പുതുജന്മം തേടുന്ന പ്രണയം

മലയാളം കമ്പികഥ – പുതുജന്മം തേടുന്ന പ്രണയം

“അച്ഛാ നിങ്ങടെ കഥ ഒന്നൂടെ പറയൂ “അമലൂം അഞ്ജൂം ഒരുമിച്ചാണ് ചോദിച്ചത്.എത്രകേട്ടാലും ഇവർക്ക് മടുപ്പില്ല.ഞാൻ ആ പഴയ ഓർമ്മകളിലേക്ക് നടന്ന് തുടങ്ങി. ആ കാലം ……
ചോർന്നൊലിക്കുന്ന കുടിലിന്റെ കീഴിൽ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ വെള്ളം വീഴാൻ വെച്ചിരിക്കുന്ന പാത്രങ്ങളിൽ മഴത്തുള്ളികൾ ജലതരംഗിണി തീർക്കുന്നത് കേട്ടുറങ്ങിയ രാവുകളും പകലുകളും. അച്ഛൻ മരിച്ചേപ്പിന്നെ അയലത്തെ ശങ്കരൻ മുതലാളിയുടെ വീട്ടിൽ ജോലിക്ക് പോയിട്ടാണ് അമ്മ കുടുംബം നോക്കിയിരുന്നത്.മുതലാളിയുടെ മകൾ ശ്രീദേവിയും ഞാനും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. അവൾ പoനത്തിൽ മോശമായിരുന്നു. ഞാൻ ഒന്നാമനും’. എന്തായാലും ഞങ്ങൾ സാമാന്യം നല്ല ശത്രുതയിലായിരുന്നു. ഒരുമിച്ച് പള്ളിക്കൂടത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും പരസ്പരം കളിയാക്കലുകളും മറ്റുമായി എന്നും വഴക്ക്.
ഒരിക്കൽ അമ്പലനടയിൽ വെച്ച് അവളെ കണ്ടപ്പോൾ ഒരു കഥകളിയാട്ടക്കാരി വരുന്നത് പോലെ തോന്നി കളിയാക്കി. വലത് കരണം പുകഞ്ഞപ്പോഴാണ് കാര്യം മനസിലായത്. തിരികെ ഒരെണ്ണം ഞാനും കൊടുത്തു. വലിയ പ്രശ്നമായി. ശങ്കരൻ മുതലാളി വീട്ടിൽ നിന്ന് എന്നെ വിളിച്ചിറക്കി വേലക്കാരൻ ദാമുവിനെ കൊണ്ട് തല്ലിച്ചു.അച്ഛന്റെ കൂട്ടുകാരനായിരുന്ന അയാളുടെ കണ്ണിലെ നീർമണിയിൽ ഞാൻ അച്ഛന്റെ സ്നേഹവും കരുതലും കണ്ടു. നാട്ടുകാർ നോക്കി നിൽക്കെ ചിരിച്ചുല്ലസിച്ച് അവൾ എന്നെ ‘തന്തയില്ലാത്തവൻ’ എന്ന് വിളിക്കുന്നത് അത്യധികം മനോവേദനയോട് കൂടി ഞാൻ കേട്ട് നിന്നു. നാണക്കേട്, ഭയം, എല്ലാം ചേർന്ന് മരണ തുല്യമായ അവസ്ഥ.ഒന്നും ചെയ്യാനില്ലാതെ കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയ അമ്മയുടെ മുഖം എന്റെ മനസിനെ കൂടുതൽ തളർത്തി.
അന്ന് വൈകിട്ട് ദാമുവേട്ടനാണ് പഠിച്ച് ഒരു ജോലി വാങ്ങണമെന്ന ആശയം എന്റെ മനസിലേക്ക് ഉരുക്കി യൊഴിച്ചത്. പിന്നെ മനസ് ഏകാഗ്രമാക്കി പഠനം തുടങ്ങി. അമ്മയെ കാണുമ്പോൾ മാത്രം മനസ് വല്ലാതെ സങ്കടപ്പെടും. ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിപ്പോന്നതിൽ പിന്നെ അമ്മ സ്വന്തം വീട് കണ്ടിട്ടില്ല. അമ്മാവൻ പാവമാണെന്നൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. എന്നെങ്കിലും അവരെ കാണണം. എന്റെ ബന്ധുക്കൾ എന്ന് എല്ലാരോടും പറയണം ഇതൊക്കെയായിരുന്നു എന്റെ സ്വപ്നങ്ങൾ
പത്താം ക്ലാസ് നന്നായി പാസായപ്പോൾ അമ്മയുടെ ചിരി ഒന്ന് കാണേണ്ടതായിരുന്നു. എല്ലാറ്റിനും പുറകെ നടന്ന് അത് വേണോ ഇത് വേണോ എന്നൊക്കെ ചോദിച്ച് .സന്തോഷം അധികമായാൽ ഭ്രാന്താവുമോ എന്ന് ഞാൻ വിചാരിച്ചു.
തുടർപഠനം ഒരു പ്രശ്നമായിരുന്നു. അടുത്തെങ്ങും ഒരു നല്ല കോളേജ് ഉണ്ടായിരുന്നില്ല. അമ്മ ശങ്കരൻ മുതലാളിയോട് ഇത്തിരി പണം കടം ചോദിച്ചു. പണം കിട്ടിയില്ലെന്ന് മാത്രമല്ല, നല്ല ശകാരവും കിട്ടി. ശ്രീദേവി എട്ടുനിലയിൽ പൊട്ടിയതിന്റെ ദേഷ്യവുമുണ്ട്. പക്ഷേ ഈശ്വരൻ തുണയായി. ശ്രീദേവിയുടെ അമ്മ സരസ്വതി ആയിരം രൂപ ആരുമറിയാതെ എനിക്ക് തന്നു. പഠിക്കാനുള്ള ആഗ്രഹത്തിൽ ഞാനത് വാങ്ങി. അമ്മയാണ് പറഞ്ഞത് അമ്മാവന് കത്തെഴുതിയിട്ടുണ്ടെന്ന്. അതുമൊരു വലിയ ആഗ്രഹസാഫല്യമായി.
പോകാനുള്ള ദിവസത്തിന്റെ തലേന്ന് സരസ്വതിയമ്മയോട് അനുഗ്രഹം വാങ്ങാൻ ചെന്നു.
ശ്രീദേവി കോലായിൽ നിൽപ്പുണ്ടായിരുന്നു. അവളിലെ അഹങ്കാരം ശമിച്ചത് നേരിട്ട് കണ്ടപ്പോൾ ഉള്ളിൽ പ്രതികാരത്തിന്റെ സന്തോഷം നുരഞ്ഞു പൊന്തി. സരസ്വതിയമ്മ എനിക്ക് ഒരു ഷർട്ടും മുണ്ടും വാങ്ങി വച്ചിരുന്നത് തന്നു. ശ്രീദേവി ഒന്നും മിണ്ടാതെ എന്നെ തന്നെ അദ്ഭുതം കൂറിയ കണ്ണുകൾ കൊണ്ട് നോക്കുന്നത് കണ്ടപ്പോൾ എന്നിൽ അഭിമാനം നിറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോഴും ഒരക്ഷരം ഉരിയാടാതെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
പിന്നാമ്പുറത്തെ തൊടിയിലൂടെ എന്റെ വീട്ടിലേക്ക് നടക്കുമ്പോൾ പിന്നിൽ ഒരു പാദപതന ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ ശ്രീദേവി ഓടിക്കിതച്ച് വന്നിരിക്കുന്നു. എന്തേ എന്നാശങ്കപ്പെട്ട് നിൽക്കുമ്പോൾ അവൾ കിതച്ച് കൊണ്ട് പറഞ്ഞു. “ഇനി പറയാൻ പറ്റുമോ എന്നെനിക്കറിയില്ല, അന്ന് അങ്ങനെയൊക്കെ ഉണ്ടായപ്പോൾ അച്ഛനങ്ങനെയൊക്കെ ചെയ്യുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. അന്നത്തെ സങ്കടത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് പൊറുക്കണം. പിന്നീട് ആലോചിച്ചപ്പോൾ നിന്റെ സങ്കടത്തിന് ഞാൻ കാരണമായല്ലോ എന്ന് വിഷമിച്ച് ഒരു പാട് കരഞ്ഞിട്ടുണ്ട്. ” ഒന്ന് നിർത്തിയിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “നിനക്ക് തിരികെ തരാൻ എന്റെ ഈ മനസ് മാത്രമേയുള്ളു, നിനക്കിഷ്ടമല്ലെന്നെനിക്കറിയാം. പക്ഷേ നീ വരുന്നത് വരെ ഞാൻ കാത്തിരിക്കും. ” നിറയുന്ന കണ്ണുകൾ എന്നിൽ നിന്ന് തിരിച്ച് അവൾ നടന്ന് നീങ്ങി.ഒരിക്കൽ പോലും അവൾ തിരിഞ്ഞു് നോക്കിയില്ല. ഞാൻ ഒരു മൂഢനെപ്പോലെ നിന്നു.
അമ്മാവന്റെ വീട് കണ്ടു പിടിക്കാൻ വിഷമമുണ്ടായില്ല. അവിടെയെത്തിയപ്പോൾ സന്ധ്യയായിരുന്നു. പക്ഷേ മുരളീധരന്റെ വീട് എല്ലാവർക്കുമറിയാം നിലാവ് വീണ് തുടങ്ങിയ വഴി ചെന്ന് ഒരു പഴയ തറവാട്ടിലെത്തി.
കുളവും തവളകളുടെയും ചീവീടുകളുടെയും ശബ്ദങ്ങളും ചെമ്പകപ്പൂവിന്റെയും പാരിജാതത്തിന്റെയും സുഗന്ധവും എന്നെ ഒരു കവിയാക്കിയേനെ. വാതിൽ തുറന്ന് കിടന്നിരുന്നു.മുരടനക്കിയപ്പോൾ കാൽപ്പെരു മാറ്റങ്ങൾ കേട്ടു .അമ്മമ്മയും അമ്മാവനും അമ്മായിയും ഒരു ചെറിയ ഓമനത്ത മുള്ള ആൺകുട്ടിയും വന്നു. അവൻ ചിരപരിചിതനെ പോലെ ഓടി വന്ന് എന്റെ കൈ പിടിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു.അമ്മമ്മയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. വിശേഷങ്ങൾ ചോദിച്ച് എല്ലാവരും എല്ലാക്കാര്യവും മനസിലാക്കി.
അപ്പുക്കുട്ടൻ എന്റെ മുറികാണിച്ചു തന്നു. ചാണകം മെഴുകിയ വൃത്തിയുള്ള മുറി. ഒരു വശത്ത് ചെറിയ ഒരു കട്ടിൽ’, അടുത്ത് കൂജ, മണ്ണെണ്ണ വിളക്ക് പിന്നെ തടി മേശയും ഒരു സ്റ്റൂളും ഉണ്ടായിരുന്നു. സൂര്യപ്രകാശം ആദ്യമെത്തുന്ന മുറിയാണതെന്നത് എനിക്ക് സന്തോഷം പകർന്നു നൽകി. പിന്നെ കുളിക്കാൻ കുളത്തിൽ പോയി തിരികെ വന്നപ്പോൾ അപ്പു വന്ന് അത്താഴം കഴിക്കാൻ വിളിച്ചു. ഞാൻ കണ്ടിട്ട് കൂടിയില്ലാത്ത കറികൾ ഉണ്ടായിരുന്നു. കുറച്ച് കഴിച്ചപ്പോഴേ വയറ് നിറഞ്ഞു. അമ്മായി കുറച്ച് കൂടി വിളമ്പിത്തന്നു.ഞാൻ കഴിക്കുന്നത് നോക്കി എല്ലാവരും ഇരുന്നു.
കൈ കഴുകി മുറിയിലേക്ക് നടക്കുമ്പോൾ ഒരു മുറിയിൽ വെളിച്ചം കണ്ട് അങ്ങോട്ട് നോക്കി. അതീവ സുന്ദരിയായ ഒരു പെൺകുട്ടി ജനാലയിലൂടെ ചന്ദ്രനെ നോക്കി ഏതോ ശില്പം പോലെ നിൽക്കുന്നുണ്ടായിരുന്നു. നിലാവിന്റെ പ്രകാശം അവളുടെ കവിളുകളിൽ പതിച്ച് മോഹനമാക്കുന്നുണ്ടായിരുന്നു.എന്റെ പാദശബ്ദം കേട്ട് അവൾ മുഖം തിരിച്ചു. ഞാൻ ഇടിവെട്ടേറ്റവനെപ്പോലെ നിന്ന് പോയി.പൊള്ളി കരുവാളിച്ച മറുപാതികണ്ട് ഞാൻ സ്തബ്ധനായി.അവൾ എന്റെ മുഖം കണ്ട് വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങി. അമ്മായി ഓടി വന്നു. “ശാരികേ ,ഒരാൾ വീട്ടിൽ വരുമ്പോൾ കരയുകയാണോ ” എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.അമ്മാവൻ പറഞ്ഞു “നാലഞ്ച് മാസം മുമ്പ് അപ്പു കൈ കൊണ്ട് തട്ടിയപ്പോ വിളക്ക് മറിഞ്ഞ് അവളുടെ മുഖവും മുടിയും ഒക്കെ കത്തി.ഭാഗ്യം കൊണ്ട് ഇത്രയൊക്കെയേ സംഭവിച്ചുള്ളൂ. പക്ഷേ ആരെങ്കിലും അവളെ ഒരു പാട് നേരം നോക്കിയാൽ അവൾ കരഞ്ഞു പോകും. ശരി നീ കിടക്കാൻ നോക്ക് നാളെ കോളേജിൽ പോയിത്തുടങ്ങണ്ടേ’, ഇവിടെ അടുത്താ .നടന്ന് പോകാനുള്ള ദൂരമേയുള്ളൂ. പിന്നെ പോകുമ്പോ കുട്ടികളെക്കൂടി സ്കൂളിലേക്ക് ആക്കിയേക്കണം. ശരി കിടന്നോ ”
കിടന്നിട്ടെനിക്ക് ഉറക്കം വന്നില്ല. ശാരികയുടെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല. എന്തൊരു പരീക്ഷണമാണ് ദൈവം ആ കുട്ടിക്ക് കൊടുത്തതെന്നോർത്ത് ഞാൻ സങ്കടപ്പെട്ടു.
പിറ്റേന്ന് ഞങ്ങൾ മൂവരും കൂടി ഒരുമിച്ച് പുറപ്പെട്ടു. കോളേജിന് മുമ്പാണ് സ്കൂൾ’കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടായി.
ശാരിക എന്നോട് അടുത്തു തുടങ്ങി.സങ്കോചമില്ലതെ ഞങ്ങൾ കളിക്കുകയും പഠിക്കുകയും ചെയ്തു.ദിനങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.അമ്മ വല്ലപ്പോഴും കത്തെഴുതാറുണ്ട്.ശ്രീദേവി അന്വേഷിച്ചെന്നൊക്കെ പറയും.പിന്നെ അവൾക്കിപ്പോ അമ്മയെ വല്യ ഇഷ്ടാണത്രെ. അത് കൊണ്ട് മുതലാളിയും ഇപ്പോൾവഴക്കൊന്നും പറയാറില്ലത്രെ. അമ്മയുടെ വിശേഷങ്ങൾ മാത്രം വായിച്ചിട്ട് ഞാനത് എന്റെ ഏതെങ്കിലും ബുക്കിൽ വെയ്ക്കും. അത് കണ്ടാൽ ശാരികയ്ക്ക് വായിക്കാതെ പിന്നെ ഉറക്കമില്ല.
ആദ്യ വർഷം തന്നെ നല്ല മാർക്ക് കിട്ടി. ഒരു അദ്ധ്യാപകനാകുകയെന്നതാണ് എന്റെ ആഗ്രഹം. പിന്നെ ഒരു മോഹം പതിയെപ്പതിയെ ഞാനറിയാതെ എന്റെ ഉള്ളിൽ അങ്കുരിച്ച് വളരുന്നുണ്ടായിരുന്നു. ശാരിക. അവളെങ്ങനെ എന്റെ ഹൃദയം കവർന്നുവെന്നെനിക്കറിയില്ല. പക്ഷെ അവളില്ലാത്തപ്പോൾ ഞാൻ മരുഭൂമിയായിപ്പോകും. ഞാനിത് വരെ അങ്ങനെയൊന്നും അവളോട് പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഉള്ള ഇഷ്ടം പോകുമോ അമ്മമ്മയും അമ്മാവനുമൊക്കെ എന്ത് പറയും എന്നൊക്കെ ഞാൻ വല്ലാതെ ഭയന്നു .
വൈകിട്ട് വന്നാൽ ഞങ്ങൾ പശുക്കളെ കൊണ്ട് വരാൻ പാടത്ത് പോവും. അപ്പു അരുവിയിൽ വെള്ളം തേവിക്കളിക്കുന്നത് നോക്കി ഞങ്ങൾ ഇരിക്കും. പരസ്പരം എന്തോ പറയാൻ വെമ്പും’ ഈയിടെയായി എന്തെങ്കിലും പറഞ്ഞാൽ എന്റെ കള്ളത്തരം അവൾ കണ്ട് പിടിക്കുമോ എന്ന് ഭയമാണ്. ആദ്യാനുരാഗത്തിന്റെ അലകൾ എന്നെ തരളിതനാക്കി. അവൾ അടുത്ത് വരുമ്പോൾ ചേർന്ന് നിൽക്കുമ്പോൾ അവളുടെ ശരീരഗന്ധം ഏൽക്കുമ്പോഴൊക്കെ ഞാൻ ദുർബ്ബലനായിപ്പോകുന്നത് പോലെ തോന്നി.രണ്ടാം വർഷം തീരാൻ ഏതാനും ദിവസങ്ങളേയുള്ളൂ. അവസാന ദിനം ഞാൻ എന്ത് സംഭവിച്ചാലും പറയുക തന്നെ വേണമെന്ന് തീരുമാനിച്ചു.
ഇതിനിടയിൽ മുതലാളി സഹായിച്ച് പുതിയൊരു വീട് വെച്ച് തന്നു എന്ന് അമ്മ എഴുതി അറിയിച്ചു.ശ്രീക്കുട്ടിക്ക് എന്നെ വല്യ ഇഷ്ടമാണെന്ന് അമ്മയോട് പറഞ്ഞു.ശങ്കരൻ മുതലാളി വല്യ ബഹളമൊക്കെയുണ്ടാക്കിയെങ്കിലും മകളുടെ കാര്യം ഓർത്തപ്പോൾ എന്നോട് ഉണ്ടായിരുന്ന ദേഷ്യമൊക്കെ അലിഞ്ഞു. ഞാൻ ബിരുദമെടുത്ത് ജോലി കിട്ടിയാലുടൻ കല്യാണം നടത്തണമെന്നാണ് നാട്ടുകാരെ അറിയിച്ചിരിക്കുന്നതത്രെ.ഇനിയും മൂന്നാല് വർഷം കഴിഞ്ഞുള്ള കാര്യം എന്തിനാലോചിച്ച് തല പുണ്ണാക്കണം. ഈ കത്ത് ഞാൻ ശാരിക കാണാതെ മാറ്റി വച്ചു.
കലാലയ ജീവിതത്തിലെ അവസാന ദിനം. പരീക്ഷ കഴിഞ്ഞ് കുട്ടുകാരെ ഒഴിവാക്കി ഞാൻ വീട്ടിലേക്ക് പാഞ്ഞു. വീട്ടിലെത്തിയപ്പോൾ ശാരിക അവിടില്ല. അപ്പൂനോട് ചോദിച്ചപ്പോൾ ശാരിക പാടത്ത് പോയി എന്ന് പറഞ്ഞു. “ഇത് തന്നെ അവസരം ” ഞാൻ മനസിൽ പറഞ്ഞു. പാടത്തേക്ക് കാല് നീട്ടി വലിച്ച് നടക്കുമ്പോൾ എനിക്ക് വേഗത പോരെന്ന് തോന്നി. അവിടെ ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള മാവിൻ ചോട്ടിൽ അസ്തമയ സൂര്യനെ നോക്കി സ്വപ്നാടകയെപ്പോലെ അവൾ നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ പിന്നിൽ ചെന്ന് ഞാൻ പറഞ്ഞു തുടങ്ങി. അവളെ കണ്ട അന്ന് മുതൽ ഇന്ന് വരെ അവളെ ആഗ്രഹിച്ചിരുന്നു എന്ന കാര്യം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
തിരിഞ്ഞു നോക്കിയ അവളുടെ മനോഹര മുഖത്ത് എതിർപ്പോ അനുകൂലമോ അല്ലാത്ത ഭാവത്തിന് പകരം സജലങ്ങളായ മിഴികൾ എനിക്ക് നേരെ നീട്ടിക്കൊണ്ട് ഒരു കത്തെനിക്ക് നൽകി.ഞാനത് തുറന്ന് വായിച്ച് തുടങ്ങി.ശ്രീക്കുട്ടി എഴുതിയത്. ഒരു അക്ഷരത്തെറ്റ് പോലുമില്ലാതെ വടിവൊത്ത അക്ഷരങ്ങളിൽ അവളുടെ എന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ആകെത്തുകയായിരുന്നു ആ കത്ത്.കത്ത് വായിക്കവേ ശാരിക പോയത് പോലും ഞാനറിഞ്ഞില്ല. ഒരു വശത്ത് സർവ്വൈശ്വര്യങ്ങളും ഉള്ള ശ്രീക്കുട്ടി. മറുവശത്ത് എന്നോടുള്ള പ്രണയം പറയാതെ പറഞ്ഞ ശാരിക. നീതിയുടെ തുലാസ് എന്റെ കയ്യിലാണിപ്പോൾ. ഏറെ വൈകി തിരികെ വീട്ടിലെത്തുമ്പോൾ ശാരിക മുറി അടച്ച് കിടന്നിരുന്നു.
അമ്മായി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ചോറ് കഴിക്കുമ്പോൾ അമ്മായി പറഞ്ഞു. “നീ എന്റെ മകളുടെ കൈ പിടിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു.പക്ഷെ ആ കത്ത്? അതൊരു യാചനയാണ്.അത് നീ നിരസിക്കരുത് ‘ശാരികയെ ഞങ്ങൾ പറഞ്ഞ് മനസിലാക്കിക്കോളാം.” ഇതും പറഞ്ഞ് നേര്യതിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ച് അമ്മായി പോയി. ചുറ്റും കോലങ്ങൾ നിരന്ന് നിന്ന് എന്നെ കളിയാക്കുന്നതായും കുറ്റപ്പെടുത്തുന്നതായും തോന്നി. ഒരു യാത്ര പോണം. മനസ് ശരിയാവട്ടെ എന്നിട്ട് തീരുമാനിക്കാം.
പിറ്റേന്ന് രാവിലെ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. ശാരികയെ ഒരു നോക്ക് കാണാൻ ഞാൻ ശ്രമിച്ചെങ്കിലും കണ്ടില്ല. അത്യധികം വിഷമത്തോടെ ഞാൻ രണ്ട് വർഷങ്ങൾക്ക് ശേഷം ആ വീടിന്റെ പടിയിറങ്ങി. അമ്മയെ കാണാതെ മരിക്കേണ്ടി വരുമോ എന്ന അമ്മമ്മയുടെ ചോദ്യം ചങ്കിൽ തറച്ചു. ഇപ്പോ എനിക്ക് വ്യക്തമായ ഒരു തീരുമാനമുണ്ടായി,
നാട്ടിൽ ബസിറങ്ങുമ്പോൾ ദാമുവേട്ടൻ ഓടി വന്ന് കെട്ടിപ്പിടിച്ചു.എല്ലാവരും കാര്യങ്ങളൊക്കെയറിഞ്ഞിരിക്കുന്നു. എല്ലാവർക്കും ജോലി ആയോ എന്നാണറിയേണ്ടത്. ഞാൻ വിശദീകരിച്ചു. ബിരുദമെടുക്കണം, ബിരുദാനന്തര ബിരുദമെടുക്കണം ബിഎഡ് എടുക്കണം അങ്ങനെയങ്ങനെ. ഞാൻ നാണം കെട്ട എന്റെ നാട്ടുകാരുടെ മുന്നിൽ ഞാനിപ്പോ നായകനാണ്
ദൂരെ നിന്നേ പുതിയ വീട് കണ്ടു. വീടിന് മുന്നിൽ അമ്മയും ശ്രീക്കുട്ടിയും നിൽപ്പുണ്ടായിരുന്നു പാരാവാരങ്ങളുമായി വന്ന എന്നെ ഒരു കൊച്ച് കുഞ്ഞിനെയെന്ന പോലെ വാത്സല്യം നൽകി അമ്മ സ്വീകരിച്ചു.ആളും ആരവവും ഒതുങ്ങിയപ്പോൾ അമ്മ ഒത്തിരി കാര്യങ്ങൾ ചോദിച്ചു.ശ്രീക്കുട്ടി എന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കയാണ്.
ഒടുവിൽ കാത്തിരുന്ന ചോദ്യമെത്തി.. ഞാൻ വിശദമായിത്തന്നെ എല്ലാം പറഞ്ഞു. പറഞ്ഞ് തീർന്നപ്പോഴേക്ക് ശ്രീക്കുട്ടിയുടെ കണ്ണുകൾ കടലായി മാറിയിരുന്നു, ഞാൻ അമ്മയോടായി മാത്രം പറഞ്ഞു “എടുക്കാവുന്ന സാധനങ്ങൾ എടുത്തോളൂ നമുക്ക് പോവാം ” എന്ന്. എന്റെ ആജ്ഞയിൽ അമ്മ അച്ഛനെ ഓർത്തിരിക്കണം’ എല്ലാം എടുക്കാൻ അമ്മ പോയി.
ആ നേരത്ത് ഞാൻ സരസ്വതി അമ്മയെ കാണാൻ പോയി. വിവരങ്ങളറിഞ്ഞപ്പോൾ അവരെന്റെ മൂർദ്ധാവിൽ കൈവെച്ച് അനുഗ്രഹിച്ചു.മുൻ തിണ്ണയിൽ ചാരുകസാലയിൽ സs കൊഴിഞ്ഞൊരു സിംഹം കിടപ്പുണ്ടായിരുന്നു അതിനെ കണ്ടില്ലെന്ന് നടിച്ച് ഞാൻ നടന്ന് നീങ്ങി. മുന്നിലെ ഒതുക്ക് കല്ലിറങ്ങുമ്പോൾ ശ്രീക്കുട്ടി പിന്നിൽ നിന്ന് വിളിച്ചു.തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ അവസാനം അവളെ കണ്ട ദിവസം ഓർത്തു.” അവൾ പറഞ്ഞു. “എനിക്ക് നിന്നെ നഷ്ടപ്പെടുത്തിയത് ഞാൻ തന്നെയാണ്. പക്ഷേ നിന്നോടുള്ള എന്റെ സ്നേഹം അചഞ്ചലമാണ്. എന്റെ അവസാന ശ്വാസത്തിലും ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും. ഒരിക്കൽ പോലും നിനക്കെന്നെ വേണ്ട എന്നൊരു വാക്ക് നീ പറഞ്ഞിരുന്നില്ല. പൊട്ടിപ്പെണ്ണായ ഞാൻ നീ എനിക്കായി തിരിച്ചു വരുമെന്ന് വെറുതെ ആശിച്ചു. സാരമില്ല. നിന്റെ അമ്മയും നീയും ഞാനുമുള്ള ഒരു ലോകം ഞാൻ സ്വപ്നം കണ്ടിരുന്നു. നിന്റെ അമ്മയ്ക്ക് ഞാൻ സ്വന്തം മോളാണ്. ശരി. ശാരികയെയും നിന്നെയും എനിക്ക് മനസിലാകും. പൊയ്ക്കൊ ഇനി ഇവിടെ നിന്നാൽ ഞാൻ :– എന്റെ ::: “അവളുടെ വാക്കുകൾ മുറിഞ്ഞു. അവളോട് ഒരു മറുപടിയും പറയാനില്ലാതെ ഞാൻ നിന്നു.പിന്നെ പതിയെ തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയാൽ എന്റെ തീരുമാനങ്ങൾ ദുർബ്ബലമാകുമെന്ന് ഞാൻ ഭയപ്പെട്ടു.
കുറച്ച് സമയത്തിന് ശേഷം ഞാൻ അമ്മയെയും കൊണ്ട് എന്റെ ജീവനിരിക്കുന്നിടത്തേയ്ക്ക് തിരികെ യാത്രയാരംഭിച്ചു.പുതിയ തുടക്കം “അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാനും ജീവിതത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കാനും .”
ഞാൻ ഓർമ്മകളിൽ നിന്നുണർന്നപ്പോഴേക്ക് അമലൂം അഞ്ജൂം ഉറങ്ങിയിരുന്നു.
പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് ശാരിക ചോദിച്ചു. ” അടുത്ത ജന്മവും എന്റെ കൂടെ ഉണ്ടാവില്ലേ.”
ഞാൻ മൂളി. അവിവാഹിതയായ ശ്രീക്കുട്ടിയുടെ കാത്തിരിപ്പ് എന്റെ നെഞ്ചിലെ ഉണങ്ങാത്ത പൊള്ളലാണ് .അതങ്ങനെ തന്നെ കിടക്കും ജന്മജന്മാന്തരങ്ങളിൽ ””’

Leave a Reply

Your email address will not be published. Required fields are marked *