മെഴുകുതിരി പോല്‍ Like

” അളിയാ … ഒരു മൂന്നിന് ഓരോ ബിയറും കൂടി വിട്ടിട്ടു നാലിന് പോയാല്‍ മണോം വരില്ല .. “

” എങ്കിലത് വരെ പാര്‍ക്കിലെങ്ങാനും പോയിരിക്കാം .. ‘

‘ എടാ .എടാ … ഈ ഉച്ചക്ക് ആരും അവിടെ കാണില്ല , നിനക്ക് വായി നോക്കാന്‍ “

” ഒന്ന് പോടാ … “

പാര്‍ക്കിലെ നടപ്പാതയുടെ സൈഡിലെ ചാര് ബെഞ്ചില്‍ വെടിയും പറഞ്ഞിരിക്കുമ്പോഴാണ് ഒരു ലോട്ടറികാരന്‍ വന്നത്

” ചേട്ടാ … ഒരു സെറ്റ് നോക്കാനുണ്ട് …”

‘ നിനക്ക് വേറെ പണിയൊന്നും ഇല്ലെടെ ജിഷ്ണു ചുമ്മാ ലോട്ടറി എടുക്കാന്‍ ?’

” നിന്‍റെ വാപ്പാക്ക് പണോം അധികാരോം ഉണ്ടെന്ന് വെച്ച് …ഹ്മം … ഇതിനുമോന്നുമില്ല …നാശം ‘

ലോട്ടറിക്കാരന്‍ നടന്നകന്നതും ജിഷ്ണു കയ്യിലിരുന്ന ലോട്ടറികള്‍ കുനുകുനാന്ന് കീറി മുകളിലേക്കെറിഞ്ഞു.. അവ ആകാശത്തില്‍ പാറി പറന്നു ടൈല്‍സ് പാകിയ നടപ്പാതയില്‍ പൂക്കളം തീര്‍ത്തു .

ഒരു വശം മുതല്‍ അടിച്ചു നീങ്ങിയ തൂപ്പുകാരി വേസ്റ്റ് നിറക്കുന്ന ട്രോളിയും ചൂലും കൊണ്ട് തിരികെ വന്നപ്പോള്‍ കണ്ടത് ലോട്ടറി വീണ്ടും കീറുന്ന ജിഷ്ണുവിനെയാണ്
” മോനെ ..ഞാനിപ്പോ അടിച്ചതെ ഉള്ളൂ … ഇനീം കീറിയിടല്ലേ..അതിങ്ങു ഇട്ടെരെ” അവരാ ട്രോളി മുന്നിലേക്ക് നീക്കി

” ഓഹോ ..നിനക്ക് പിടിച്ചില്ല അല്ലെ … നിന്നെയൊക്കെ പിന്നെന്തിനാ പണിക്ക് വെച്ചിരിക്കുന്നെ … ചുമ്മാ ശമ്പളം കിട്ടണോ … ഞങ്ങടെ നികുതി പണമാ നിനക്കൊക്കെ ശമ്പളം തരുന്നേ .. മേലനങ്ങാതെ …”

” എന്താടാ …ജിഷ്ണു …?” വറുത്ത കപ്പലണ്ടി വാങ്ങി കൊണ്ട് വന്ന മുഹമ്മദ്‌ ചോദിച്ചു.

” അല്ല ഇവക്കൊക്കെ അഹങ്കാരം ..വേസ്റ്റ് ഇടരുതെന്നു പറയാന്‍ ഇവളാരാ”

മുഹമ്മദിന്‍റെ പുറകെ കയറി വന്ന വിനു തൂപ്പുകാരിയെ കണ്ടു ഞെട്ടി .

” അമ്മ …അമ്മയെന്താ ..ഇവിടെ ?”

മകനെ കണ്ടു മുഖം വിളറിയ ദേവകി ട്രോളിയും കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നകന്നു …

എന്താ ദേവൂ മുഖം വല്ലാതെയിരിക്കുന്നെ?’ പാര്‍ക്കിനു മുന്നിലെ തെരുവ് തൂത്ത് കൊണ്ടിരുന്ന ലക്ഷ്മി സഹപ്രവര്‍ത്തകയോട് ചോദിച്ചു

‘ ഒന്നൂല്ല … മോനെ കണ്ടു … മക്കള്‍ക്ക് പ്രായപൂര്‍ത്തിയായല്ലോ എന്ന് കരുതിയാ , ഇതേ വരെ നാട്ടിലേക്ക് മാറ്റത്തിനു പോലും നോക്കാത്തെ .. മുന്‍സിപ്പാലിറ്റി ആയ സ്ഥിതിക്ക് വേണേല്‍ അങ്ങോട്ട്‌ മാറ്റത്തിനു നോക്കാമെന്ന് പലരും പറഞ്ഞതാ “

അഴുക്കു പുരണ്ട സാരികവറില്‍ നിന്ന് കുപ്പി വെള്ളം എടുത്തു നീട്ടിയപ്പോള്‍ ദേവകി അത് വാങ്ങി മുഖത്തേക്കോഴിച്ചു…

‘ മക്കള്‍ക്കൊക്കെ നാണക്കേടായി അല്ലെ ദേവൂ … ഞാന്‍ ഇപ്പൊ ആങ്ങളെടെ കൂടെയാ താമസം .. ചപ്പും ചവറും തൂത്ത് പെറുക്കി കൂട്ടി വെച്ച് സമ്പാദിച്ചു മക്കളെ വളര്‍ത്തി വലുതാക്കിയപ്പോള്‍ ഇപ്പോളവര്‍ക്ക്…”
‘ അമ്മെ … ‘ മനസിനേറ്റ മുറിപ്പാടില്‍ നിന്നൊരു മോചനത്തിനായി പാര്‍ക്കിനു വെളിയിലെ കടത്തിണ്ണയില്‍ ഇരുന്ന ദേവകി ഞെട്ടി തിരിഞ്ഞു നോക്കി ..

‘ അമ്മെ … ” ഓടി വന്നു കൈ പിടിച്ചപ്പോള്‍ മായയുടെ കണ്ണില്‍ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല .

” ഞാനടിച്ചോളാം…’ മായ അരികില്‍ വെച്ചിരുന്ന ചൂലെടുത്തു.. സ്വര്‍ണക്കടയില്‍ ആളുകളെ സ്വീകരിക്കുന്ന ,അതെ വേഷത്തിലായിരുന്നു മായ

” വേണ്ട മോളെ ..ഇവിടൊക്കെ തീര്‍ന്നതാ … വിനു ?’ ദേവകി ചുറ്റും നോക്കി ..

‘ അമ്മ … ഇവിടെയാണന്നു പറയാത്തതെന്താ ? എന്‍റെ ഉപ്പയല്ലേ നമ്മുടെ ചെയര്‍മാന്‍ … നമുക്ക് അങ്ങോട്ടേക്ക് മാറ്റം മേടിക്കാം ..” മുഹമ്മദ്‌ അവരുടെ അടുത്തേക്ക് വന്നു

” അമ്മെ ..സോറി ..ഞാനറിയാതെ …” ജിഷ്ണു വന്നു ദേവകിയുടെ കൈ പിടിച്ചു .

” സാരമില്ല മോനെ ” ദേവകിയുടെ കണ്ണുകള്‍ അപ്പോഴും വിനുവിനെ തേടുകയായിരുന്നു

” വിനു …അവനെന്തിയെ ?’

അവിടേക്ക് ഒരു കാര്‍ വന്നു നിന്നു, അതില്‍ നിന്ന് വിനുവും രാമേട്ടനും ഇറങ്ങി

‘ എന്തായിത് ? വയ്യാത്ത അച്ഛനേം വിളിച്ചോണ്ട് … “

” ഒരൂട്ടം കാണിച്ചു തരാന്ന് പറഞ്ഞു നിന്ന നിപ്പില്‍ കൊണ്ട് വന്നതാ ഇവനെന്നെ … ഇതാപ്പോ സംഗതി ?’…
” അപ്പൊ അച്ഛനും അറിയാരുന്നു അല്ലെ അമ്മേടെ ജോലി ഇതാന്ന്….. ഒന്ന് പറയാമയിരുന്നു .. സൌന്ദര്യോം ജോലീയുടെ സ്വഭാവോം വെച്ചാണോ ഞങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നെ … എന്നാലും അമ്മെ ..ഇങ്ങനെ ഞങ്ങളെ കണ്ടല്ലോ ”
മായയും വിനുവും ദേവകിയുടെ കയ്യില്‍ പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *