തലമുടി ഈറൻ മാറാൻ തോർത്തു കൊണ്ട് കെട്ടി വച്ചു. തലയിൽ രാസ്നാദി തിരുമ്മി. നെറ്റിയിൽ ഭസ്മക്കുറി വരച്ചു. നേരെ താഴേയ്ക്ക് ചെന്നു. സോഫയിൽ ഇരുന്ന് അനിയും കുട്ടനും പഞ്ചാബി ഹൗസ് കാണുന്നു. അമ്മ അടുക്കളയിലാണ്.
അമ്മുമ്മയുടെ മുറിയിൽ നിന്നും പതിഞ്ഞ സ്വരത്തിൽ നാമജപം കേൾക്കുന്നുണ്ട്. സഹോദരങ്ങൾ ആരും നോക്കാതെ കയ്യൊഴിഞ തന്റെ അമ്മയെ വേണുവിന്റെ നിർബന്ധപ്രകാരമാണ് രേവതി ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. ആ ദിവസത്തിന് ശേഷമാണ് ആ അമ്മ സ്വസ്ഥമായി ഉറങ്ങി തുടങ്ങിയത്. അനു നേരെ അടുക്കളയിലേക്ക് കയറി.
“ആ മോളെ.. നിനക്കിത് എന്ത് പറ്റിയതാ.. ഈ നേരത്ത് ഇങ്ങനെ ഒരുറക്കം പതിവില്ലാത്തത് ആണല്ലോ ”
“അറിയില്ലമേ.. ഉച്ചയ്ക്ക് ആ വെയിലത്തൊക്കെ വന്നതിന്റെ ക്ഷീണം ആവണം.. നാളെയും ക്ലാസ് ഇല്ലാന്ന് ഇപ്പൊ ദേ ഗ്രൂപ്പിൽ മെസേജ് വന്നു”
“ആണോ.. മ്മ് ശെരി ശെരി… ദേ ആറും മുന്നേ ആ ചായ എടുത്ത് കുടിക്ക്”
അനു നേരെ മുന്നിലായി അടച്ചുവച്ചിരിക്കുന്ന ചായക്കപ്പെടുത്ത് ഹാളിലേക്ക് നടന്നു.
“അനുവേയ്.. എന്തായിരുന്നു ഇന്ന് കോളേജിൽ പ്രശ്നം. വൻ അടിയൊക്കെ ആയെന്ന് അറിഞ്ഞു. ദേ ചാനലിലൊക്കെ കാണിക്കുന്നുണ്ടായിരുന്നു. നാളെ അവധിയാന്നൊക്കെ പറയുന്ന്”
അനി, അനുവിനെ നോക്കി പറഞ്ഞു.
“ആ ഏട്ടാ.. മാനേജ്മെന്റ് ആയുള്ള എന്തോ പ്രശ്നം. ക്ലാസില്ലാത്ത കാര്യം ഗ്രൂപ്പിൽ കണ്ടിരുന്നു.”
അനു യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. ഒരു വിധത്തിലും ഇന്ന് നടന്ന കാര്യങ്ങളൊക്കെ താൻ കണ്ടുവെന്ന് ചേട്ടന്മാർ അറിയാൻ ഇടവരരുത്. അത് അവൾക്ക് നിർബന്ധം ആയിരുന്നു. ചായ കുടി കഴിഞ്ഞ് അൽപനേരം അവിടെ ഇരുന്നിട്ട് അനു നേരെ മുറിയിലേക്ക് കയറി. ചാർജിൽ വച്ചിരുന്ന ഫോണെടുത്ത് നോക്കി.
‘3 മിസ്സ്ഡ് കോൾസ് ഫ്രം ഗായു❤️’
അനുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗായത്രി അഥവാ ഗായു. കോളേജ് ഇല്ലാത്ത വിവരം അറിഞ്ഞോ എന്ന് ചോദിക്കാൻ വിളിച്ചതാവണം. സാധാരണ കോളേജ് അവധി വരുന്ന ദിവസങ്ങളിൽ ഇവരുടെ ഒരു ഗാങ് എവിടെങ്കിലും ഒക്കെ കറങ്ങാൻ പോവാറാണ് പതിവ്. അതിനും കൂടി ആകണം ഈ കോളുകൾ. പക്ഷെ തിരിച്ചു വിളിച്ചു സംസാരിക്കാൻ ഉള്ള ഒരു മനസ് അനുവിന് ഇല്ലായിരുന്നു. അവൾ നേരെ കട്ടിലിലേക്ക് ചെന്ന് കിടന്നു.
മനസ്സിൽ വീണ്ടും എന്തൊക്കെയോ തികട്ടി വരുന്നുണ്ട്. താഴെ അനി വണ്ടി സ്റ്റാർട്ട് ആക്കുന്ന ഒച്ച കേൾക്കുന്നുണ്ട്. അനു മുറിക്ക് പുറത്തിറങ്ങി താഴേയ്ക്ക് നോക്കി. ഹാളിൽ അച്ഛൻ ഇരിക്കുന്നുണ്ട്. അമ്മയോട് സംസാരിക്കുന്നു. കുട്ടൻ ഫോണും നോക്കി ഇരിക്കുന്നു. അനുവിന് അമ്മയെക്കാളും ഒരു പൊടിക്ക് ഇഷ്ടക്കൂടുതൽ അച്ഛനോടാണ്.
അത് പിന്നെ ആൺമക്കൾക്ക് അമ്മയോടും, പെണ്മക്കൾക്ക് അച്ഛനോടും എന്നാണല്ലോ. അവൾ നേരെ താഴേയ്ക്ക് ചെന്നു. അമ്മയ്ക്കും അച്ഛന്റേം ഇടയിലേക്ക് ഇടിച്ചുകേറി ഇരുന്നു. അച്ഛനെയും കെട്ടിപ്പിടിച്ച് അവൾ ടീവിയും കണ്ട് ഇരുന്നു. വേണുവിനും രേവതിക്കും ഒക്കെ ഇത് സ്ഥിരം കാഴ്ച്ച തന്നെയാണ്.
“അമ്മേ.. അനിയേട്ടൻ എങ്ങോട്ടാ പോയെ..”
അനു രേവതിയോട് ചോദിച്ചു.
“ഇപ്പോൾ വരാന്ന് പറഞ്ഞു പോയതാ മോളെ… ഏട്ടാ അല്ലേലും അവനിത്തിരി കറക്കം ഈ ഇട ആയിട്ട് കൂടി വരുന്നുണ്ട്. ഒന്ന് ശ്രദ്ധിക്കണം”
രേവതി വേണുവിനെ നോക്കി പറഞ്ഞു.
വേണു മറുപടി ഒന്നും പറയാതെ ടീവിയിൽ തന്നെ നോക്കിയിരുന്നു.
കുട്ടൻ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഇരിപ്പുണ്ട്.
രാത്രി 9.15
മേശയ്ക്ക് ചുറ്റും എല്ലാവരും ഇരിക്കുന്നുണ്ട്. രാവിലെ ഭക്ഷണം പല നേരങ്ങളിൽ ആണെങ്കിലും രാത്രിയിലേത് എല്ലാവരും ഒരുമിച്ച് വേണമെന്ന് വേണുവിന് നിർബന്ധം ആണ്. അതായത് കുടുംബത്തിലെ എല്ലാവരും ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. അതായിരുന്നു വേണുവിന് നിർബന്ധം. അങ്ങനെ അമ്മുമ്മ ഒഴികെ എല്ലാവരും അത്താഴം കഴിക്കുന്നു. മരുന്നുള്ളതുകൊണ്ട് കഞ്ഞി കുടിച് അമ്മുമ്മ ഈ നേരം ഉറക്കമാവും.
ഭക്ഷണം കഴിഞ്ഞ് എല്ലാവരും മുറികളിലേക്ക് മടങ്ങി. നാളെ വെള്ളിയാഴ്ച ആണ്. അനുവിന് നാളെ കൂടി അവധി ആകുമ്പോൾ ഞായർ ഉൾപ്പെടെ 3 ദിവസത്തെ അവധിയാണ്. അതുകൊണ്ട് തന്നെ ഇന്ന് ഒന്നും പഠിക്കണ്ട എന്നവൾ തീരുമാനിച്ചു.
