സൂര്യനെ പ്രണയിച്ചവൾ- 4

Related Posts


“ഹ ഹ ഹ…”

സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു.

ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന് അപ്പോൾ ചില മുരൾച്ചകൾ അപ്പോൾ കേട്ടു. പരുന്തുകളും കഴുകന്മാരും ആകാശം കീഴടക്കാൻ തുടങ്ങി.

അതിഭയങ്കരമായ ഒരു കാറ്റിറങ്ങുകയും കാടിൻറെ ഇരുളിമയൊട്ടാകെ പ്രചണ്ഡമായ നൃത്തത്തിലെന്നതുപോലെ ഉലയാൻ തുടങ്ങുകയും ചെയ്തു.

അസ്തമയത്തിനിനി അധികം സമയമില്ല.

“എത്രയെത്ര കേന്ദ്ര ഏജൻസികൾ…!”

ആഹ്ലാദമടക്കാൻ ശ്രമിക്കാതെ ചിരിയുടെ അലറുന്ന ശബ്ദത്തിനിടയിൽ സർക്കിൾ ഇസ്പെക്റ്റർ പറഞ്ഞു.

“ഗ്രേ ഹൗണ്ട്സ്! ആസ്സാം റൈഫിൾസ്! അവൻറെ അമ്മേടെ തേങ്ങാ! എന്നിട്ടെന്തായി? കേരളാപോലീസ് തന്നെ ഹീറോ! സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ തന്നെ ഹീറോ!”

അയാൾ വീണ്ടും മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കുയർത്തി.

“കാണേണ്ടവന്മാർ കാണ്!”

അയാൾ ശബ്ദമുയർത്തി.

“ഇവനാണ് ജോയൽ ബെന്നറ്റ്!”
ആയുധധാരികളായ പോലീസുദ്യോഗസ്ഥൻമാർക്ക് മുമ്പിൽ കൈകളുയർത്തി നിന്ന സംഘത്തിൻറെ മധ്യത്തിൽ നിന്ന ഒരു ചെറുപ്പക്കാരൻറെ നേരെ യൂസുഫ് അദിനാൻ വിരൽ ചൂണ്ടി.

കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്റ്റർമാരും നെഞ്ചിടിപ്പോടെ, അദ്‌ഭുതത്തോടെ യൂസുഫ് അദിനാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

എന്നിട്ട് പരസ്പ്പരം അവിശ്വസനീയതയോടെ നോക്കി.

“ഇയാളോ?”

ഒരു സബ് ഇൻസ്പെക്റ്റർ ചോദിച്ചു.

“ദ സെയിം!”

യൂസുഫ് അദിനാൻ പറഞ്ഞു.

എല്ലാ കണ്ണുകളും അയാളിൽ കേന്ദ്രീകരിച്ചു.

ഇരുപത്തിയഞ്ചിനടുത്ത് പ്രായം. നീണ്ടു വളർന്ന തലമുടിയും താടിരോമങ്ങളും. സാമാന്യം ഉയരം. ആവശ്യത്തിന്‌ വണ്ണം. ചാരനിറമുള്ള സ്ളാക്ക് ഷർട്ടും നീല ജീൻസും ധരിച്ചിരിക്കുന്നു. വിടർന്ന പ്രകാശമുള്ള കണ്ണുകളിൽ കത്തുന്ന വികാരമെന്തെന്നു വിവേചിക്കാൻ പ്രയാസം.

“ഇയാളോ?”

ഒരു കോൺസ്റ്റബിൾ അവിശ്വസനീയതയോടെ ചോദിച്ചു.

“എന്താ ഷിബു സൗന്ദര്യമുള്ളവർക്ക് ആതങ്കവാദിയായാ പുളിക്കുവോ?”

യൂസുഫ് അദിനാൻ കോൺസ്റ്റബിളിനോട് ചോദിച്ചു.

“ബിൻ ലാദനേം ബിന്ദ്രൻവാലയെയും കണ്ടുകണ്ട് ഭീകരൻ എന്നാൽ അങ്ങനെയേ ആകാവൂ, കൊമ്പൻ മീശ വേണം. കക്ഷത്തിനിടയിൽ ഇഷ്ടിക വെച്ച് എയർ വിടാതെ നടക്കുന്നവനാകണം എന്നൊക്കെ ചിന്തിക്കുന്ന കാലമൊക്കെ പോയി എൻറെ ഷിബുവേ. ഇപ്പം എല്ലാത്തിനും മമ്മുട്ടി ലുക്കാ!”

പോലീസുദ്യോഗസ്ഥന്മാരുടെ ഭയം പുച്ഛമായി മാറി.

“ജോയൽ ബെന്നറ്റ്!”
യൂസുഫ് അദിനാൻ പോലീസ് വാഹനത്തിനടുത്ത് മെഷീൻ ഗണ്ണുകളുമായി നിന്ന നാലഞ്ച് പോലീസുകാരുടെ മധ്യത്തിൽ നിന്ന ജോയലിനടുത്തേക്ക് ചുവടുകൾ വെച്ചു.

“നിന്നെ ജീവനോടെ പിടിക്കാൻ സ്‌പെഷ്യൽ ടീം ഡെൽഹീൽ നിന്ന് എത്തീട്ടുണ്ട്. ഞങ്ങക്കിട്ട് ഒണ്ടാക്കാനും! മുംബൈ ടാജ് ഹോട്ടൽ ബ്‌ളാസ്റ്റിലെ ഹീറോ രാകേഷ് മഹേശ്വറാ ലീഡർ! അവനും അവൻറെ നേഴ്‌സറി പിള്ളേരും കാട് മൊത്തം നിന്നെ തപ്പും! തപ്പി തപ്പി ഇവിടെ വരും! ഇവിടെ വരുമ്പം കാണും അവമ്മാര് നിൻറെ പിടുക്ക്! ഈ ഗണ്ണില്ലേ, ഇത് നിന്റെ കൊരവള്ളിക്ക് വെച്ചിട്ട് ഇപ്പ തന്നെ ട്രിഗറു വലിക്കാൻ പോകുവാ ഞാൻ!”

യൂസുഫ് അദിനാൻ തോക്ക് ഉയർത്തി.

“എന്ന് വെച്ചാ നീ എൻകൗണ്ടറിൽ അങ്ങ് തൊലഞ്ഞു…”

യൂസുഫ് അദിനാൻ തുടർന്നു.

“എന്നതായാലും അവയ്‌ലബിൾ ഡാറ്റ വെച്ച് നീയൊരു അൻപത് എണ്ണത്തിനെയെങ്കിലും തട്ടീട്ടൊണ്ട്‌. അപ്പം തൂക്ക് കയർ ഉറപ്പല്ലേ? കയർ വ്യവസായം ഒക്കെ ഏതാണ്ട് തീർന്ന മട്ടാ. വരുന്ന ബംഗാളികൾക്കാണേൽ കയറു പോയിട്ട് മീശപിരിക്കാൻ പോലും അറീത്തില്ല. പിന്നെ നമ്മള് എന്നെത്തിനാ കയറേൽ തൂക്കിയെ ഒക്കത്തൊള്ളൂ എന്നങ്ങ് വാശി പിടിക്കുന്നെ? ഒറ്റ ഉണ്ടേൽ തീരേണ്ട പണിയല്ലേ ഒള്ളൂ?”

തോക്ക് വീണ്ടും ഉയർന്നു.

തോക്കുകൾക്ക് താഴെ നെഞ്ച് വിരിച്ചു നിന്ന സഖാക്കൾ ജോയലിനെ ഭയത്തോടെ നോക്കി. കാറ്റ് അൽപ്പം ശാന്തമായത് അവർ കണ്ടു.

“ആ വാൻ കണ്ടോ?”

റോഡിൻറെ എതിർ വശത്ത് കിടന്ന പോലീസ് വാനിലേക്ക് നോക്കി യൂസുഫ് അദിനാൻ പറഞ്ഞു.

“നിന്നെപ്പോലത്തെ ……. മക്കളെ പിടിക്കാൻ പോകുമ്പം ഞങ്ങക്ക് കിട്ടുന്ന ബോണസ്സാ. നല്ല പെടയ്ക്കണ എകെ ഫോർട്ടി സെവനും ചാക്ക് കണക്കിന് മാഗസിനുകളുമാ അതിൽ…ബോംബെലേം നോർത്ത് ഇൻഡ്യാലേം ഞങ്ങടെ പോലീസ് ബ്രോയ്ക്ക് ഒക്കെ കിട്ടുന്ന തരം മൊതലുകള്! നിന്നെയൊക്കെ പിടിക്കാൻ സ്‌പെഷ്യൽ ആയി കിട്ടീത്! പക്ഷെ ഒരു സൂചി മൊനേടെ പോലും റിസ്ക്ക് ഇല്ലാതെ എത്ര ഈസിയായിട്ടാ നിന്നെയൊക്കെ പൊക്കീത്!”

“സാറിൻറെ ഉണ്ടയോടു പറ കാലിനെടേൽ തന്നെയിരിക്കാൻ!”
ജോയൽ പരുഷമായ സ്വരത്തിൽ പറഞ്ഞു. കൂട്ടുകാരെ നോക്കിക്കൊണ്ട് അവൻ ജീൻസിൻറെ പോക്കറ്റിൽ നിന്ന് ഒരു ക്യാപ്സൂൾ എടുത്തുയർത്തി.

“ഒഴിച്ചിലിനും കരപ്പനും കഴിക്കാൻ വേണ്ടിയല്ല ഞാനിത് എപ്പോഴും കൂട്ടത്തിൽ കൊണ്ടുനടക്കുന്നത്. ഇതുപോലത്തെ സാഹചര്യം വരുമ്പോൾ ഉശിരോടെ സൂയിസൈഡ് ചെയ്യാനാ!”

അത് പറഞ്ഞുതീർന്ന നിമിഷം, പോലീസ് സംഘത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് ജോയൽ ക്യാപ്സൂൾ വായിലേക്കിട്ടു.

അടുത്ത നിമിഷം അവൻറെ ദേഹം പിടഞ്ഞു.

കൂട്ടുകാർ ഭയവിഹ്വലരായി ശബ്ദമിട്ടു.

പോലീസുകാർ സ്തംഭിച്ചു നിന്നു.

യൂസുഫ് അദിനാൻ കോപം കൊണ്ട് അലറി.

ജോയൽ നിലത്തെ കരിയിലകളുടെയും പുല്ലിൻറെയും മേലേക്ക് വീണു.

അപ്പോൾ ഒരു കോൺസ്റ്റബിൾ കുനിഞ്ഞ് അവൻറെ മൂക്കിനടുത്ത് വിരൽ ചേർത്തു.

“പോയി സാർ,”

മുഖമുയർത്തി യൂസുഫ് അദിനാൻറെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.

“ഇവൻ മരിച്ചു!”

യൂസുഫ് അദിനാൻ അയാളെ ഭീഷണമായി നോക്കി.

“നിന്റെ അപ്പനെന്നാ മെഡിക്കൽ കോളേജ് പ്രൊഫസ്സറാണോ? ചത്തൂന്ന് അങ്ങ് ഒറപ്പിക്കാൻ?”

കലി കയറി അയാൾ ചോദിച്ചു.

പിന്നെ ജോയലിൻറെ നെഞ്ചിലേക്ക് കാലുയർത്തി അയാളെ ആഞ്ഞു തൊഴിച്ചു.

പല തവണ.

“എടാ…”

കൂട്ടത്തിലെ ഒരു സംഘാംഗം അലറി.

“ശവത്തേൽ ചവിട്ടുന്നോടാ നാറി…!”
“തല്ലിക്കൊല്ലാൻ അത്ര കൈതരിക്കുവാണെങ്കിൽ ഞങ്ങളെ കൊല്ല്! ശവത്തിൽ അല്ല സൂക്കേട് തീർക്കേണ്ടത്!”

യൂസുഫ് അദിനാൻ ഒരു സ്ത്രീശബ്ദം കേട്ടു. കോപം കൊണ്ട് ഭ്രാന്ത് കയറി അയാൾ അത് പറഞ്ഞയാളെ നോക്കി. സ്‌കാർഫ് കൊണ്ട് മുഖം മറച്ച ഒരു സ്ത്രീയാണ് അത് പറഞ്ഞത്.

അയാൾ ആ സ്ത്രീയുടെ നേരെ ചുവടുകൾ വെച്ചു.

അടുത്ത നിമിഷം അയാളുടെ ചടുലമായ വിരലുകൾ അവളുടെ മുഖത്തു നിന്ന് കറുത്ത സ്കാർഫ് വലിച്ചൂരിയടുത്തു.

“പടച്ചോനെ!”

അവളുടെ മുഖത്തേക്ക് നോക്കി അയാൾ കണ്ണുകൾ വിടർത്തി വായ് പൊളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *