ഗോൾ – 5അടിപൊളി  

അവന്റെ തന്നെ കുറ്റമാണ്…

അവൾ പതിയെ പടികളിറങ്ങി…

അബ്ദുറഹ്മാൻ പത്രവായനയിലായിരുന്നു …

അവൾ ബാപ്പയ്ക്ക് ചായയുമായി ചെന്നു..

“ ഓൻ വിളിച്ചിട്ടില്ല, അല്ലേ..?”

അവളുടെ മുഖം കണ്ടെതും അയാൾ ചോദിച്ചു..

“” ഇല്ലുപ്പാ… “

അവൾ പുറത്തേക്ക് നോക്കി…

അബ്ദുറഹ്മാൻ വായിച്ചു കൊണ്ടിരുന്ന പേപ്പർ മടക്കി ഒന്നു നിവർന്നിരുന്നു…

“” പിള്ളേരുടെ മനസ്സല്ലേ… എന്താ ഏതാന്ന് ആർക്കറിയാം…?””

സുഹാന ബാപ്പയുടെ നേർക്ക് മുഖം തിരിച്ചു..

“ കടയിലിരിക്കാൻ അവനു മടിയായപ്പോഴും അവന് കളിച്ചു നടക്കാൻ അവസരം കൊടുത്തപ്പോഴും അവൻ പറഞ്ഞതെല്ലാം നീ കേൾക്കുമെന്ന് കരുതിക്കാണും… “

അബ്ദുറഹ്മാൻ ചായ ഒരിറക്ക് കുടിച്ചു…

“” ആ നീ തല്ലിയത് അവന് സഹിച്ചിട്ടുണ്ടാവില്ല…… “

ഒരു ചെറിയ മിന്നൽ സുഹാനയുടെ ഹൃദയത്തിലുണ്ടായി……

“” പൊരയ്ക്കകത്തേക്ക് കയറാൻ പോലും കൂട്ടാക്കിയില്ലല്ലോ ഇയ്യ്‌…….”

ശരിയാണെന്ന് സുഹാന ഓർത്തു…

കൺമുന്നിൽ കാണുന്ന മുറ്റത്തുവെച്ചാണ് അവനെ തല്ലിയത്……

അയൽപക്കത്തോ , റോഡിലോ ആരെങ്കിലും ഉണ്ടോ എന്നു പോലും താൻ നോക്കിയില്ല… ….

അതിന് ദേഷ്യം സമ്മതിച്ചില്ലല്ലോ… ….

തെറ്റു ചെയ്താലും അഭിമാനബോധത്തെ ചോദ്യം ചെയ്യുക ആർക്കും ഇഷ്ടമാകാത്ത കാര്യമാണ്……

ആൺകുട്ടികൾക്ക് പ്രത്യേകിച്ച്… ….

“ പിണക്കമൊക്കെ മാറുമ്പോൾ അവൻ വിളിച്ചോളും…”

പറഞ്ഞിട്ട് അബ്ദുറഹ്മാൻ എഴുന്നേറ്റു…

ഒഴിഞ്ഞ ഗ്ലാസ്സുമായി കിച്ചണിലേക്ക് നടക്കുമ്പോൾ ബാപ്പ പറഞ്ഞ കാര്യമായിരുന്നു സുഹാനയുടെ ഉളളിൽ…

തന്റെ പെരുമാറ്റമായിരിക്കാം സല്ലുവിന്റെ മാറ്റത്തിന് കാരണം..

ബാപ്പ അവനെ രക്ഷപ്പെടുത്തുന്നു……

താനവനെ തല്ലുന്നു…

ഉമ്മയവനോട് സംസാരിക്കാനേ നിന്നിട്ടില്ല…

ഷെരീഫിക്കായും ഒന്നും ചെയ്തിട്ടില്ല……

സഫ്ന, കളിയാക്കിയതല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല എന്നാണ് അവൾ പറഞ്ഞ അറിവ് …..

പ്രതികരിച്ചത് താൻ മാത്രമാണ്……

അത് തന്റെ കടമയായിരുന്നു…

പക്ഷേ, അതാരും , പ്രത്യേകിച്ച് സല്ലു മനസ്സിലാക്കിയിട്ടില്ല…….

മനസ്സിലാക്കുന്ന കാലത്ത് അവൻ വിളിച്ചാൽ മതി…….!

ഒരു തരം പ്രതികാര ബുദ്ധിയോടെ , തന്റെ ശരിയിൽ മുറുകെ പിടിച്ച് സുഹാന ജോലികൾ ചെയ്തു തുടങ്ങി..

അന്ന് നേരത്തെ ജോലികൾ തീർന്നു…

നേരത്തെ തന്നെ കുളിയും കഴിഞ്ഞു…

കുളി കഴിഞ്ഞ് സുഹാന സഫ്നയുടെ ഇറക്കമുള്ള പഴയ സ്കർട്ടും, ഷർട്ടും എടുത്ത് ധരിച്ചു…

അവളങ്ങനെയാണ് …

മാക്സി പൊതുവേ ധരിക്കാറില്ല… ….

ചുരിദാറാണ് കൂടുതലും ഉപയോഗിക്കുക..

പർദ്ദ ഏതെങ്കിലും മതപരമായ കാര്യങ്ങൾക്കു പങ്കെടുക്കുമ്പോൾ മാത്രം…… !

വീട്ടിൽ ഇന്നത് എന്നില്ല…….

സഫ്ന , ഉപേക്ഷിച്ചു പോയ ഒരുപാട് വസ്ത്രങ്ങളുണ്ട്…

അത് കുറേയൊക്കെ അയൽപക്കത്തെ കുട്ടികൾക്ക് കൊടുത്തെങ്കിലും പിന്നെയും ബാക്കിയാണ്…

ശരീര വലുപ്പം ഇല്ലാത്തതുകൊണ്ട് സുഹാന എന്ത് ധരിച്ചാലും ആർക്കും പ്രശ്‌നമല്ലായിരുന്നു…

ഭക്ഷണം കഴിച്ച് വന്ന ശേഷം സുഹാന ഫോണെടുത്ത് ഒന്ന് നോക്കി…

സല്ലുവിന്റേതായി ഒന്നുമില്ല…

വാട്സാപ്പിൽ ന്യൂ കോൺടാക്റ്റ് സെർച്ച് ചെയ്തപ്പോൾ സല്ലുവിന്റെ പുതിയ നമ്പറിലെ ഡി.പി അവൾ കണ്ടു…

ഒരു ഫുട്ബോൾ……….

മിസ്സ് എവരിതിംഗ്…….

അതിനു താഴെ എഴുതിയിരിക്കുന്നു…

സുഹാനക്ക് കലി കയറി…

ഓന്റെ ഫുട്ബോൾ ഭ്രാന്ത്……….

അവനിനി ഇങ്ങോട്ട് വരണമെന്നില്ല…

മരുഭൂമിയിൽ കിടക്കട്ടെ…

അവളാ നിമിഷം അങ്ങനെ ചിന്തിച്ചു……

വൈകുന്നേരമായി……….

അബ്ദുറഹ്മാൻ വന്നു…

രാത്രിയായി……..

ന്യൂസ് ചാനലിൽ ചർച്ച തുടങ്ങി… ….

അത്താഴം കഴിഞ്ഞു…

സുഹാന മുകളിലേക്ക് കയറി…

ഷെരീഫിന്റെ വോയ്സ്…….

അതിൽ സല്ലുവിനെക്കുറിച്ച് പരാമർശമില്ല……

സഫ്നയുടെ വോയ്സ്……….

അവൾ സ്വന്തമായി മന്തിയുണ്ടാക്കിയതിന്റെ ഫോട്ടോയും വിശേഷങ്ങളും…….

സാധാരണ അതിന്റെ വിശേഷങ്ങളുമായി ഉറക്കം വരുന്നതു വരെ വോയ്സിട്ടു സമയം കളഞ്ഞിരുന്ന സുഹാന വാട്സാപ്പ് ക്ലോസ് ചെയ്തു…….

ഒന്നിനും തോന്നുന്നില്ല……….

തനിക്ക് എന്തുപറ്റിയെന്ന് അവൾ വെറുതെ ചിന്തിച്ചു…

ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ അവൾക്ക് ഒരു കാര്യം മനസ്സിലായി…

താൻ പറയുന്നത് കേൾക്കാൻ ആരുമില്ല ഇവിടെ……..

ബാപ്പയും ഉമ്മയും പറയുന്നത് താൻ അനുസരിക്കണം..

തനിക്ക് പറഞ്ഞ് അനുസരിപ്പിക്കാൻ ഉണ്ടായിരുന്നത് സഫ്നയും സല്ലുവുമായിരുന്നു…

സഫ്ന പോയി… ….

ഇപ്പോഴിതാ സല്ലുവും… ….

സ്കൂട്ടി കൊണ്ടു തരാനും , ഉമ്മയുടെയും ഉപ്പയുടെയും കാര്യങ്ങൾ തിരക്കാനും നിർദ്ദേശിക്കാനും താൻ ഒരേ ദിവസം അവനെ പല തവണ വിളിച്ചിട്ടുണ്ട്…….

തന്നെ കേൾക്കാൻ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ………..

അവൻ പിന്നീട് പറയുന്ന നുണകൾ, നുണകളാണെന്ന് അറിഞ്ഞു തന്നെ താൻ ആസ്വദിക്കാറുമുണ്ടായിരുന്നു…

ഇപ്പോഴുള്ള തന്റെ മനസ്സിന്റെ ശൂന്യതയ്ക്കും വിരസതയ്ക്കും കാരണം എന്താണെന്ന് സുഹാന പതിയെ തിരിച്ചറിയുകയായിരുന്നു……

ഖുർ-ആനും ഹദീസുമായി നടക്കുന്ന ഉമ്മ………….!

രാഷ്ട്രീയവുമായി ബാപ്പ……..!

വല്ലപ്പോഴും വരുന്ന ഷെരീഫിക്കാ… ….

ബാക്കിയുള്ളവരും തിരക്കിലാണ്…….

തിരക്കില്ലാത്തത് സുഹാനക്ക് മാത്രം… ….

അല്ല , സല്ലുവിനും ഒരുവിധത്തിലുള്ള തിരക്കുമില്ലായിരുന്നു…

തന്നെ സ്കൂട്ടി ഓടിക്കാൻ പഠിപ്പിച്ചത് അവനായിരുന്നു…

ആദ്യകാലങ്ങളിൽ തന്നെ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരുകയും ചെയ്തിരുന്നത് അവനായിരുന്നു…

അന്നൊക്കെ എന്ത് രസമായിരുന്നു…

താൻ ഒരിക്കലും സ്കൂട്ടി ഓടിക്കാൻ പഠിക്കില്ല എന്ന് സഫ്ന  പറഞ്ഞപ്പോൾ സല്ലുവിനായിരുന്നു തന്നേക്കാൾ വാശി…

തന്റെ ലൈസൻസ് കയ്യിൽ കിട്ടിയപ്പോൾ സഫ്നയോട് ബെറ്റു വെച്ച പണം തന്റെ അക്കൗണ്ടിലേക്ക് ഇട്ടു തരാൻ നിർബന്ധിച്ചതും അവളോർത്തു……

ലൈസൻസ് കിട്ടിയതും താനാണ് അവനെ ഒഴിവാക്കിയത്…….

അവൻ വയലിലേക്കും പോയി… ….

തന്റെ ചിറകിനടിയിൽ ഉണ്ടായിരുന്നപ്പോൾ അവൻ പ്രശ്നക്കാരനല്ലായിരുന്നു…

ചിന്തകൾക്കൊടുവിൽ അവൾ മയങ്ങിപ്പോയി… ….

മയക്കം കഴിഞ്ഞ് കുറേ നേരം സുഹാന മിഴികൾ തുറന്നു കിടന്നു… ….

പതിയെ കൈകൾ നിരക്കി അവൾ ഫോണെടുത്തു നോക്കി……

1:20………..

അത്ഭുതം കൊണ്ട് അവളുടെ മയക്കം വിട്ടകന്നു… ….

ഇന്നലെ ഉണർന്നതും ഇതേ സമയത്താണല്ലോ എന്നവൾ ഓർത്തു……

വാട്സാപ്പിൽ കുറേയധികം മെസ്സേജുകളുണ്ടായിരുന്നു..

സല്ലുവിന്റെ മാത്രം ഇല്ല…….!

സുഹാനയുടെ മനസ്സൊന്നിടിഞ്ഞു…

അവൾ അവന്റെ പ്രൊഫൈലിൽ വെറുതെ ടച്ച് ചെയ്തു…….

ഓൺലൈൻ……..!!

അവളൊന്നുണർന്നു പിടഞ്ഞു……

സല്ലു…

തന്റെ മകൻ ഓൺലൈനിലുണ്ട്…

ഒന്നു മിന്നി ഓൺലൈൻ ബാർ അണഞ്ഞു…

വല്ലാത്തൊരു പരവേശത്തിൽ അവൾ ധൃതിയിൽ ടൈപ്പ് ചെയ്തു…

“ ടാ… …. സല്ലു…”

ഓൺലൈൻ ബാർ തെളിഞ്ഞതും രണ്ട് ടിക് വീണു…

അടുത്ത നിമിഷം ഗ്രീൻ ടിക് വീണതും സുഹാന ശ്വാസമടക്കി ഫോണിലേക്ക് നോക്കിയിരുന്നു……

കുറച്ചു നേരത്തേക്ക് റിപ്ലെ ഒന്നും വന്നില്ല……