അശ്വതിയുടെ കഥ – 13 Like

********************************************************

അതിനടുത്ത നാല് ദിവസങ്ങളില്‍ രഘു വന്നില്ല. രാധികയും സന്ദീപും ഹോസ്റ്റലിലേക്ക് പോയി. അശ്വതിയുടെ ദിവസങ്ങള്‍ ശോകമൂകമായി. അവള്‍ ഏതോ ഒരു ലോകത്തായിരുന്നു. ഇപ്പോഴും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഉത്സാഹമെല്ലാം നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കുന്ന കാര്യം പലപ്പോഴും അവള്‍ മറന്നു പോയി.
നോര്‍മ്മലായി പെരുമാറിയ ഒരേയൊരു സ്ഥലം ക്ലിനിക്ക് മാത്രമായിരുന്നു. അവിടെ അവള്‍ ജോലിയില്‍ ശ്രദ്ധിച്ചു. എന്നും അവള്‍ റോസിലിയുടെ വീട്ടില്‍ പോയി. ദൂരെ എവിടെയോ പോയതാണ്, പേടിക്കേണ്ട, താന്‍ ഉടന്‍ വരും എന്ന്‍ മാത്രം തന്നെ അറിയിച്ചു എന്ന്‍ റോസിലി അശ്വതിയോട്‌ പറഞ്ഞു.
നാലാം ദിവസം റോസിലി പറഞ്ഞു അടിമാലി എന്ന സ്ഥലത്ത് രഘു ഉണ്ട്. അവിടെ ഒരത്യാവശ്യ ജോലിയുമായി ബന്ധപ്പെട്ട് തങ്ങുകയാണ്. അത് കേള്‍ക്കേണ്ട താമസം അശ്വതി റോസിലിയുടെ വീട്ടില്‍ നിന്നിറങ്ങി.
പെരുമ്പാവൂരിലേക്ക് ബസ് കയറി. അവിടെ നിന്ന്‍ കോതമംഗലം. കോതമംഗലത്ത് നിന്ന്‍ അടിമാലി. അടിമാലിയില്‍ എത്തുമ്പോള്‍ രണ്ടു മണിയായിരുന്നു. അവളുടെ കണ്ണുകള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും കല്ലാര്‍കുട്ടി റോഡിലും സര്‍ക്കാര്‍ ആശുപത്രി പരിസരത്തും സൂക്ഷ്മ ജാഗ്രതയോടെ സഞ്ചരിച്ചു.
പലരോടും അവള്‍ അവന്‍റെ ഫോട്ടോ കാണിച്ചു തിരക്കി. അതി സുന്ദരിയായ ഒരു യുവതി ഒരു ചെറുപ്പക്കാരന്‍റെ ഫോട്ടോ കാണിച്ചു അവനെ അന്വേഷിക്കുന്നതില്‍ ആളുകള്‍ അപാകത കണ്ടെത്തി.
അശ്വതി തകര്‍ന്നുപോയി.
അപ്പോഴാണ്‌ താന്‍ അന്നത്തെ ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന്‍ ഓര്‍ത്തത്. ഇനി രഘുവിനെ അന്വേഷിക്കണമെങ്കില്‍ താന്‍ എന്തെങ്കിലും കഴിക്കണം. അല്ലെങ്കില്‍ വഴിയില്‍ വീണു താന്‍ മരിക്കും. ഇല്ല രഘു, ഞാന്‍ മരിക്കാന്‍ പാടില്ല.
നീയല്ലേ എന്‍റെ പ്രാണന്‍?
അവള്‍ അടുത്തുകണ്ട ഒരു റെസ്റ്റോറന്‍റ്റിലേക്ക് കയറി. എന്തോ ഓര്‍ഡര്‍ ചെയ്തു. എന്തോ കഴിച്ചു. രുചി തോന്നിയില്ല. ബില്‍ കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ അവളുടെ കണ്ണുകള്‍ അതീവ സന്തോഷംകൊണ്ട് വിടര്‍ന്നു.
“രഘൂ…രഘൂ…എന്‍റെ രഘൂ…”
റെസ്റ്റോറന്‍റ്റിന് വെളിയില്‍ ഒരു വിദേശ നിര്‍മ്മിത ആഡംബര കാറിനടുത്ത് രഘു നില്‍ക്കുന്നു.
അവനോടു ചേര്‍ന്ന് അതി സുന്ദരിയായ ഒരു യുവതി.
അവന്‍ അശ്വതിയെക്കണ്ട് സംഭ്രമിച്ചു. പെട്ടെന്ന് അവന്‍ ഡോര്‍ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ആ യുവതിയും കയറി. കാര്‍ അതിവേഗതയില്‍ മുമ്പോട്ട്‌ പാഞ്ഞു.

******************************************************
നാലഞ്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. അശ്വതി ജീവച്ചവം പോലെയായി.
മൂന്നു ദിവസങ്ങളായി അവള്‍ ക്ലിനിക്കില്‍ പോയിട്ട്.
അതിനിടയില്‍ അവള്‍ പല സ്ഥലത്തും പോയി. പലയിടത്തും അവള്‍ രഘുവിനെ കണ്ടു. അതേ സ്ത്രീയോടൊപ്പം.
കരഞ്ഞുകരഞ്ഞ് തലയണ കുതിര്‍ന്ന ഒരു ദിവസം അവള്‍ക്ക് റോസിലിയുടെ കാള്‍ വന്നു.
“മോളെ…എനിക്കും ഭ്രാന്തു പിടിക്കാറായി. അവനെ നമുക്ക് തിരിച്ചുകൊണ്ടുവരണം. ഇപ്പോള്‍ അവന്‍ ഹോട്ടെല്‍ വിവേകിലുണ്ട്. കൂടെ ആ എന്തിരവളുമുണ്ട്.”

അശ്വതിയുടെ മനസ്സ് അതിരില്ലാതെ അസ്വസ്ഥമായി. അസ്വസ്ഥത പെരുകി ഭ്രാന്തു വരുന്ന അവസ്ഥയിലെത്തി.
താന്‍ പലതും ത്യജിയ്ക്കാന്‍ ഒരുങ്ങിയത് അവനു വേണ്ടിയാണ്. അവന്‍ ഒരു ഭ്രാന്തായി മനസ്സില്‍ ഇരുപ്പുറച്ചത് കൊണ്ടാണ്. ഭര്‍ത്താവിനെ, കുഞ്ഞുങ്ങളെ, നാളിതുവരെ താന്‍ കാത്തുപാലിച്ച മൂല്യങ്ങളൊക്കെ താന്‍ അവഗണിച്ചത് നിനക്ക് വേണ്ടിയായിരുന്നു, രഘൂ. എന്നിട്ട് നീ എന്നെ വിട്ട് വേറെ പെണ്ണിനെത്തേടിപ്പോയി. എങ്ങനെ കഴിഞ്ഞു നിനക്കതിന്?
അവള്‍ എന്തോ തീരുമാനിച്ചുറച്ച് പറമ്പിലേക്കിറങ്ങി. ഇല്ലികള്‍ വളര്‍ന്നുനിന്നിരുന്ന പറമ്പിന്‍റെ ഒരു കോണില്‍ വളര്‍ന്നുനിന്നിരുന്ന വിഷക്കൂണുകള്‍ അവള്‍ പറിച്ചെടുത്തു. ഉണങ്ങി വരണ്ടിരുന്ന അവയെ അവള്‍ ചേമ്പിലയില്‍ പൊതിഞ്ഞുകെട്ടി വീട്ടിലേക്ക് കൊണ്ടു വന്നു. ദൃഡനിശ്ചയത്തോടെ അവള്‍ അത് പൊടിച്ചു ഒരു കടലാസില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറില്‍ വെച്ചു.
പിന്നെ അവള്‍ റോഡിലേക്കിറങ്ങി. ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. ഇത് പോലെ ഒരു ഓട്ടോറിക്ഷയാണ് തന്നെ ഈ രീതിയിലാക്കിയത്. ഇതില്‍ കയറിത്തന്നേ അത് അവസാനിപ്പിക്കാം. അവള്‍ മനസ്സില്‍ പറഞ്ഞു.
പതിനഞ്ചുമിനിറ്റിനുള്ളില്‍ അവള്‍ ഹോട്ടെല്‍ വിവേകില്‍ എത്തിച്ചേര്‍ന്നു.
“റൂം നമ്പര്‍ പതിനാലില്‍ പോകണം. ഫസ്റ്റ്‌ ഫ്ലോര്‍,”
അവള്‍ റിസപ്ഷനിസ്റ്റിനോട് പറഞ്ഞു.
കൌണ്ടറിനു പിമ്പില്‍ ഒരു റെജിസ്റ്റര്‍ പരിശോധിക്കുകയായിരുന്ന അയാള്‍ മുഖമുയര്‍ത്താതെ വിരലുയര്‍ത്തി ഫസ്റ്റ്‌ ഫ്ലോര്‍ ചൂണ്ടിക്കാണിച്ചു.
“സാര്‍,”
അവള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അയാള്‍ ഗൌരവത്തില്‍ മുഖമുയര്‍ത്തി നോക്കി. തന്നെ വിളിച്ചത് അതീവ സുന്ദരിയായ ഒരു സ്ത്രീയാണ് എന്നറിഞ്ഞ് അയാളുടെ മുഖത്തെ ഗൌരവം മാഞ്ഞു. പകരം സേവന തത്പരതയും സൌഹൃദവും നിറഞ്ഞു.
“സാര്‍ ഈ ചെറുപ്പക്കാരനെ കണ്ടിരുന്നോ?”
അവള്‍ രഘുവിന്‍റെ ഫോട്ടോ കാണിച്ചു.
“ങ്ങ്ഹാ, ഇത് രഘുവല്ലേ?”
അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു.
“ഇവന്‍ പോയല്ലോ. ഇവന്‍റെ കൂടെ ഒരു മാഡം ഉണ്ടാരുന്നു. ഹാ…ആ മാഡം ഇപ്പോള്‍ മുറിയിലുണ്ട്. അവന്‍ പുറത്തേക്ക് പോകുന്നത് ഞാന്‍ കണ്ടാരുന്നു,”
അശ്വതി ദ്രുതവേഗത്തില്‍ സ്റ്റെയര്‍കേസ്‌ കയറി മുകളിലെത്തി.
കതക് അടച്ചിട്ടില്ല. അവള്‍ ഉള്ളിലേക്ക് നോക്കി. മുറിയില്‍ ആരെയും കണ്ടില്ല. മേശപ്പുറത്ത് ഒരു ജ്യൂസ് ജാര്‍ വെച്ചിട്ടുണ്ട്. അവള്‍ അത് തുറന്നുനോക്കി. ഞാന്‍ പ്ലാന്‍ ചെയ്തപോലെ തന്നെ സംഭവിക്കുന്നു. എന്‍റെ ഈശ്വരാ…
രഘു എന്‍റെയാണ്. എന്‍റെ മാത്രം. അവനെ എന്തിന്‍റെ പേരിലായായാലും ഒരു പെണ്ണിനും ഒരു സുന്ദരിക്കും ഒരു തമ്പുരാട്ടിക്കും ഞാന്‍ വിട്ടുകൊടുക്കില്ല. ഇപ്പോള്‍ ഈ മുറിയില്‍ നീ മാത്രം. നീ കുറെ കഴിയുമ്പോള്‍ ഈ പഴച്ചാറ് കുടിക്കും. കുടിക്കണം. എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല. ക്ഷമിക്കൂ എന്ന്‍ ഞാന്‍ നിന്നോട് പറയുന്നില്ല. ഞാന്‍ എന്‍റെ ജീവിതം വീണ്ടെടുക്കാന്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയാണിത്‌.
അവള്‍ പ്ലാസ്റ്റിക് കവര്‍ അഴിച്ചു കടലാസ് പാക്കറ്റ് തുറന്നു വിഷക്കൂണ്‍ പൊടി പഴച്ചാര്‍ നിറഞ്ഞിരുന്ന ജാറിലേക്കിട്ടു.
പിന്നെ ദൃഡനിശ്ചയത്തോടെ ഹോട്ടലിന്‍റെ വെളിയിലേക്ക് നടന്നു.

*************************************************

അശ്വതി ക്ലിനിക്കില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. എന്താണ് കാര്യമെന്നറിയാതെ നില്‍ക്കുമ്പോള്‍ അവളുടെ മൊബൈല്‍ ശബ്ദിച്ചു.
“ക്ലിനിക്കിലെത്തിയോ?’
ഡോക്ടര്‍ നന്ദകുമാറിന്‍റെ ശബ്ദം അവള്‍ കേട്ടു.
“ങ്ങ്ഹാ, എത്തി . ഞാന്‍ ക്ലിനിക്കിന്‍റെ ഫ്രെണ്ടില്‍ നിക്കുവാ. പക്ഷെ ഇന്നെന്തു പറ്റി, സാര്‍?”
“എനിക്ക് നല്ല സുഖമില്ല അശ്വതി. അത് കൊണ്ട് ഇന്ന്‍ ഇല്ല. ഞാന്‍ എങ്ങും പോയില്ല. നീയൊന്ന്‍ ഇങ്ങോട്ട് വരാമോ?”
“അയ്യോ, സുഖമില്ലേ, ഞാന്‍ ദാ എത്തി.”
അവള്‍ കതക് തുറന്ന് അകത്തുകയറി. കിടക്കയില്‍ ഡോക്റ്ററെ പ്രതീക്ഷിച്ച അവള്‍ അദ്ഭുതസ്തബ്ധയായി.
അവിടെ അവള്‍ ഇരിക്കുന്നു.
താന്‍ രഘുവിനോടൊപ്പം കണ്ടവള്‍!
സ്വിമ്മിംഗ് പൂളിലും ഷോപ്പിംഗ്‌ മാളിലും ഒക്കെ രഘുവിനോടൊപ്പം താന്‍ കണ്ട സുന്ദരിപ്പെണ്ണ്‍!
തന്‍റെ രഘുവിനെ തന്നില്‍ നിന്നും തട്ടിപ്പറിച്ചവള്‍.
അവള്‍ ഇതാ ജീവനോടെ…
“അശ്വതി, വരൂ,”
അവള്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് അവളെ ക്ഷണിച്ചു.
“നിങ്ങള്‍?”
അശ്വതി സ്വരം കടുപ്പിച്ചു.
“ഞാന്‍…”
അവര്‍ വീണ്ടും ചിരിച്ചു.
“ഞാന്‍ ഡോക്ടര്‍ അഞ്ജന. അഞ്ജന നന്ദകുമാര്‍. ഡോക്റ്റര്‍ നന്ദകുമാറിന്‍റെ ഭാര്യ.”
ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ആ വാര്‍ത്തക്ക് മുമ്പില്‍ അശ്വതി പകച്ചു നിന്നു.
“ഡോക്റ്ററെക്കൊണ്ട് അശ്വതിയെ വിളിപ്പിച്ചത് ഞാന്‍ ആണ്,”
ഏതോ ഗഗനകൂടാരത്തില്‍ നിന്ന്‍ വരുന്നപോലുള്ള വാക്കുകള്‍ വീണ്ടും അവളുടെ കാതുകളെ തേടിയെത്തി.
“അശ്വതി ആദ്യം ഇരിക്കൂ,”
അവര്‍ വീണ്ടും പറഞ്ഞു.
അല്ലെങ്കിലും അശ്വതി ഇരിക്കുമായിരുന്നു. കാലുകള്‍ തളരുന്ന പോലെ അവള്‍ക്ക് തോന്നിയിരുന്നു.
ഡോക്ടര്‍ അഞ്ജനയ്ക്കെതിരെ, ഒരു സോഫയില്‍ അവള്‍ ഇരുന്നു.
“ഡോക്ടര്‍ പറഞ്ഞ് അശ്വതിയ്ക്ക് രഘുവിനോടുള്ള സ്പെഷ്യല്‍ റിലേഷന്‍ എനിക്കറിയാം. എനിക്കതിനോട് എതിര്‍പ്പൊന്നുമില്ല…”
ഡോക്റ്റര്‍ അഞ്ജനയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
“റിലേഷന്‍സ് ഒക്കെ പെഴ്സണല്‍ ആണ് എന്നൊക്കെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. അതൊക്കെ ഞാന്‍ പഠിച്ചത്, അറിഞ്ഞത് ഒരാളില്‍ നിന്ന്‍ ആണ്. രഘുവില്‍ നിന്ന്‍, അശ്വതിയുടെ രഘുവില്‍ നിന്ന്‍,”
അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. അവരുടെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അവള്‍ക്ക് മനസ്സിലായില്ലെങ്കിലും.
“ഡോക്റ്ററില്‍ നിന്നുള്ള ഡിവോഴ്സിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായിപ്പോയി. ജീവിതം ആകെ താറുമാറായി. മദ്യവും ഡ്രഗ്സ്മൊക്കെയായി ലൈഫ് ഒരു മീനിങ്ങും ഇല്ലാതെ…”
അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു, ശ്രദ്ധയോടെ.
“ഒത്തിരി റിഹാബിലേഷന്‍ സെന്‍റ്ററുകളില്‍ ഒക്കെപ്പോയി. ബട്ട് ഓള്‍ വേര്‍ ഫ്യൂറ്റൈല്‍. അപ്പോഴാണ്‌ രഘു വരുന്നത്. മാസങ്ങളോളം റിഹാബിലേഷന്‍ സെന്‍റ്ററുകള്‍ക്ക് സാധിക്കാത്തത്. കൌണ്‍സിലേഴ്സിനു സാധിക്കാത്തത് ഏതാനും ദിവസങ്ങള്‍കൊണ്ട് അവന്‍ സാധിച്ചു. പിന്നാലെ നടന്നു, നിര്‍ബന്ധിച്ചു, ശുശ്രൂഷിച്ചു. ഒരു സഹോദരനെപ്പോലെ…അനിയനെപ്പോലെ…ചീതയും തെറിയും അവഹേളനവും സഹിച്ച്….പക്ഷെ…പിന്നെയാണ് ഞാന്‍ അറിഞ്ഞത്…”
“ബാക്കി ഞാന്‍ പറയാം,”
അശ്വതി തിരിഞ്ഞുനോക്കി.
വാതില്‍ക്കല്‍ നിറഞ്ഞ ചിരിയുമായി ഡോക്ടര്‍ നന്ദകുമാര്‍ നില്‍ക്കുന്നു.
അയാള്‍ പതിയെ അവരുടെയടുത്തേക്ക് വന്നു.
“കഴിഞ്ഞാഴ്ച്ചയാണ് അഞ്ജനയുടെ വീട്ടില്‍ നിന്നിരുന്ന ഒരു ഡോമെസ്റ്റിക് ഹെല്പ് പോയതും അഞ്ജന ഒരു പുതിയ ആളെ അന്വേഷിക്കുന്നതും. അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചു ഞാന്‍ രഘുവിനെ അങ്ങോട്ടു അയച്ചു. എനിക്കപ്പോള്‍ ഒരേയൊരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ…”
ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയുടെ കണ്ണുകളിലേക്ക് നോക്കി.
“അന്ജനെയെ എങ്ങനെയും തിരിച്ചുകൊണ്ടുവരിക…”
അശ്വതിക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി.
“എന്‍റെ ജീവിതത്തിലേക്ക് ..എന്‍റെ മോളുടെ ജീവിതത്തിലേക്ക്…”
“ഡോക്ടര്‍..”
അശ്വതി എന്തോ പറയാന്‍ തുടങ്ങി.
“എനിക്ക് രഘുവിന്‍റെ മേലുള്ള വിശ്വാസം അത്രയായിരുന്നു. അവനു ഒരു പ്രത്യേകതയുണ്ട്. അത് എന്നെക്കാള്‍ കൂടുതല്‍ അശ്വതിയ്ക്കറിയാം. പരിചയപ്പെടുന്ന ആരിലും ഒരു വല്ലാത്ത, നിത്യമായ ഒരു സ്വാധീനം ചെലുത്താന്‍ ഒരു കഴിവ് അവന് പ്രത്യേകമായി ഈശ്വരന്‍ കൊടുത്തിട്ടുണ്ട്…
“എന്നെ അവന്‍ സ്വാധീനിച്ച കാര്യം ഒന്നും ഓര്‍ക്കാന്‍ എനിക്ക് വയ്യ അശ്വതി…”
ഡോക്ടര്‍ അഞ്ജന തുടര്‍ന്നു.
“ഇത്രയൊക്കെ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുമോ? രഘു എനിക്ക് വേണ്ടി സഹിച്ചത് പോലെ…അവന്‍റെ വാക്കുകളും നോട്ടവും പ്രവര്‍ത്തിയും ഒന്നും..ആര്‍ക്കും അതുപോലെ പറ്റില്ല…”
“ഞാന്‍ അവനോടു പ്രത്യേകം പറഞ്ഞിരുന്നു, ഈ മിഷന്‍റെ കാര്യം എല്ലാവരോടും മറച്ചുവെക്കാന്‍. ഒരു തരത്തിലും ഇത് എന്‍റെ ഡ്രാമ ആണ് എന്ന്‍ ആരും അറിയാതെയിരിക്കാന്‍,”
ഡോക്ടര്‍ പറഞ്ഞു.
“അതാണ്‌…അതുകൊണ്ട് മാത്രമാണ് അവന്‍ അശ്വതിയോട്‌ അല്‍പ്പം അകന്നതായി ഭാവിച്ചത്. ഓരോ നിമിഷവും അവന്‍റെ മനസ്സ് അശ്വതിയെ ഓര്‍ത്തു നീറുകായിരുന്നെങ്കിലും,”
അശ്വതി എഴുന്നേറ്റു.
“എന്നിട്ട് അവന്‍ എവിടെ ഡോക്ടര്‍?”
“അവനിപ്പോള്‍ ഹോട്ടെല്‍ റൂമില്‍ കാണും. അവന്‍ അശ്വതിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു. പക്ഷെ അശ്വതിക്ക് വേണ്ടി ഒരു സാരി അവന്‍ വാങ്ങിയിരുന്നു. അത് എടുക്കാന്‍ മറന്നു പോയി അവന്‍. അതുകൊണ്ട് കീ റിസപ്ഷനില്‍ ഏല്‍പ്പിച്ച് ഞാന്‍ പോന്നു.
ഡോക്ടര്‍ അഞ്ജനയുടെ വാക്കുകള്‍ അശ്വതിയുടെ കാതുകളില്‍ തീഗോളങ്ങള്‍ പോലെ വീണു. അവള്‍ പെട്ടെന്ന് പുറത്തേക്ക് പാഞ്ഞു.
“അശ്വതി,”
ഡോക്ടര്‍ അഞ്ജനയും നന്ദകുമാറും അവളെ മാറി മാറി വിളിച്ചു.
അശ്വതി അത് കേള്‍ക്കാതെ അതിവേഗം ഗെയ്റ്റ് കടന്നുപോയി.
“രഘുവിനെ കാണാനുള്ള തിടുക്കമാ. തിരിച്ചുവിളിക്കണ്ട,”
ഡോക്ടര്‍ അഞ്ജന നന്ദകുമാറിനോട് പറഞ്ഞു.
“എങ്കിലും അവളെ കൊണ്ടുവിടാമായിരുന്നു..”
അയാള്‍ വിഷമത്തോടെ പറഞ്ഞു.
“ഇഷ്ടം പോലെ ഓട്ടോയുണ്ടല്ലോ ….അല്ലെങ്കിലും അശ്വതിയ്ക്ക് ഓട്ടോയല്ലേ ഇഷ്ടം…”
അഞ്ജന അയാളെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *