പെട്ടന്ന് എങ്ങുനിന്നോ ഒരു മൂങ്ങ മാർത്താണ്ഡന്റെ വലതുതോളിൽവന്നിരുന്നു.
മൂങ്ങ അയാളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.
അത്രയും നേരം സന്തോഷവാനായിരുന്ന അയാളുടെ മുഖത്തിന് പെട്ടന്നു ഭാവമാറ്റം സംഭവിച്ചു.
“എന്ത്, സീത ബന്ധനം ഭേദിച്ച് സ്വതന്ത്രയായിന്നോ..
ഇല്ലാ….”
അയാൾ അലറിവിളിച്ചു.
ഉടൻ മാർത്താണ്ഡൻ ചെറിയ ഉരുളിയിൽ ശുദ്ധജലം നിറച്ച്
ഹോമകുണ്ഡത്തിന്റെ അടുത്തുകൊണ്ടുവന്നുവച്ചു.
ഹോമകുണ്ഡത്തിന് അഗ്നിപകർന്നു.
ശേഷം ഉരുളിയിലേക്ക് അയാൾ ചൂണ്ടുവിരലിന്റെ തലപ്പ് വാളുകൊണ്ട് മുറിച്ച് ഏഴുതുള്ളി രക്തം അതിലേക്കിറ്റിച്ചു.
ഉടനെ ശുദ്ധലം മുഴുവനും രക്തമായിമാറി.
“ഉപാസനാ മൂർത്തികളേ….
എനിക്ക് ശക്തിതരൂ…
‘ഐം ക്ലീം ചുടലഭഭ്രായ
ഐം ക്ലീം ചുടലഭഭ്രായ
ഐം ക്ലീം ചുടലഭഭ്രായ’
നിമിഷനേരം കൊണ്ട് ഉരുളിയിൽ പുകവന്നുനിറഞ്ഞു.
പതിയെ സീതയുടെ ദ്രംഷ്ഠകൾവളർന്ന മുഖം ഉരുളിയിൽ പ്രത്യക്ഷപ്പെട്ടു.
“ഹഹഹ….”
അവൾ ആർത്തട്ടഹസിച്ചു.
“നീ എന്താ കരുതിയെ, വർഷങ്ങളോളം എന്നെ അടിമയാക്കി ക്രൂരകൃത്യങ്ങൾ ചെയ്യാമെന്നോ ?..
ഇനിയുള്ള നിന്റെ നാളുകൾ എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു മാർത്താണ്ഡാ.
നിന്റെ സഹായി ആ ശിഖണ്ടിയോടും കൂടെ പറഞ്ഞോളൂ…”
“ഹും, എന്റെ കാൽക്കൽ ഒരുപട്ടിയെപോലെ നിന്ന് കെഞ്ചിയ നീയാണോ എന്നെ വെല്ലുവിളിക്കുന്നത്. ഹഹഹ
സീതേ, നിന്നെ ശങ്കരൻതിരുമേനിയുടെ കൈകളിൽ നിന്നും മോചിപ്പിച്ച് എന്റെ അടിമയാക്കിയിട്ടുണ്ടെങ്കിൽ,
അടുത്തയാമത്തിൽ വീണ്ടും നിന്നെ ബന്ധിക്കാൻ എനിക്കുകഴിയും.”
പരിഹാസത്തോടെ മാർത്താണ്ഡൻ പറഞ്ഞു.
“ഹഹഹ,”
അവൾ അട്ടഹസിച്ചു.
” ഇനി ഈ പുഞ്ചിരി അധികനാളുണ്ടായിരിക്കില്ല്യ,
നിന്റെ അന്ത്യം അടുത്തിരിക്കുന്നു മാർത്താണ്ഡാ..
ഒരുപാട് പെൺകുട്ടികളെ നിന്റെ അഴുക്കായ പൂജയിലേക്ക് വശീകരിച്ചുകൊണ്ടുവരുമ്പോഴും നീയറിയുന്നില്ല അവൾക്ക് ഒരു മനസുണ്ട്, ഒരുപാടുസ്വപ്നങ്ങളുണ്ട്, ഒരു ജീവിതമുണ്ടെന്ന്. നിന്റെ നീചപ്രവർത്തിയിലെ അവസാനത്തെ കണ്ണിയാണ് ഞാൻ. ഇതോടെ അവസാനിക്കണം നീയും നിന്റെ അഭിചാരകർമ്മങ്ങളും.
ഇനി ദൈവത്തിന്റെ ഒരിടപെടൽ മാത്രമാണുണ്ടാകുക ഓർമ്മവച്ചോളൂ.
അത്രേയും പറഞ്ഞ് സീത അപ്രത്യക്ഷയായി.
“ആ……………”
ഉച്ചത്തിൽ അയാൾ അലറി.
തന്റെ വലതുകൈകൊണ്ട് ഉരുളിയിലേക്ക് മാർത്താണ്ഡൻ ആഞ്ഞടിച്ചു.
അയാളുടെ ഗർജ്ജനം നെല്ലിക്കുന്ന് മുഴുവനും പ്രകമ്പനംകൊണ്ടു.
“ദൈവം,ദൈവം,ദൈവം, എന്റെ ദൈവം ഞാൻതന്നെയാണ്…”
ഉരുളിയിലുണ്ടായിരുന്ന രക്തം പകുതിയും അയാളുടെ മുഖത്തും വസ്ത്രങ്ങളിലും തെറിച്ചു.
വലതുകൈകൊണ്ട് അയാൾ മുഖത്തേക്ക് തെറിച്ച രക്തത്തുള്ളികളെ തുടച്ചുനീക്കി.
“ഏയ് ഗൗരീ, ഉറങ്ങുവാണോ,”
ആരോ വിളിക്കുന്നതുകേട്ട ഗൗരി നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റു.
ചുറ്റിലുംനോക്കിയ അവൾക്കൊന്നും ദർശിക്കാൻ കഴിഞ്ഞില്ല.
അരണ്ടവെളിച്ചതിൽ ആരോ കിഴക്കേ ജാലകത്തിനടുത്തു വന്നുനിൽക്കുന്നു.
“അ…ആരാ അത്, ”
ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
പതിയെ നീലനിറമുള്ള ഒരു ജ്വാല അവിടെ പ്രകാശിക്കാൻ തുടങ്ങി.
പുതപ്പുമാറ്റി അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു.
ഓരോ നിമിഷംകൂടുന്തോറും പ്രകാശം മൂന്നിരട്ടിയായി വർധിച്ചു.
“ഗൗരി, ഓരോ ജന്മത്തിനും ഓരോ കർത്തവ്യമുണ്ട്
അമാവാസിയിലെ കാർത്തിക നാളിൽജനിച്ച നിനക്ക് നിന്റെ കർത്തവ്യംചെയ്യാനുള്ള സമയമായി. ഒരുങ്ങിക്കൊള്ളുക.”
അത്രേയും പറഞ്ഞ് പെട്ടന്ന് ആ ജ്വാല അണഞ്ഞു.
ഗൗരി നാലുദിക്കിലും കണ്ണുകൾകൊണ്ട് പരതി.
“ഒരു സ്ത്രീരൂപം പോലെ, ആരാ അത്.?
സീതയായിരിക്കുമോ ?
ഏയ്,മുത്തശ്ശനുള്ള ഇവിടെ വരാൻ മാത്രം ധൈര്യമൊന്നുമില്ല അവൾക്ക്.”
ഗൗരി കമ്പ്യൂട്ടർടേബിളിലിരിക്കുന്ന മൺകൂജയിൽനിന്നും ഒരുഗ്ലാസ് വെള്ളമെടുത്തുകുടിച്ചു.
വായിൽനിന്നും തെന്നി കഴുത്തിലേക്ക് ഒലിച്ചിറങ്ങിയ ജലത്തെ മാറിലേക്ക് പടരുംമുൻപേ അവൾ തുടച്ചുനീക്കി.
“ഞാനെന്താ കേട്ടെ, എനിക്കെന്ത് കർത്തവ്യമാണ് ചെയ്തുതീർക്കാനുള്ളത്.”
