ദിവ്യാനുരാഗം – 6 Like

Related Posts


പറഞ്ഞതുപോലെ എക്സാം ആയോണ്ട് ഇച്ചിരി വൈകി… പിന്നെ ചിപ്പിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം…. എന്തായാലും തുടർ ഭാഗങ്ങൾ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം…അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയുക…പിന്നെ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…

ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…

അപ്പോ കഥയിലേക്ക് കടക്കാം…

_________________________________

” ഡാ പോത്തേ എഴുന്നേക്കടാ… ”

അവളുടെ മെസേജ് കണ്ട് റിലേ പോയപ്പോൾ വീണ്ടുമൊരു ഉറക്കത്തിലേക്ക് വഴുതി വീണ ഞാൻ അമ്മയുടെ ചവിട്ടും തൊഴിയും കേട്ടാണ് എഴുന്നേറ്റത്…

” എന്താണ് ഡോക്ടറെ ഇങ്ങക്ക് വേണ്ടെ… മനുഷ്യനെ സ്വസ്ഥായിട്ട് കിടക്കാനും സമ്മതിക്കൂലേ…? ”

ഞാൻ ഉറക്കചടപ്പിൽ കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു

” അയ്യോടാ… അമ്മേൻ്റെ കുഞ്ഞാവ ഒറങ്ങുവാർന്നോ…അമ്മ അറിഞ്ഞില്ലടാ…ആരും പറഞ്ഞൂല്ല്യ….ബാ അമ്മ തരാട്ട് പാടിത്തരാം… ”

എന്നെ ഊതികൊണ്ടുള്ള പുള്ളിക്കാരിയുടെ മറുപടി വന്നു

” ഡോക്ടറേ ഊതല്ലേ….ഊതിയാ തീപ്പൊരി പറക്കും… ”

കളിയാക്കൽ പിടിക്കാത്ത ഞാൻ കിടക്കയിൽ നിന്നെണീറ്റ് അതും പറഞ്ഞ് താഴോട്ട് നടന്നു…പുറകിൽ ഒരു ചിരിയോടെ കക്ഷിയും ഉണ്ട്… ഞാൻ നേരെ ഡൈനിംഗ് ടേബിളിൽ അടുത്തേക്ക് നടന്നു… പ്രതീക്ഷിച്ച പോലെ ചായ എടുത്തു വച്ചിട്ടുള്ള വിളിയാണ് മുകളിലെ കണ്ടത്…

” ദ്വാ…..ഇതെന്തോന്ന് ചായ…ചൂടുമില്ല…കടുപ്പവുമില്ല…. “

ചായ എടുത്ത് കുടിക്കുമ്പോൾ എൻ്റടുത്തേക്ക് നടന്ന് വരുന്ന അമ്മയെ ഒന്നിളക്കാൻ പുള്ളിക്കാരിയെ നോക്കി ഞാൻ പറഞ്ഞു

” ആണോ…എന്നാ തൽക്കാലം മോനത് മോന്തിയാ മതി… അല്ലേ പിന്നെ ചൂടാറുമ്പൊ പുതിയത് വേണേൽ വല്ല ഹോട്ടലിലും പോയി മോന്തിക്കോ… ”

എൻ്റെ മറുപടി പിടിക്കാത്ത അമ്മ കടുപ്പത്തിൽ അതും പറഞ്ഞ്… ഡൈനിങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന പരിപാടിയിലേക്ക് കടന്നു…

” ഓ പിന്നേ… ജാഡ നോക്ക്… കുറച്ച് കാലം കൂടി കാണും ഇതൊക്കെ പിന്നെ എൻ്റെ കാര്യം നോക്കാൻ എനിക്കെന്റെ ഭാര്യ കാണും…. ”

തോറ്റ് കൊടുക്കാൻ മടിയില്ലാത്ത ഞാൻ അമ്മയെ നോക്കി പറഞ്ഞു…പക്ഷെ വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി….ചായ കുടിക്കുന്ന അമ്മ പെട്ടെന്ന് നെറുകം തലയിൽ കൊട്ടുന്നത് കണ്ടു…ചിരിച്ച് ചായ തലമണ്ടയിലേക്ക് കയറി എന്ന് സാരം….

” നീ എന്തുവാടാ പറഞ്ഞേ ഒന്നൂടി പറ…. ”

ചിരി നിർത്താതെ തന്നെ അമ്മ എന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ മറുപടി പറയാതെ കടുപ്പത്തിൽ ഒന്ന് നോക്കി…

” അല്ലേ നിൽക്ക്… നിൻ്റെ അച്ഛനെ കൂടി വിളിക്കട്ടെ…അങ്ങേര് ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ച് കാണില്ല…. ”

അമ്മ വീണ്ടുമൊരു പൊട്ടിചിരിയോടെ പറഞ്ഞു… അതോടെ ഞാൻ വേഗം സ്ഥലം കാലിയാക്കാം എന്ന ലക്ഷ്യത്തോടെ മുറിയിലേക്ക് വച്ച് പിടിച്ചു… അല്ലേൽ കളിയാക്കി തൊലി ഉരിച്ച് കളയും രണ്ടും….

” ഡാ പോവല്ലേ….വാ നമ്മുക്ക് മൂഹൂർത്തം നോക്കാൻ ജോത്സ്യൻ്റടുത്ത് പോക്കാം… ”

എൻ്റെ പോക്ക് കണ്ട് പുറകീന്ന് ചിരിയോടെ അമ്മ പറയുന്നത് കേട്ടു… പക്ഷെ ഞാൻ തിരിഞ്ഞു പോലും നോക്കാതെ ഒറ്റ പോക്ക്…

മുറിയിൽ എത്തിയതും വീണ്ടും ആശയ കുഴപ്പത്തിലായി… സാധാരണ ഹോസ്പിറ്റലിൽ പോകുന്ന സമയത്തേക്കാളേറെ വൈകിയിരിക്കുന്നു…നന്ദുവിനെ ഇന്ന് പിക്ക് ചെയ്യേണ്ട അതൊരു ആശ്വാസം ആണ്…അല്ലേൽ അവൻ്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമാർന്നു… പിന്നെ പ്രധാന പ്രശ്നം അതല്ല… ഹോസ്പിറ്റലിൽ പോയാൽ മറ്റേതിനെ കാണണമല്ലോ… ഇവിടെ ആണേൽ ഇന്നിനി കളിയാക്കല് കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റത്തില്ല…

” ഏത് ഗുളികൻ കേറിയ നേരത്താണോ ഓരോന്ന് പറയാൻ തോന്നിയിത്…. ”

കടലിൻ്റേം ചെകുത്താൻ്റേം നടുക്കായ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു….

ഹോസ്പിറ്റൽ പോകാം അവിടെ അവന്മാരുണ്ടല്ലോ… പിന്നെ അവളോട് എന്തേലും പറഞ്ഞ് മുട്ടി നിക്കണം… ഇന്നിനി ചെന്നില്ലേൽ അവളെ പേടിച്ച് ഇവിടെ ഇരുന്നെന്ന് കരുതും ആ ശവം…

ഞാൻ മനസ്സിൽ ഓരൊന്നൊക്കെ ആലോചിച്ച് കൂട്ടി ഒടുക്കം തീരുമാനമെടുത്തു… പോകാം… അതോടെ വേഗം ഫ്രഷായി താക്കോലുമെടുത്ത് താഴേക്കിറങ്ങി…വിചാരിച്ചത് പോലെ തന്നെ രണ്ടാളും ഉമ്മറത്ത് തന്നെ ഉണ്ട്…

” ഹാ.. അജ്ജൂ നിൻ്റെ കല്ല്യാണം ആണെന്ന് കേട്ടു എന്നെ ക്ഷണിക്കുന്നില്ലേ… ”

ഉമ്മറത്തെത്തിയ എന്നെ നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു… പിന്നാലെ ഒരു പൊട്ടിച്ചിരിയും…വേറാരാ മാതാശ്രി തന്നെ…ഇവര് കള്ളിയൻകാട്ട് നീലിക്കൊരു ഭീഷണി ആകുമോന്ന് എനിക്ക് തോന്നി…

” മതി മതി…അത്രകൊന്നൂല്ല്യ… ”

അമ്മയുടെ ചിരി കണ്ട് ഞാൻ കടുപ്പത്തിൽ പറഞ്ഞു…

” എന്നാലും നിനക്കിത്ര പക്വത വച്ചുപോയീന്ന് ഞാൻ അറിഞ്ഞില്ലടാ… ”

അച്ഛൻ വിടില്ലാന്നുള്ളർത്ഥത്തിൽ വീണ്ടും തുടർന്നു…ഒപ്പം അമ്മയുടെ ചിരിയും….
ഇനി ഇങ്ങേര് വല്ല പൈസയും കൊടുത്ത് കാണുവോ പറയുന്ന എല്ലാ കോമഡിക്കും ചിരിക്കണം എന്ന് പറഞ്ഞ്…

” ഓ… രണ്ട് കമിതാക്കൾ വന്നിരിക്കുന്നും… ആളെ കളിയാക്കാൻ ഇറങ്ങിയതാണല്ലേ…നടക്കട്ടെ ഞാൻ എന്താലും പോവ്വാ…രണ്ടാളും കെട്ടിപിടിച്ച് ഒറ്റയ്ക്ക് ചിരിച്ചോ… ”

രണ്ടാളേം നോക്കി അതും പറഞ്ഞ് ഞാൻ ചെരുപ്പിടാൻ തുടങ്ങി…

” ആടാ ഞങ്ങള് കമിതാക്കള് തന്നെയെ എന്ത്യേ…. ”

എൻ്റെ മറുപടി കേട്ടതും അമ്മ അച്ഛനെ ഒന്ന് ചേർത്തുപിടിച്ച് പറഞ്ഞു

” ഓ പിന്നേ ഞാനാ ഫ്ലോവിൽ പറഞ്ഞതാ… അടുത്ത ചിങ്ങത്തിന് ഷഷ്ഠിപൂർത്തിയാ രണ്ടിൻ്റേം അപ്പോളാ… ”

ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… പക്ഷെ രണ്ടിനും വല്ല്യ പ്രായം ഒന്നും ആയിട്ടില്ല കേട്ടോ… പ്രേമിച്ച് കെട്ടിയതല്ലേ… പിന്നെ ഞാനും പെട്ടെന്ന് തന്നെ ഭുമിയിലേക്ക് കെട്ടി എടുത്തതാ… അതോണ്ട് തന്നെയാ ഈ കളിചിരിയും കളിയാക്കുന്ന സ്വഭാവവും ഇപ്പോളും രണ്ടാൾക്കും ഉള്ളത്… പിന്നെ അമ്മയുടെ കാര്യം പറയണോ…പിള്ളേരെ കാൾ കഷ്ടാ….

” ആയിക്കോട്ടെ…. പക്ഷെ അതിന് മുന്നേ നിന്റെ കൊച്ചിൻ്റെ ചോറൂണ് ഉണ്ടാവുമോ…. ”

എൻ്റെ കളിയാക്കലിന് തിരിച്ച് അതേ നാണയത്തിൽ ഡോക്ടറ് മറുപടി നൽകി… അതോടെ വണ്ടി വിട്ടോ മോനെ ദിനേശാന്ന് മുകളീന്ന് ആരോ പറയും പോലെ തോന്നി അതോടെ ഞാൻ ചമ്മിയ മുഖത്തോടെ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി…

” അതുപോട്ടെ.. അജ്ജൂ നിനക്ക് ഈ താടിയും മുടിയും ഒക്കെ ഒന്നൊതുക്കി പണ്ടത്തെ പോലെ നടന്നൂടെ… “

വണ്ടിയുടെ അടുത്തേക്ക് നടക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു

” തൽക്കാലം ഇത് മതി…മാറ്റാൻ ഉദ്ദേശിക്കുന്നില്ല…. ”

അമ്മയുടെ ചോദ്യത്തിന് ഒരൊഴുക്കൻ മട്ടിൽ ഞാൻ മറുപടി പറഞ്ഞു

” ഓ പറഞ്ഞൂന്നേ ഉള്ളൂ…പണ്ട് ഈനംപേച്ചിയെ പോലെ ആയിരുന്നു ഇപ്പൊ മരപ്പട്ടിയെ പോലെ ആയി… അത്രയേ ഉള്ളു മാറ്റം…പക്ഷെ എൻ്റെ അഭിപ്രായത്തിൽ ഈനാംപേച്ചിയാണ് കുറചൂടി നല്ലത് നിങ്ങളുടേയോ…. ”

Leave a Reply

Your email address will not be published. Required fields are marked *