തപസ്സ് – 1

അടുത്തദിവസം പോകണം. രാവിലെ തന്നെ മാർക്കറ്റിലൊക്കെ പോയി. കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി. ബാഗും ഷൂവുമെല്ലാം എടുത്തു വൃത്തിയാക്കി വെയിലത്തുവച്ചു. ഈ തിരക്കിനിടയിൽ അവളെ ശ്രദ്ധിച്ചില്ല. പിന്നെ പകലൊന്നും സംസാരിക്കാൻ അവസരവും കിട്ടിയില്ല. ഏതായാലും രാത്രി മെസ്സേജ് അയക്കാം എന്നൊരു ആശ്വാസം. രാത്രി പാക്കിങ് ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ വിചാരിച്ചപോലെ തന്നെ മെസ്സേജ് വന്നു.
“രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരെ ?”
ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു, എൻറെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.

“പറ്റില്ല പോകണം, റിസർവേഷൻ ഒക്കെ ചെയ്തതാണ്..ഞാൻ മെസ്സേജ് അയക്കാം” എന്നുഞാൻ റിപ്ലൈ കൊടുത്തു.
പക്ഷെ മനസ്സിൽ ഒരു ഭാരം. ഒരിക്കലും തിരിച്ചുപോകുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇനി അവളെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. ആ ചിന്ത എന്നെ വീണ്ടും വിഷമിപ്പിച്ചു. അനുഭവിച്ചവർക്കേ അത് മനസിലാകൂ. അവളെയും കൊണ്ടുപോയാലോ എന്നുവരെ ഞാൻ ചിന്തിച്ചു. പിന്നെയെന്തോ അത് വേണ്ടെന്നുവച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല എന്നല്ല ഉറങ്ങാൻ തോന്നുന്നില്ല.

“അടുക്കള ഭാഗത്തേക്ക് ഇപ്പോൾ വരാമോ?” എല്ലാവരും ഉറങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ മെസ്സേജ് അയച്ചു.
എന്തിനാണെന്നൊന്നും അറിയില്ല. അങ്ങനെ തോന്നി.
” ഇരുട്ടല്ലേ എനിക്ക് പേടിയാ” റിപ്ലൈ വന്നു
” ഞാൻ വരാം എന്നിട്ടു വന്നാൽ മതി” ഞാൻ പറഞ്ഞു.
റൂമിൽനിന്നും പുറത്തിറങ്ങി അടുക്കള വാതിലിലൂടെ വെളിയിലെത്തി കാത്തുനിന്നു. അവളുടെ റൂമിൽ ലൈറ്റ് തെളിയുന്നതും കതകു തുറക്കുന്നതും ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു.”പുറത്തെ ലൈറ്റ് ഇടേണ്ട” ഞാൻ ഒരു മെസ്സജുകൂടി അയച്ചു. അവളുടെ അടുക്കള വാതിൽ തുറന്നു ആരോ പുറത്തേക്കിറങ്ങിയത് ഞാൻ കണ്ടു.

അവൾ എന്റെ അടുത്തേക്ക് വന്നു. ശോഭ ആ ഇരുട്ടിലും ശോഭിക്കുന്നുണ്ടായിരുന്നു . ഞാൻ അവളെ ഞാൻ ഒന്നടങ്കം വാരിപ്പുണർന്നു. അവൾ എന്നിലേക്ക്‌ ചേർന്നുനിന്നു. അവളുടെ ഗന്ധം എന്നെ വിവശനാക്കി. ഞാൻ അവളുടെ കഴുത്തിൽ മുഖമമർത്തി നിന്നു. “പോകട്ടെ” അവൾ എൻറെ കാതിൽ പറഞ്ഞു. “കുറച്ചു നേരംകൂടി പ്ളീസ്” ഞാൻ കെഞ്ചി. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ അധരങ്ങളുടെ രുചി…!! വിശന്നു വലഞ്ഞവനെപ്പോലെ അതുഞാൻ നുണഞ്ഞുകൊണ്ടിരുന്നു . അവളുടെ ശ്വാസം എൻറെ മുഖത്ത് ശക്തിയായി അടിക്കുന്നുണ്ടായിരുന്നു.ഇരുട്ടിൽ

അവളുടെ കണ്ണുകൾ തിളങ്ങുന്നതുപോലെ എനിക്കുതോന്നി. അവൾ അകന്നുമാറി. “പോവാ”എന്നോട് മനസ്സില്ലാമനസോടെയെന്നവണ്ണം അവൾ പറഞ്ഞു. എന്നിട്ടു പതിയെ തിരിച്ചുനടന്നു. അവളുടെ റൂമിലെ ലൈറ്റ് കെടുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു.

ആവേശവും ആഗ്രഹങ്ങളും ഒട്ടും കുറഞ്ഞിട്ടില്ല. എങ്കിലും തിരിച്ചു ആന്ധ്രയിലേക്കു യാത്രയായി. എന്തോ കളഞ്ഞുപോയതുപോലെ ഒരു ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. വിളിക്കാൻ ഒരു നിവർത്തിയുമില്ല. വീട്ടിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ. അതുകൊണ്ടു മെസ്സേജ് മാത്രം അയച്ചുകൊണ്ടിരുന്നു. ട്രെയിൻ യാത്രയിൽ ഫോണിൽ റേഞ്ച് ഉണ്ടാകാറില്ല. അല്ലെങ്കിൽ ഏതെങ്കിലും സ്റ്റേഷൻ എത്തണം. അവളോട് സംസാരിക്കാൻ ഞാൻ പാടുപെട്ടു. എന്തായാലും റൂമിലെത്തിയശേഷം അവളെ വിളിച്ചു. അമ്മയുടെ ഫോൺ കിട്ടുന്നില്ല എന്നുംപറഞ്ഞാണ് വിളിച്ചത്. അതുകൊണ്ടു അമ്മയോടും സംസാരിച്ചു. പിന്നെയെല്ലാം മെസ്സേജിൽ തന്നെ.

കണ്ണും മൂക്കും ബുദ്ധിയും ഒന്നുമില്ലാത്ത പ്രണയം എന്ന പുതിയ ഒരു ലോകത്തിൽ ഞാൻ എത്തിപ്പെട്ടതിന്റെ സന്തോഷവും നിർവൃതിയും നിർവചിക്കാനാകാത്തതായിരുന്നു. അതുകൊണ്ടാകും എല്ലാവരും പ്രണയത്തെ ഇഷ്ടപ്പെടുന്നത്. എൻറെ പ്രണയത്തിന്റെ സന്മാർഗികതയൊന്നും ഞാൻ അന്വേഷിച്ചില്ല. എന്തായാലും ആ സമയങ്ങളിലൊന്നും അവളോട്‌ ലൈംഗികമായ ഒരു ആസക്തി തോന്നിയിരുന്നില്ല. എന്തായാലും സംസാരിക്കാൻ ഒരു വഴി അവൾതന്നെ കണ്ടുപിടിച്ചു. കുട്ടി അപ്പോൾ LKG യിലാണ് പഠിച്ചിരുന്നത്. കുറച്ചു ദൂരെ വരെയേ സ്‌കൂൾബസ്സ് വരൂ. അവിടെവരെ കുട്ടിയെ കൊണ്ടുപോകാനും വിളിച്ചുകൊണ്ടുവരാനുമൊക്കെ അവൾപോകുമായിരുന്നു. ആ സമയം പ്രയോജനപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ എൻറെ അടുത്ത ലീവ് വരെ കാര്യങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരുന്നു.

എന്നും രാവിലയേയും വൈകിട്ടും അവളുടെ കിളിനാദം കേൾക്കുമായിരുന്നെങ്കിലും രാത്രി അവളോട് സംസാരിക്കാൻ ഞാൻ ഒരുപാടുകൊതിച്ചു. അവൾ വിളിക്കുമ്പോഴെല്ലാം ഞാൻ ഓഫീസിലായിരിക്കും. മനസ്സുതുറന്നു സംസാരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. പിന്നെ അവൾ ആഴചയിലൊരിക്കൽ അവളുടെ വീട്ടിൽ പോയിത്തുടങ്ങി. അതോടെ എല്ലാ ആഴ്ചയിലും ഒരുദിവസം അവളോട് രാത്രിയും സംസാരിക്കാൻ കഴിഞ്ഞു.

സൂര്യനുതാഴെയുള്ള എല്ലാസംഭവങ്ങളും ഞങ്ങളുടെ സംസാരവിഷയമായിരുന്നു. എൻറെ കൊച്ചുകൊച്ചു തമാശകളും കഥകളും അവളുടെ പ്രണയഗാനങ്ങളും ഞങ്ങളുടെ സന്തോഷത്തിൻറെ അതിരുകൾ ഭേദിച്ചു. അതിനിടയിൽ ഞാൻ ഒരു പ്രോഗ്രാമിങ് കോഴ്സും ചെയ്യുന്നുണ്ടായിരുന്നു. അത് തീരാതെ നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയുമായി. അവളുമൊത്തുള്ള ദിവസങ്ങളെക്കുറിച്ച് സ്വപ്‌നങ്ങൾ കണ്ടുകൊണ്ടു ദിവസങ്ങൾ കഴിച്ചുകൂട്ടി.

അങ്ങനെ ആ നാൾ വന്നെത്തി….ഞാൻ നാട്ടിലേക്ക് തിരിച്ചു. ഏറ്റവും സന്തോഷകരമായ ഒരു യാത്ര. ഒരുപക്ഷെ അതുപോലെ ഒരിക്കൽപ്പോലും എനിക്ക് ആസ്വദിച്ചു ഒരു യാത്രചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവളുടെ മെസ്സേജുകൾ എന്നെത്തേടി വന്നുകൊണ്ടിരുന്നു. “ഇപ്പോൾ എവിടെയാ…ഇനി എത്ര സമയം വേണം” എന്നൊക്കെ. ശബരി എക്സ്പ്രസ്സ് എന്നെയും എൻറെ സ്വപ്നങ്ങളെയുംകൊണ്ട് കേരളത്തിലേക്ക് കുതിച്ചെത്തി.

റെയിൽവേ സ്റ്റേഷനിൽനിന്നും വീട്ടിലേക്കു ഒരു പതിനഞ്ചു കിലോമീറ്ററുണ്ട്. സ്റ്റേഷനിൽ കൂട്ടുകാരൻ വണ്ടിയുമായി വന്നിരുന്നു. ബാറിലും ഹോട്ടലിലുമൊക്കെ കയറി ആഘോഷമായാണ് റെയിൽവേ സ്റ്റേഷൻ മുതൽ വീടുവരെയുള്ള യാത്ര. പക്ഷെ ഇത്തവണമാത്രം എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽമതി. കാരണം എന്നയുംകാത്ത് പൂമുഖവാതിലിൽ ഒരാൾ നിൽക്കുന്നുണ്ടാവും.

പ്രതീക്ഷിച്ചപോലെതന്നെ പൂമുഖവാതിലിൽ അവളുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ഒരു മണവാട്ടിയെപ്പോലെ തോന്നി. അവൾ കുറച്ചുകൂടി സുന്ദരിയായിരിക്കുന്നു. ആയിരം സൂര്യകാന്തി വിടർന്നപോലെ അവൾ എന്നെനോക്കി പുഞ്ചിരിച്ചു. യാത്രക്ഷീണമെല്ലാം പമ്പകടന്നു. ഓടിച്ചെന്നു അവളെ കെട്ടിപ്പുണരാൻ എനിക്കുതോന്നീ. എൻറെ ശോഭേ നീ ഇത്രയും കാലം എവിടെയായിരുന്നു..? നിന്നെ ഒരുനോക്കുകാണുമ്പോൾ ഈ സന്തോഷമെങ്കിൽ ഒരുനൂറുജന്മം നിന്നെ കണ്ടുകൊണ്ടിരിക്കാൻ ഞാൻ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *