ദിവാകരേട്ടന്റെ മോള് ദിവ്യ

കരയിൽ കിടന്ന കവണം മടലെടുത്തു ഉണ്ണിയേട്ടന്റെ പുറകേയോടി പാതി ഉണ്ണിയേട്ടന്റെ നടുംപുറത്തും പാതി റോഡിലൂടെ അടിവീണു. സ്‌ഥാനം തെറ്റിയ അടിയിൽ ദിവാകരേട്ടൻ റോഡിൽ നെഞ്ചുമടിച്ചു വീണു. ഉണ്ണിയേട്ടൻ ഓടി വീട്ടിൽകേറി, ഉണ്ണിയേട്ടന്റമ്മ വാതിലടച്ചു കുറ്റിയിട്ടു. ദിവാകരേട്ടൻ വാതിൽ ചവിട്ടി പൊളിക്കാൻ നോക്കി. ജനൽ ചില്ല് ഇടിച്ചു പൊട്ടിച്ചു കൈത്തണ്ടയിലിരുവശവും ചില്ലു കഷ്ണം തുളഞ്ഞുകയറി. കൈയിട്ടു ഉണ്ണിയേട്ടന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ഉണ്ണിയേട്ടന്റെ കണ്ണുതുറിച്ചു. ചോര ചുമരിലൂടെ ഒഴുകി. പിന്നെ മണ്ണിലേക്കും.

ദിവാകരേട്ടൻ ബോധമറ്റു നിലത്തു വീണു.

ദിവാകരേട്ടനെ ആശുപത്രിക്ക് കൊണ്ട് പോയതിനു ശേഷമാണ് ഉണ്ണിയേട്ടന്റെ വാതിൽ തുറന്നത്.

ദിവാകരേട്ടന്റെ കൈ ആഴത്തിൽ മറിഞ്ഞിരിക്കുന്നു. പോകുന്ന വഴിക്കു ധാരാളം ചോര വാർന്നുപോയി. ദിവാകരേട്ടന് ചോര കയറ്റണം. അത്യാവശ്യത്തിനുള്ളത് ആശുപത്രിക്കാർ തന്നെ ചെയ്തു. ദിവാകരേട്ടന് ബോധം വന്നതിനൊപ്പം മറ്റൊരു വാർത്ത കൂടി എല്ലാവരും അറിഞ്ഞു. ദിവാകരേട്ടനും.

ദിവാകരേട്ടന് എയ്ഡ്സ്. തിരിച്ചു വന്ന ദിവാകരേട്ടൻ ഗുണ്ടയല്ല. എയ്ഡ്സ് രോഗിയാണ്. എന്നിട്ടും കൂട്ടുകാർ വീണ്ടും ഒത്തുകൂടി. കള്ളുകുടിച്ചു. ഒരു ഗ്ലാസ് വേറെ. അത് ദിവാകരേട്ടനായി മാത്രം. ബഹളമില്ല, പാട്ടില്ല.

കിടക്കപ്പായിൽ കിടന്നു എല്ലാവരും കാതോർത്തു. ഇല്ല ദിവാകരേട്ടൻ പാടിയില്ല. എയ്ഡ്സ് രോഗി പാടാറില്ലെന്നു തോന്നുന്നു. ആരുടെയും മുഖത്തുനോക്കാനാവാതെ ഉണ്ണിയേട്ടൻ മേമയുടെ നാട്ടിൽ ജോലിക്കു പോയി. ദിവ്യയുടെ കൂടെയുള്ള കുട്ടികൾ സ്കൂളിൽ പോക്ക് വേറെ വഴിക്കാക്കി. ദിവ്യയുടെ വരവ് കാത്തിരിക്കുന്നവരെല്ലാം ഇല്ലാതായി. ഞാനും.

ദിവ്യയുടെ ചുറ്റുമുള്ള പ്രകാശമില്ലാതായി. പൈപ്പിൻകടയിൽ വെള്ളമെടുക്കാൻ വന്നാൽ എല്ലാവരും മാറി നിൽക്കും. ദിവ്യയും പുറകിൽപോയി ഊഴം കാത്തു നിക്കാറുമില്ല. എയ്ഡ്സ് രോഗിയുടെ മകൾ ഊഴത്തിനായി കാത്തുനിക്കേണ്ടതില്ല. ‘അമ്മ പതിവുപോലെ ദിവ്യക്കുള്ള പാലെത്തിച്ചു കൊടുത്തു.

ദിവാകരേട്ടൻ വളരെ ക്ഷീണിതനായിരിക്കുന്നു. ഉയരം പോലും കുറഞ്ഞതായി തോന്നി. പുഴക്കടവിൽ അവഗണന കൂടി വന്നതോടെ ദിവാകരേട്ടൻ കിടപ്പു സുരേന്ദ്രേട്ടന്റെ പീടികത്തിണ്ണയിലേക്കു മാറ്റി. കിടപ്പു തുടങ്ങിയതിന്റെ രണ്ടാം ദിവസം ഓരോട് ഇളകി ദിവാകരേട്ടന്റെ തലയിൽ വീണു. പതിയെ ആ ചെറിയ മുറിവിൽ വിങ്ങലും നീരുമായി ചലം കെട്ടിത്തുടങ്ങി.

ഭക്ഷണവും മുണ്ടുമെല്ലാം ദിവ്യ തിണ്ണയിലെത്തിക്കും. ദിവ്യയെ നോക്കി ദിവാകരേട്ടൻ കുറേനേരമങ്ങിനിരിക്കും, കണ്ണ് നിറയും. കഴിക്കാത്തത് കാണുമ്പോൾ. ദിവ്യ എഴുന്നേറ്റു പോകും.

അപ്പോൾ ദിവാകരേട്ടൻ എന്തേലും കഴിക്കും. സുരേന്ദ്രട്ടന്റെ പൊളിഞ്ഞു വീഴാറായ കടയും ദിവാകരേട്ടനെയും കണ്ടാൽ തിരിച്ചറിയാതെയായി. രണ്ടും എപ്പോ വേണേലും നിലംപൊത്താം. എല്ല് തൊലികൊണ്ടു പൊതിഞ്ഞു വച്ച ഒരു രൂപമായി ദിവാകരേട്ടൻ. മിക്കവാറും സമയം മൂടിപ്പുതച്ചു കിടക്കുന്ന ശരീരത്തിനുള്ളിൽ നിന്ന് വരുന്ന ഞരക്കങ്ങളും തേങ്ങിക്കരയലുകളും ദിവാകരേട്ടൻ മരിച്ചിട്ടില്ല എന്നതിനു തെളിവായി.

ദിവാകരേട്ടാ… പരിചയമുള്ള ശബ്ദം കേട്ട് ദിവാകരേട്ടൻ തലയിൽ നിന്നും മുണ്ടു മാറ്റി. കീറിയ പുതപ്പിനുള്ളിൽ നിന്നും രണ്ടുമൂന്ന് ഈച്ചകൾ പറന്നു പോയി.

ആരാ…

ഞാനാ ഉണ്ണിയാ… കുഴിഞ്ഞകണ്ണുകളിൽ തവിട്ടുനിറത്തിൽ പീള കനം കെട്ടി നിന്നു കാഴ്ചയെ തടഞ്ഞു നിർത്തി. ദിവാകരേട്ടൻ ആകുന്നപോലെ നിരങ്ങി, വളഞ്ഞു, ചാരിയിരുന്നു. ഉണ്ണിയേട്ടൻ അടുത്തിരുന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദിവാകരേട്ടൻ വീണ്ടും ഞരങ്ങി തുടങ്ങി. പിന്നെ വളഞ്ഞു, ചെരിഞ്ഞു, കിടന്നു.

ഉണ്ണിയേട്ടൻ പോകാനായി എഴുന്നേറ്റു. മുന്നോട്ടാഞ്ഞു. പിന്നെ തിരിഞ്ഞു നിന്നു.

ദിവാകരേട്ടാ. ഞാൻ ദിവ്യെനെ കല്യാണം കഴിച്ചോട്ടെ. ഭയമില്ലാതെ ഉണ്ണിയേട്ടൻ ചോദിച്ചു.

കണ്ണുനീർ തവിട്ടുനിറത്തിലുള്ള കൺപീളയെ രണ്ടായി മുറിച്ചു കൊണ്ട് ദിവാകരേട്ടന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒച്ചയില്ലാതെ ദിവാകരേട്ടൻ കുറെ നേരം കരഞ്ഞു.

ഉണ്ണിയേട്ടൻ ആണത്തമുള്ളൊനാ. ‘അമ്മ പറയും പോലെ കുടുംബം നോക്കി. കള്ളുകുടിക്കാതെ, അന്ന് ദിവാകരേട്ടൻ വീണ്ടും പാടി. ഒന്നല്ല രണ്ടല്ല നേരം പുലരും വരെ പാടി. നെഞ്ചുപൊട്ടിയുള്ള ആ പാട്ടുകേട്ട് ചെറുമീനുകളെല്ലാം പുഴയോരത്തുവന്ന് ദിവാകരേട്ടനെത്തന്നെ നോക്കി നിന്നു. ആ ഗ്രാമം മുഴുവനും കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് ഉമ്മറത്തും കടവിലുമൊക്കെയായി ദിവാകരേട്ടന്റെ പാട്ട് കേട്ടുനിന്നു. പുഴക്കരയിലാരും അന്നുറങ്ങിയില്ല…

Leave a Reply

Your email address will not be published. Required fields are marked *