അനുപല്ലവി – 3

Related Posts

അവരെ പടിയിലേക് ഇരുത്തുമ്പോളേക്കും ഒരു ബുള്ളറ്റ് ശ്രീലകത്തിന്റെ പടി കടന്നു പോർച്ചിലേക് വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു പല്ലവി ഞെട്ടി…

?????

“ദത്തൻ”

ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു…

അച്ഛൻ തനിക്കു വേണ്ടി കണ്ടെത്തിയ “സത് ഗുണ സമ്പന്നൻ”… പ്രഭാകരൻ അമ്മാവന്റെ മകൻ…

അമ്മയുടെ ഒരേയൊരു ആങ്ങള ആയ പ്രഭാകരൻ അമ്മാവന്റെ.. അല്ലെങ്കിൽ മേലെടുത്തു തറവാടിന്റെ ഒരെ ഒരു അനന്തരാവകാശി.. ഇട്ടു മൂടാനുള്ള സ്വത്തുണ്ട് നാട്ടിലെ പ്രതാപം ഉള്ള കുടുംബം പക്ഷെ തല തിരിഞ്ഞ മകൻ എല്ലാം നശിപ്പിക്കാതിരിക്കാൻ അമ്മാവൻ കണ്ട മാർഗം പെങ്ങളുടെ മകളെ കൊണ്ട് അവനെ കല്യാണം കഴിപ്പിക്കുക….സ്വത്തും പ്രതാപവും മാത്രം നോക്കുന്ന അച്ചന് ഇതിനു മുകളിൽ ഇനി ഒരു ബന്ധം വരില്ല എന്നുള്ള തോന്നലിൽ അളിയന് വാക്കും കൊടുത്തു…

ഒരിക്കൽ എങ്കിലും തന്റെ സമ്മതം ചോദിച്ചിരുന്നെങ്കിൽ… അല്ലെങ്കിൽ തന്നെ ശ്രീലകത്തും മേലേടത്തും പെണ്ണിന്റെ വാക്കിനെന്തു വില… ആരും അഭിപ്രായങ്ങൾ ചോദിക്കാറില്ല.. പറഞ്ഞാലും കണക്കിൽ എടുക്കാറും ഇല്ല..

നിലത്തുറക്കാത്ത കാലുകളും ആയി.. ദത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി…

വീടിന്റെ വരാന്തയിൽ നിന്നും പുറത്തേക്കിറങ്ങുന്ന പടിയിൽ ഒരു മൂലയിൽ ഇരിക്കുന്ന പല്ലവിയുടെയും അമ്മയുടെയും അരികിലേക്കു വന്നു

സ്വതവേ ചുവന്ന കണ്ണുകൾ… ശരീരതിൽ ആകമാനം ഇഴഞ്ഞു സ്ഥാനം തെറ്റി കിടക്കുന്ന ഷാളിന്റെ ഇടയിലൂടെ തുറിച്ചു കയറുന്നു എന്നു തോന്നിയ പല്ലവി.. ചുരിദാറിന്റെ ഷാൾ വലിച്ചു നേരെയിട്ടു….

“എവിടെ പോകാൻ ഉടുത്തൊരുങ്ങി ഇറങ്ങിയതാടീ രാവിലെ…” നാവ് കുഴയുന്ന ശബ്ദത്തിൽ ആണ്‌ ദത്തൻ ചോദിച്ചത്…
“എനിക്ക് തോന്നുന്നിടത്തു ഞാൻ പോകും ഇയാൾ ആരാ ചോദിക്കാൻ…”

“നിന്നെ കെട്ടാൻ പോകുന്ന എനിക്കറിയണ്ടേ നീ എവിടാ പോകുന്നെന്ന്….”

“ഒരാൾ മാത്രം വിചാരിച്ച മതിയോ… കെട്ടാൻ “

“അതെന്നാ ചിറ്റപ്പ ഇവൾ ഇങ്ങനെ പറയുന്നേ…” ദത്തൻ ആടി ആടി… പല്ലവിയുടെ അച്ഛന്റെ അടുത്തേക് പോയി..

“നീ രാവിലെ കുടിച്ചിട്ടുണ്ടല്ലേ…” അയാളുടെ സ്വരത്തിലെ നീരസം ദത്തനു മനസ്സിലായി..

