ഉമ്മ എന്നെ വിളിച്ചിരുന്നോ..?

തുണ്ട് കഥകള്‍  – ഉമ്മ എന്നെ വിളിച്ചിരുന്നോ..?

കല്യാണം കഴിഞ്ഞു തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോൾ രാത്രി കുടുംബക്കാരുടെ കൂടെ കത്തിയടിച്ചിരിക്കുന്ന ഉമ്മയോട് ഞാൻ ചോദിച്ചു.

“ഇന്ന് നിന്നെ ഇവിടെ ആരും വിളിക്കൂല..
ദേ ഷാനോ മര്യാദക്ക് റൂമിൽക്ക് പൊയ്ക്കോ അതാ അനക്ക് നല്ലത്.. ആദ്യരാത്രി ആയിട്ട് ഓൻ പന്തുകളിക്കാൻ പോവാത്രേ..
ഓനും ഓന്റൊരു നശിച്ച പന്തുകളിയും..”
പെണ്ണുകെട്ടിയാലെങ്കിലും നേരെയാവുമെന്ന് കരുതിയ ഒരുത്തിയെ കണ്ടുപിടിച്ചു കെട്ടിക്കൊടുത്ത്, പക്ഷെ എവിടെ നന്നാവാൻ…

പണ്ടുള്ളോർപറയണത് ശെരിയാ…
“നായിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലിട്ടാലും നേരേയാവൂലാന്ന്..”©

കേട്ടുനിൽക്കുന്ന അമ്മായി,മൂത്തച്ചി എളാമ എന്നുവേണ്ട ഒരു കല്യാണപ്പുരയിൽ നിക്കാൻ സാധ്യതയുള്ള മുഴുവൻ പെണ്ണുങ്ങളും എന്നെ നോക്കി ചിരിക്കുന്നുണ്ട്…
ദേഷ്യം കേറിയപ്പോൾ ഞാൻ പറഞ്ഞു.

“ദേ ഉമ്മാ ങ്ങള് വേണേൽ ന്റെ ബാപ്പാക്ക് പറഞ്ഞോളി ഞാനത് സഹിക്കും. ന്നാലും ന്റെ ഫുട്ബോളിനെ പറ്റിപ്പറഞ്ഞാൽ ചെലപ്പോൾ ഞാനത് സഹിച്ചോളണം ന്നില്ല.. പറഞ്ഞില്ലാന്ന് മാണ്ട……

കല്യാണം ഈ ദിവസ്സം ആക്കിയപ്പളേ ഞാൻ നിങ്ങളോട് പറഞ്ഞില്ലെന്ന് ഈ ദിവസം മാണ്ട മാണ്ടാന്ന് . ഇന്ക് കളിണ്ടെന്ന്.. അപ്പൊ ങ്ങളല്ലേ പറഞ്ഞെ കെട്ടുകഴിഞ്ഞാൽ അനക്ക് കളിക്കാൻ പോകാന്ന്..
എന്നിട്ടിപ്പോ
ഞാൻ എന്തായാലും പോകും..”

“ഇയ്യ്‌ പോവൂല ഷാനു.. അന്നെപെറ്റത് ഞാനാണെങ്കിൽ ഇന്ന് ഇയ്യ്‌ പോവൂല.. പാറേപ്പറമ്പിൽ റസിയ ആണ് പറയ്‌ണെ..”

“ആ റസിയന്റെ മോനാണ് ഞാനെങ്കിൽ ഇന്ന് ഞാൻ പോകും..”

ഇല്ല”

പോകും..”

ഇല്ല..”

ബെറ്റുണ്ടോ.”

ഉണ്ട് നൂറുപ്യേക്ക്.”

ഓക്കേ ഇതും പറഞ്ഞു ഞാൻ നേരെ റൂമിലേക്ക് നടന്നു.. മലബാറിൽ ജനിച്ചത് കൊണ്ടാവും ഫുട്ബോൾ എനിക്ക് ജീവശ്വാസം പോലെയാണ്..⚽ ചെറുപ്പത്തിൽ എപ്പോഴോ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്ന്. എന്റെ പ്രായത്തിലുള്ളവർ പഠനവും പ്രേമവും ജോലിയുമൊക്കെയായി നടക്കുമ്പോൾ ഞാൻ മാത്രം പാടത്തു കളിച്ചും,
പന്തിനെ പ്രേമിച്ചും അതിനൽനിന്നും സമ്പാദിച്ചും ഒക്കെയായി നടന്നു..

അതിനിടയിൽ എപ്പോഴോ എനിക്ക് കെട്ടുപ്രായമായെന്ന് ഉമ്മാക്ക് തോന്നിക്കാണും അങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് ഷാഹിന വരുന്നത്.
കല്യാണം ഞാൻ ആവുന്നതും എതിർത്തുനോക്കി.. പക്ഷെ
എന്നും വൈകുന്നേരം ചെളിയാക്കി കൊണ്ടുവരുന്ന ജേഴ്സിയും ട്രൗസറും എനിക്കിനി അലക്കാൻ ആവില്ലെന്ന് ഉമ്മ തീർത്തുപറഞ്ഞപ്പോൾ എനിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു..

ഇന്നിപ്പോ ഞാനൊരു മണവാളനാണ് ഇതെന്റെ ആദ്യരാത്രിയും..
കട്ടിലിന്റെ അങ്ങേ തലക്കലായി ഷാഹിന ഇരിക്കുന്നുണ്ട്..

എന്നെ കണ്ടതും അവളെണീറ്റു..
ഇരുന്നോളു..

“ക്ഷീണം വല്ലതും തോന്നുന്നുണ്ടേൽ കിടന്നോളു.. ”
ഞാൻ പറഞ്ഞു.

“ഇക്ക ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.. “

അവൾ തലതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“ഇക്കയ്ക്ക് എന്നെ ശരിക്കും ഇഷ്ടായിട്ട് കെട്ടിയതാണോ അതോ ഉമ്മാടെ നിർബന്ധത്തിന് കെട്ടിയതാണോ..?
വേറൊന്നും കൊണ്ടല്ല.. നേരത്തെ ഇവിടുന്ന് എങ്ങോട്ടോ പോകുമെന്നൊക്കെ ഇക്ക ഉമ്മയോട് പറയുന്നത് കേട്ടു..”

അവളുടെ സ്വരം ഇടറുന്നുണ്ട്..

“എടോ ഇയ്യ് കരയല്ലേ. അങ്ങനൊന്നുമല്ല. ഇ നിക്കിന്ന് മാറ്റിവെക്കാൻ പറ്റാത്ത ചെറിയോരു പരിപാടി ണ്ട്..
അതാ ഞാൻ പോയില്ലെങ്കിൽ അതാകെ കുളമാവും”

“എന്ത് പരിപാടി.. ?”

“അത്…
ഒരു കളിയുണ്ട്.. “

ഞാൻ ശബ്ദം താഴ്ത്തിപറഞ്ഞു..

കളിയോ അവൾ അത്ഭുദത്തോടെ എന്നെ നോക്കി.. ഞാൻ അവളുടെ അടുത്തേക്കിരുന്നു..
” അതേടോ.. ഈ ലോകത് ജീവനില്ലാത്ത ഒന്നിനെ ഞാൻ ജീവനോളം സ്നേഹിച്ചിട്ടുണ്ടേൽ അത് ഫുട്ബോളിനെ മാത്രമാണ്..
ന്റെ ഉമ്മയോടും ഇക്കയോടും എന്തേലും കാര്യത്തിന് ഞാൻ ദേഷ്യം പിടിച്ചിട്ടുണ്ടങ്കിൽ അതും ഫുട്ബോളിന്റെ പേരില..
എനിക്കറിയാം ഒരു പെണ്ണിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് ഇന്നെന്ന്,.
ഒരുപാട് പ്രതീക്ഷയോടെ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്നുമറിയാം പക്ഷെ ഇന്ന് എനിക്ക് പോണം..
കാരണം….
കാരണം പറഞ്ഞാ ചെലപ്പോ അനക്ക് മനസ്സിലാവണം ന്നില്ല.”

“ഇക്ക പൊയ്ക്കോ. ഇക്കയെ എനിക്ക് മനസ്സിലാവും.
ഇനിമുതൽ ഇക്കാനെ മനസ്സിലാക്കേണ്ടത് ഞാനല്ലേ.. ഇക്കാടെ ഭാര്യയാവാൻ മാത്രമുള്ള അർഹതയൊന്നും എനിക്കില്ല. ഇക്കാടെ മനസ്സിൽ ഒരു വേലക്കാരിയുടെ സ്ഥാനമാണെങ്കിലും എനിക്ക് സന്തോഷാണ്..”

“അതെന്താടോ നീ അങ്ങനെ പറഞ്ഞെ.. സ്വന്തമായി ഒരു ജോലിപോലുമില്ലാത്ത, കളിച്ചു നടക്കുന്ന ഈ തലതെറിച്ച എന്റെ ഭാര്യയാവാൻ അതിനുമാത്രം യോഗ്യത വേണോ..?”

അവളുടെ താടി ഉയർത്തി ഞാൻ പറഞ്ഞു..

“നോക്ക്യേ എന്റെ ഭാര്യയാവാനുള്ള നിന്റെ യോഗ്യത എന്താണെന്നോ..
എന്റെ ഉമ്മാക്ക് നിന്നെ ഇഷ്ടപ്പെട്ടു എന്നതാ.. പിന്നെ നമ്മുടെ ആദ്യരാത്രിപോലും എന്റെ മാത്രം ഇഷ്ടം നീ സാധിപ്പിച്ചുതരാൻ സമ്മതിച്ചില്ലേ ഇത്രയൊക്കെ പോരെ..”

നേരം അർധരാത്രി കഴിഞ്ഞു വീട്ടിലെല്ലാവരും ഉറങ്ങിയെന്നു തോന്നുന്നു.. പുറത്തൊന്നും ഒരാളുടെയും അനക്കം കേൾക്കുന്നില്ല.
ഞാൻ ഷാഹിനയെ നോക്കി.. അവൾ തല താഴ്ത്തിത്തന്നെ ഇരിക്കുവാണ്

“ഡോ ഞാൻ പോവാണ്. ഇപ്പം പോയാലേ സമയത്തിന് അവിടെ എത്തോള്ളൂ .
ജയിക്കാൻ വേണ്ടി ഇയ്യ് പ്രാർത്ഥിക്കണം ട്ടോ “.

“ഉം.”

അവളൊന്ന് മൂളി..

ഞാൻ ബൈക്കിന്റെ കീയുമെടുത് വാതിൽ മെല്ലെ തുറക്കുമ്പോൾ പിറകിൽ നിന്ന് അവളുടെ വിളി..

“ഇക്കാ
ഞാനും വന്നോട്ടെ..?”

“എന്ത്.. ??”

“ഏതൊക്കെ തരാം ആൾക്കാരാണെന്നോ അവിടെ ണ്ടാവാ..! അയിന്റെടേൽ പാതിരാത്രി ഇയ്യ് വന്നാൽ എങ്ങനെ ശരിയാവും…??.
ഞാൻ പോയിട്ടു പെട്ടന്ന്ന്നെ വരാട്ടോ ..”

“പ്ളീസ് ഇക്ക ഞാനിവിടെ ഒറ്റക്കെങ്ങാനാ.. ഇക്കാടെ കാറിൽ പോകാം.
ഞാൻ കാറിൽ തന്നെ ഇരുന്നോളാം. പുറത്തേക്കിറങ്ങൂല. പ്ളീസ് ഇക്ക..”

അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല..
ഫോണെടുത്തു നേരെ അൻവറിനെ വിളിച്ചു.. അൻവർ എന്റെ എളാപ്പയുടെ മകനാണ്.. ഞങ്ങളുടെ ക്ലബ്ബിന്റെ നെടുംതൂൺ..
“ഡാ നിങ്ങ വിട്ടോ.. ഞാൻ കാറിൽ വന്നോളാം എന്റെ കൂടെ ഒരാളുണ്ട്..”

“ആരാ ഷാനുക്ക..?”

“അത് ന്റെ കെട്യോളാടാ..”

ഹ ഹ ചക്കിക്കൊത്ത ചങ്കരൻ…ഇങ്ങക്ക് പറ്റിയ കമ്പനി ന്നെ കിട്ടീലെ ..?”

“നീ വെച്ചുപോട. ഞങ്ങൾ രണ്ടാളും വന്നോളാം..”

“അതേയ് ഗ്രൗണ്ട് അറിയൂലെ..?”

“അതൊക്കെ ഇനിക്കറിയാം.
അപ്പൊ ശരി അവിടുന്ന് കാണാം..”

കാറിൽ അവളെന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുറങ്ങുന്നുണ്ട്.. പാവം എന്റെ ഓരോ പിരാന്തുകൊണ്ട് അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ എത്രവലിയ സ്വപ്നങ്ങളാണ്.. ഓർത്തപ്പോൾ ഉള്ളിലൊരു നീറ്റൽ..

Leave a Reply

Your email address will not be published. Required fields are marked *