ഗൂഫി ആൻഡ് കവാർഡ് 28അടിപൊളി 

 

“അനീറ്റ വിളിക്കലില്ലേ ചേടത്തീ? എലിസബത്ത് ഒരു മൂന്നാല് മാസം മുന്നേ എന്നെ വിളിച്ചായിരുന്നു”

 

“അനീറ്റയ്ക്ക് അയർലണ്ടിൽ സിറ്റിസൺഷിപ്പ് കിട്ടി. ഇനി ഇങ്ങോട്ട് ഇല്ലത്രേ. എലിസബത്ത് ഓസ്ട്രേലിയയിൽ സ്ഥിരമായി നിക്കാനുള്ള പ്ലാനിലാ. കഴിഞ്ഞ മാസം വന്നു രണ്ടാഴ്ച നിന്ന് പോയി. വയസ്സ് കാലത്ത് മക്കളൊക്കെ അങ്ങ് ദൂരെ ആയിപ്പോയി. ഇപ്പോ ഞങ്ങള് രണ്ട് ആത്മാക്കൾ മാത്രം ഉണ്ടിവിടെ”

 

അന്നമ്മ ചെടത്തിയുടെ കണ്ണ് നിറഞ്ഞു. രേണു പറയുന്ന പോലെ തന്നെ. പാവങ്ങൾ രണ്ടും ഒറ്റക്കായി.

 

“കുഞ്ഞൂട്ടൻ ഉണ്ടായിരുന്നപ്പോ ഒരാളുണ്ടായിരുന്നു. നിങ്ങളും കോഴിക്കോട് അല്ലേ. ഇതൊരു രണ്ട് ദിവസത്തെ ഏർപ്പാടേ ഉള്ളൂ. മറ്റന്നാള് തന്നെ നിങ്ങക്ക് കോഴിക്കോടിന് പോവാം”

 

“ഞങ്ങള് ഇപ്രാവശ്യം കുറച്ചു ദിവസം നിക്കാന്നു വിചാരിച്ചാ. ചെറിയച്ഛൻ്റെ അടുത്തൊക്കെ പോയിട്ട് ഒരു കൊല്ലത്തിലേറെയായി. അവിടെയും പോണം. കുടുംബ ക്ഷേത്രത്തിലും പോണം”

 

“അപ്പോ എത്ര നാള്ണ്ടാവും ഇവിടെ”?

“ഒരു രണ്ട് മാസം”

“രണ്ട് മാസത്തിന് നിക്കാൻ പറ്റുന്ന കോലത്തിലാക്കിയോ വീട്? വെച്ചുണ്ടാക്കണ്ടേ? പട്ടണത്തിലെ പോലെ ഇവിടെ ഒന്നും കിട്ടില്ല. ബത്തേരി ആണെങ്കിൽ കുറച്ചു ദൂരത്താ. എന്താപ്പോ ചെയ്യാ”?

“ഗ്യാസ് കണക്ഷൻ കിട്ടുവാണേൽ”..

“രണ്ടു മാസത്തിനൊന്നും കണക്ഷൻ കിട്ടുകേല. എടുത്തിട്ടും ഉപകാരമില്ല. അതൊക്കെ കിട്ടി വരുമ്പോഴേക്ക് രണ്ട് മാസം കഴിയും”

“ഒരു കാര്യം ചെയ്യ് കണ്ണാ. ഗോഡൗണിൽ സിലിണ്ടർ ഉണ്ടാവും. നീലക്കുറ്റിയാണ്. എന്നാലും സാരല്ല. അജ്മലിനോട് പറഞ്ഞാ മതി. തൽക്കാലം അത് മതിയാവും”

കുറച്ച് നേരം കൂടി ഇരുന്ന് ചായ ഒക്കെ കുടിച്ച് ഞങ്ങൾ ഇറങ്ങി.

 

 

സർപ്പകാവിന്റെ അവിടെ എത്തിയപ്പോ രേണു നടത്തം നിർത്തി എൻ്റെ നേരെ തിരിഞ്ഞു നിന്നു.

 

“എന്താ രേണു ? പാമ്പിനെയെങ്ങാനും കണ്ടോ”?

ഞാൻ ചുറ്റും നോക്കി.

“നീ എന്നെ ഒറ്റക്കാക്കി പോകില്ലേ”?

“അതെന്തേ ഇപ്പോ അങ്ങനെ തോന്നാൻ”?

“നീ ഇറ്റലിയിൽ പോകാനിരിക്കുവല്ലേ”?

 

അതാണ് കാര്യം. രേണുവിന് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. അതാണ് ഇങ്ങനെ ഒറ്റക്കായി പോവുമോ എന്നുള്ള പേടി. ഒരുപാട് പ്രാവശ്യം റീ അഷ്വർ ചെയ്തിട്ടും ഇത് തന്നെയാണല്ലോ അവസ്ഥ. മനസ്സിൻ്റെ ഉള്ളിലുള്ള പേടിയാണത്. ഇനിയിപ്പോ എന്ത് പറഞ്ഞിട്ടാ ഞാൻ ആശ്വസിപ്പിക്കുന്നത്.

 

” അതേ മിനിഞ്ഞാന്ന് സത്യം ചെയ്തത് ഓർമ്മണ്ടോ അമ്മ കുട്ടിക്ക്? അത് തന്നെയാ ഞാൻ ഇപ്പോഴും പറയുന്നേ. ഞാൻ എങ്ങാനും ദ്വാരകക്ക് പോവാണേൽ രേണുവിനേം കൊണ്ടു പോകും. പോരേ അമ്മക്കുട്ട്യേ”?

 

രേണു ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കി നിൽക്കുകയാണ്.

 

“നോക്ക് രേണു, ഞാൻ രേണുവിന്റെ അത്ര ഇന്റലിജന്റ് അല്ലല്ലോ. ഇറ്റ് ടേക്സ്‌ മി എ വൈൽ ടു അണ്ടർസ്റ്റാൻഡ് തിങ്സ്. എനിക്ക് സമയം ഉള്ളത് കൊണ്ട് ഞാൻ രേണുവിനെ അറിയാൻ നോക്കും. എന്താ ഈ പേടിയുടെ കാരണന്നറിയണമല്ലോ”

“അറിഞ്ഞു കഴിഞ്ഞാൽ നീ ഏന്തു ചെയ്യും കണ്ണാ”?

 

“ഞാൻ അത് ഇല്ലാതാക്കാൻ നോക്കും. പേടിയുടെ കാരണമെന്താന്നറിയാതെ പേടി ഇല്ലാതാക്കാൻ പറ്റില്ലല്ലോ രേണു”

“പേടിയുടെ കാരണമെന്താന്ന് എനിക്കും അറിഞ്ഞൂടാ കണ്ണാ. ഒറ്റക്കായി പോയാലോ എന്നൊരു പേടി എപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഉണ്ട്”

“ഇപ്പൊ ഞാൻ കൂടെയില്ലേ രേണു”

ഞാൻ രേണുവിനെ ചേർത്ത് പിടിച്ചു.

” അതേ ഇവിടെ നിക്കുന്നത് അത്ര നല്ലതല്ലാട്ടോ രേണു. എന്തെങ്കിലും പേടി തട്ടിയാൽ പിന്നെ അത് മതിയാവും. അതുമാത്രല്ല ഞാനൊറ്റക്കാണേന്നു പറഞ്ഞു കരഞ്ഞാൽ ഇവിടെ ഉള്ള ആരേലും ഒക്കെ കൂടെ വരും. അതതിനേക്കാളും വലിയ ബുദ്ധിമുട്ടാവും”

 

രേണു എടുക്കാൻ കൈ നീട്ടി.

 

“ഈയിടെയായിട്ടു കൊഞ്ചൽ കുറച്ചു കൂടിയിട്ടുണ്ടല്ലോ രേണു. നടക്കാൻ ഭയങ്കര മടിയാല്ലേ അമ്മക്കുട്ടിക്ക്”

“എന്റെ കണ്ണനോടല്ലേ. വഴിയേ പോകുന്നവരുടെ അടുത്ത് പോയല്ലല്ലോ ഞാൻ എടുക്കാൻ പറയുന്നത്”

അത് ശരിയാ. എന്റടുത്താണല്ലോ എടുക്കാൻ പറയുന്നത്. ഞാൻ അതോർത്ത് സമാധാനിച്ചു. രേണുവിനെ എടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു

.

“അവിടെ അടങ്ങി കിടക്ക് രേണു”

 

നടക്കുന്നതിനിടെ താടിക്ക് പിടിച്ചു വലിക്കുകയാണ് രേണു.

 

“എനിക്കിഷ്ടം തോന്നീട്ടല്ലേ കണ്ണാ”

 

രേണു കവിളിൽ ഒരുമ്മ തന്നു.

 

പഞ്ചായത്ത് ഓഫീസിൽ പോകണം ഇന്ന്. ഞാനും രേണുവും രാവിലെ തന്നെ ഇറങ്ങി. പഞ്ചായത്തിൽ ചെന്നപ്പോൾ ചുള്ളിയോടുള്ള റോയി ചേട്ടനുണ്ട് അവിടെ. നെന്മേനിയിലെ പഞ്ചായത്ത് സെക്രട്ടറി ഇപ്പൊ മൂപ്പരാണ്. രേണു പോയി കുശലം പറഞ്ഞ് പരിചയം പുതുക്കി. മാമൂൽ കുശലം പറച്ചിലിനു ശേഷം ഞങ്ങൾ പ്രസിഡൻ്റ് വരാൻ കാത്തിരുന്നു. കുറച്ചേറെ വർഷങ്ങളായിട്ട് അയനിക്കൽ സാറാമ്മ ചേടത്തി തന്നെയാണ് പ്രസിഡൻ്റ്. സ്റ്റാഫ്‌ ഒക്കെ വളരെ നല്ല പെരുമാറ്റമായിരുന്നു.

അവിടുത്തെ കാര്യങ്ങളൊക്കെ പെട്ടെന്ന് കഴിഞ്ഞു. പിന്നെ വില്ലേജിലേക്ക്. വില്ലേജ് ഓഫീസർ ഉച്ചക്ക് ഫീൽഡിൽ പോയതാണ്. വീട്ടിൽ പോയി ചോറുണ്ട് വരുന്നതിനാണ് ഫീൽഡ് സന്ദർശനമെന്ന ഓമനപ്പേര്. അങ്ങേര് വരാൻ കുറച്ചു വൈകി. വില്ലേജിൽ കുറച്ചു ബുദ്ധിമുട്ടുണ്ടായി. വർഗീസേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അതും കഴിഞ്ഞു. മൂന്നര ഒക്കെയായപ്പോ തിരിച്ച് വീട്ടിലെത്തി.അങ്ങനെ ആ ദിവസം കഴിഞ്ഞു.

 

രാവിലെ ഞാൻ കുളിക്കാൻ പോകുമ്പോഴുണ്ട് രേണു കുളിയൊക്കെ കഴിഞ്ഞ് അടുക്കളയുടെ പുറകു വശത്തുള്ള തിണ്ടിൽ നിന്ന് മുടി ചിക്കുന്നു.

 

“തട്ടും പുറത്ത്ന്ന് ആ ഉരുളി ഒന്നു എടുത്തു താ കണ്ണാ”

“എന്തിനാ രേണു ആ വലിയ ഉരുളി”?

“ആവശ്യമുണ്ട് കണ്ണാ. എടുത്തു താ”

ഞാൻ തട്ടിൻ പുറത്തു കയറി. പഴയ ഓട്ടു പാത്രങ്ങളും കുത്തുവിളക്കും നിലവിളക്കുകളും പൂജാ പാത്രങ്ങളും ഒക്കെ ചിതറി കിടക്കുന്നു. ഒരു മൂലയിലുണ്ട് രേണു ആവശ്യപ്പെട്ട ആ വലിയ ഉരുളി. ഇതില് രണ്ടാൾക്ക് ഇരുന്നു വെള്ളത്തിൽ തുഴഞ്ഞു പോകാം. എന്തിനാണാവോ രേണുവിന് ഇത്. ഉള്ളിലുള്ള ചെറിയ കുറേ സാധനങ്ങൾ എടുത്ത് പുറത്തിട്ട് ഞാനതു തലയിൽ കമഴ്ത്തി എങ്ങനെ ഒക്കെയോ താഴെ ഇറക്കി.

 

കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സൊക്കെ മാറ്റി ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുകയാണ്. രേണു എന്നെ തന്നെ നോക്കി കട്ടിലിൽ ഇരിക്കുന്നുണ്ട്.

 

“ഇപ്പൊ കണ്ടാൽ ഞാനൊരു സുന്ദരനല്ലേ രേണു”?

“ആ എനിക്കറിഞ്ഞൂടാ. പക്ഷെ കണ്ണെടുക്കാൻ തോന്നുന്നില്ല കണ്ണാ”

“അപ്പോ സുന്ദരൻ തന്നെ”

ഞാൻ ഡോക്യൂമെന്റസ് എടുത്തു രേണുവിന്റ അടുത്ത് ചെന്നു.

“ഇന്നിപ്പോ രേണു വരേണ്ട കാര്യമില്ലല്ലോ”

“എന്നാ പോയിട്ട് വാ കണ്ണാ”

Leave a Reply

Your email address will not be published. Required fields are marked *