ദിവ്യാനുരാഗം – 10

Related Posts


വൈകിയതിന്റെ കാരണം ഞാൻ കഴിഞ്ഞ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു…എല്ലാവരും അയച്ച അഭിപ്രായങ്ങളും വായിച്ചു… പിന്നെ നേരം വൈകിയത് കൊണ്ട് മറുപടി ഒന്നും തരാൻ നിൽക്കാതെ വേഗം അടുത്ത ഭാഗം എഴുതാൻ തുടങ്ങി…എന്തായാലും ഒരുപാട് സ്നേഹത്തോടെ ഉള്ള നിങ്ങളുടെ വാക്കുകൾ ഏറെ ഇഷ്ട്ടപ്പെട്ടു… പിന്നെ എനിക്ക് പൂർണമായും എഴുതാൻ മനസ്സ് വഴങ്ങിയാലെ ഞാൻ എഴുതൂ…അല്ലാതെ മനഃപൂർവം വൈകിപ്പിക്കുന്നതല്ല… പിന്നെ ഇടയ്ക്ക് നിർത്തിയോ എന്നൊന്നും ആരും ചോദിക്കേണ്ട…നിർത്താൻ ആണെങ്കിൽ ഞാൻ ഒരിക്കലും തുടങ്ങില്ല… തുടങ്ങിയാൽ അവസാനം കണ്ടേ മടങ്ങാവൂ…അതാണ് അതിന്റെ ശരി എന്നാണ് ഞാൻ വിശ്വസിക്കുന്നത്… പിന്നെ ഇച്ചിരി വൈകിയതുകൊണ്ട് അവസാന ഭാഗം ഒന്ന് ഓടിച്ചു നോക്കുന്നത് നല്ലതായിരിക്കും…

അപ്പൊ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു… കൊറോണ മൂന്നാം തരംഗത്തിൽ നിന്ന് നമ്മൾ കരകയറും എന്ന പ്രതീക്ഷയിൽ ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

” എന്താ…എന്താ പറഞ്ഞേ… ”

അവളൊരു കള്ളഭാവത്തോടെ എന്നെ നോക്കി ചോദിച്ചതും ഞാനാകെ ചൂളിയ അവസ്ഥയിലായി…

” അത് പിന്നെ…. ഇയാളുടെ സ്വഭാവം അതാ ഞാൻ ഉദ്ദേശിച്ചത്… ”

ഞാൻ അതേ ചമ്മിയ മുഖഭാവത്തോടെ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…

“മ്മ്…”

അതിനൊന്ന് മൂളുകയല്ലാതെ അവളൊന്നും പറഞ്ഞില്ല…പക്ഷെ അവളുടെ മുഖത്തൊരു ചിരി ഞാൻ ശ്രദ്ധിച്ചു…ഇനി ന്വാമിനെ ഒരു കോഴി ആയി അവൾ മനസ്സിൽ ചിത്രീകരിച്ച് കാണുവോ…??ഹേയ് അങ്ങനെ വരാൻ വഴി ഇല്ല…

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി കടലും നോക്കി കുറച്ചുനേരം ഇരുന്നു…

” അയ്യോ…സമയം വൈകി വാ നമ്മുക്ക് പോവാം… ”

പെട്ടന്നെന്തോ ഓർത്തപോലെ അവളെന്നെ നോക്കി പറഞ്ഞ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു…അതോടെ ഞാനും…

” എന്താ ഇന്ന് നേരത്തേ ഡ്യൂട്ടിക്ക് കേറണോ…അതോ തമ്പ്രാട്ടിക്ക് വേറെ വല്ല സ്ഥലത്തും പോണോ… “
ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവളെ നോക്കി ചോദിച്ചു

” ഡ്യൂട്ടി ഇനി മൂന്ന് ദിവസമില്ല… നൈറ്റ് ഓഫ് ആ…ഇത് വീട്ടിൽ പോയിട്ട് ആവിശ്യമുണ്ട്…. ”

അവൾ ചിരിയോടെ എനിക്ക് മറുപടി തന്നു…അതോടെ വണ്ടിയും എടുത്ത് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു….കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ അവളുടെ തറവാടിന് സമീപം എത്തി…

” അപ്പൊ ശരി മാഡം… ”

അവളിറങ്ങിയതും ഞാൻ ചിരിയോടെ പറഞ്ഞ് വണ്ടി തിരിക്കാനൊരുങ്ങി…അപ്പോഴാണ് അവൾ നന്ദിയും കൊണ്ട് വീണ്ടും വരുന്നത്…

” ഒരുപാട് താങ്ക്സ് അർജ്ജുൻ…ഇറ്റ് വോസ് എ സ്പെഷ്യൽ ഡേ… ”

അവള് ഇംഗ്ലീഷിൽ ഇച്ചിരി സ്നേഹം കലർത്തിയ പ്രയോഗം കാച്ചിയപ്പോൾ മനസ്സറിയാതെ ആ വാക്കുകൾക്കൊപ്പം അവളുടെ സൗന്ദര്യത്തിൽ വഴുതി വീണ് പോയി…ഒരു കുളിര് പോലെ…

” ഹേയ് ഞാൻ പറഞ്ഞല്ലോ അതിന്റെ ഒന്നും ആവശ്യമില്ല… പിന്നെ എന്നെ അന്ന് വിളിച്ചപോലെ അജ്ജൂന്ന് വിളിക്കുന്നതാ എനിക്കിഷ്ടം…അപ്പൊ ശരി കാണാം… ”

അവളെ നോക്കി ഒരു ചിരിയോടെ മറുപടി നൽകി ഞാൻ വണ്ടി തിരിച്ച് മുന്നോട്ടെടുത്തു…

” പക്ഷെ എനിക്കിഷ്ടം പെട്ടാകണ്ണാന്ന് വിളിക്കാനാട്ടോ… ”

പുറകീന്നൊരു അടക്കം പറച്ചില് പോലെ അവള് പറയുന്നത് കേട്ട് ഞാൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കുമ്പാൾ എരിവ് വലിച്ച് കേറ്റും പോലുള്ള മുഖഭാവത്തോടെ അവൾ തിരിഞ്ഞൊരോട്ടം…അത് കണ്ടപ്പോൾ ചിരിയടക്കാൻ ഞാൻ പാടുപെട്ടു…പിന്നെ വണ്ടിയും എടുത്ത് നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു…

വീട്ടിലെത്തി വണ്ടി പാർക്ക് ചെയ്യുമ്പാളായിരുന്നു രാവിലെ അമ്മയുടെ മുന്നിൽ വെച്ച് നടന്ന കോപ്രായങ്ങൾ ഓർമ്മ വന്നത്…അതോടെ ആകെ ഒരു ചളിപ്പായി…എന്താലും അമ്മ ചൊറിഞ്ഞിരിക്കും…അച്ഛനും കൂടി ഉണ്ടെങ്കിൽ സബാഷ്…അങ്ങനെ പാത്തും പതുങ്ങിയും മെല്ലെ ഉള്ളിലേക്ക് കയറി…

” ആ ഇതാര്…സന്തോഷ് സുബ്രഹ്മണ്യമം എത്തിയോ…എവിടെ ആയിരുന്നു തെണ്ടാൻ പോയത്… ”

ഉള്ളിലേക്ക് കാലെടുത്തുവെക്കേണ്ട താമസം ടീവിയുടെ മുന്നിൽ നിന്നും അമ്മയുടെ കളിയാക്കിയുള്ള സ്വരം ഉയർന്നു…

” അത് ഞാൻ പറഞ്ഞിലെ ഒരു ഫ്രണ്ടിനെ…”

ഞാൻ രാവിലെ പറഞ്ഞത് ഒന്നൂടെ വിവരിക്കാൻ നോക്കി…

” ഓ വിവരിക്കേണ്ട രാവിലെ പറഞ്ഞല്ലോ ചുമ്മാ ചോദിച്ചതാ… എന്നാ കഴിക്കാൻ വല്ലതും എടുക്കട്ടേ ഫ്രണ്ടേ… “
പുള്ളിക്കാരി എന്തൊക്കെയോ അർത്ഥം വച്ചിട്ട് പറയുംപോലെ തോന്നി…

” വേണ്ട ഞാൻ കഴിച്ചായിരുന്നു…”

” അത് പിന്നെ അങ്ങനെ ആണല്ലോ കൂടെ വന്ന ഫ്രണ്ടിന് വിശന്ന് കാണും അല്ലേ ഫ്രണ്ടേ… ”

പുള്ളിക്കാരി വിടാൻ ഒരു ഉദ്ദേശവുമില്ല…അതോടെ എനിയും നിന്നാൽ പന്തിയല്ലെന്ന് തോന്നിയ ഞാൻ മുഖത്തൊരു പുഞ്ചിരി ഫിറ്റാക്കി മുകളിലേക്ക് വച്ചു പിടിച്ചു… റൂമിൽ എത്തിയതും ചാടി കേറി കിടക്കയിലേക്ക് വീണു…അല്ലേലും കട്ടിലൊരു വീക്ക്നസ്സാണ് എനിക്ക്… തെറ്റ്ധരിക്കല്ലേ…ഉറക്കം ആണ് ഉദ്ദേശം…

അങ്ങനെ എത്ര സമയം കിടന്നുറങ്ങിയെന്നറിയില്ല…പതിവ് പോലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റത്…

” നിന്നോട് പുറത്ത് പോയി വന്നാ ഡ്രസ്സ് മാറീട്ടെ കിടക്കാൻ പാടുള്ളൂന്ന് പറഞ്ഞിട്ടില്ലേ… അതെങ്ങനെയാ അച്ഛൻ്റെ അല്ലെ മോൻ… ”

അടുത്തിരുന്ന് അമ്മ ചീറുന്നത് ഉറക്ക പിച്ചിലാണേലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു…

” എഴുന്നേറ്റ് വാടാ കുംഭകർണാ…നേരം ഒരുപാടായി…ചെന്ന് ഫ്രഷായി താഴേക്ക് വാടാ… ”

ഞാൻ ഉറക്കം എഴുന്നേൽക്കില്ല എന്ന് കണ്ടപ്പൊ പുള്ളിക്കാരി എൻ്റെ താടിയിലും മുടിയിലും പിടിച്ച് ചെറുതായി വലിക്കാൻ തുടങ്ങി…

” അയ്യോ…ഓടി വായോ…ന്നെ കൊല്ലുന്നേ… ”

ഞാൻ വേദനയിൽ അലറി…പക്ഷെ അവിടുന്ന് ഒരു മയവുമില്ല…ഈ താടി പിടിച്ച് വലിക്കുമ്പോൾ ഉള്ള വേദനാ…അത് ഒന്ന് വേറെ തന്നെയാ…

” ഹാ വേദനിക്കട്ടെ അങ്ങനെ…എല്ലാം മര്യാദയ്ക്ക് വെട്ടി വൃത്തിയിൽ നടക്കാൻ പറഞ്ഞാൽ മോൻ കേൾക്കില്ലാലോ…അപ്പൊ ഞാൻ ഇങ്ങനൊക്കെ ചെയ്യും… ”

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…എന്നിട്ട് മെല്ലെ കൈ വിട്ടു…

” എന്തൊരു കഷ്ടാ ദൈവമേ… മനുഷ്യനെ മെനക്കെടുത്താൻ… ”

ഞാൻ താടിയും തടവിക്കൊണ്ട് എണീറ്റു…മറുപുറത്ത് ചിരി മാത്രം…

” ഈയെടയായി ശല്ല്യം കൂടുതൽ ആണ് കേട്ടോ ഡോക്ടറെ ഇങ്ങനെ ആണെ ഞാൻ എങ്ങോട്ടേലും എറങ്ങി പോവും നോക്കിക്കോ…. ”

ചുമ്മാ പുള്ളിക്കാരിയെ നോക്കി ഒരു കപട ദേഷ്യം കാണിച്ചതാ പക്ഷെ പെട്ടന്ന് അമ്മയുടെ മുഖം ഒക്കെ മാറി…ഒരു സങ്കടം കേറി വന്നു…ഫീലായി കാണും…

” സോറി അമ്മ ഒരു തമാശയ്ക്ക്… മോന് വേദനിച്ചോ… ”

നേർത്ത സ്വരത്തിൽ അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ അറിഞ്ഞു…
” ദേ തൊടങ്ങി മനുഷ്യനൊരു തമാശ പറഞ്ഞൂടെ എൻ്റമോ…ഇങ്ങനൊരു പൊട്ടി പെണ്ണ്…അതെങ്ങനെയാ എൻ്റെ ഡോക്ടറമ്മയ്ക്ക് ഇപ്പോഴും ആ കോളേജ് പെണ്ണിൻ്റെ സ്വഭാവം അല്ലേ…എല്ലാം പെട്ടെന്ന് ഫീലാകും…അച്ഛനെ പറഞ്ഞാ മതി… ”

Leave a Reply

Your email address will not be published. Required fields are marked *