“ക്ഷീണത്തിൻ്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ ചേടത്തി നല്ലത്. കുറേ ദൂരം ഒറ്റ ഇരുപ്പായിരുന്നു. റോഡും മോശം. വന്നിട്ട് വീടും വൃത്തിയാക്കി. അവന് അതൊന്നും ശീലമില്ലല്ലോ. അതാ”
രേണുവിൻ്റെ മറുപടി ചേടത്തിക്ക് ബോധിച്ചു. അല്ലാതെ രാത്രി മുഴുവൻ കുത്തിമറിഞ്ഞതിൻ്റെ ക്ഷീണമാന്നെങ്ങനെയാ മുഖത്ത് നോക്കി പറയുന്നേ. രേണു എന്നെ ഒറ്റക്കാക്കി ചേടത്തിയുടെ കൂടെ അകത്തേക്ക് പോയി.
“പിന്നെ എന്തൊക്കെയാ കണ്ണാ വിശേഷങ്ങൾ”?
“അങ്ങനെ പോകുന്നു”
“കുറച്ചു നാള് മുന്നേ ഞാനതിലേ ഒന്ന് വന്നായിരുന്നു. നിങ്ങള് രണ്ടും തമിഴ്നാട്ടിൽ എങ്ങാണ്ട് പോയതായിരുന്നു”
“എന്നിട്ടെന്തേ ചേട്ടാ പറയാഞ്ഞത്? ഞങ്ങളറിഞ്ഞില്ലല്ലോ”
“നിൻ്റെ അമ്മയെ വിളിച്ചു ചോദിച്ചപ്പോഴാ അറിഞ്ഞത് നിങ്ങൾ തമിഴ്നാട്ടിലാന്ന്”
“കോളേജിലെ ഒരു ആവശ്യത്തിന് പോയതാ. ചെറിയ ഒരു പ്രൊജക്റ്റ്”
“ഉം..”
വർഗീസ് ചേട്ടൻ അകത്തോട്ടു പോയ രേണുവിനെ തിരയുകയാണ്. കണ്ണ് ശരിക്ക്
പിടിക്കുന്നുണ്ടാവില്ല.
“പിന്നെ മോനേ നിൻ്റെ വീഡിയോ ഒക്കെ ഞങ്ങള് കാണാറുണ്ട്. വയസായതുകൊണ്ട് വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ. എന്തേലും വായിക്കാന്നു വെച്ചാൽ കണ്ണും പിടിക്കുന്നില്ല. ഞാൻ പിന്നെ കൊച്ചു മക്കൾക്ക് ഒക്കെ അയച്ചുകൊടുക്കും.അവര് നിന്റെ വല്യ ആരാധകരാ. മുഖം മറച്ചായതു കൊണ്ട് ആളാരാന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നേയുള്ളൂ”
ഞാനൊന്നു ചിരിച്ചു കാണിച്ചു. അല്ലാതെ എന്തു പറയാനാണ്.
“കൃഷി എങ്ങനെണ്ട് വർഗീസേട്ടാ”?
രേണു കയ്യിൽ ഒരു കാസറോളുമായി വന്നു വാതിൽക്കൽ നിന്നു.
“വരൾച്ചയാ മോളേ.വേനൽ മഴ പെയ്താ മതിയായിരുന്നു. ഇപ്പൊ തന്നെ കാട്ടിലുള്ളവരൊക്ക നാട്ടിലെത്തി. വാകേരിയിലെ ഉസ്മാന്റെ വാഴത്തോട്ടം ഒരു കൊമ്പൻ മിനിഞ്ഞാന്ന് വന്നു കുത്തി നിരത്തിയിട്ടു പോയി”
“അയ്യോ കഷ്ടായല്ലോ”
“ഇവിടുത്തെ കാര്യോം കണക്കാ. പഴയതൊന്നും അങ്ങ് ശരിയാവാത്തോണ്ട് ഞാനിപ്പോ പുതിയ രീതി നോക്കുവാ. കൃഷിവകുപ്പിലെ ജയകൃഷ്ണൻ പറഞ്ഞതാ. നല്ല വില കിട്ടുന്നത് മാത്രം കൃഷി ചെയ്യുക. അതും പെട്ടെന്ന് വിളവെടുക്കാൻ പറ്റുന്നത്. പഴയപോലെ വെച്ചോണ്ടിരുന്നാൽ വേറെ പലരും വന്ന് വയറ്റിലാക്കും.
ഇപ്പൊ മാർക്കറ്റ് നോക്കി വില കിട്ടുന്നത് മാത്രേ കൃഷിചെയ്യുന്നുള്ളൂ. കഴിഞ്ഞ വർഷം തന്നെ മുന്നൂറ്റമ്പത് കിലോ കൂവ പൊടിയാ വിറ്റത്. നേരിട്ട് ഫാം പ്രോഡക്ടസ് എന്ന പേരിൽ അജ്മലിന്റെ കൊറിയർ സർവീസ് വഴിയാ ഇടപാട്. ഇപ്രാവശ്യവും പടിഞ്ഞാറുള്ള പറമ്പിൽ കൂവയാ. വേനൽ മഴ പെയ്യുവാണേൽ നല്ലതായിരിക്കും”
“അനീറ്റ വിളിക്കലില്ലേ ചേടത്തീ? എലിസബത്ത് ഒരു മൂന്നാല് മാസം മുന്നേ എന്നെ വിളിച്ചായിരുന്നു”
“അനീറ്റയ്ക്ക് അയർലണ്ടിൽ സിറ്റിസൺഷിപ്പ് കിട്ടി. ഇനി ഇങ്ങോട്ട് ഇല്ലത്രേ. എലിസബത്ത് ഓസ്ട്രേലിയയിൽ സ്ഥിരമായി നിക്കാനുള്ള പ്ലാനിലാ. കഴിഞ്ഞ മാസം വന്നു രണ്ടാഴ്ച നിന്ന് പോയി. വയസ്സ് കാലത്ത് മക്കളൊക്കെ അങ്ങ് ദൂരെ ആയിപ്പോയി. ഇപ്പോ ഞങ്ങള് രണ്ട് ആത്മാക്കൾ മാത്രം ഉണ്ടിവിടെ”
അന്നമ്മ ചെടത്തിയുടെ കണ്ണ് നിറഞ്ഞു. രേണു പറയുന്ന പോലെ തന്നെ. പാവങ്ങൾ രണ്ടും ഒറ്റക്കായി.
“കുഞ്ഞൂട്ടൻ ഉണ്ടായിരുന്നപ്പോ ഒരാളുണ്ടായിരുന്നു. നിങ്ങളും കോഴിക്കോട് അല്ലേ. ഇതൊരു രണ്ട് ദിവസത്തെ ഏർപ്പാടേ ഉള്ളൂ. മറ്റന്നാള് തന്നെ നിങ്ങക്ക് കോഴിക്കോടിന് പോവാം”
“ഞങ്ങള് ഇപ്രാവശ്യം കുറച്ചു ദിവസം നിക്കാന്നു വിചാരിച്ചാ. ചെറിയച്ഛൻ്റെ അടുത്തൊക്കെ പോയിട്ട് ഒരു കൊല്ലത്തിലേറെയായി. അവിടെയും പോണം. കുടുംബ ക്ഷേത്രത്തിലും പോണം”
“അപ്പോ എത്ര നാള്ണ്ടാവും ഇവിടെ”?
“ഒരു രണ്ട് മാസം”
“രണ്ട് മാസത്തിന് നിക്കാൻ പറ്റുന്ന കോലത്തിലാക്കിയോ വീട്? വെച്ചുണ്ടാക്കണ്ടേ? പട്ടണത്തിലെ പോലെ ഇവിടെ ഒന്നും കിട്ടില്ല. ബത്തേരി ആണെങ്കിൽ കുറച്ചു ദൂരത്താ. എന്താപ്പോ ചെയ്യാ”?
“ഗ്യാസ് കണക്ഷൻ കിട്ടുവാണേൽ”..
