തുളസിദളം – 2

തുളസിദളം 2

Thulasidalam Part 2 | Author : Sreekkuttan

 


Related Posts


 

വൃന്ദ കാവിനകം തൂത്തുവൃത്തിയാക്കി വിളക്കുകളെല്ലാം കിണറ്റിൻ കരയിൽ കൊണ്ടുപോയി തേച്ചുവൃത്തിയാക്കി, വർഷത്തിൽ പത്തു ദിവസം കാവിൽ ഉത്സവമാണ് ആ സമയത്തേ പൂജയുണ്ടാകു,പിന്നീട് കാവ് അടച്ചിടും അടുത്ത വർഷം ഉത്സവത്തിനേ വീണ്ടും തുറക്കു, ബാക്കിയുള്ള ദിവസങ്ങളിൽ ശ്രീകോവിലിനു മുന്നിൽ വിളക്ക് വയ്ക്കുകയാണ് പതിവ്,കാവിനകത്തു നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ ഒരു അരയാൽ നിൽപ്പുണ്ട്,

മാത്രമല്ല നിറയെ ചെമ്പകമരങ്ങൾ, ആ ചെടികളെല്ലാം പൂക്കുമ്പോ കാവിന് പ്രത്യകയൊരു ഭംഗിയാണ്, കാവിന് വെളിയിൽ വർഷങ്ങളായി ആലിന്റെ വള്ളികൾ നിറഞ്ഞു അതി ശക്തമായ ചുറ്റുമതിൽ പോലെ ആയിട്ടുണ്ട്, കാവ് കഴിഞ്ഞാൽ ചെമ്മൺ റോഡ് ചെന്നവസാനിക്കുന്നത് വയലിലേക്കാണ് തൊട്ടടുത്തൊന്നും ആരും താമസമില്ല, കാവിന് തൊട്ടടുത്തായി തന്നെ ഒരു കിണറും, ദേവി വിഗ്രഹം ആറാടിക്കാൻ ചെറിയ ഒരു കുളം, ആ കുളത്തിലും കിണറ്റിലും നല്ല തെളിഞ്ഞ വെള്ളമാണ്….

കാവ് വൃത്തിയാക്കി വൃന്ദയും കണ്ണനും കുളത്തിൽനിന്ന് കാലും കയ്യും മുഖവും കഴുകി കാവിൽ വിളക്കുവച്ചു പ്രാർത്ഥിച്ചു.

കാവിൽനിന്നും തിരികെ വരുമ്പോ വൃന്ദ നന്ദൻ പറഞ്ഞത് തന്നെ ചിന്തിക്കുകയായിരുന്നു,

‘താൻ എന്നുമുതലാ നന്ദേട്ടനെ കാണാൻ തുടങ്ങിയത്…ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ നന്ദേട്ടൻ പ്ലസ് ടുവിലാണ്…നന്നായി പഠിക്കുന്ന കുട്ടി, ടീച്ചർമാർക്കൊക്കെ അരുമയായ സ്കൂൾ ടോപ്പർ, സ്റ്റേറ്റ് സയൻസ് ക്വിസ് കോമ്പറ്റിഷന് സ്കൂളിൽനിന്നും തിരഞ്ഞെടുത്തത് തങ്ങളെ രണ്ട് പെരേയുമായിരുന്നു, അന്ന് മുതൽ നന്ദേട്ടനെ അറിയാം, നന്ദേട്ടന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് അറിഞ്ഞിരുന്നില്ല, ആ ക്വിസ് കോമ്പറ്റിഷൻ കഴിഞ്ഞപ്പോ നല്ലൊരു കൂട്ടുകാരനെ കിട്ടി, എന്തിനും ഓടിവരുന്ന നല്ലൊരു കൂട്ടുകാരൻ, താനും അതിനപ്പുറം മറ്റൊന്നുമായി കണ്ടിട്ടില്ല നന്ദേട്ടനെ…നന്ദേട്ടൻ സ്കൂൾ കഴിഞ്ഞ് പോയതിന് ശേഷം മറ്റേവിടേയോ ആണ് ഡിഗ്രി ചെയ്തത് പിന്നീട് വല്ലപ്പോഴും കാണും അത്രതന്നെ.’

നാളെ നന്ദൻ ദേവടത്തേക്ക് വരുന്ന കാര്യം ആലോചിച്ചപ്പോൾ വൃന്ദക്ക് കയ്യും കാലും വിറച്ചു.

ദേവടത്തെത്തി പൂജാമുറിയിൽ വിളക്കുവച്ചു, ദേവടത്തെ പൂജാമുറിയുടെ വാതിലും തൂണുകളും മച്ചും ചന്ദനത്തിൽ തീർത്തതാണ് അത് എന്നും തുടക്കുന്നത് കൊണ്ട് അതിനകം എപ്പോഴും ചന്ദനത്തിന്റെ തീഷ്ണ സുഗന്ധമാണ്, പൂജാമുറിയിൽ പെരുമാറുന്നതുകൊണ്ടാവാം അതേ ഗന്ധമാണ് വൃന്ദക്കും,

നിലവിളക്കിൽ ദീപം പകർന്നു ഉമ്മറത്തു കൊണ്ടുവച്ചു കണ്ണനും വൃന്ദയും നാമം ജപിച്ചു,

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും വൃന്ദയുടെ മനസ്സിൽ വല്ലാത്തൊരു ആധി ഉണ്ടായിരുന്നു,

വൃന്ദ കിച്ചയെ വിളിച്ചു,വൃന്ദ നന്ദൻ പറഞ്ഞ കാര്യങ്ങൾ കിച്ചയോട് പറഞ്ഞു…

കിച്ച അവളെ സമാധാനിപ്പിച്ചു, വരുന്നടുത്തുവച്ചുകാണാമെന്ന് വൃന്ദയും വിചാരിച്ചു…

••❀••

പിറ്റേന്ന് വൃന്ദ നന്ദന്റെ കാര്യമാലോചിച്ചിട്ട് ആകെ ടെൻഷൻ ആയിരുന്നു, വലിയച്ഛൻ പോകുന്നതിന് മുന്നേ വന്നാൽ ഉണ്ടാകുന്ന ഭൂകമ്പമോർത്തു അവളാകെ വിഷമിച്ചു, വലിയച്ഛൻ പോയിട്ടാണെൽ ഈ കല്യാണക്കാര്യം ആരും വലിയച്ഛനോട് പറയില്ല അതവൾക്ക് ഉറപ്പായിരുന്നു.

രാജേന്ദ്രൻ പതിവ് സമയത്തുതന്നെ പോയപ്പോൾ വൃന്ദ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു, അന്ന് കോളേജിലെന്തോ അവധി ആയതുകൊണ്ട് ശില്പയും വീട്ടിലുണ്ടായിരുന്നു.

ഒരു പതിനൊന്നു മണിയോടെ നന്ദന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് വൃന്ദ ഒരു വിറയിലോടെ കണ്ടു,

തൊഴുത്തിനടുത്തായി നിൽക്കുകയായിരുന്നു വൃന്ദ, കാറിൽ നിന്നും നന്ദനും അവന്റെ അമ്മ ശ്യാമയും ഇറങ്ങി, നന്ദൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി വൃന്ദയെ കണ്ട് പുഞ്ചിരിച്ചു, അതുകണ്ട വൃന്ദ പെട്ടെന്നോടി വീടിനുള്ളിലേക്ക് പോയി…

മുറ്റത്തു കാർ വന്ന ഒച്ചകേട്ട് നളിനി പുറത്തേക്ക് വന്നു, നന്ദനെയും ശ്യാമയെയും കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി,

“അല്ല….ആരിത്….? ശ്യാമയോ…വാ വാ…”

നളിനി ശ്യാമയുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,

“വാ…അകത്തേക്കു വാ…നന്ദാ മോനേ കേറിവാ…”

നളിനി രണ്ടുപേരെയും അകത്തേക്കു വിളിച്ചു,

“ഒരുപാട് നാളായല്ലോ നിങ്ങളെയൊക്കെ കണ്ടിട്ട്…”

നളിനി ചോദിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നു,

“സാബുവേട്ടന് ബിസിനസ്‌ എന്നും പറഞ്ഞു തിരക്ക്, ഇവനാണേൽ ബാങ്ക് ടെസ്റ്റ്‌ എഴുതുന്നതിന്റെ തിരക്ക്, പിന്നെ ഞാനൊറ്റയ്ക്ക് എങ്ങോട്ടും പോവാറില്ല ചേച്ചി അതാ…”

ശ്യാമ പറഞ്ഞു.

നളിനി അടുക്കളയിൽ നോക്കി വൃന്ദയെ വിളിച്ചു.

വൃന്ദ ഹാളിലേക്ക് വന്നു.

നന്ദൻ ശ്യാമയെ ചുരണ്ടി ഇതാണ് ആള് എന്ന് കണ്ണ് കാണിച്ചു, ശ്യാമ പുഞ്ചിരിയോടെ അവളെ നോക്കിയിരുന്നു

“ഇവർക്ക് ചായ കൊണ്ടുവാ…”

നളിനി അവളോട് പറഞ്ഞു, വൃന്ദ ആരെയും നോക്കാതെ തലകുലുക്കികൊണ്ട് അകത്തേക്ക് പോയി

“ഇത് മീനാക്ഷീടെ മോളല്ലേ…?“

ശ്യാമ ചോദിച്ചു

“അതെ, ശ്യാമയും മീനാക്ഷിയും ഒരുമിച്ചു പഠിച്ചതല്ലേ…??? അല്ല.. നിങ്ങൾ ഇങ്ങോട്ടേക്കു തന്നെ വന്നതാണോ…??”

നളിനി ചോദിച്ചു.

“അതേ…ഞങ്ങളൊരു കാര്യം ചോദിക്കാനും ആലോചിക്കാനുമാണ് വന്നതാ, എങ്ങനയാ ഇത് നളിനിയോട് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല, ദേവടത് വന്നു ഇങ്ങനൊരു കാര്യം ചോദിക്കാൻ പാടുണ്ടോ എന്നുമറിയില്ല,.. “

ശ്യാമ ഒന്ന് നിർത്തി

“എന്താ കാര്യം…? ധൈര്യമായിട്ട് പറഞ്ഞോ…”

നളിനി പറഞ്ഞു,

ശ്യാമ എന്തോ പറയാൻ തുടങ്ങിയപ്പോ ശില്പ അവിടേക്ക് വന്നു,

“ഹായ് നന്ദേട്ടാ…. ഹലോ ആന്റി…”

“ഹലോ…”

നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു,

“മോളിന്ന് കോളേജിൽ പോയില്ലേ…?”

ശ്യാമ അവളോട് ചോദിച്ചു…

“ഇല്ല ആന്റി…ഇന്ന് പോയില്ല…”

അവൾ മറുപടി പറഞ്ഞിട്ട് നളിനിയുടെ അടുത്ത് ഇരുന്നു.

“ശ്യാമ എന്താ പറഞ്ഞു വന്നത്…”

നളിനി ചോദിച്ചു

“അത്…നന്ദന് ഇവിടുത്തെ കുട്ടിയെ ഇഷ്ടമാണ് എന്ന് പറയുന്നു…അവനിപ്പോ ബാങ്ക് ടെസ്റ്റിന്റെ റാങ്ക്ലിസ്റ്റിൽ ഉണ്ട്…ഉടനെ തന്നെ അപ്പോയ്ന്റ്മെന്റ് ഉണ്ടാകും…അപ്പൊ നിങ്ങൾക്കെല്ലാവര്ക്കും സമ്മതമാണെങ്കിൽ ഈ ആലോചന ഒന്ന് പരിഗണിച്ചൂടെ…ഞങ്ങക്ക് ഇവനൊരുത്തനെ ഉള്ളു…ഇതിപ്പോ സമ്മതമെണേലും ഇല്ലേലും തുറന്ന് പറയണം…”

ശ്യാമ നളിനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

ഇതുകേട്ട ശില്പയുടെ മുഖം സന്തോഷവും നാണവും കൊണ്ട് ചുവന്നു തുടുത്തു, അത് ശ്രദ്ധിച്ച നളിനി ഒന്ന് പുഞ്ചിരിച്ചു, കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു

“എനിക്കിതിൽ ഇഷ്ടക്കേടൊന്നുമില്ല, സാബുവേട്ടനേം ശ്യാമയേം നന്ദനേമൊന്നും ഞങ്ങക്കറിയാത്തതല്ലല്ലോ… പക്ഷേ രാജേട്ടനല്ലേ പറയേണ്ടത്… ഞാനിന്ന് രാജേട്ടൻ വരുമ്പോ പറയാം…”

Leave a Reply

Your email address will not be published. Required fields are marked *