സൂര്യനെ പ്രണയിച്ചവൾ- 10 Like

Related Posts


ബസ്സ്‌ നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി.
അവരുടെ മുഖം മ്ലാനമാണ്.
അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്.

“നല്ല ആളാ!”

ജോയല്‍ അവളോട്‌ പറഞ്ഞു.

“ഞാന്‍ കാത്ത് കാത്തിരുന്ന എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എന്ത് ഉത്സാഹത്തോടെയാണ് ഞാന്‍ ഗായത്രിയെ അറിയിച്ചത്! എന്നിട്ട് ഗായത്രിയുടെ മുഖത്ത് ഒരു ഉത്സാഹവുമില്ലല്ലോ!”

“ഉണ്ട്!”

ഗായത്രി പെട്ടെന്ന് അവന്‍റെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

“ഞാന്‍ എന്ത് സന്തോഷത്തിലാണെന്നോ! റിയലി പറയ്യാണ്‌! എന്‍റെ ഡൌട്ട് അത് ആരായിരിക്കും എന്നാ! അതോര്‍ത്ത് ഞാനല്‍പ്പം നെര്‍വസ്, അല്ല നെര്‍വസ് അല്ല, ക്യൂരിയസ് ആയെന്നെയുള്ളൂ!”

ബസ്സ്‌ നിര്‍ത്തിയിട്ടിരുന്നിടത്തേക്ക്, പാതയോരത്തേക്ക്, ബ്യൂട്ടിക്കും കിയോസ്ക്കുകളും നിറഞ്ഞിടത്തേക്ക് അവര്‍ നടന്നു.
അവിടെ ഒരു നീം മരത്തിന്‍റെ കീഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ജോയല്‍ ഇരുന്നു.
ദൂരെയും അരികെയുമൊക്കെ കുട്ടികള്‍ യാത്ര തുടരാത്തതിന്റെ അസന്തുഷ്ടിയുമൊന്നും കാണിക്കാതെ വര്‍ത്തമാനം പറഞ്ഞും കുസൃതികള്‍ കാണിച്ചും നിന്നിരുന്നു.

“ഇരിക്ക് ഗായത്രി…”

അവന്‍ തൊട്ടടുത്ത് കൈവെച്ച് അവളെ കഷണിച്ചു.

“വേണ്ട, ഞാന്‍…”

അവളുടെ മുഖം പോലെ ശബ്ദവും നിരുന്മേഷമായിരുന്നു.

“ആരാ അവള്‍? പറ ജോ!”

“പറയാം!”
അവന്‍ ചിരിച്ചു.

“ഗായത്രിയോടല്ലാതെ മറ്റാരോട് പറയും ഞാന്‍ അതിന്‍റെ ഡീറ്റയില്‍സ്….പക്ഷെ.”

“പക്ഷെ എന്താ?”

ഗായത്രി അവനില്‍ നിന്നും മുഖം മാറ്റി.

“പറയാം…ആദ്യം ഗായത്രി ഇവിടെ ഇരിക്കൂ”

അവള്‍ മടിച്ച്, സങ്കോചത്തോടെ അവന് അടുത്ത് അഭിമുഖമായി ഇരുന്നു.

“ആ കുട്ടിയ്ക്ക് ഒരു കത്ത് എഴുതണം,”

അവളുടെ മുഖത്ത് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.

“അതിനെനിക്ക് ഗായത്രിയുടെ ഒരു ഹെല്‍പ്പ് വേണം!”

“ഹെല്‍പ്പോ?”

അവള്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

“കത്തെഴുതാന്‍ എന്‍റെ ഹെല്‍പ്പോ? എന്നുവെച്ചാല്‍?”

“എന്ന് വെച്ചാല്‍ ഗായത്രി ഞാന്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഗായത്രി ഒന്നെഴുതണം. പ്ലീസ്!”

