രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 2 Like

Related Posts


പിറ്റേന്ന് ഞാൻ സ്വല്പം വൈകിയാണ് ഉണർന്നത് . മഞ്ജുസ് വന്നതിന്റെ ഗുണം ആണോ എന്തോ അന്ന് പിള്ളേരുടെ കരച്ചില് കേട്ട് എണീക്കണ്ടി വന്നില്ല . മഞ്ജുസിന്റെ അഭാവത്തിൽ അഞ്ജുവോ , അമ്മയോ ആണ് എന്റെ കൂടെ റൂമിൽ കിടക്കാറ് . രാവിലെ അവരെ കുളിപ്പിക്കുന്നതും അപ്പിയിടാൻ ഇരുത്തുന്നതും ഒക്കെ എന്റെ അമ്മയുടെ ജോലി ആയിരുന്നു . പക്ഷെ ആദി മാത്രം വാശിപിടിച്ചു കരയും . ചെറുക്കന് ഇടക്ക് അമ്മയുടെ ഓര്മ വന്നാൽ പിന്നെ കരച്ചില് ആണ് . റോസിമോള് വേറെ ടൈപ്പ് ആണ് . അവൾക്ക് അങ്ങനെ വാശി ഒന്നുമില്ല . മഞ്ജുസിനെ കണ്ടില്ലെങ്കിലും അവൾക്ക് പ്രെശ്നം ഒന്നുമില്ല . പാല് കുടിക്കാൻ തോന്നിയാൽ മാത്രം മഞ്ജുസിനെ തേടിപ്പോകുന്ന ടൈപ്പ് . ആരുടെ കൂടെ വേണേലും പുള്ളിക്കാരി പെട്ടെന്ന് ജോയിന്റ് ആകും . പക്ഷെ എന്നെ കണ്ടാൽ പിന്നെ പെണ്ണ് വേറെ ആരുടെ അടുത്തും പോകില്ല ! ആരേലും എന്റെ കയ്യിന്നു ബലം പിടിച്ചു അവളെ എടുക്കാൻ നോക്കിയാൽ അപ്പൊ കരയുവേം ചെയ്യും !

ഞാൻ എണീക്കുമ്പോൾ റൂമിൽ മഞ്ജുവോ പിള്ളേരോ ഇല്ല . അതുകൊണ്ട് തന്നെ പല്ലുതേപ്പും കലാപരിപാടികളുമൊക്കെ തീർത്തു ഞാൻ നേരെ താഴേക്കിറങ്ങി . ഹാളിലെ നിലത്തു റോസ് മോള് കളിപ്പാട്ടങ്ങളൊക്ക എടുത്തു തറയിൽ അടിച്ചു പൊട്ടിക്കുന്ന പോലെ കളിക്കുന്നുണ്ട് ! ആദി കുട്ടൻ അഞ്ജുവിന്റെ മടിയിൽ ആണ് . മഞ്ജുസും അമ്മയും അടുക്കളയിലാകാൻ ആണ് സാധ്യത . ആ പരിസരത്തെങ്ങും അവരെ കാണുന്നില്ല .

ഷർട്ടിന്റെ കൈചുരുട്ടി സ്റ്റെയർ കേസ് ഇറങ്ങി വരുന്ന എന്നെ നിലത്തിരുന്ന റോസ് മോള് കണ്ടതോടെ അവളുടെ മുഖത്ത് നുണക്കുഴി വിരിഞ്ഞുള്ള ചിരി തെളിഞ്ഞു .കറുത്ത കുഞ്ഞു ഫ്രോക് ആണ് റോസിമോളുടെ വേഷം . ആദികുട്ടൻ ആണേൽ ട്രൗസര് മാത്രേ ഇട്ടിട്ടുള്ളൂ !

“അ..ച്ചാ..ച..”
പെണ്ണ് എന്നെ നോക്കി കൈകൊട്ടികൊണ്ട് മുട്ടിലിഴയാൻ തുടങ്ങി .

“ദേ പോണൂ സാധനം ”
റോസ് മോളുടെ ആക്രാന്തം കണ്ടു അഞ്ജു തലക്കു കൈകൊടുത്തു .

“ച്ചാ ..ചാ ..”
പെണ്ണ് ചിണുങ്ങിക്കൊണ്ട് തന്നെ എന്റെ നേരെ മുട്ടുകുത്തി. ഞാൻ അപ്പോഴേക്കും വേഗം ഓടിച്ചെന്നു അവളെ വാരിയെടുത്തു കവിളിൽ ഉമ്മവെച്ചു .

“ചാച്ചാ അല്ല പൂച്ച …എവിടേക്കാടി പെണ്ണെ നീ കിടന്നു പായുന്നെ ..”
ഞാൻ റോസ് മോളെ നോക്കി കണ്ണുരുട്ടി . പക്ഷെ പെണ്ണിന് ഞാൻ എന്ത് പറഞ്ഞാലും തമാശ ആണ് . അതുകൊണ്ട് തന്നെ അതിനും കുലുങ്ങിയുള്ള ചിരി ആണ് മറുപടി .
“ഓ …ഞാൻ ഇതാരോടാ പറയണേ ല്ലേ …”
ഞാൻ റോസ് മോളെ നോക്കി ചിണുങ്ങി. പിന്നെ അവളുടെ കഴുത്തിൽ എന്റെ കുറ്റിത്താടി ഉരുമ്മിക്കൊണ്ട് അവളെ ഇക്കിളിപെടുത്തി .

“ചുന്ദരി പെണ്ണെ ….ഉമ്മാആഹ്‌..”
ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് എന്റെ കുറ്റിമീശയും താടിയും അവിടെ ഉരുമ്മി .

“ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് ”
ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .

അഞ്ജു അതൊക്കെ നോക്കി രസിക്കുന്നുണ്ട് .

പെണ്ണിന്റെ ശബ്ദം കൂടിയത് കേട്ടിട്ടോ എന്തോ പെട്ടെന്ന് മഞ്ജുസ് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നു . ഒരു ഇളംനീല നൈറ്റി ഇട്ടോണ്ട് ആണ് മഞ്ജുസ് ഹാളിലേക്ക് എത്തിനോക്കിയത് . പെണ്ണിനെ കയ്യിൽ കോരിപിടിച്ചു ഇക്കിളിപ്പെടുത്തുന്ന എന്നെ കണ്ടതും അവളുടെ മുഖവും തെളിഞ്ഞു .

“എടാ അതിനു ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടും കവി ..”
മഞ്ജുസ് എന്റെ കോപ്രായം കണ്ടു ഉപദേശം പോലെ പറഞ്ഞു .

“ആഹ് ..ഇല്ലെടി ഇതിപ്പോ നിർത്തും . നീ ചായ എടുക്ക്..”
ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു റോസ്‌മോളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി .

“‘അമ്മ ..മ്മാ”
മഞ്ജുസിനെ കണ്ടതും റോസ് മോള് അവൾക്കു നേരെ ചൂണ്ടികൊണ്ട് എന്നെ നോക്കി .

“ഓഹ്..അതിപ്പോ നീ പറഞ്ഞു തന്നിട്ട് വേണമല്ലോ ഞാൻ അറിയാൻ ..”
ഞാൻ റോസിമോളെ നോക്കി ചിണുങ്ങി പറഞ്ഞു . പിന്നെ ആദിയെ നോക്കി . ചെറുക്കന് എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല. അഞ്ജുവിന്റെ മൊബൈലിൽ നോക്കി ഇരിക്കുന്നുണ്ട് . എന്താണാവോ കാണുന്നത് !

“എടാ നീ വന്നു വല്ലോം കഴിക്ക്..അതിനെ ഇങ്ങു താ ..”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു .

“ആഹ്…”
ഞാൻ മൂളികൊണ്ട് റോസ് മോളെ മഞ്ജുസിനു ഹാൻഡ് ഓവർ ചെയ്യാൻ തുടങ്ങി . പക്ഷേ പെണ്ണ് എന്റെ കോളറിലും ഷർട്ടിലും ഒക്കെ പിടിച്ചു വലിച്ചു ബലം പിടിച്ചു .അവൾക്ക് എന്നെ വിട്ടുപോകാൻ വയ്യെന്ന് സാരം !

“വിടെടി പൊന്നുസേ..”
ഞാൻ റോസ് മോളെ നോക്കി കൊഞ്ചി . പക്ഷെ പെണ്ണിന് മനം മാറ്റമില്ല .

“വാടി പൊന്നുസേ …അമ്മേടെ മുത്തല്ലേ ”
മഞ്ജുസ് അവൾക്കു നേരെ ഇരു കയ്യും നീട്ടി ചിണുങ്ങി നോക്കി . പക്ഷെ പെണ്ണ് വരില്ലെന്ന ഭാവത്തിൽ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .

“ച്ചാ.. ച്ചാ..”
റോസിമോള് എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ പയ്യെ അവളുടെ കുഞ്ഞി ചുണ്ടുകൾ ചേർത്തു.

“ശൊ..ഇതെന്തൂട്ട് പെണ്ണാ …”
പെണ്ണിന്റെ വാശി കണ്ടു മഞ്ജുസ് തലക്ക് കൈകൊടുത്തു .പിന്നെ സ്വല്പം ബലമായി തന്നെ റോസ് മോളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി . മോള് ചിണുങ്ങിക്കൊണ്ട് ബലം പിടിച്ചെങ്കിലും മഞ്ജുസ് വിട്ടുകൊടുത്തില്ല .

“ഡീ മഞ്ജുസേ പതുക്കെ …”
അവളുടെ വലി കണ്ടു ഞാൻ പയ്യെ പറഞ്ഞു . സംഗതി അവൾക്ക് മക്കളെ വല്യ കാര്യം ഒകെ ആണേലും ഇടക്കു പയ്യെ അടിക്കുവൊക്കെ ചെയ്യും .

“ഇവിടെ വാടി…അവളുടെ ഒരു ചാച്ചാ . പെണ്ണിന് എന്റെ കയ്യിന്നു നല്ല പെട കിട്ടുന്ന വരെ ഉണ്ടാവും ”
മഞ്ജുസ് സ്വല്പം കലിപ്പിൽ പറഞ്ഞു പെണ്ണിനെ പറിച്ചെടുത്തു .

പോരെ പൂരം !

“ഏഹ്..ഹ് ഹ് ങ്ങീ ങ്ങീ മ്മാ …മാ ചാ ചാ ..”
എന്നെ നോക്കി ചുണ്ടു കടിച്ചുകൊണ്ട് പെണ്ണ് എണ്ണിപ്പെറുക്കി ചിണുങ്ങി കരയാൻ തുടങ്ങി . അത് കണ്ടതും എനിക്ക് പാവം തോന്നി . എന്നെ ചൂണ്ടികൊണ്ടാണ് പെണ്ണ് കരയുന്നത് . മഞ്ജുസ് ദേഷ്യപെടുക കൂടി ചെയ്തപ്പോൾ സങ്കടം ആയിക്കാണും !

“ഓഹ്‌..ചീവിടിന്റെ ഒച്ച …”
പെണ്ണിന്റെ ശബ്ദം കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“മിണ്ടല്ലെടി പെണ്ണെ …”
റോസ് മോളുടെ കരച്ചില് കേട്ട് ദേഷ്യം വന്ന മഞ്ജുസും അവളെ വിരട്ടി .അതോടെ കരച്ചിലിന്റെ വോളിയം കൂടി .

“ഡീ ഡീ ..മതി മതി…ഇങ്ങു തന്നെ ..”
മഞ്ജുസിന്റെ ഡീലിങ് ഇഷ്ടമാകാത്ത ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.

“ഡാ അപ്പൊ കഴിക്കണ്ട ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“അതൊക്കെ കഴിക്കാം..നീ അതിനെ ഇങ്ങു താ…”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കൊച്ചിനെ എനിക്ക് തിരികെ നൽകി . നൽകേണ്ട കാര്യം ഒന്നുമില്ല മഞ്ജു കൈനീട്ടിയപ്പോൾ തന്നെ പെണ്ണ് എന്റെ അടുത്തേക്ക് ചാടി വീണു എന്ന് വേണേൽ പറയാം .അതോടെ സ്വിച്ച് ഇട്ടപോലെ പെണ്ണിന്റെ കരച്ചിൽ നിന്നു. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നു പൊടിഞ്ഞ കണ്ണീരൊക്കെ ഞാൻ കൈകൊണ്ട് തുടച്ചു പെണ്ണിന്റെ കവിളിലൊരുമ്മയും നൽകി .

Leave a Reply

Your email address will not be published. Required fields are marked *