ഇവളെ കാണാന്‍ പാത്തും പതുങ്ങിയും വന്നിരിക്കുകയാണ് ഇവന്‍ , ഗീതു പറഞ്ഞു.
നാളെ ചേട്ടന്‍ വരുമ്പോളും ഇതുപോലെയൊക്കെ പറയണം ചേടത്തി.
പോടാ അവിടുന്ന്.
ചേട്ടന്‍ ഈ കുട്ടിയെ ദിവസവും കാണുന്നതല്ലേ , അതുപോലാണോ ജീവന്‍ ചേട്ടനും ഗീതുചേച്ചിയും കല്യാണത്തിന്‍റെ അന്ന് പോയതല്ലേ ചേട്ടന്‍ .
ഞാനൊരു തമാശ പറഞ്ഞതല്ലേ.
അങ്ങനെ ഓരോ തമാശയും പറഞ്ഞു അവര്‍ അവിടെ ഇരുന്നു.
ഈ സമയം അര്‍ജുനന്‍ തന്‍റെ വീട്ടില്‍ എത്തി അവനെ കണ്ട് രേണുകയും മക്കളും ഓടി വന്നു. അര്‍ജുനന്‍ എന്നും വീട്ടില്‍ പോകാറില്ല. ഇടയ്ക്ക് മാത്രം പോയി വരും. അവന്‍ രേണുകയെ നോക്കി അവളുടെ മുഖം വാടിയിരിക്കുന്നു. എന്തുപറ്റി ? അവന്‍ ചോദിച്ചു. ഏയ് ഒന്നുമില്ല അവള്‍ പറഞ്ഞു. അല്ല അച്ഛാ അമ്മ ഒരു സ്വപ്നം കണ്ടു അതാ.
അതാണോ…. കാര്യം ? അവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്ത് സ്വപ്നമാ നീ കണ്ടത്.
അവന്‍ തിരക്കി. എന്തോ വലിയൊരു അപകട സൂചന എന്നാല്‍ ഒന്നും വ്യക്തമായില്ല. സാരമില്ല ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. അവന്‍ അവളെ സമാധാനിപ്പിച്ചു. നീ വാ എനിക്ക് വിശക്കുന്നു. ഇന്ന് നമ്മുക്ക് എല്ലാവര്ക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം. അവന്‍ രേണുകയെ പിടിച്ചിരുത്തി അവള്‍ക്കും മക്കള്‍ക്കും ആഹാരം വിളമ്പി. ഭക്ഷണം കഴിച്ചു കിടക്കുമ്പോള്‍ രേണുക അവന്‍റെ മാറില്‍ തല ചേര്‍ത്ത് കിടന്നു.
പിറ്റേന്ന് നേരം വെളുത്ത് അര്‍ജുനന്‍ വണ്ടിയൊന്നു കഴുകി കുളിക്കുവനായി പുഴയില്‍ പോയി.രേണുകയും മക്കളും വീട്ടുജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അര്‍ജുനന്‍ പ്രാതല്‍ കഴിച്ചു, പോകാന്‍ ഇറങ്ങി. അയാള്‍ പതിവുപോലെ തന്‍റെ മക്കള്‍ക്കും ഭാര്യയ്ക്കും ഓരോ മുത്തം കൊടുത്ത് പുറപ്പെട്ടു. രേണുകയുടെ ഉള്ളില്‍ അപോഴും ഭയം ഉണ്ടായിരുന്നു. അര്‍ജുനന്‍ എത്തിയതും ജയേഷ് വന്നു വണ്ടിയില്‍ കയറി. ചേട്ടന്‍ വിളിച്ചിരുന്നു. ഫ്ലൈറ്റ് നേരത്തെ ആണെന്ന്. അവര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചു. മൂന്നുമണി ആയപ്പോള്‍ ജീവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി. വന്നയുടനെ ജയേഷിനെയും അര്‍ജുനനേയും കെട്ടിപിടിച്ചു. നിങ്ങളാകെ മാറിപോയല്ലോ അവന്‍ ചോദിച്ചു. ഒരു വര്‍ഷം കഴിഞ്ഞു കാണുന്നത് കൊണ്ട് തോന്നുന്നതാ അര്‍ജുനന്‍ പറഞ്ഞു. മോന്‍ കേറ് വീട്ടില്‍ ചെന്നിട്ടാകാം ബാക്കി.
അതെ അവിടെ ഒരാള്‍ കാണാനായി മുട്ടിനില്‍ക്കാ ജയേഷ് കൂട്ടിച്ചേര്‍ത്തു, ജീവനും അങ്ങനെ ആയിരുന്നു. കല്യാണതിരക്കില്‍ അവളെ ശരിക്കൊന്നു കാണാന്‍ പോലും കിട്ടിയില്ലാ അവന്.അവര്‍ വണ്ടിയില്‍ കയറി വീട്ടിലേയ്ക്ക് തിരിച്ചു, ഈ സമയം ഹൈറേഞ്ചില്‍ വണ്ടി സൈഡാക്കി കാത്തു നില്‍ക്കുകയായിരുന്നു അവര്‍. വര്‍ക്കിയും തോമാച്ചനും ആയിരുന്നു ആ വണ്ടിയില്‍. അഞ്ചുമണി ആകാറായപ്പോള്‍ വിളി വന്നു അവര്‍ അടിവാരം കഴിഞ്ഞു എന്ന്. പൊതുവേ ആ വഴി വണ്ടികള്‍ അധികം പോകാറില്ല. സന്ധ്യയായാല്‍ പ്രത്യേകിച്ചും .
അല്പം കഴിഞ്ഞതും അവരുടെ വണ്ടിയെത്തി. റോഡില്‍ ഒരാള്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നു. അര്‍ജുനനും ജീവനും ജയേഷും ഇറങ്ങി. അര്‍ജുനന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്ന് അയാളെ എടുക്കാനായി കുനിഞ്ഞതും അവന്‍റെ മുതുക് തുളച്ച് ഇരുതല വാള്‍ പുറത്തേയ്ക്ക് വന്നു. അര്‍ജുനന്‍ ചതി മനസിലാക്കി.
ശ്രീധരനായിരുന്നു അത് . ശ്രീധരന്‍ വാള്‍ വലിച്ചൂരി വീണ്ടും കുത്താന്‍ ശ്രമിക്കും മുന്‍പ് അര്‍ജുനന്‍ അവനെ ചവിട്ടി തെറിപ്പിച്ചു. അവന്‍ പുറകിലേയ്ക്ക് തെറിച്ചു വീണു. ഒരു ഞെട്ടലോടെ ജീവനും ജയേഷും നിസഹായരായി നിന്നു. ജീവന്‍ ബാഗില്‍ നിന്നും തന്‍റെ തോക്കെടുത്ത് ശ്രീധരന് നേരെ ചൂണ്ടുമ്പോഴെയ്ക്കും അവന്‍റെ തലക്ക് പിന്നില്‍ ഇരുമ്പുവടികൊണ്ട് ജേക്കബ് ആഞ്ഞടിച്ചു. അടികൊണ്ടതും ജീവന്‍ താഴെ വീണു. അവന്‍റെ തല തകര്‍ന്ന്‍ ചോര തെറിച്ചു. ജേക്കബ് അവന്‍റെ തോക്കെടുത്ത് ജയേഷിനു നേരെ ചുണ്ടി. അനങ്ങി പോകരുത് കൊന്നുകളയും ഞാന്‍. ഈ സമയം അര്‍ജുനന്‍ കുത്തിയ ഭാഗം പൊത്തിപിടിച്ച് ചോദിച്ചു.
