നീ വരുവോളം 1
Nee Varuvolam Part 1 | Author : Mazha
“സഞ്ജയ്….” അവൻ്റെ രോമം നിറഞ്ഞ മാറിൽ തല ചായ്ച്ചു കിടന്നവൾ വിളിച്ചു.
“ങും….”
പിന്നീട് അവളുടെ ശബ്ദം കേൾക്കാതായപ്പോൾ അവൻ തലപൊക്കി നോക്കി. കണ്ണുകൾ തുറന്നു , ഫാനിന്റെ കാറ്റിൽ പറക്കുന്ന ജനാല വിരിയിലേക്ക് ദൃഷ്ടിയൂന്നി കിടക്കുകയായിരുന്നു അവൾ…
“മീരാ….”
“മീരാ….”
“ഹാ….”
“നീ എന്താ ആലോചിക്കുന്നേ ?”
“ഒന്നൂല്ല….”
“ഹാ..പിന്നെന്താ നേരത്തെ വിളിച്ചിട്ട് ഒന്നും മിണ്ടാതിരുന്നത്…”
“ഏയ് , അത് ഞാൻ ചുമ്മാ നീ ഉറങ്ങിയോ എന്ന് നോക്കിയതാണ്..” അവളുടെ ദൃഷ്ടി ആ ജനാലവിരിയിൽ നിന്നും മാറ്റാതെ അവനു മറുപടി കൊടുത്തു…
വീണ്ടും ചുറ്റും കനത്ത ഇരുട്ടുപോലെ കനം വെച്ച മൗനം അവർക്കിടയിൽ തളം കെട്ടിനിന്നു…മനം മടുപ്പിക്കുന്ന നിശബ്ദത അവളിൽ അസ്വസ്ഥത ജനിപ്പിച്ചു. . ഇടംകണ്ണിട്ട് അവനെയൊന്നു പാളി നോക്കി അവൻ്റെ നെഞ്ചിൽ നിന്നിറങ്ങി തലയിണയിലേക്ക് തല ചായ്ച്ചു.
അവനവളെ അതിനനുവദിക്കാതെ അവനിലേക്ക് ചേർത്ത് പിടിച്ചു .വലിയ എതിർപ്പ് കാണിക്കാതെ അവൾ വീണ്ടും അവനിലേക്ക് ചേർന്നു കിടന്നു
“മീരാ …നിനക്കെന്തെങ്കിലും എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടോ ?”
“ഇല്ല…..’” എന്തോ അലക്ഷ്യമായി പറന്നുകൊണ്ടിരുന്ന ആ ജനാലവിരി അവളെ അസ്വസ്ഥയാക്കി.അതിനിടയിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ അവളവന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് മറുപടി പറഞ്ഞു
“എനിക്കറിയാം നീ എന്താ മനസ്സിൽ ചിന്തിക്കുന്നതെന്ന്…എനിക്കത് ഊഹിക്കാം..”
“ഒന്നൂല്ല സഞ്ജു..”
“നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട.”
“ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്….നിന്നെയും എന്നെയും സംബന്ധിച്ച് , ഒരുപാട് പ്രത്യേകതകളുള്ള രാത്രി….കഴിഞ്ഞ മൂന്നുകൊല്ലമായി നമ്മൾ ആഗ്രഹിച്ച ദിവസം…സ്വപ്നം കണ്ട ദിവസം…പക്ഷെ നീ എനിക്ക്…..”
ബാക്കി പറയാൻ അനുവദിക്കാതെ അവളവന്റെ വായ പൊത്തി.
“എനിക്കറിയാം സഞ്ജു..നിന്റെ സാഹചര്യം , മാനസികാവസ്ഥ …എല്ലാം….ഒന്നും മനസിലാകാഞ്ഞിട്ടല്ല..എന്തോ ഈ താലി കഴുത്തിൽ വീണപ്പോൾ മുതൽ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.നീ പറഞ്ഞതെല്ലാം സത്യമാണ് നമ്മൾ ഒരുപാട് ആഗ്രഹിച്ച നിമിഷമാണിത്..എന്നിട്ടും സന്തോഷിക്കാൻ പറ്റണില്ല സഞ്ജു…..”അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു
“ഏയ് , നീ അതൊന്നും ആലോചിക്കേണ്ട..എല്ലാം ശെരിയാകും…”
“ഹാ…”
“കുറച്ചു സമയം താ…അതുവരെ എന്നെ മനസിലാക്കി നീ കൂടെ വേണം.”
“എന്തിനാ നീ ഇങ്ങനൊക്കെ എന്നോട് പറയണേ , ആരോരുമില്ലാത്ത എനിക്ക് സ്വപ്‌നം കാണാൻ പോലുമാകാത്ത ജീവിതം നീ തന്നില്ലേ ?എനിക്കത് മതി…ഈ ജന്മം മുഴുവൻ നിന്റേതാവാൻ..”
“അഞ്ജനകുട്ടീടെ സർജറി കഴിയട്ടെ എന്നിട്ട് നമുക്ക് നമ്മുടെ കുടുംബ ജീവിതം ആരംഭിക്കാം .അതുവരെ എന്റെ മീരമോൾ ക്ഷമിക്കണം ട്ടോ….” അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു. “പോടെ …”അവന്റെ മൂക്കിൽ അമർത്തി നുള്ളിക്കൊണ്ട് അവൾ അവനിലേക്ക് ചേർന്ന് കിടന്നു.
അവളെ അസ്വസ്ഥയാക്കിയ ജനാല വിരികൾ അപ്പോഴും കാറ്റിൽ കാണാ കുരുക്കുകൾ ഇട്ടുകൊണ്ടേയിരുന്നു..ഇരുണ്ട മൂലകളിൽ അദൃശ്യമായി വല നെയ്യുന്ന ചിലന്തിയെപ്പോലെ ….അവയെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു….ഒന്നുടെ കൂടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു..അടഞ്ഞ പോളകളിലൂടെ രണ്ടു നീർതുള്ളികൾ ചാലുകീറി.
****
“എന്തിനാ സഞ്ജു കാശില്ലാത്ത സമയത്ത് ഇങ്ങനൊരു യാത്ര ..അതും ഇത്ര ദൂരം.” ബാഗിലേക്ക് ചുരിദാർ എടുത്തു വെച്ചുകൊണ്ട് അവൾ ചോദിച്ചു.
“ചുമ്മാ…എത്ര നാളാന്ന് വെച്ചാ നീ വീട്ടിലിരുന്നു ബോർ അടിക്കുന്നേ..ഒരു മാറ്റമൊക്കെ വേണ്ടേ ?”
“അതിനു ബാംഗ്ലൂർ വരെ പോകണമെന്നുണ്ടോ ?അഞ്ജനക്കുട്ടീടെ അസുഖമൊക്കെ ഭേദയിട്ട് മതിയായിരുന്നു..ഞാൻ കുറെ നേർച്ചയൊക്കെ നേർന്നിട്ടുണ്ട് …അപ്പോൾ ഞങ്ങളെ കൊണ്ടുപോകോ നീ?” നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടവൻ വേദനയോടെ അവളെ നോക്കി.
“എന്തേ കൊണ്ടോകില്ലേ ?അപ്പോൾ കൊണ്ട് പോയാൽ മതിയായിരുന്നു.ഇപ്പോൾ ഇങ്ങനൊരു യാത്ര വേണ്ടായിരുന്നു.” അവളുടെ മുഖം വാടി.
“കൊണ്ടുപോകാമല്ലോ …, എന്തായാലും എനിക്ക് ബാംഗ്ലൂർ വരെ പോകേണ്ട കാര്യമുണ്ട് ..അപ്പോൾ നിന്നെയും കൂടെ കൂടി എന്നുള്ളു.കുറച്ചു കാശിന്റെ ആവശ്യത്തിനാണ് …അടുത്താഴ്ചയല്ലേ അവളുടെ സർജറി…”
“ഹും…നീ സമ്മതിക്കാഞ്ഞിട്ടാണ് ഇല്ലേൽ ഞാനും എന്തെങ്കിലും ജോലി നോക്കിയേനെ…”
“ആഹ്ഹ .. തൽക്കാലം വേണ്ട…”
“സഞ്ജു നാട്ടിൽ പോകുമ്പോൾ ഞാൻ കൂടെ വന്നോട്ടെ ?എനിക്കെല്ലാരേം കാണാല്ലോ ?സഞ്ജുന്റെ അമ്മയേം , അജ്ഞനകുട്ടിയേം , വല്യേടത്തിയേം കുഞ്ഞൂട്ടനേം എല്ലാം..ഇതിപ്പോ നീ പറഞ്ഞുള്ള അറിവല്ലേ എനിക്കുള്ളൂ .പിന്നെ കണ്ട ഫോട്ടോസും.
പിന്നെ കുഞ്ഞൂട്ടനെന്തേലും വാങ്ങി കൊണ്ട് പോകാട്ടോ നമുക്ക് ..അച്ഛനില്ലാത്ത കുട്ടിയല്ലേ ..നമ്മൾ വേണ്ടേ അവനെ നോക്കാൻ .. വല്യേടത്തിയെ സഹായിക്കാൻ … ആരൂല്ലതാവാന്ന് പറേണേ അത്ര സുഖമുള്ള ഏർപ്പാടല്ല.അതൊരു നോവാണ് ..ഒരിക്കലും ഉണങ്ങാത്ത നോവ്..ഒന്ന് കരയുമ്പോൾ ചേർത്ത് പിടിക്കാൻ …ന്താ നിന്റെ മുഖം വാടിയിരിക്കുന്നെന്ന് ചോദിയ്ക്കാൻ….സാരില്ല പോട്ടെ എല്ലാം ശെരിയാകുമെന്ന് പറയാൻ ഒരാളുണ്ടാവാന്ന് വെച്ചാൽ പുണ്യമാണ് .”
“അതൊക്കെ നിനക്ക് തോന്നുന്നത് മീര …ആരുമില്ലായിരുന്നെ”ങ്കിൽ എന്ന് എത്രവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ടെന്നോ ?ഈ ഉത്തരവാദിത്തങ്ങളൊന്നും തലയിൽ പേറേണ്ടായിരുന്നു….ഫ്രീ ബേർഡ് ആയിട്ട് നടക്കായിരുന്നു.”
“ഉവ്വ ..അങ്ങനൊന്നും പറയാൻ പാടില്ല..ഇതൊക്കെ സുഖമുള്ള നോവാ…ഒരാളുടെ ചുണ്ടിലെ പുഞ്ചിരിക്ക് കരണമാവന്ന വെച്ചാൽ അതൊരു ഭാഗ്യവും സഞ്ജു..”. അവളെന്തോ ആലോചിച്ചു ചിരിച്ചു
ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ബസ് പുറപ്പെട്ടു , നഗര തിരക്കുകളിലേക്ക് ഊളിയിട്ടു.പുറത്തു ഇരുട്ട് കനംവെച്ചു തുടങ്ങി ..
ചുണ്ടിൽ പുഞ്ചിരിയും, ഉള്ളിൽ നൂറു നൂറു സ്വപ്നങ്ങളുമായി അവളവന്റെ കൈകോർത്തു പിടിച്ചു മെല്ലെ തോളിലേക്ക് ചാഞ്ഞു… അവളെ വരവേൽക്കാനെന്ന പോലെ ബാംഗ്ലൂർ നഗരവും …..മഞ്ഞിൽ കുളിച്ചു നിന്നു
++++
സഞ്ജയ്‌യുടെ കൈയും പിടിച്ചു കലാശിപ്പാളയത്തിറങ്ങുമ്പോൾ മീരയ്ക്കറിയില്ലായിരുന്നു തന്റെ ജീവിതത്തിന്റെ വഴിത്തിരിവിവിടെ ആണെന്ന്.
തണുത്ത കാറ്റടിച്ചപ്പോൾ അവളവനിലേക്ക് ഒന്ന് ചേർന്ന് നിന്നു. “നിനക്ക് തണുക്കുന്നുണ്ടോ ?”
“കുറച്ചു…” പല്ലുകൾ കൂട്ടി ഇടിക്കുന്നതിനിടയിലും അവളെങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
അവൻ അവളെ ശ്രദ്ധിക്കാതെ മുന്നിൽ വന്ന ഓട്ടോ കൈകാണിച്ചു നിർത്തി.
“വാ..കയറ്….” അവരുടെ മുന്നിൽ നിർത്തിയ ഓട്ടോയിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.