ഹരിചരിതം – 4 1

Related Posts

അടുത്തേക്ക് വരുന്ന പിള്ളേരെ ഞാൻ ഒന്ന് നോക്കി.. എല്ലാം ഒരു ഇരുപത്- ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന കുട്ടികൾ… ചില മെലിഞ്ഞ പാവം ലുക്ക് ഉള്ള പിള്ളേരും അതിനെ കോമ്പൻസേറ്റ്‌ ചെയ്യാൻ എന്റെ ഇരട്ടി തടി ഉള്ള, കട്ടത്താടി വെച്ച പിള്ളേരും ഒക്കെ ഉള്ള ഒരു ഗ്രൂപ്.

ഏതായാലും അടി കിട്ടുമെന്ന് ഉറപ്പാണ്. എല്ലാവരെയും കൂടി നിരത്തി അടിക്കാൻ ഒന്നും എനിക്ക് പറ്റില്ല. പക്ഷെ ഞാൻ അടി കിട്ടി താഴെ വീഴുന്നതിന്റെ മുമ്പ് എനിക്കാരെ എങ്കിലും തല്ലണം… അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല. ആ ഒരാളെ ഇപ്പോഴേ നോട്ട് ചെയ്യണം. അടി തുടങ്ങിയാൽ അവനെ മാത്രം തിരഞ്ഞു പിടിച്ചു രണ്ടെണ്ണം എക്സ്ട്രാ കൊടുക്കണം… ആ കൂട്ടത്തെ ഒന്ന് മൊത്തത്തിൽ നോക്കി. അതിൽ… ആ ഇടക്ക് നിലക്കുന്ന പെൺകുട്ടി, അവൾ എന്റെ കൂടെ ആ ഹെൽപ് ഡെസ്കിൽ ഇരുന്ന കുട്ടി അല്ലെ…??

എന്താ അവളുടെ പേര്?? ഓർമ വരുന്നില്ല….

അപ്പൊ ഈ പെണ്ണ് പാർട്ടി മാറിയോ?? ഞാൻ ശ്രീയെ നോക്കി.. അവൾ കൂസൽ ഒന്നൂല്ലാതെ എന്നെ വലിച്ചു നടക്കാണ്. ഞാൻ പിന്നെയും ആ കൂട്ടത്തിൽ നിൽക്കുന്ന പെണ്ണിനെ നോക്കി.. അവൾ എന്നെയും നോക്കുന്നുണ്ട്. ശ്രീ എന്റെ കൈ വലിച്ചുകൊണ്ട് അമ്മ കുഞ്ഞിനെ സ്കൂളിൽ കൊണ്ടുപോയി വിടാൻ പോവുന്ന പോലെ എന്നെ വലിച്ചുകൊണ്ട് പോവുകയാണ്.. അത് കണ്ടിട്ടാവും അവളുടെ മുഖത്തു ഒരു ചെറിയ ചിരിയുണ്ട്…കുസൃതിയോടെ.

ഞാൻ പതിയെ ശ്രീ പിടിച്ചിരുന്ന എന്റെ വലത്തേ കൈ ഒന്ന് കുടഞ്ഞു അവളുടെ കൈ വേർപെടുത്താൻ നോക്കി.. അവൾ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ. ഞാൻ കണ്ണടച്ചുകൊണ്ട് അവളുടെ കൈ വിടുവിച്ചു എന്റെ ഫോസിലിന്റെ വാച്ചു അഴിക്കാന് തുടങ്ങി. എനിക്ക് അടികിട്ടി ഞാൻ ഫോസിൽ ആയാലും എന്റെ വാച്ചിനൊന്നും പറ്റരുത്.. ഒരുപാട് ആഗ്രഹിച്ചു രണ്ടു മാസത്തെ ശമ്പളം കൂട്ടിവെച്ചു വാങ്ങിയതാണ്. ഞാൻ കയ്യിൽ നിന്നും ഊരി പതിയെ ശ്രീയുടെ ബാഗിലേക്കിട്ടു അത്.

ഗേറ്റ് കടന്നതും കൂട്ടത്തിൽ മുന്നിൽ നിന്ന താടിക്കാരൻ മുന്നോട്ട് വന്നു ശ്രീയോട് ” അപ്പൊ.. പറ, എങ്ങനാ കാര്യങ്ങൾ ?? ഞങ്ങൾ ഇത്രയും പോരെ?? ”

അവൾ മതി എന്നും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന പെയിന്റിംഗ് എടുത്ത് അവനു കൊടുത്തു. അവൻ അത് ആ കൂട്ടത്തിലേക്ക് പാസ് ചെയ്തു. കൂട്ടത്തിൽ നിന്നും കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായി…

എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാൻ പതിയെ എന്റെ കയ്യിൽ ഒന്ന് പിച്ചിനോക്കി.. സ്വപ്നം ഒന്നുമല്ല. ആകെ ഒരു പുകമയം. എന്താ സംഭവം???

ശ്രീയും താടിക്കാരനും കൂടെ എന്തൊക്കെയോ ഗൂഡാലോചനയിൽ ആണ്.

കുറച്ചു കഴിഞ്ഞപ്പോൾ ആ കൂട്ടത്തിൽ നിന്നും എന്നെ തല്ലാൻ കൊണ്ട് വന്ന കുറുവടികളിൽ ഒക്കെ മുദ്രാവാക്യം എഴുതിയ ചാർട്ട് പേപ്പറുകൾ നിറഞ്ഞു അതൊക്കെ ബാനറുകൾ ആവാൻ തുടങ്ങി…

ഞാൻ അതൊക്കെ വായിക്കാൻ ശ്രമിച്ചു.

” Open the library till 6 ”

” ഞങ്ങൾക്ക് പഠിക്കണം.. നാലരക്ക് അടക്കാൻ ഇത് ബാങ്കല്ല ”

പിന്നെ പാർട്ടി സിന്ദാബാദും പാർട്ടി ആദർശങ്ങൾ വേറെയും.

വേറെയും എന്തൊക്കെയോ… ചില ബാനർ ഒന്നും വലിയ രസമില്ലാത്ത വാചകങ്ങൾ ആണ്.. എന്നാലും കൊള്ളാം.. മൊത്തത്തിൽ കളർഫുൾ ആയിട്ടുണ്ട്.

അപ്പൊ സംഗതി അതാണ്. ഇവർ ഇന്നും സമരം വിളിക്കാൻ പോവുകയാണ്. ഇന്നലെ പ്രൊഫസർ കോളേജിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് അല്ലാതെ സമരം വിളിക്കാൻ പാടില്ല എന്ന് പറഞ്ഞതിന് പകരം വീട്ടാൻ ഇറങ്ങിയത് ആണ് ശ്രീ.. ഇന്നലെ ഉച്ചക്ക് മുഴുവൻ ഇവൾ കുത്തി ഇരുന്നു ആലോചിച്ചത് ഇതാണ്.. എന്റെ കവിളിൽ പിടിച്ചുകൊണ്ട് സർപ്രൈസ് ഉണ്ടെന്നു പറഞ്ഞത് ഇതാണ്. ഇവൾ ഈ ബാനറും പോസ്റ്ററും ഒക്കെ എഴുതുന്നത് ഞാൻ കാണാതിരിക്കാൻ ആണ് എന്നെ ഇന്നലെ അഭിയുടെ കൂടെ ബീച്ച് കാണാൻ വിട്ടത്.. ഓക്കേ.. ഇപ്പൊ കാര്യങ്ങൾ വ്യക്തമാവുന്നുണ്ട്.

ഞാൻ അവളെ വിളിച്ചു മാറ്റിനിർത്തി, ” എടീ, നീയെന്താ ഈ കാണിക്കുന്നത്?? നീ ഈ കോളേജ് മൊത്തം പൊളിക്കുമോ?? ”

” അതേയ്… ഇന്നലെ അയാൾ എന്റടുത്തു ചൊറിഞ്ഞപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു എന്ത് ചെയ്യണം എന്ന്.. അങ്ങനെ കിട്ടിയതാ ഇത്. പിന്നെ ഇന്നലെ അയാൾ എന്നോട് പറഞ്ഞത് എനിക്ക് കുഴപ്പം ഒന്നുമില്ല.. പ്രവർത്തനത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ സ്വാഭാവികം ആണ്. പക്ഷെ ഇന്നലെ അയാൾ ആ ക്ലാസ്സിൽ വെച്ച് ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോ… ക്ലാസ്സിൽ കേറിയിട്ടില്ലെങ്കിലും ഇനി രണ്ടു വര്ഷം പേടിക്കേണ്ട ക്ലാസ്സല്ലേ അത്…നാണക്കേടാണ്. ”