“ചിറ്റപ്പ… ലേശം.. കൈ വിറ മാറാൻ മാത്രം… ” അവൻ ആംഗ്യം കാണിച്ചു പറഞ്ഞു

“പല്ലവിയെ കെട്ടിച്ചു തന്നാൽ… അല്ല പല്ലവിയെ ഞാൻ കെട്ടിയാൽ പിന്നെ ഞാൻ കുടിക്കില്ല സത്യം… ചിറ്റപ്പന് ആണേ സത്യം… “

പല്ലവി അമ്മയെ നോക്കി… കവിളിന്റെ ഉൾവശം പല്ല് കൊണ്ട് പൊട്ടിയിരുന്നു അതാണ് ചോര വന്നതു…

“മോളെ നീ എന്നാ ഇന്ന് പോകണ്ട.. അച്ഛനെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട..”

“അതാ ദത്തനും വന്നിട്ടുണ്ട്.. അവൻറെ മുൻപിൽ വെച്ചു വെറുതെ ഒരു പ്രശ്നം ആക്കണ്ട…”

“നീ അവനെ കല്യാണം കഴിച്ചാൽ പിന്നെ ഈ നഴ്സിംഗ് ജോലി വേണോ മോളെ….അമ്മാവന്റെ ബിസിനെസ്സ് മാത്രം നോക്കിയാൽ പോരെ.. ഇവൻ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുവല്ലേ “

“അപ്പോ എന്റെ സ്വപ്നങ്ങൾക്കു ഒരു വിലയും ഇല്ലേ അമ്മേ…” അവളുടെ സ്വരം ഇടറിയിരുന്നു

“ചില സ്വപ്‌നങ്ങൾ അങ്ങനെയാണ് പല്ലവി കണ്ണടച്ച് തന്നെ ഇരിക്കാൻ കഴിഞ്ഞാൽ അവ നഷ്ടപ്പെടില്ല.. കല്യാണം കഴിഞ്ഞാൽ ഒരു പക്ഷെ ദത്തൻ നല്ലത് ആവുമെങ്കിൽ നിനക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ബന്ധം ആവില്ലേ ഇത്… “
“കണ്ണടച്ച് ഇരുന്നാൽ നഷ്ടമാകുന്ന സ്വപ്‌നങ്ങൾ ആണമ്മേ എന്റേത് “അവൾ വിദൂരതയിലേക് നോക്കി പറഞ്ഞു

“നല്ലതാവുമെങ്കിൽ ! അമ്മക് തന്നെ ഉറപ്പില്ലാത്ത കാര്യം അങ്ങനെ ഒരു പരീക്ഷണത്തിന് ഞാൻ നിന്നു കൊടുക്കണം എന്നാണോ അമ്മ പറയുന്നത്…”

“മോളെ ഇതാവുമ്പോ ഞങ്ങൾക്ക് കണ്ണെത്തുന്ന ദൂരത്തു തന്നെ നീയുണ്ടാവുമല്ലോ….”

“നിങ്ങളുടെ എല്ലാം കണ്ണെത്തുന്ന ദൂരത്തിൽ തന്നെ വളർന്ന ആളാ ആ പോകുന്നത് അമ്മ കണ്ടോ… “അച്ഛനടുത്തേക് നടന്നു നീങ്ങുന്ന ദത്തനെ ചൂണ്ടി പല്ലവി പറഞ്ഞു..

“അമ്മ എന്നും അച്ഛനെ സപ്പോർട് ചെയ്തിട്ടേ സംസാരിക്കാറുള്ളു.. ഇപ്പോ അച്ഛൻ അടിച്ചിട്ട് പോലും…എങ്ങിനാണമ്മേ ” അവളുടെ ചോദ്യത്തിൽ നിരാശയും സങ്കടവും എല്ലാം ഉണ്ടായിരുന്നു.

“കഴുത്തിൽ വീഴുന്ന താലി ചരട് അത് വെറുമൊരു മഞ്ഞ ചരടും അതിൽ കോർത്ത ആലില താലിയും അല്ല മോളെ.. പലപ്പോളും അത് സഹനത്തിന്റേതും വിശ്വാസത്തിന്റെയും ഒരു ബന്ധനം കൂടി ആണ്‌ അത് മനസ്സിലാവണമെങ്കിൽ ആ ചരട് കഴുത്തിൽ വീഴണം മോളെ “

“അമ്മേ താലിയെന്ന ചരടിൽ കോർത്തു ബന്ധിക്കുന്ന.. തടവറയിലാക്കുന്ന.. ജീവിതത്തെകാൾ എനിക്കിഷ്ടം സ്നേഹത്തിന്റെ തടവറയാണ് അതിനു വേണ്ടി കാത്തിരിക്കാനാണ് എനിക്കിഷ്ടം… “അവളുടെ ശബ്ദം ഇടറിയിരുന്നു

തൊണ്ടയുടെ ഇടർച്ചയെ മറച്ചു ഉറച്ച തീരുമാനത്തോടെ ആണ്‌ അവൾ തുടർന്നത്..

“എനിക്ക് പോകണം അമ്മേ.. എനിക്ക് ഇഷ്ട പെട്ട തൊഴിൽ ചെയ്തു സ്വന്തം കാലിൽ നിൽക്കാനാണ് ഇഷ്ടം അതിനു വേണ്ടി ഞാൻ പോകും അമ്മേ… ഇന്ന് ഞാൻ തോറ്റു കൊടുത്താൽ… ജീവിതത്തിൽ എന്നും തോറ്റു കൊടുക്കേണ്ടി വരും അങ്ങനെ തോൽക്കാൻ പല്ലവിക്ക് മനസ്സില്ല… ശ്രീലകത്തിന്റെ എന്നല്ല ഒന്നിന്റെയും നാലു ചുവരുകൾക്കുള്ളിൽ സഹനവും കണ്ണീരും ആയി കഴിയാനും ഞാനില്ല… “

“എന്റെ മോളെ… ഞാൻ എന്താ ചെയ്യാ…”അവരുടെ നിറഞ്ഞു വന്ന കണ്ണുകൾ പല്ലവി കാണാതെ ഉടുത്തിരുന്ന സാരിയുടെ മുന്താണിയിൽ തുടച്ചു…

“അമ്മ പേടിക്കേണ്ട… ഉള്ളിൽ കയറി പൊയ്ക്കോ… “
“എനിക്ക് മുന്നിൽ ഉള്ള ഉദാഹരണം അമ്മ തന്നെയാണമ്മേ.. അമ്മയെ കല്യാണം കഴിച്ചിട്ട് അച്ചന് എന്ത് മാറ്റമാ ഉണ്ടായേ…നിങ്ങൾ സന്തോഷം ആയി കഴിയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. അങ്ങനെ ഒരിക്കലെങ്കിലും കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ… “

അവൾ മുഴുവിപ്പിക്കാതെ നിർത്തി…

അവരുടെ അടുത്തേക് നടന്നു വന്ന വിശ്വനാഥൻ അവളുടെ അച്ഛൻ അത് കേട്ടെന്നു പല്ലവിക് തോന്നി.. അയാൾ പല്ലുകൾ കടിച്ചമർത്തുന്നത് കണ്ടെങ്കിലും അവളുടെ മുഖത്തു ഭാവ ഭേദം ഒന്നുമുണ്ടായില്ല..

അയാൾ ദത്തനോട് എന്തോ പറയാനായി തിരിച്ചു നടന്നു.

അവൾ അമ്മയെ പിടിച്ചു എണീപ്പിച്ചു..

അമ്മ ഉള്ളിലേക്കു നടന്നപ്പോൾ ഹാൻഡ് ബാഗും എടുത്തു… അവൾ അച്ഛനും ദത്തനും നിക്കുന്നിടത്തേക് നടന്നു

അവളുടെ മുന്നിൽ തെളിഞ്ഞ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു..

“ദത്തെട്ടാ “…വിളി കേട്ടു.. ദത്തനും പല്ലവിയുടെ അച്ഛനും ഒരുമിച്ചു വിളി കെട്ടിടത്തേക്കു അത്ഭുതത്തോടെ നോക്കി..

“പല്ലവി അവരുടെ അടുത്തേക് നടന്നു ചെന്നു… ദത്തേട്ടൻ എന്നെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യുവോ…? “

ദത്തനോടായി ചോദിച്ചു…

ദത്തന് അത്ഭുതം ആയിരുന്നു… കണ്ടാൽ കാർക്കിച്ചു തുപ്പിയിട്ടു പോകുന്ന പല്ലവി തന്നെ ദത്തെട്ടാ എന്നു വിളിച്ചിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *