ഞാൻ വണ്ടി ചവിട്ടി നിർത്തി ഇറങ്ങിയതുംരംഗം ഒന്ന് നിശബ്ദമായി. എന്റെ രൂപം അതിനു പോന്നതായിരുന്നു. കണ്ണീരോലിപ്പിച്ചു നിന്ന സമീറയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി ഇന്നോവയുടെ പിറകിലേക്ക് ഇട്ടു . കൊച്ചിനെയും എടുത്തുയർത്തി പിറകിൽ ഇരുത്തി. അവളുടെ കൈയിൽ പിടിച്ചു മുൻ വശത്തെ ഡോർ തുറന്നു നേരെ അവളെ മുന്നിലേക്ക് കയറ്റി.
പിന്നെ മറ്റാരെയും ശ്രദ്ധിക്കാതെ ഞാൻ വണ്ടിയിലേക്ക് കയറി. വണ്ടി തിരിച്ചു. വണ്ടിയിൽ ഇരുന് കരയുന്ന സമീറയോട് ഞാൻ ചൂടായി. അത് കണ്ടു കുഞ്ഞു പേടിച്ചപ്പോൾ മാത്രമാണ് ഞാൻ ഒന്ന് അയഞ്ഞത്. വണ്ടി നേരെ ചെന്നു നിന്നത് തൃപ്പുണിത്തുറ പോലിസ് സ്റ്റേഷനിൽ ആണ്.
അവിടെ അച്ചുവും, അവന്റെ ഒരു പരിചയക്കാരൻ പാർട്ടിക്കാരനും ഉണ്ടായിരുന്നു. പകച്ചു നോക്കിയിരുന്ന സമീറയോട് വരാൻ പറഞ്ഞ ശേഷം ഞാൻ പുറത്തിറങ്ങി. പിന്നെ ഡോർ തുറന്നു കുഞ്ഞിനെ എടുത്തു. ഒന്ന് മടിച്ചെങ്കിലും ഞാൻ ബലമായി അവളെ എടുത്തു കൊണ്ട് അച്ചുവിന്റെ അടുത്തേക്ക് നടന്നു. സമീറ പിന്നാലെയെത്തി.
അവരുടെ ഒപ്പം കേറി. ആദ്യം എസ് ഐ യേയും, പിന്നെ സി ഐ യേയും കണ്ടു. സമീറ യുടെ ഭാഗവും, അവൾ പൂർണ്ണ സമമ്തത്തോടെയാണ് എന്നോടൊപ്പം വരുന്നത് എന്നത് രേഖമൂലം അവിടെ എഴുതി നൽകി. ഏതാണ്ട് ഒരു മണിക്കൂറോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി. അച്ചുവിനോട് പാർട്ടിക്കാരനെ സെറ്റിൽ ചെയ്യാൻ പറഞ്ഞ ശേഷം ഞങ്ങൾ വണ്ടിയിൽ കേറി. വണ്ടി ഹിൽ പാലസ് റോഡിലേക്ക് തിരിയാതെ ഹൈവേ പിടിച്ചു ഉദയം പേരൂർ വഴി മുന്നോട്ടു കുതിച്ചപ്പോൾ സമീറയെന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല. ഏതാണ്ട് നാലരമണിക്കൂർ കൊണ്ട് ഞങ്ങൾ തിരുവനന്തപുരത്തെത്തി. ഇടയ്ക്ക് കുഞ്ഞിന് വെള്ളം വാങ്ങിക്കൊടുക്കാൻ നിർത്തിയത് ഒഴിച്ചാൽ യാത്ര നോൺ സ്റ്റോപ്പ് ആയിരുന്നു. യാത്രയിൽ ഉടനീളം ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. വണ്ടി നേരെ ചെന്നു നിന്നത് അന്ന് വാടകക്ക് എടുത്ത വീട്ടിൽ ആയിരുന്നു. ഞാൻ ഇറങ്ങി, സമീറയും ഇറങ്ങി. ഞാൻ ഡോർ തുറന്നു ബാഗ് എടുത്തു. പരിചയമില്ലാത്ത സ്ഥലവും, വീടും കണ്ടു ചുറ്റും നോക്കി കൊണ്ട് കുഞ്ഞും ഇറങ്ങി.
അന്നൊരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് അവർക്കു വേണ്ട, അല്ല വീട്ടിലേക്ക് കൂടി വേണ്ട സാധനങ്ങൾ എല്ലാം ഞാനും, അവളും കൂടി പോയ് വാങ്ങി. അവളുടെ വീട്ടുകാർ പരാതി കൊടുക്കാൻ പോയെങ്കിലും സ്റ്റേഷനിൽ അവളുടെ മൊഴി ഉള്ളതിനാൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഞാൻ രണ്ട് ദിവസം അവിടെ നിന്നു. സമീറ ഒന്ന് ഓക്കേ ആയെന്ന് തോന്നിയപ്പോൾ ഞാൻ തിരികെ എറണാകുളത്തേക്ക് പോന്നു. അവൾ ഒറ്റക്ക് നിന്ന് ശീലിക്കണമെന്നത് എനിക്ക് നിർബന്ധമുണ്ടായിരുന്നു. വീട്ടിൽ ജോലിക്ക് ഒരു സ്ത്രീയെ ഏർപ്പാട് ആക്കിയിരുന്നു. എന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന സമീറയുടെ സ്കൂട്ടർ അച്ചു കൊണ്ട് വന്നു.
ഏകദേശം എല്ലാം സെറ്റ് ആയെന്ന് തോന്നിയത്തും ഞാനും മടങ്ങി. ഇപ്പോൾ ഒരു മാസമായി ഞാൻ ആഴ്ചയിൽ ഒന്ന് പോകും, സമീറ ഷോപ്പിൽ പോയി തുടങ്ങിയതോടെ ആക്റ്റീവ് ആയി തുടങ്ങി. പിന്നെ വിവാഹ രെജിസ്ട്രേഷൻ ഞങ്ങൾ ഒന്ന് നീട്ടി വച്ചു. സമീറയുടെ ഡിവോഴ്സ് പേപ്പറുകൾ ഇപ്പോഴും കോടതിയിൽ ആണ്. കൂടെ കൊച്ചിനെ പൂർണ്ണമായും വിട്ടു കിട്ടാനുള്ള കേസും ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ്. നമ്മുടെ കോടതികൾ അല്ലേ സമയമെടുക്കും..
————————————————————-
“അജൂ ഇതാ സ്റ്റോക്ക് റിപ്പോർട്ട്..” ജോളി എന്റെ നേർക്ക് പേപ്പേഴ്സ് നീട്ടി.
ഞാൻ അത് വാങ്ങി നോക്കി. പിന്നെ മേശയിലേക്ക് ഇട്ടു.
“ആർജെ സിൽക്സിന്റെ ഓർഡർ പോയോ?”
“അത് ഇല്ല…”
“ഇല്ലേ? അത് എന്താ?”
“അത് കുറച്ചു കൂടി ബാക്കിയുണ്ട്. ”
“നിങ്ങളെന്താ തമാശ കളിക്കുവാ,? അവരുടെ സാധനം വന്നിട്ട് വേണം കൊല്ലത്തേക്ക് സാധനം അയയ്യ്ക്കാൻ. ഇന്ന് തന്നെ ആ ഓർഡർ പോകണം. ”
“മ് ഹം” ജോളി തല കുലുക്കി.
“തല കുലുക്കിയാൽ പോര ജോളി. ഇന്ന് തന്നെ നടക്കണം.” ഞാൻ കർശനമായി പറഞ്ഞു.