” എടീ അതിനു ഇത്രേം പേരുടെ ക്ലാസ് മുടക്കീട്ട് വേണോ…?? നീയാരാ ഇങ്ങനെ ഒക്കെ പ്രതികാരം ചെയ്യാൻ, നക്‌സലൈറ്റോ മാവോയിസ്റ്റോ?? ”

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ” അതാണോ പ്രശ്നം?? ഇവിടെ ആരെങ്കിലും തുമ്മിയാൽ വരെ ഹർത്താൽ അല്ലെ… പിന്നാണോ ഇത്?? പിന്നെ..ഇതിൽ അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യം ഒന്നുമില്ല. നിങ്ങൾ കൂടെ വന്നിട്ട് ഞങ്ങൾ നടത്താൻ ഇരുന്ന സമരം ആയിരുന്നു ഇത്. ഫ്രഷേഴ്‌സ് കഴിഞ്ഞിട്ട് നടത്താമെന്നു വെച്ചതാ.. പക്ഷെ ഇത്തിരി നേരത്തെ ആക്കേണ്ടി വന്നു. എന്തായാലും സാരമില്ല. ഇതുകൊണ്ട് രണ്ടു ദിവസം നേരത്തെ ലൈബ്രറി കുറച്ചു നേരം കൂടെ തുറന്നു വെച്ചാൽ ആർക്കെങ്കിലും ഉപകാരം ആവും… തൽക്കാലം മോൻ വാ… അയാളുടെ പീരീഡ് തുടങ്ങിക്കാണും, ഞാൻ ഇന്നലെ നിങ്ങളുടെ ടൈം ടേബിൾ ഒപ്പിച്ചാർന്നു ”

എനിക്കെന്തോ ഇതൊക്കെ കണ്ടിട്ട് ശ്രീയോട് ഭയങ്കര വാത്സല്യമോ സ്നേഹമോ ഒക്കെ ആണ് തോന്നുന്നത്. എന്ത് പാവമാണ് ഇവൾ.. പക്ഷെ പ്രവൃത്തി കണ്ടാൽ ഫൂലൻ ദേവി മാറി നിൽക്കും. ഇനിയിപ്പോൾ ഇതിലെ ന്യായം നോക്കി അനലൈസ് ചെയ്തിട്ട് കാര്യം ഇല്ല..

മനഃസാക്ഷി, പ്ളീസ് സ്റ്റോപ്പ് ദി പ്രോസസ്സ് !!

അങ്ങനെ ഞങ്ങൾ സമരം മുദ്രാവാക്യം ഒക്കെ വിളിച്ചു ഞങ്ങളുടെ ഡിപ്പാർട്മെന്റിലേക്ക് നടന്നു. കേറാൻ നേരം ശ്രീ കാര്യങ്ങളുടെ മൊത്തത്തിൽ ഒരു ചിത്രം എനിക്ക് തന്നു. ക്ലാസ് ടൈം നാലു മണി വരെ ആണ്. കഴിഞ്ഞ സെമെസ്റ്ററിന്റെ അവസാനം പുതിയ ലൈബ്രേറിയൻ വന്നതോടെ ലൈബ്രറി സമയം അഞ്ചു മണിയിൽ നിന്നും നാലര ആക്കി കുറച്ചു. അവരുടെ എന്തോ പേർസണൽ കാര്യങ്ങൾക്ക് വേണ്ടി. അവർക്ക് സംഘടനയിൽ നല്ല പിടിപാട് ഉള്ളത് കൊണ്ട് ഇവർ കോളേജിൽ കൊടുത്ത നിവേദങ്ങൾക്കൊന്നും

ഫലമുണ്ടായില്ല. അതാണ് ഇപ്പോൾ സമരത്തിൽ എത്തി നിൽക്കുന്നത്.

കൂടാതെ സ്റ്റെപ് കേറാൻ നേരം അവൾ ഒരു പേപ്പർ എടുത്ത് എനിക്ക് നീട്ടി..

” ഇനി ഇവിടുന്നങ്ങോട്ട് ശെരിക്കും മുദ്രാവാക്യം വിളിച്ചോ.. അയാളുടെ മുന്നിൽ പോയി, അവിടെ നിന്നും ക്ലാസ് ഇറക്കണം… പിന്നെ വല്ലാണ്ട് ശബ്ദത്തിൽ വിളിച്ചു തൊണ്ട പൊട്ടിക്കണ്ട, ശീലം ഇല്ലാത്തതല്ലേ…”

Leave a Reply

Your email address will not be published. Required fields are marked *