തൃപ്തി

നീണ്ട ഒരു തീവ്ര പ്രണയത്തിനുശേഷമായിരുന്നു അയാളുടെ വിവാഹം നടന്നത്. ആർഭാടങ്ങളുടെ പിൻ ബലമില്ലാതെ അവൻ ആ കഴുത്തിൽ താലി ചാർത്തിയപ്പോൾ പ്രണയസാക്ഷാത്ക്കാരത്തിനുപരി ജീവിതയാഥാർത്ഥ്യത്തെപ്പററിയുള്ള വ്യാകുലതകൾ അവരിൽ നിറഞ്ഞുനിന്നു. കാരണം ആ വിവാഹം നഷ്ടപ്പെടുത്തിയത് ബന്ധങ്ങളുടെ കണ്ണികളെ ആയിരുന്നു. അവന്റെ ആ കൊച്ചു സ്വപ്നക്കൂട്ടിൽ ജീവിത സ്വപ്നങ്ങൾ നെയ്തുക്കൂട്ടിയ മധുവിധു നാളുകക്ക് കുറച്ചു മാസങ്ങളുടെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ. ഒരു ബൈക്ക് ആക്സിഡന്റിൽ അവളുടെ ശരീരത്തിന്റെ അരയ്ക്കുകീഴ്‌ഭാഗം തളർന്നു പോയി. അവളുടെ നട്ടെല്ലിനേറ്റക്ഷതം അവൾക്ക് തളർന്ന ഭാഗത്തെ സ്പർശനം തിരിച്ചറിയാനുള്ള ശേക്ഷിയെ ഇല്ലാതാക്കി.

പരസഹായമില്ലാതെ അവൾക്ക് പ്രാഥമികകൃത്യങ്ങൾ പേലും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ വിധിയുടെ മുന്നിൽ തളരാതെ ജീവിതത്തോട് അവർ പടവെട്ടി. നീണ്ട വർഷത്തെ ചികിത്സകൾക്ക് ഫലം കണ്ടില്ല, എങ്കിലും അദ്ധ്വാനത്തിലൂടെയും പരസ്പര സ്നേഹത്തിലൂടെയും അവർ ഒന്നര വർഷം തള്ളി നീക്കി.

അവന്റെ ബാധ്യതകൾ ഏറിവന്നപ്പോൾ, അദ്ധ്വാന ഭാരത്താൽ അവളുടെ കാര്യത്തിൽ ഒരു ശ്രദ്ധക്കുറവ് അനുഭവപ്പെട്ടു. പ്രതിവിധിയായി ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കാൻ തീരുമാനിച്ചു. മൂന്നുമാസങ്ങൾക്കുമുമ്പ് അവൾ ഞങ്ങളുടെ സ്വപ്നക്കൂടിൽ അതിഥിയായി എത്തി. അവൾ അവന്റെ ഭാര്യയെ നല്ല വണ്ണം പരിചരിച്ചു. പെട്ടന്നു തന്നെ അവരുടെ ജീവിതവുമായി ഇഴുകിച്ചേർന്നു. അവളുടെ ദുഃഖങ്ങൾക്കും കഷ്ടതകൾക്കും, താങ്ങും തണലുമായി അയാളും നിലകൊണ്ടു.

പലപ്പോഴും അവളെ സഹായിക്കാൻ അയാളും ശ്രമിച്ചിരുന്നു ഭാര്യയുടെ കിടപ്പറ വൃത്തിയാക്കുന്നതിനിടയിൽ അവളുടെ നിറഞ്ഞു വിടർന്ന മുടിക്കെട്ടുകൾ അയാളുടെ മുഖധാവിലുരസ്സി. ചെമ്പരത്തിയുടെ ഇലപിഴിഞ്ഞ ഒരു നറുമണമായിരുന്നു അവളുടെ മുടിക്കെട്ടിന്‌. അവന്റെ രോമകൂപങ്ങളിൽ നിന്നും അഗ്നി പുകഞ്ഞു.

ഭാര്യയുടെ ദൈന്യത നിറഞ്ഞ നോട്ടങ്ങൾ അയാളുടെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അവൾക്ക് തന്റെ മനസ്സ് വായിക്കാനറിയാമായിരുന്നു. ഒരിക്കൽ അവൾക്ക് ആഹാരം കൊടുക്കുന്ന സമയത്ത് ആ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ അയാളുടെ കൈകളിൽ പിടിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് കെഞ്ചി.

“എന്നെ ഒന്ന് തീർത്തുതരാമോ…. എല്ലാവർക്കും ഭാരമായി ഈ ജീവിതം ഇനി എത്രനാൾ….?” വിതുമ്പലുകൾക്കിടയിൽ അവൾക്ക് വാക്കുകളെ മുഴുമിക്കാനാവുന്നില്ല.

“ഏയ് മോളു… എന്താ ഇത്…. ഇപ്പോൾ എന്തു പറ്റി ഇങ്ങനെ ഒക്കെ തോന്നാൻ.”

“സന്ദീപേട്ടാ…… എനിക്ക് മറ്റാരെക്കാളും ആ മനസ്സ് കാണാൻ സാധിക്കും, അതിലെ വികാരങ്ങളും…… അവള് പാവമാണ്……. അവൾക്കു പിറകിൽ ഒരു കുടുബമുണ്ട്…. അവളെ……..” അവൾ ശബ്ദം ഉയർത്തികരഞ്ഞു…… അയാൾ അവളുടെ വായ്പൊത്തി.

“എന്താ മോളു നീ പറയുന്നത്…… ഇല്ലാ….. ഞാനാരിക്കലും അവളെ………” പാതിമുറിഞ്ഞ വാക്കുകൾ കുറ്റബോധത്തിന്റെ പ്രതിഫലനമാണെന്ന് രണ്ടു പേർക്കും അറിയാവുന്നതാണ്. എങ്കിലും അയാൾ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച് പരാജിതനായി.

അവൾ അയാളെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു.

“എനിക്ക്… വികാരങ്ങൾ അനുഭവിച്ചറിയാൻ കഴിയില്ല. പക്ഷേ ഏട്ടനു കഴിയുമല്ലോ. ജീവശ്ഛവമായ എന്നിൽ നിന്ന് ഏട്ടനതു സാധിക്കുമെങ്കിൽ ഞാൻ അതിനും തയ്യാറാണ്.”

അവളുടെ വാക്കുകൾ ഒരു കൂരമ്പു പോലെ അയാളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി…….. ഒരു പരാജിതന്റെ കുനിഞ്ഞ ശിരസ്സോടെ അയാൾ അവിടെ നിന്നും ഇറങ്ങി നടന്നു.

അവൾ തന്റെ മനസ്സ് വായിച്ചറിഞ്ഞിരിക്കുന്നു….. ശരിയാണ് പലപ്പേഴും ജീവശ്ഛവമായിത്തീർന്ന ആ ശരീരത്തിലും തന്റെ കാമാസക്തിതീർക്കാൻ തോന്നിയിരുന്നു. ഇനിയെങ്കിലും അതിനു ശമനം ഉണ്ടായില്ലെങ്കിൽ രണ്ടിൽ ഒരാൾ തന്റെ ഇരയായിത്തീരും.

കലുഷിതമായ മനസ്സോടെ വന്നുകയറിയത് ഇവിടെ…… തൃപ്തിയുടെ മുന്നിൽ……. പലരും തൃപ്തിയെപ്പറ്റി പറഞ്ഞിട്ടുണ്ട്…… മനസ്സും, ശരീരവും തണുപ്പിക്കാൻ കഴിവുള്ള ഒരു മന്ത്രവാദിനി.

അയാളുടെ വാക്കുകൾ കേട്ട തനിക്ക്…. ആ പ്രയോഗത്തോട് ഒരു നീരസം തോന്നി.

“നിങ്ങൾക്കു തെറ്റി…… മനസ്സിനെയും, ശരീരത്തിനേയും സ്വാന്തനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മാലാഖ.”

അതാണ് ഈ തൃപ്തി.

“സന്ദീപ്…… എന്നിലേക്ക് ചേർന്നിരിക്കു”. അവളുടെ ചെറുചൂടുള്ള വാക്കുകൾ അവന്റെ ചെവിപ്പുറത്ത് തട്ടി. കവിത ചെല്ലുന്ന താളത്തിൽ അവളത് ആവർത്തിച്ചുകൊണ്ടിരുന്നു.

ശാന്തമായ മനസ്സോടെ അയാൾ അഴിച്ചുവച്ചിരുന്ന വാച്ചെടുത്ത് കൈയ്യിൽ കെട്ടുമ്പോൾ, മെത്തയിൽ കമഴ്ന്നുകിടന്നു കൊണ്ട് താൻ അയാളെ നോക്കി, ആത്മസംതൃപ്തി യോടെ.

തന്റെ മുന്നിൽ ജാള്യതയോടെ നിന്നിരുന്ന മനുഷ്യന്റെ മുഖം അയാളിൽ തേടുകയായിരുന്നു തന്റെ കണ്ണുകൾ.

തന്നോട് യാത്ര പറഞ്ഞ് പോകുന്നവരോട് വിണ്ടും വരണം എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല, പക്ഷേ അയാളോട്, അങ്ങനെ പറയാൻ മനസ്സു വെമ്പി. കാരണം അയാളുടെ ഉള്ളിൽ എവിടെയോ ഒരു നന്മ അവശേക്ഷിക്കുന്നുണ്ട്. അതിനും ഉപരിയായി എരിഞ്ഞടങ്ങാത്ത ഒരു അഗ്‌നിപർവ്വതവും. അതിനെ ശമിപ്പിക്കാൻ തനിക്കു മാത്രമേ കഴിയുകയുള്ളൂ. വിനാശകാരിയായ അത് നശിപ്പിക്കാൻ പോകുന്നത് രണ്ടു കുടുംബങ്ങളെ ആണ്.

പിന്നീടുള്ള ആറുമാസങ്ങളിൽ എല്ലാ ആഴ്ചകളിലും അയാൾ മുടങ്ങാതെ തന്നെത്തേടി എത്തിയിരുന്നു. എന്നാൽ ഒരു സൗമ്യനായ സന്ന്യാസിയുടെ മുഖഭാവത്തോടായിരുന്നു എല്ലാ തിരിച്ചുപോക്കുകളും.

കഴിഞ്ഞ ആഴ്ച്ച ആയിരുന്നു. അയാൾ അവസാനമായി തന്നെത്തേടി വന്നത്. അന്ന് വളരെ അധികം സൗമ്യനായി കാണപ്പെട്ട അയാൾ ഒരു ദുരന്ത വാർത്തയുമായാണ് വന്നത്. അയാളുടെ ഭാര്യ മരിച്ചിരിക്കുന്നു. ഇന്നലെ രാത്രി ഉറക്കത്തിൽ. ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതിനാൽ രാവിലെ തന്നെ ശവദാഹം നടത്തി.

ജീവിതത്തിൽ ആദ്യമായി വെറുപ്പോടെ അയാളുടെ ശരീരത്തെ ഏറ്റുവാങ്ങി. അയാളുടെ ഓർമ്മയ്ക്കു മുകളിൽ ഞാൻ വെളുത്ത നിറം പൂശി.

ഒടുക്കം സീലിങ് ഫാനിന്റെ പതിയെയുള്ള കറക്കവും നോക്കികിടക്കവെ അയാൾ പറഞ്ഞു. “ആ ചിത കത്തിയെരിയും മുമ്പേ നിന്നോട് ഒട്ടിച്ചേർന്നിരിക്കണമെന്ന തോന്നലുണ്ടായി…. ഇനി എന്റെ ജീവിതത്തിൽ നിനക്കു പ്രസക്തി ഇല്ലല്ലോ”.

Leave a Reply

Your email address will not be published. Required fields are marked *