ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

എന്റെ സാറേ.., ആ കാഴ്ച കണ്ടപ്പോൾ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. പിന്നെ ചുമ്മാ അടികൊണ്ട് ചാകണ്ട എന്നുകരുതി സമ്യപനം പാലിച്ചു. അവൾക്കു സീറ്റ്‌ കാണിച്ചു കൊടുത്തു ആ സുന്ദരി എയർഹോസ്റ്റസ് പോയി. ഈ ശാലീന സുന്ദരിയെ വച്ചുനോക്കുമ്പോൾ ആ എയർഹോസ്റ്റസ് ഒട്ടും പോരാ. അങ്ങനെയവൾ എന്റെ അടുത്ത് വന്നിരുന്നു. എന്റമ്മോ, കാച്ചിയ എണ്ണയുടെ മനംമയക്കുന്ന മണം… ഒരുനിമിഷം ഞാനതിൽ ലയിച്ചുപോയി. അപ്പോൾ അവളുടെ കയ്യിൽനിന്നും അവളുടെ ടിക്കറ്റ് എന്റെ അപ്പുറത്തു വന്നു വീണു. ഞാനതെടുത്തു അവൾക്ക് കൊടുത്തു ,
അപ്പോൾ അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് എന്റെ കയ്യിൽ നിന്നും ആ ടിക്കറ്റ് വാങ്ങി.
അങ്ങനെ ആ ഫ്ലൈറ്റ് ഞങ്ങളെയുംകൊണ്ട് ആകാശത്തിലേക്ക് പറന്നുപൊങ്ങി.
അവളുടെ പേടമാൻ കണ്ണുകളിലെ പേടി കണ്ടാലറിയാം ആദ്യമായാണ് ഫ്ലൈറ്റിൽ കയറുന്നതെന്ന്. ഞാനും ആദ്യമായാണ് കയറുന്നത്… പക്ഷെ എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല.
ആ കണ്ണുകളിലെ പേടി മായ്ക്കാൻ ഞാൻ സംസാരിച്ചു തുടങ്ങി.“എന്താ പേര് “…
പെട്ടന്നവൾ എന്റെ വശത്തേക്ക് തിരിഞ്ഞുനോക്കി…
പിന്നെയൊരു നനഞ്ഞ പുഞ്ചിരിയോടെ അവൾ മറുപടി നൽകി

“ ശ്രീദേവി “

“നല്ല ഐശ്വര്യമുള്ള പേര്….. ശെരിക്കും ഇവളൊരു ശ്രീദേവി തന്നെ “ എന്ന് ഞാൻ മനസ്സിലോർത്തു.
ഞാൻ വീണ്ടും സംഭാഷണം തുടന്നു…..

“കാനഡയിൽ എന്താ പരിപാടി….. ചുമ്മാ കറങ്ങാൻ പോകുവാണോ”

“ അല്ല…. ജോലിക്ക് പോകുവാ” അവൾ മറുപടി തന്നു..

“ഏട്ടനല്ലേ… എയർപോർട്ടിൽ ഇരുന്നു നിലവിളിച്ചേ… “

അടിപൊളി.. ഞാനങ്ങു ചമ്മി നാറി ഇല്ലാണ്ടായിപോയി.
പക്ഷെ അത് പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു
“ഇയാളത് കണ്ടാരുന്നല്ലേ”

“ അതേല്ലോ….. ഞാൻ ഏട്ടന്റെ അടുത്തുണ്ടാരുന്നു”
എയർപോർട്ടിൽ ഇവൾ എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിട്ട് ഞാൻ കണ്ടില്ലല്ലോ ഈശ്വരാ…. എന്ന് ഞാൻ ചിന്തിച്ചുപോയി.
ചിലപ്പോൾ ആകാശത്തുവച്ച് സംസാരിച്ചു തുടങ്ങാനായിരിക്കും വിധി.

“അതേ ഞാനൊരു സ്വപ്നം കണ്ടതാ”….എന്നുപറഞ്ഞു ആ സ്വപ്നം അവൾക്ക് പറഞ്ഞുകൊടുത്തു.

പറഞ്ഞുതീർന്നതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. മുത്തുമണി പൊഴിയുന്നപോലെ ആയിരുന്നു അവളുടെ ചിരി. കുറച്ച്നേരം ആ ചിരി തുടർന്നു.

പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു. ഇവളൊരു വായാടി ആണല്ലോ എന്ന് ഞാൻ ചിന്തിച്ചുപോയി. എനിക്ക് സംസാരിക്കാൻ ഒരു അവസരം അവൾ തരുന്നേയില്ല. അവളുടെ ‘ഏട്ടാ’ എന്ന ഈണത്തിലുള്ള വിളികേൾക്കുമ്പോൾ ഒരു പ്രതേക അനുഭൂതി തോന്നി.
അവളുടെ വയസ്സ് ചോദിച്ചപ്പോൾ 22 വയസ്സായി എന്നുപറഞ്ഞു. എന്നെക്കാളും രണ്ടുവയസ്സിനു ഇളയതാണ്. അപ്പൊ പിന്നെ ഏട്ടാ എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റില്ലല്ലോ അല്ലേ….

അങ്ങനെ വീട്ടുകാരെക്കുറിച്ചായി ചർച്ച…. ഞാനെന്റെ ഫാമിലിയെകുറിച്ച് പറഞ്ഞു.അവളുടെ കാര്യങ്ങൾ അവളും.

അവൾക്കൊരു അമ്മയും, അനിയനുമാണുള്ളത്. അനിയൻ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ്.

ഇത്രെയും മാത്രമാണ് അവളെന്നോട് അവളുടെ ഫാമിലിയെപറ്റി പറഞ്ഞത്. ഇത്രെയും നേരം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നവൾ ഫാമിലിയെപ്പറ്റി പറഞ്ഞപ്പോൾ പെട്ടന്ന് സൈലന്റ് ആയി. കൂടാതെ ആ സമയം അവളുടെ മുഖത്ത് വിഷമമാണോ അതോ ടെൻഷൻ ആണോ എന്ന് നിർവചിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ നിഴലിച്ചിരുന്നു. അതെന്നിൽ സംശയങ്ങൾ ഉളവാക്കി. ഇവൾ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിക്കാരിയുടെ വായാടി മോഡ് ഓണായി. പിന്നെ നിർത്താതെ സംസാരം. മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞേയില്ല….

ഞങ്ങളുടെ ഫ്ലൈറ്റ് ലാൻഡ്‌ചെയ്തു. എയർപോർട്ടിലെ പ്രോസസ്സ് എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. യാത്ര പറഞ്ഞു പിരിയുമ്പോൾ അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘങ്ങൾ ഇരുണ്ടുകൂടിയിരുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല…. അങ്ങനെ ഞങ്ങൾ രണ്ടുവഴിക്ക് പിരിഞ്ഞു.

കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഞാൻ കാലങ്ങളായി സ്വപ്നം കാണുന്ന ക്യാനഡ എന്ന മനോഹരമായ നഗരത്തിലെത്തി.

എന്റെയൊരു സുഹൃത്തിന് ഇവിടെ വീടുണ്ട്. പക്ഷെ അവനിപ്പോൾ കുടുംബത്തോടൊപ്പം ലണ്ടനിലാണ്. വീട് ഒഴിഞ്ഞുകിടക്കുകയാണെന്ന് സാരം. അവനെന്നോട് അവിടെ താമസിച്ചോളാൻ പറഞ്ഞതുകൊണ്ട് താമസസൗകര്യം ചുളുവിന്‌ സെറ്റായി.
ഞാനൊരു ടാക്സി പിടിച്ചു, അഡ്രസ്സ് ടാക്സി ഡ്രൈവറെ കാണിച്ചു അവിടേക്ക് യാത്ര തിരിച്ചു. ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു അവിടേക്ക്. അവസാനം എത്തേണ്ടടുത്തു എത്തി. ആദ്യംതന്നെ ഒന്ന് കുളിച്ചു ഫ്രഷായി.
നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.
ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……

“”ശ്രീദേവി “”

തുടരും.

( നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു. തുടരണോ വേണ്ടയോ എന്നും പറയുക )

Leave a Reply

Your email address will not be published. Required fields are marked *