“അവള്‍ക്ക് എഴുതാനുള്ള ലെറ്റര്‍ ഞാന്‍ എഴുതണം എന്നോ? അതെന്തിനാ? അത് ജോയ്ക്ക് തന്നെ എഴുതിയാല്‍ പോരെ?’

അവള്‍ വിസമ്മതത്തോടെ ചോദിച്ചു.

“പ്ലീസ് ഗായത്രി!”|

അവന്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.

“ഗായത്രി എഴുതണം. ഞാന്‍ പറഞ്ഞു തരുന്ന സെന്റന്‍സ് ഗായത്രി എഴുതണം! അത് എന്തിനാണ് എന്ന് ഞാന്‍ പറയാം! പ്ലീസ്!”

“ഓക്കേ..!”

മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു.

“എഴുതാനുള്ള പേപ്പറും പെന്നും..?’

“അത് ഇപ്പം കൊണ്ടുവരാം!”

അത് പറഞ്ഞ് അവന്‍ ബസ്സിനുള്ളിലേക്ക് ഓടിക്കയറി.
പെട്ടെന്ന് തന്നെ തിരിച്ചിറങ്ങി വന്ന് അവളുടെ നേരെ നടന്നു.
അവന്‍റെ കയ്യില്‍ ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു.

“ഇത് എഴുതാനുള്ള ബുക്ക്!”

നോട്ട്ബുക്ക് അവളുടെ നേരേ നീട്ടി അവന്‍ പറഞ്ഞു.
ഗായത്രി മടിച്ചാണെങ്കിലും അത് അവന്‍റെ കയ്യില്‍ നിന്നും വാങ്ങി.

“ഇതാ പെന്‍!’

പോക്കറ്റില്‍ നിന്നും പേനയെടുത്ത് അവന്‍ അവളുടെ നേരെ നീട്ടി.
അവള്‍ അത് വാങ്ങി.
പിന്നെ അവന്‍റെ നേരെ ചോദ്യരൂപത്തില്‍ നോക്കി.
“എഴുത്…”

അവന്‍ പറഞ്ഞു.
അവള്‍ അവന്‍ പറഞ്ഞു തരുന്ന വാക്കുകള്‍ എഴുതുന്നതിനു വേണ്ടി ബുക്കിലെ പേജില്‍ പേന അമര്‍ത്തി.

“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടു പിടിച്ചു…”

ജോയല്‍ പറഞ്ഞു.

“ങ്ങ്ഹേ?”

അവള്‍ അന്ധാളിപ്പോടെ ജോയലിനെ നോക്കി.

“എഴുത് ഗായത്രി, നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു…എഴുത്..എഴുതിയോ?”

അവള്‍ എഴുതിക്കഴിഞ്ഞ് അവനെ നോക്കി.
അവനാ ബുക്ക് അവളുടെ കയ്യില്‍ നിന്നും വാങ്ങി.
എന്നിട്ട് എഴുതിയ പേജിലേക്ക് നോക്കി.
പുഞ്ചിരിയോടെ അവനത് വായിച്ചു.

“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു…”

എന്നിട്ട് അവന്‍ അവളെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും തനിക്ക് മുമ്പ് കിട്ടിയ കാര്‍ഡ് എടുത്ത് അവളെ കാണിച്ചു.

“കയ്യക്ഷരം!”

ഗായത്രിക്ക് പെട്ടെന്ന് കാര്യം മനസ്സിലായി.
അവളുടെ മുഖം ജാള്യതകൊണ്ട് മൂടി.
മോഷണ മുതലില്‍ കൈവെച്ചപ്പോള്‍ ആയിരം ബള്‍ബ് പ്രകാശിക്കുന്നത് കണ്ട കള്ളനെപോലെ അവളുടെ മുഖം ചകിതമായി.
പെട്ടെന്ന് അവള്‍ കോണ്ക്രീറ്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അവള്‍ ബസ്സിനു നേരെ പിന്തിരിഞ്ഞു.

“ഗായത്രി!”

ജോയല്‍ ശബ്ദമുയര്‍ത്തി.
ബസ്സിന്‍റെ നേരെ ചുവടുകള്‍ വെച്ച ഗായത്രി പിടിച്ചുകെട്ടിയത് പോലെ നിന്നു.
ജോയല്‍ അവളുടെ നേരെ ചെന്നു.

“എന്തിനായിരുന്നു, അത്?”

മുമ്പില്‍ നിന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചോദിച്ചു.
അവളുടെ ശ്വാസഗതി ഉയര്‍ന്നു. ലജ്ജയും ജാള്യതയും ചകിത ഭാവവും അവളുടെ മുഖത്തെ കീഴ്പ്പെടുത്തി.

“ജോയല്‍ അത്…”

അവള്‍ വാക്കുകള്‍ക്ക് വേണ്ടി വിഷമിച്ചു.

“നല്ലനാടന്‍ മലയാളത്തില്‍ പറഞ്ഞാല്‍ നൈസായിട്ട് ഒന്ന് കളിപ്പിക്കാം എന്ന് വിചാരിച്ചു…”

“ജോയല്‍ പ്ലീസ്!”
“ഏതോ ഒരു പെണ്‍കുട്ടി എന്നെ പ്രേമിക്കുന്നു, ഞാനത് ഓര്‍ത്ത് ടെന്‍ഷനടിക്കുന്നു…അതൊക്കെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ എന്തൊരു രസമായിരുന്നല്ലേ?”

അസഹ്യതയോടെ ഗായത്രി അവനെ നോക്കി.

“നേഹയും സഫീനയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടതിന്റെ രഹസ്യം ഇപ്പഴല്ലേ മനസ്സിലായത്! എത്രപേരോട് ഈ ജോക്ക് ഷെയര്‍ ചെയ്തു ഗായത്രി, എന്നെ ഇങ്ങനെ പറ്റിക്കുന്ന വിവരം? അതാണോ!”

ജോയല്‍ അത് പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഗായത്രിയുടെ വിരലുകള്‍ ജോയലിന്റെ ചുണ്ടുകളില്‍ അമര്‍ന്നു.

“ഞാന്‍ ജോയലിനെ പറ്റുക്കുവാന്ന്‍ ആര് പറഞ്ഞു?”

അവളുടെ ശബ്ദമുയര്‍ന്നു. മുറിവേറ്റതിന്റെ ക്രൌര്യം അവളുടെ ശബ്ദത്തില്‍ നിറഞ്ഞിരുന്നു.

അവളുടെ വിരല്‍തുമ്പുകള്‍ തന്‍റെ ചുണ്ടുകളില്‍ അമര്‍ന്ന നിമിഷം ജോയലിന്റെ ഉള്ളൊന്നു പതറി.
വിരലുകളുടെ മൃദുത്വവും ഊഷ്മളതയും അകതാരിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു അനുഭൂതി.

“പറ്റിക്കുവല്ലാരുന്നെന്നോ?”

അവള്‍ വിരലുകള്‍ മാറ്റിയപ്പോള്‍ ജോയല്‍ ചോദിച്ചു.

“എന്നുപറഞ്ഞാല്‍? എന്നുപറഞ്ഞാല്‍ കാര്‍ഡില്‍ പറഞ്ഞിരിക്കുന്നത് ഒക്കെ റിയല്‍ ആണെന്നോ?”

ജോയലിന്റെ ചോദ്യത്തിന് മുമ്പില്‍ ആദ്യം ഗായത്രി ഒന്ന് സംഭ്രമിച്ചു.
പക്ഷെ പെട്ടെന്ന് അത് മനോഹരമായ ഒരു ലജ്ജയായി.
അവന്‍റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയതിന് ശേഷം അവള്‍ മുഖം കുനിച്ചു.

“ഗായത്രി….”

ജോയല്‍ ഒരു ചുവടുകൂടി അവളുടെ നേര്‍ക്ക് വെച്ചു.
അവളവനെ ഉറ്റു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *