ഭ വ ഭു 104

‘തമ്പ്രാട്ടി… അടിയൻ പോകുന്നു…’

ഉം… എന്ന മൂളലിൽ ജാനകി അവസാനിപ്പിച്ചു.

ആകാശത്തെ നീലവെളിച്ചതിൽ അയാളുടെ മുഖം വ്യക്തമാകുന്നു.

തറവാട്ടിലെ പണിക്കാരൻ ചേറു… കറുപ്പിനാൽ മൂടിയ കരുത്തറ്റ ശരീരം. ദേഹത്തിൽ ഒരു ചളിപുരണ്ട മുണ്ടുമാത്രമേയുള്ളൂ.

അയാളുടെ പിറകുവശത്തു കഴുത്തിനു താഴെയായി നഖങ്ങൾ കൊണ്ട് മുറിഞ്ഞ പാടുകളും കാണാം.

തന്റെ മുഖം കൈകൾക്കൊണ്ട് തുടച്ചു കൊണ്ട് അയാൾ ഇരുട്ടിലേക്കു നീങ്ങുകയായിരുന്നു.

*********************************************

വരൂ കാലത്തിന്റെ മായാലോകത്തേക്ക് നമുക്കിവൾക്കൊപ്പം സഞ്ചരിക്കാം…. കാലം ഇവൾക്കായി ഒരുക്കിവച്ചിരിക്കുന്ന വിരുന്നിൽ നമുക്കും പങ്കുചേരാം…..

“ന്റെ കുട്ട്യേ ഇങ്ങനെ മഴപ്പാറല് കൊണ്ട് വല്ല സൂക്കേടും വരുത്തി വെക്കും നീയ്…..”

അത് കേട്ടവൾ തിണ്ണയിൽ കുറച്ച് നീങ്ങിയിരുന്നു.

മുത്തശ്ശിയും അവൽക്കരികിലായി തിണ്ണയിലിരുന്നു….

“മുത്തശ്ശി നിക്കൊരു കഥ പറഞ്ഞ് തായോ…..”

അതും പറഞ്ഞ് കൊണ്ടവൾ മുത്തശ്ശിയുടെ മടിയിലേക്ക് തലചായ്ച്ചു…..

കഥ എന്ന് കേട്ടപ്പോഴേക്കും ഉണ്ണിയും അച്ചുവും ഓടി വന്ന് മുത്തശ്ശിക്കിരുവശവുമായി ഇരുന്നു.

“ഞങ്ങൾ വന്നു മുത്തശ്ശി ഇനി കഥ പറഞ്ഞു തായോ….”

“പുതിയ കഥ വേണോട്ടോ മുത്തശ്ശി….”

“ഏത് കഥയാ ഇപ്പൊ പറയാ??? സീതാദേവിയെ രാവണൻ കട്ടുകൊണ്ട് പോയി ലങ്കയിലെ അശോകവനികയിൽ താമസിപ്പിച്ചതും പിന്നെ ഹനുമാൻ വന്ന് അവിടെ ഉണ്ടാക്കിയ പരാക്രമങ്ങളും പറയട്ടെ?? അല്ലെകിൽ വേണ്ട കൗരവർ അരക്കില്ലം പണിത കഥ പറഞ്ഞു തരട്ടെ??”

“അതൊക്കെ ഒരുപാട് വട്ടം പറഞ്ഞ കഥയാ മുത്തശ്ശി…. വേറെ കഥ പറഞ്ഞു താ….”

“ആ… ആ

…. പുതിയ ഒരു കഥയുണ്ട്….”

“എന്നാ അത് പറ മുത്തശ്ശി…”

“അതൊരു രാജാവിന്റെ കഥയാണ്…. കുകുദ്‌മി എന്ന് പേരുള്ള രാജാവിന്റെ…അദ്ദേഹം വളരെ നല്ല ഒരു ഭരണാധികാരിയായിരുന്നു…. കുകുദ്‌മിക്ക് ഒരു മകൾ ഉണ്ടായിരുന്നു… രേവതി…… ദേവതകൾ പോലും തോറ്റുപോവുന്ന സൗന്ദര്യമായിരുന്നു അവളുടേത്….

സുന്ദരിയായ തന്റെ മകൾക്ക് വിവാഹപ്രായം എത്തിയപ്പോൾ പിതാവായ കുകുദ്‌മി മകൾക്കായി നല്ല ഒരു വരനെ അന്വേഷിച്ചു ലോകം മുഴുവൻ സഞ്ചരിച്ചു….

ഒരുപാട് സഞ്ചരിച്ചിട്ടും മകൾക്കനുയോജ്യനായ സർവ്വ ഗുണ സമ്പന്നനായ ഒരു യുവാവിനെ കുകൂദ്മിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല

നിരാശനായ അദ്ദേഹം തന്റെ മകളെയും കൂട്ടി ബ്രഹ്മലോകത്തേക്ക് ചെന്നു….

ദേവീക്കുട്ട്യേ കേക്കുന്നുണ്ടോ????”

“ഉവ്വ് മുത്തശ്ശി ബാക്കി പറയൂ….”

“അങ്ങനെ കുകുദ്‌മി ബ്രഹ്മലോകത്തെത്തിയപ്പോൾ ബ്രഹ്മാവ് ഗന്ധർവ്വൻമാരുടെ ഒരു കച്ചേരി കേൾക്കുകയായിരുന്നു…

അവർ ആ സംഗീത കച്ചേരി കഴിയും വരെ ക്ഷമയോടെ കാത്ത് നിന്നു…

സംഗീത കച്ചേരി കഴിഞ്ഞപ്പോൾ കുകുദ്‌മി ബ്രഹ്മാവിനെ സമീപിച്ചു….

“സൃഷ്ട്ടിയുടെ ദേവനായ അങ്ങേക്കെന്റെ പ്രണാമം….. ഇതാണെന്റെ മകൾ രേവതി….. ഇവൾക്കനുയോജ്യനായ വരനെ തേടി ഞാൻ ലോകൻ മുഴുവൻ അലഞ്ഞു…. പക്ഷെ എനിക്കാരെയും കണ്ടെത്താൻ കഴിഞ്ഞില്ല…. അങ്ങെന്നെ സഹായിക്കണം ദേവാ….”

വിനയാന്വിതനായി അദ്ദേഹം പറഞ്ഞു.. കൂടെ താൻ മരുമകൻ ആക്കാൻ ആഗ്രഹിക്കുന്ന ധീരരായ യുവാക്കളുടെ പേരുകളും അദ്ദേഹം ബ്രഹ്മാവിനോട് പറഞ്ഞു….

അത് കേട്ട് ബ്രഹ്മദേവൻ പൊട്ടി ചിരിച്ചു….

“വത്സാ… നീ മരുമകൻ ആക്കനാഗ്രഹിക്കുന്നവരെല്ലാം മരിച്ചു മണ്ണോട് ചേർന്നിട്ടിപ്പോൾ 27 ചതുർ യുഗങ്ങൾ കഴിഞ്ഞു …..”

കുകുദ്‌മി ഒന്നും മനസ്സിലാവാതെ ദേവനെ നോക്കി….

“സംഗീത കച്ചേരി നടന്നപ്പോൾ നീയെന്നെയും കാത്ത് അൽപ്പനേരം നിന്നിരുന്നല്ലോ….. അപ്പോൾ ഭൂമിയിൽ 27 ചതുർ യുഗങ്ങളാണ് കടന്ന് പോയത്………

നീ മരുമകൻ ആക്കാൻ ആഗ്രഹിച്ചിരുന്നവരെല്ലാം മരിച്ചു സ്വർഗ്ഗലോകത്തെത്തി ചേർന്നു…. അവരുടെ മക്കളും, അവരുടെ മക്കളും ഭൂമിയോട് ചേർന്ന് കഴിഞ്ഞു….

നിന്റെ രാജ്യവും പ്രജകളും സ്വത്തും ഒന്നുമിപ്പോൾ നിലനിൽക്കുന്നില്ല…..”

“അപ്പൊ എന്തുചെയ്യും മുത്തശ്ശി??”

അച്ചു അവന്റെ സംശയം ചോദിച്ചു…

“മ്മ് പറഞ്ഞു തരാം……ബ്രഹ്മാവ് ഒരു കാര്യം കൂടി പറഞ്ഞു…… എന്തെന്നാൽ..

സർവ്വ ജീവജാലങ്ങളുടെയും സംരക്ഷകനായ വിഷ്ണു ദേവൻ അപ്പോൾ ബാലരാമനായും ശ്രീകൃഷ്ണനായും അവതരിച്ച കാലമായിരുന്നു അത്….. അതുകൊണ്ട് തന്നെ ബലരാമൻ രേവതിക്കു ഉത്തമനായ വരനായിരിക്കുമെന്ന് ദേവൻ പറഞ്ഞത് കേട്ട് കുകുദ്‌മിക്ക് വളരെ സന്തോഷം തോന്നി…

അദ്ദേഹം ബ്രഹ്മദേവനോട് നന്ദി പറഞ്ഞ് ഭൂമിയിലേക്ക് ചെന്നു…. അവിടെയെത്തിയ ശേഷം രേവതിയെ ബലരാമന് വിവാഹം ചെയ്തു കൊടുത്തു…. അങ്ങനെ ആണ് രേവതി ബാലരാമന്റെ പത്നിയായത്…..”

“നല്ല കഥയാ മുത്തശ്ശി….”(അച്ചു )

“മുത്തശ്ശി അന്ന് ടൈം ട്രാവെല്ലിങ് ഉണ്ടായിരുന്നോ??”

ദേവിയവളുടെ സംശയം ചോദിച്ചു..

“അതെന്താ സാധനം?”

“അതോ മുത്തശ്ശി…. ടൈം ട്രാവെല്ലിങ് എന്ന് പറഞ്ഞ നമ്മുടെ ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ഒക്കെ സഞ്ചരിക്കുന്നതാ…അങ്ങനെ ഉണ്ടെങ്കിൽ കുകുദ്‌മിക്ക് ഭൂതകാലത്തിലേക്കു പോയാൽ പോരായിരുന്നോ????.”

“ഞാനും കേട്ടിട്ടുണ്ട് ചേച്ചി…. ഇതൊക്കെ സത്യമാണോ…… അന്ന് ടൈം ട്രാവെല്ലിങ് ഒക്കെ ഉണ്ടായിരുന്നോ മുത്തശ്ശി??” ഉണ്ണിയും അവന്റെ സംശയം മറച്ചു വച്ചില്ല….

“അതൊന്നും നിക്കറിയൂല കുട്ട്യോളെ….. മുത്തശ്ശി ഒന്ന് കിടക്കട്ടെ…..”

വയ്യാത്ത കാൽ മുട്ടിൽ കൈ ചേർത്ത് മുത്തശ്ശി അകത്തേക്ക് നടന്നു….

ദേവിയുടെ മനസ്സിൽ അപ്പോഴും അതായിരുന്നു…. ടൈം ട്രാവെല്ലിങ്…..

“ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ഒക്കെ പോവാൻ പറ്റിയിരുന്നെങ്കിൽ എന്ത് രസമായേനെ അല്ലെ ചേച്ചി??”

ഉണ്ണിയുടെ ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചു…..

കാലം അതൊരു മായാജലമാണ്…. ഓരോ നിമിഷവും വിലപ്പെട്ടതാണ്…. അത് കടന്ന് പോയാൽ പിന്നെ തിരിച്ചു കിട്ടില്ലെന്ന്‌ ദേവി വിശ്വസിച്ചു….

തിണ്ണയിൽ കുറച്ചു നീങ്ങിയിരുന്നവൾ മഴത്തുള്ളികൾക്ക് നേരെ കൈ നീട്ടി……

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *