അനുപല്ലവി – 6

Related Posts

ആമുഖം..

[ അനുപല്ലവി എന്ന കഥയിലേക് കടക്കുന്നതിനു മുൻപുള്ള ആദ്യത്തെ പേജ്.. എനിക്ക് നിങ്ങളോടുള്ള നന്ദി ആണ്‌.. കഷ്ടപെട്ടിട്ടാണേലും കുറച്ചു പേജുകൾ കൂട്ടി ഇട്ടിട്ടുണ്ട്…

“വായിൽ തോന്നിയത് കോതയ്ക്ക് പാട്ടു ” എന്ന രീതിയിൽ ഞാൻ എഴുതി തുടങ്ങിയ ഒരു കഥയാണ് അനു പല്ലവി… തുടങ്ങിയപ്പോൾ തന്നെ പറഞ്ഞിരുന്നു ഇതൊരു സാധാരണ കഥയാണ് സസ്പെൻസുകളോ ട്വിസ്റ്റോ ഒന്നുമില്ലാതെ അനുവിന്റെയും പല്ലവിയുടെയും ജീവിതത്തിലൂടെ ഒരു യാത്ര… അഭിനന്ദനവുമായി വന്ന ഒരു പാട് പേരുണ്ട്.. ശാപ വാക്കുകൾ ചൊരിഞ്ഞവർ ഉണ്ട്‌.. ഈ കഥ ഇത്രേ ഉള്ളൂ.. ഇതൊരിക്കലും പൂർത്തിയാകില്ല എന്നു വരെ പറഞ്ഞവർ ഉണ്ട്‌.. കഥയുടെ ക്ലൈമാക്സ്‌ വരെ പ്രെഡിക്ട് ചെയ്തവർ ഉണ്ട്… എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം….
അതിപ്പോ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ക്ലൈമാക്സ്‌ മരണം ആണെന്ന് അറിഞ്ഞിട്ടും നമ്മൾ ജീവിക്കുന്നില്ലെ.. നാളെ ഉണ്ടാകുമോ എന്നു പോലും അറിയാതെ സ്വപ്നം കാണുന്നില്ലേ…. ജീവിതം തന്നെ കഥ പോലെ ആണ്‌… എനിക്ക് ഈ കഥ ജീവിതം പോലെയും… കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല.. കഥയിലേക് കടക്കാം ]

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
പല്ലവി അനുവിന്റെ കൂടെ വന്നിറങ്ങുന്നതും അവനോടു സംസാരിക്കുന്നതും അവൻ വണ്ടി തിരിച്ചു അവിടുന്ന് പോകുന്നതും രണ്ടു കണ്ണുകൾ പകയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു……

………തുടർന്നു വായിക്കുക….

ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടക്കുമ്പോളെ പല്ലവി കണ്ടിരുന്നു… തന്നെ നോക്കി നിൽക്കുന്ന ദത്തനെ… മനസ്സൊന്നു പതറിയെങ്കിലും ഭയം ഒന്നും പുറത്തു കാണിക്കാതെ തന്നെ അവൾ മുന്നോട്ടു നടന്നു…. വീടിനു പുറത്തു അമ്മയോ അച്ഛനോ ആരെങ്കിലും ഉണ്ടോ എന്നവൾ ചുറ്റും നോക്കി… ആരെയും കണ്ടില്ല.. എങ്കിലും അവൾ സധൈര്യം ചുവടുകൾ മുന്നോട്ടു വെച്ചു… സാധാരണ ചാരുകസേരയിൽ ഇരിക്കാറുള്ള മുത്തശ്ശനെയും അവിടെ കണ്ടില്ല…

വരാന്തയും കടന്നു സിറ്റ് ഔട്ടിൽ നിന്നു ഉള്ളിലേക്കു പ്രവേശിക്കുന്ന വാതിലിന്റെ കട്ടിള പടിയിൽ ചാരിയാണ് ദത്തൻ നിന്നിരുന്നത്…

അവനെ വക വെക്കാതെ അവൾ ഉള്ളിലേക്കു കാലെടുത്തു വെച്ചു.. പക്ഷെ അവളെ തടയാൻ എന്നോണം ദത്തൻ രണ്ടു കയ്കളും കട്ടിള പടിയിൽ വിലങ്ങനെ വെച്ചു അവൾക്കു പ്രതിബന്ധമായി നിന്നു..
അതു കണ്ടു പല്ലവി ഒരു ചുവടു പിന്നോട്ട് മാറി…

നിനക്ക് എന്താ ഇവിടെ കാര്യം.. മാറി നിക്ക് എനിക്ക് പോണം….പല്ലവി ദേഷ്യത്തോടെ പറഞ്ഞു..
എനിക്കെന്താ ഇവിടെ കാര്യം എന്നോ…. ഹ ഹ… നിന്റെ അച്ഛൻ ചോദിക്കില്ല എന്നോട് പിന്നല്ലേ നീ… പല്ലവിയുടെ ചെവിയുടെ അരികിൽ ദത്തന്റെ മുരളൽ കേട്ടു..

രാവിലെ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടവന്റെ കൂടെ നിരങ്ങാൻ ആണല്ലെടീ…
ആരാടീ അവൻ… നിന്നെ എഴുന്നെള്ളിച്ചു ഇവിടെ കൊണ്ട് വിടാൻ മാത്രം ബന്ധമുള്ള ഒരുത്തൻ… അതും ഞാൻ അറിയാതെ..
അവൻറെ വാക്കുകളിൽ ക്രൗര്യം നിറയുന്നത് പല്ലവിക് മനസ്സിലായി..

“ആരായാൽ നിനക്കെന്താ…. നിന്റെ താലി എന്റെ കഴുത്തിൽ വീണിറ്റൊന്നുമില്ലല്ലോ അധികാരം കാണിക്കാൻ..”

“ദത്തൻ എന്ന എന്നെ അല്ലാതെ വേറെ ആരെയെങ്കിലും മനസ്സിൽ കേറ്റി കൊണ്ടാണ് നടപ്പെങ്കിൽ..അന്ന് പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലേ… കൊന്നു കളയും… നിന്നെ അല്ല അവനെ… ”
പല്ലവിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചെങ്കിലും ഇല്ലാത്ത ധൈര്യം ഉള്ളിൽ വരുത്തി.. ദത്തന്റെ മുഖത്തേക് നോക്കി..

“നിങ്ങൾക്കു എന്നെ കൊന്നു തരാൻ പറ്റുവോ…. നിങ്ങളുടെ ഭാര്യ ആയി ജീവിക്കുന്നതിലും ഭേദം അതാണ്.”

“നിന്നെ ഞാൻ അങ്ങനെ കൊല്ലുവോ… നിന്നെ എനിക്ക് അനുഭവിക്കണ്ടേ… നിന്റെ ഓരോ ഇഞ്ചും എനിക്ക് അനുഭവിക്കണം…അതിനല്ലേ മോളെ നിന്നെ ഞാനിങ്ങനെ കാത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നെ… കൂടുതൽ ഇളകിയാൽ ഒരു പീറ താലി ചരടിന്റെ ബന്ധനം ഒന്നും വേണ്ട നിന്നെ എന്റെ സ്വന്തം ആക്കാൻ…കേട്ടോടി… പുന്നാര മോളെ… “

ദത്തൻ പല്ലുകൾ കൂട്ടിയിറുമ്മുന്ന ശബ്ദം പല്ലവി കേട്ടു..

പെട്ടെന്നാണ് ദത്തന്റെ കൈകൾ പല്ലവിയുടെ കവിളുകൾക് നേരേ നീണ്ടു വരുന്നത് അവൾ കണ്ടത്.

പല്ലവി രണ്ടു ചുവടു പിന്നോട്ട് വെച്ചു.. ദത്തൻ അവളുടെ അരികിലേക്കു കൂടുതൽ അടുത്തു..

ദത്തന്റെ കൈകൾ പല്ലവിയുടെ കൈകളിൽ പിടിത്തം ഇട്ടതും.. അവനിലേക് വലിച്ചു അടുപ്പിച്ചതും പെട്ടെന്നായിരുന്നു …അവളുടെ പിന്നിലൂടെ കയ്യിട്ടു ഞൊടിയിടയിൽ അവളെ ഭിത്തിയോട് ചേർത്തു നിർത്തി.. പല്ലവിയുടെ കൈകൾക് പ്രതിരോധിക്കാൻ കഴിയുന്നതിലും മുകളിൽ ആയിരുന്നു അവൻറെ ശക്തി… അവൻറെ കയ്യുടെ കരുത്തിൽ പല്ലവിയുടെ കൈ വേദനിച്ചു.. അലറി കരയാൻ ഒരുങ്ങിയ.. പല്ലവിയുടെ വായ് ദത്തൻ ഒരു കൈ കൊണ്ട് പൊത്തി…മുത്തശീ എന്നുള്ള വിളി അവളുടെ തൊണ്ടയിൽ കുരുങ്ങി…അവൻറെ കൈ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവളുടെ സാരിയുടെ ഇടയിലൂടെ ഇടുപ്പിൽ അമർന്നു… അവൻ അവളുടെ മുഖത്തേക്.. അവളുടെ ചുണ്ടിലേക്… അവൻറെ മുഖം അടുപ്പിച്ചു….പല്ലവിക് തന്റെ ശരീരം തളരുന്ന പോലെ തോന്നി…അവൾ കണ്ണുകൾ ചേർത്തടച്ചു…മിഴികളിൽ നിന്നും അശ്രുകണങ്ങൾ ധാര ധാരയായി ഒഴുകി… കവിളുകളെ നനച്ചു….
ദത്താ വിടെടാ അവളെ… മുത്തശ്ശി ഓടി എത്തി… പിന്നിൽ നിന്നും ദത്തന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു….

ദത്തന്റെ കൈ അയഞ്ഞ ഒരു നിമിഷം.. പല്ലവി അയാളെ തന്റെ ഉള്ള ശക്തി മുഴുവൻ സംഭരിച്ചു പിന്നോട്ട് തള്ളി.. പെട്ടെന്നുള്ള പല്ലവിയുടെ പ്രതിരോധത്തിൽ ദത്തന്റെ കാലുകൾ ഒന്നിടറി പിന്നിലോട്ടു വേച്ചു പോയി…

ആ തക്കത്തിന് പല്ലവി ഓടി മുറിയിലേക്കു കയറി

പുറത്തെ ശബ്ദം കേട്ടു അപ്പോളേക്കും ലക്ഷ്മി അമ്മയും പുറത്തു വന്നിരുന്നു…

“വെറുതെ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ ഒന്ന് പോ ദത്താ…”

അതിനു ഞാൻ എന്ത് ചെയ്‌തെന്ന അപ്പച്ചി… അവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണല്ലേ.. അവൾ ആരുടെ കൂടെയ വരുന്നതെന്നും പോകുന്നതെന്നും ഞാൻ അറിയണ്ടേ… അതോ പണ്ടിവിടുന്നു ഇറങ്ങിപ്പോയ ഈ തള്ളേടെ മോളെ പോലെ അവളും പോകുന്നത് നോക്കി ഞാൻ നിക്കണോ… മുത്തശ്ശിയുടെ മുഖത്തു നോക്കിയാണ് ദത്തൻ അതു ചോദിച്ചത്…

തള്ളയെന്ന് വിളിച്ചത് മുത്തശ്ശിക് നല്ല ദേഷ്യം വന്നിരുന്നു..

“എന്റെ മോളു ഇറങ്ങി പോയെങ്കിലേ അവൾ ആണൊരുത്തന്റെ കൂടെയ ഇറങ്ങി പോയെ… എന്റെ പല്ലവിയെ കെട്ടാൻ അതു പോലെ ആണൊരുത്തൻ വന്നാൽ ഞാൻ കൈ പിടിച്ചു കൊടുക്കും… നിന്നെ പോലെ പെണ്ണിനെ ഉപദ്രവിക്കാൻ കൈ പൊക്കുന്ന ആണും പെണ്ണും കെട്ടവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത്….”

അമ്മേ…
മുഴുവിപ്പിക്കുന്നതിനു മുന്നേ എവിടെ നിന്നോ പൊട്ടി മുളച്ച പോലെ വിശ്വനാഥൻ എത്തി…

Leave a Reply

Your email address will not be published. Required fields are marked *