നെല്ലിച്ചുവട്ടിൽ

ശരവേഗത്തിൽ അതിന്റെ മറുപടിയുമായി‌ വന്ന ഉമ്മുസൽമ്മ പിന്നെ അവിടെ നിന്നില്ല. ഇനി അവരായ്ക്കോട്ടേന്ന്.

“ഗായത്രിയെ ഇഷ്ടമെന്ന് പറയുന്നില്ല. വെറുക്കില്ലെന്നും പറയില്ല. പക്ഷേ, സ്വന്തമെന്നതിനെ വെറുപ്പ് പോയിട്ട് കടുപ്പിച്ചൊന്ന് നോക്കുക പോലും ചെയ്യരുത്. ജീവന്റെ പാതിയെ ഇഷ്ടമായല്ല; മുഴുജീവനായാണ് കാണുക.‌ ജീവനുള്ള കാലത്തോളം…”

അതിനു പിറ്റേന്ന് സുൽഫിക്കറിനെ കണ്ട ഗായത്രിയ്ക്ക് പിന്നെ പഴയ പേടിയില്ലായിരുന്നു. പഴയ ഭാരമില്ലായിരുന്നു മനസ്സിന്. എന്തോ‌ ഇവനുള്ളിടത്തോളം ഭൂമിയിൽ എവിടെയും സുരക്ഷിതയെന്ന് അവൾ വിശ്വസിച്ചു.
എന്നും നെല്ലിച്ചുവട്ടിൽ കാത്തുനിൽക്കുന്ന സുൽഫിക്കറിനോട് ഗായത്രി സംവദിച്ചത് വാകമരച്ചുവട്ടിൽ നിന്നായിരുന്നു. പിന്നീടത് വളർന്ന് അടുത്തിരുന്നായി സല്ലാപം. എന്നിട്ടും ഗായത്രിയുടെ കരിവളയിട്ട കൈകളൊന്ന് തലോടാനുള്ള ആഗ്രഹം സുൽഫിക്കർ അടക്കി‌‌ വെച്ചു. ഗായത്രിയും പ്രിയന്റെ നെഞ്ചിലൊന്ന് ചായ്ഞ്ഞുറങ്ങാനുള്ള മോഹം വെറും മോഹമായൊതുക്കി.

“അനക്കിന്റെ കയ്യ് പിടിക്കണടാ?” ഗായത്രി വലതു കൈ‌നീട്ടി കൊഞ്ചി.

“ഉം… വേണം പക്ഷേ ഇക്ക് പേട്യാ ആരേലും കണ്ടാലോ?” അങ്ങനെ പറഞ്ഞെങ്കിലും പളുങ്കുശില്പത്തിന്റെ കൈകളൊന്ന് കവരാൻ തുടിച്ച് സുൽഫിക്കർ കുറച്ചൊന്നടുത്തു.

“അതൊന്നും ഇല്ലടാ ഇന്ന് ലാസ്റ്റല്ലേ. ഇന്യെന്നാ ഇതുപോലെ കാണ്വാ? ഇയ്യേത് കോളേജിലാ ഞാനെവ്ട്യാന്നൊന്നും പറയാൻ പറ്റുല്ല.” ‌നീട്ടിയ കൈകൾ പിൻവലിക്കാതെ നിന്ന പ്രണയിനിയുടെ കൈകളിലൊന്ന് സ്പർശിച്ച സുൽഫിക്കർ പുറകിലെ കനത്ത ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു.

“പ്ഫാ ഹിമാറേ അനക്കിതേര്ന്ന് ഇസ്ക്കൂളീ പോവുമ്പോ പണി ല്ലേ?”
പടച്ചോനേ ഉസ്താദ്! രണ്ടുപേരും അവിടുന്ന് യാത്ര പറയാതെ ചിതറിയോടി.
ആ വാർത്ത നാട്ടിൽ പരന്നതോടെ സുൽഫിക്കറിനെ ദൂരെയുള്ള ഹോസ്റ്റലിൽ ചേർത്തു പഠിപ്പിച്ച ഉപ്പ അവനും ഗായത്രിയും തമ്മിൽ കാണാതിരിക്കാനുള്ള എല്ല പണിയുമെടുത്തു. നാട്ടിലെ റ്റ്സദാചാരന്മാർക്ക് വിശ്രമമില്ലാതിരുന്ന ഏഴുവർഷം കടന്നുപോയി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗായത്രിയും സുൽഫിക്കറും വീണ്ടും കണ്ടുമുട്ടി. അവരൊന്നാകാനുള്ള തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർ വീണ്ടുമുണർന്നു. ആലയിൽ പഴുത്ത ഇരുമ്പുപാളികൾ മൂർച്ച നേടി. ഇരു വീട്ടുകാരും പരസ്പരം വാക്പോര് നടത്തി കയ്യാങ്കളിയിലേയ്ക്ക് നീങ്ങി. നാടിനാകെ കലാപ അന്തരീക്ഷം കൈവന്നു. എപ്പോഴും എന്തും സംഭവിക്കാം. ഇതൊക്കെ കണ്ട് ഗായത്രി മുൻകൂട്ടി ഉറപ്പിച്ച പ്രകാരം അർദ്ധരാത്രി വീടുവിട്ടിറങ്ങി. തൊടിയിൽ കാത്തുനിന്ന സുൽഫിക്കറിന്റെ കണ്ണിൽ നിഴലിച്ച ആശങ്ക അവളെ വല്ലാതുലച്ചു.

“വേഗം വാടാ. ആരെങ്കിലൊക്കെ കാണുന്നേന് മുൻപ് നമുക്ക് പോവാം.”

“പോവാം പക്ഷേ അതിനു മുൻപ് ഒന്നു കൂടി ചിന്തിക്കണോ?”

“എന്ത് ചിന്തിക്കാൻ? ഞാൻ വേണേൽ മതം മാറാം. അതാണല്ലോ എല്ലാര്ടേം പ്രശ്നം.” അവൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് നിശ്ചയദാർഡ്യത്തിലാണത് പറഞ്ഞത്.
അത് കേട്ട് സുൽഫിക്കർ തോളിലിരുന്ന ബാഗ് നിലത്തു വച്ച് മുട്ടു‌ കുത്തി‌‌നിന്ന് അവൾക്കു‌ മുൻപിൽ കൈകൂപ്പി.

“ന്റെ ഗായത്ര്യേ, ഞാൻ ഗായത്രിനെല്ലേ സ്നേഹിച്ചേ ഫാത്തിമ്മെനൊന്നു അല്ലലോ. നമ്മള് പോയാല് പിന്നെ ഇവ്ടെ എന്തൊക്ക്യാ നടക്ക്വാന്ന് ആലോയ്ച്ചിട്ട് ഒരു സമാധാനോല്ലാ.”

“അപ്പൊ നമ്മള് പിരിയണോ? അയ്നാ നമ്മളിത്രൊക്കെ സ്നേഹിച്ചേ? അയ്നാ ഇത്രൊക്കെ സഹിച്ചേ? ഇയ്യ് പറയ്” ഗായത്രിയുടെ കരച്ചിൽ ചെറുശബ്ദമായൊഴുകി. രാത്രിയുടെ ക്രൂരനിശബ്ദതയിൽ ഒഴുകിയ കണ്ണുനീരിന് മറുപടിയില്ലാതെ മുട്ടുകുത്തിനിന്ന് വിഷമിച്ച സുൽഫിക്കറിന്റെ തലയിൽ തഴുകി മടിയിൽ ചേർത്തണച്ച പെണ്ണ് അടിവയറ്റിലെ തീയൊതുക്കാനാവാതെ പാടുപെട്ടു. അവളുടെ പിടച്ചിൽ അവന്റെ കാതുകളിൽ തുടിച്ചുകൊണ്ടിരുന്നു.

“ന്റെ സുൽഫ്യേ ഞാൻ പറയ്ണത് പറ്റ്വോ അനക്ക്? നമ്മള് ഒന്നായില്ലെങ്കിലും വേണ്ടില, പിരിയര്ത്. എന്നെങ്കിലും ഒര് കാലം‌ വരും, ആളോൾക്ക് വിവരം വെക്ക്ണ കാലം. അന്ന് നമ്ക്ക് ആരിം പേടിക്കാണ്ട് ഒന്നിച്ച് ജീവിക്കാം. ഇല്ലെങ്കി മരിക്കും വെരെ നമ്ക്ക് ഇവരൊക്കെ തോൽപ്പിച്ച് ജീവിക്കാം.” ഗായത്രിയുടെ ഉറച്ച വാക്കുകൾ കേട്ട സുൽഫിക്കർ അവളെ അരയിൽ ചുറ്റിപ്പിടിച്ചൊന്ന് വിതുമ്പി. സുൽഫിക്കറിന്റെ കണ്ണുനിറഞ്ഞത് ആദ്യമായി കാണുന്ന ഗായത്രിയുടെ കൈകളിൽ നിന്ന് ബാഗ് ഊർന്ന് താഴെവീണു പോയി. അവൾ കുനിഞ്ഞവനെ ചേർത്തു നിർത്തി നെറ്റിയിൽ സ്നേഹചുംബനം നൽകി, ബാഗെടുത്ത് ഒന്നും മിണ്ടാതെ തടങ്കലിലേയ്ക്ക് തിരിച്ച് കയറി.

വർഷങ്ങൾ പന്ത്രണ്ട് വീണ്ടും കൊഴിഞ്ഞിപ്പഴും പ്രണയം കൊഴിയാത്ത മനസ്സുമായി ജീവിക്കുന്ന സുൽഫിക്കറും ഗായത്രിയും തങ്ങൾ പഠിച്ച സ്കൂളിൽ ജോലി നേടി.

സൽമ പടിയിറങ്ങി, വീടൊഴിഞ്ഞു.. നാടടങ്ങി. നാട്ടുകാരെല്ലാം അവരെ പുകഴ്ത്തിപ്പാടി. പുതുതലമുറ അവർക്കു വേണ്ടി മുറവിളിയുയർത്തി.
അന്നൊരിക്കൽ സ്കൂളിന്റെ നൂറാം വാർഷികത്തലേന്ന് സുൽഫിക്കറും ഗായത്രിയും തിരക്കിലായിരുന്നു. നൂറുവർഷമൊന്നിച്ച് ജീവിക്കാൻ കൊതിച്ച് പുതുജീവിതത്തിലേയ്ക്ക് പുതുവസ്ത്രമൊരുക്കാൻ…
അവൾക്കായി‌ ചേർത്തുവച്ച പട്ടും വളയും സുഗന്ധം പൂശി നെഞ്ചിൽ ചേർത്ത സുൽഫിക്കർ ആരുമില്ലാതൊരു‌ നേരം ജീവന്റെ പാതിയെ കൈയിൽ കൊരുത്ത് റ്റ്ആളൊഴിഞ്ഞ പൂമുഖത്തേയ്ക്ക് പിടിച്ചു കയറ്റി. താനൊരുക്കിയ മണിയറ അവൾക്ക് ഇഷ്ടമാവുമായിരിക്കും എന്നോർത്ത് നെടുവീർപ്പിട്ട സുൽഫിക്കറിനെ ഇടംകണ്ണിട്ടൊന്ന് നോക്കിയ ഗായത്രി തള്ളിയവനെ അകത്താക്കി നാണിച്ച് ചുവന്നൊന്ന് കണ്ണുപൊത്തി.

“ടാ ചെക്കാ ഇവിടെ പാലൊന്നും ഇല്ലേ?”

“ഉം…ഫ്രിഡ്ജിലുണ്ട്”

“ഹും… ഇപ്പോ വരാട്ടോ” ഗായത്രിയതും പറഞ്ഞ് പാലെടുത്ത് അടുക്കളയിൽ കയറി സാരി കയറ്റിക്കുത്തി…

നാണിച്ച് കുനിഞ്ഞ് വരുന്ന പെണ്ണിനായി സുൽഫിക്കർ മല്ലികപ്പൂമെത്തയിൽ മലർന്നങ്ങിനെ കിടന്നു.

ആരോടും പരാതിയില്ലാത്ത പാവങ്ങൾ നൂറുവർഷമൊന്നിച്ച് വാഴട്ടെ..‌.

Leave a Reply

Your email address will not be published. Required fields are marked *