ചാരി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *