കരയില്ല ഞാൻ Like

കമ്പികഥ – കരയില്ല ഞാൻ

മിനിക്കഥയാണ്. ലൈംഗികമായൊന്നുമില്ല. കരയാനിഷ്ടമില്ലെങ്കിൽ വായിക്കണ്ട.
* * * * * *
ഇന്നു ഞാൻ കരയില്ല.
കഴിഞ്ഞ വർഷം തന്നെ കരഞ്ഞ് കുളമാക്കിയതാണ്.
ഇത്രയും കാലം ഞാൻ ഗൾഫിൽ പോവുമ്പോളൊന്നും ഉപ്പ കരഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ ഒരു വയസ്സ് തികയാത്ത മോളെ വിട്ട് പോവുന്ന സങ്കടത്തിൽ ഞാൻ കരഞ്ഞത് കണ്ട് ഉപ്പയും നിയന്ത്രണം വിട്ടു കരഞ്ഞുപോയി.
ഉമ്മാടെ കാര്യം‌ പിന്നെ പറയേണ്ടതില്ല. കരഞ്ഞൊരു വഴിക്കാവും ഉമ്മ. അതൊക്കെ കാണുമ്പോൾ സങ്കടം വരാതിരിക്കാൻ കല്ലുകൊണ്ടല്ലല്ലോ മനസ്സുണ്ടാക്കിയത്.

പിന്നെ പെങ്ങൾ, അവൾ കരയില്ല. പക്ഷേ, കണ്ണുനീർ തുടച്ചു കൊണ്ടിരിക്കും. കരയുന്നില്ലെന്ന് അഭിനയിക്കും. എന്നാലും ഒടുവിൽ പടിയിറങ്ങുമ്പോൾ ഹാളിന്റെ മൂലയിൽ നിന്നൊരു മുഖം തിരിക്കലുണ്ട്. അത് കണ്ടാൽ‌ പിന്നെ ഇക്കാക്കാന്റെ അടിവയറ്റീന്നൊരാന്തലാണ്, ഒരു‌ പിടച്ചിലാണ്.

അതിനൊക്കെ മുൻപ്, രണ്ടുദിവസമായി കരച്ചിലോടുകരച്ചിലാണെന്റെ ശരിപാതി ഷാനിബ.
എന്നെ ഒറ്റയ്ക്ക് കിട്ടിയാലൊക്കെ പിടിച്ചുവലിച്ച് മുറിയിൽ‌ കൊണ്ടുപോകും. പിന്നെ കെട്ടിപ്പിടിച്ചൊന്നുമ്മ വെയ്ക്കുന്നതിനു മുൻപേ അവളുടെ കണ്ണുനിറഞ്ഞിട്ടുണ്ടാവും, ചുണ്ടുചുവന്നിട്ടുണ്ടാവും. കരിപുരണ്ട കവിളിലൂടെ അടക്കാനാവാത്ത വേദന ഒഴുക്കിത്തീർക്കും. പക്ഷേ, ഇന്നു പോകുമ്പോൾ ഞാൻ കരയില്ല…കരയാൻ പാടില്ല.
“വാപ്പച്ചി പോവുമ്പോ ഇമ്മച്ചി കരയ്മ്പോ വാപ്പച്ചി കരേര്ത് വാപ്പച്ച്യേ.” മോൾടെ കുസൃതി നിറഞ്ഞ വാക്കുകൾ നെഞ്ചിൽ‌ കുപ്പിച്ചില്ലുപോലെ കുത്തിക്കയറിക്കൊണ്ടേയിരിക്കുന്നു. ഇന്നാരാണ് കരയുക? ആരാണ് കരയേണ്ടത്?
മണി നാലിലേയ്ക്കടുക്കുന്നു. എങ്ങിനെ പിടിച്ചുനിൽക്കുമെന്നോർത്ത് നെഞ്ചിൽ ഇടിവെട്ടിത്തുടങ്ങി. കാരണം ഇന്നെനിക്ക്‌ കരയാൻ പാടില്ല. പൊന്നുമോൾക്ക് കൊടുത്ത വാക്കാണത്.
ഇത്തവണ അലിയുടെ ഉമ്മ ചക്കവറുത്തത് കൊടുത്തയച്ചില്ല. വരുമ്പോൾ സജീഷ് പ്രത്യേകം പറഞ്ഞിരുന്നു. “ഇറച്ചി പൊരിച്ചതില്ലാതെ വന്നാൽ അന്നെ ഞാൻ കൊല്ല്വോടാ!” അതിനും കഴിഞ്ഞില്ല

ആകെയുള്ളത് അബുക്കാന്റെ ഷുഗറിനുള്ള കുറച്ചു മരുന്നുകൾ മാത്രം. പിന്നെ ഉമ്മാടെ വക… അതുപിന്നെ‌ അങ്ങിനെയാണല്ലോ. എന്തോ കാലത്തിരിന്ന് നുള്ളിപ്പൊളിച്ച് ചട്ടിയിലിട്ട് വറുത്തിരുന്നു. ഉള്ളിലെന്തോ നീറിപ്പുകഞ്ഞു കണ്ണിലൂടെ പുറത്തേയ്ക്കൊഴുകുമ്പോളൊക്കെ ആരും കാണാതിരിക്കാൻ തട്ടം കൊണ്ടത് തുടച്ചുകൊണ്ടിരുന്നു പൊന്നുമ്മ.

പെട്ടിയിൽ വസ്ത്രങ്ങൾ അടുക്കിവെക്കുന്ന എന്റെ ചെമ്പകപ്പെണ്ണ് അടിയിൽ നിന്ന് അടുക്കുതെറ്റി നുരഞ്ഞുപൊങ്ങുന്നെതെന്തോ ഉള്ളിലടുക്കാൻ പാടുപെട്ട് ഇടയ്ക്ക് ബാത്റൂമിൽ കയറി കതകടച്ച് ടാപ്പ് തുറന്നിട്ടു. ആരും കേൾക്കില്ല താൻ കരയുന്നതെന്ന് പൊട്ടിപ്പെണ്ണ് വെറുതേ വിശ്വസിച്ചു.
ഇല്ല, ഇനിയിവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. പെട്ടെന്നുണ്ടായ ശക്തിയിൽ ബൈക്കെടുത്ത് പള്ളിയിലേയ്ക്ക്. പിറകിലെ പള്ളിക്കാട്ടിനുള്ളിൽ വള്ളിപ്പടർപ്പുകൾ വകഞ്ഞൊതുക്കി കുഞ്ഞുഖബറിനുമുന്നിൽ മുട്ടുകുത്തിനിന്നു. അവൾ കുഞ്ഞല്ലേ, കുനിഞ്ഞിരുന്ന് പറഞ്ഞില്ലെങ്കിൽ അവൾക്ക് കേട്ടില്ലെങ്കിലോ…
“ന്റെ കുഞ്ഞാമിനാ, അന്നോട് ഞാൻ പറഞ്ഞിലേ വാപ്പച്ചി പോവുമ്പോ കരയുല്ലാന്ന്! വാപ്പച്ചിക്ക് അയ്ന്റെ മുന്നെ കരയാലോ…
ഇഞ്ഞി വാപ്പച്ചി പോവുമ്പോ ഇയ്യി കരയൂന്ന് പറഞ്ഞിലേ…
ഇന്ന്ട്ട് കരയാൻ നിക്കാതെ പെട്ടെന്ന് പോയിലേ…”

എന്റെ തൊട്ടടുത്ത് മുങ്ങിത്താവുമ്പോൾ., ഒന്നു പൊങ്ങിയിട്ടുണ്ടാവില്ലേ? അപ്പഴൊന്ന് വാപ്പച്ചിയെന്ന് വിളിക്കാമായിരുന്നു ഒന്നു ശക്തിയിൽ കൈയിട്ടടിച്ചാൽ കേൾക്കുമായിരുന്നു.

മൈലാഞ്ചിച്ചെടിയിനിയും വേരുപിടിച്ചിട്ടുണ്ടാവില്ല. പച്ചമണ്ണുണങ്ങാറായില്ല.
മഴപെയ്തെങ്ങാൻ നനയാതിരുന്നാൽ മതിയെന്റെ കുട്ടിക്ക്.
പൊന്നിൻകുടം കൂരിരുട്ടിൽ പേടിച്ചലറുന്ന മുഖമൊന്ന് കരളിനെ കീറിമുറിച്ചപ്പുറം പോയി. നിന്ന നിൽപ്പിലൊന്ന് മരിച്ചുവീണെങ്കിൽ, ഇന്നുരാത്രി കുഞ്ഞിപ്പൂവിന് കൂട്ടിരിക്കാമായിരുന്നു.
ജീവിക്കാൻ കൊതിയില്ല. പക്ഷേ, മരിക്കാനുമാവില്ല. ഞാനില്ലെങ്കിൽ കരിപുരണ്ട കവിളിലെ കണ്ണുനീർ പിന്നെയാരു തുടക്കും. കരയാനല്ലാതെ കറുത്തൊന്ന് നോക്കാൻ പോലുമറിയാത്ത ഷാനിബയെ സ്നേഹിക്കാനായി ജീവിച്ചേ മതിയാവൂ.

പിന്നെയും അവിടെ നിൽക്കാതെ അവിടുന്ന് ഓടുകയായിരുന്നു. ഒന്നുമല്ല, അവളതെങ്ങാനും കേട്ടാൽ, കിടന്നിടത്തുനിന്നെണീക്കാനാവാതെ ചിണുങ്ങിയാൽ വാപ്പച്ചിയ്ക്ക് പിന്നെ കരഞ്ഞ് കണ്ണു കാണാതാവും… എന്നാലും എന്റെ മോള് എങ്ങനെയാ ടാങ്കിയിൽ പിടിച്ചുകയറി റബ്ബേ… ഉത്തരമില്ലാത്ത ചോദ്യം എനിക്കൊപ്പം ഉറങ്ങാതലഞ്ഞു.
വീട്ടുമുറ്റത്ത് കൂട്ടുകാരന്റെ വണ്ടി വന്നുകിടപ്പുണ്ട്. പെട്ടെന്ന് വസ്ത്രമൊതുക്കിയതും എടുത്ത് വച്ച് ബെൽറ്റും ഷൂവും വിറക്കുന്ന കൈകൾ കൊണ്ട് എങ്ങിനെയൊക്കെയോ വലിച്ചുകെട്ടി. ഇനിയും നിന്നാൽ എനിക്ക് പോകാനാവില്ല. ഷാനിബ ചെങ്കൽപ്രതിമ പോലെ ചുവരിന്റെ മൂലയിൽ അനങ്ങാതെ നിൽപ്പാണ്. പെട്ടെന്നുണ്ടായ കരുത്തിൽ കതകടച്ച് വേദനിക്കുന്ന പെണ്ണിനെ വലിച്ചടുപ്പിച്ച് ചേർത്തുപിടിച്ചു. ചൂടായിരുന്നു കരിപിടിച്ച പൂമേനിയൊന്നാകെ.
കണ്ണുനീർ തിളച്ചുമറിയുമ്പോഴേയ്ക്കും ചങ്കിൽ അമർത്തിയൊന്നുമ്മ വെച്ച് പുറത്തേയ്ക്ക് കുതിച്ചു. അതിനിടയിൽ അവൾ കൈപിടിച്ചൊന്ന് വലിച്ചുവെങ്കിലും തിരിഞ്ഞു നോക്കിയില്ല. നോക്കാനെനിക്ക് ആവുമായിരുന്നില്ല. തിരിച്ചൊരുമ്മ വാങ്ങാനുള്ള കരുത്തില്ലായിരുന്നു. ആ പിടച്ചിലെനിക്ക് കാണണ്ട.
കണ്ണുനിറഞ്ഞൊന്നും കാണുന്നില്ല. ഉമ്മ കരയുന്നതോ പെങ്ങൾ മുഖം തിരിച്ചതോ ഒന്നും. ഒന്നിനും നിന്നു കൊടുത്തില്ല.
കരയില്ല ഞാൻ…കണ്ണുനിറഞ്ഞോട്ടെ എന്നാലും കരയില്ല!
വേഗം വണ്ടിയിൽ കയറി പെട്ടെന്ന് പോകാൻ തിടുക്കം തോന്നി.എല്ലാ തവണയും പോലെ കൂട്ടുകാർ മുറ്റത്ത് ചുറ്റിനിന്നിരുന്നു. ആരും ഒന്നും മിണ്ടിയില്ല…ഞാനും.
എന്റെ അവസ്ഥ കണ്ട പാവങ്ങൾ പെട്ടെന്ന് തന്നെ വണ്ടിയെടുപ്പിച്ചു.‌ ഇനിയാരോടും യാത്രയില്ല.
വണ്ടി പതിയെ റോഡിലേയ്ക്ക് കടന്നപ്പോൾ വെറുതെയൊന്ന് തിരിഞ്ഞു നോക്കി. ഷാനിബ ജനൽ തുറന്നിട്ട് ഒരു കൈ കമ്പിയിൽ മുറുക്കിപ്പിടിച്ചിരിക്കുന്നു. മറുകൈ താടിയിൽ താങ്ങി ചുണ്ടിലമർത്തി വിതുമ്പലൊതുക്കി… വലിച്ചുകെട്ടിയ മണിവീണക്കമ്പിപോലത് കരയാൻ തുടങ്ങുന്നേയുള്ളൂ.
* * * * * *
ഫേയ്സ് ബുക്കിൽ മികച്ച അഭിപ്രായം കിട്ടിയത് കൊണ്ട് ഇവിടെയും തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *