യക്ഷയാമം – 6

കുട്ടന്റെ മൃതദേഹം അടക്കംചെയ്ത് തിരുമേനി കീഴ്ശ്ശേരി മനയിലേക്ക് കടന്നുചെല്ലുമ്പോൾ ഉമ്മറത്ത് അംബികചിറ്റയുടെ മടിയിൽ കിടക്കുകയായിരുന്നു ഗൗരി.

തിരുമേനി വേഗം അവളുടെയടുത്തേക്ക് ചെന്ന് ശിരസിൽതലോടി.

“എന്താ കുട്ട്യേ… ഭയന്നുപോയോ ?..”

ചിറ്റയുടെ മടിയിൽകിടന്ന് ഗൗരി തിരുമേനിയെ ഒന്നുനോക്കി.

“മ്..”

“സാരല്ല്യട്ടോ, ഇതൊക്കെ ഇവിടെ പതിവുള്ളതാ, വാ എണീക്ക് നമുക്കൊന്ന് കുളിച്ചിട്ട് വരാം. മോള് കണ്ടിട്ടില്ല്യല്ലോ മനക്കലെ കുളം.”

മടിയിൽകിടന്ന ഗൗരിയുടെ കൈകൾപിടിച്ച് തിരുമേനി എഴുന്നേൽപ്പിച്ചു.

മനക്കലെ കുളത്തിലേക്ക് തിരുമേനി ഗൗരിയുടെ കൈയുംപിടിച്ച് പടിഞ്ഞാറെ തൊടിയിലൂടെ നടന്നു.

കുളപ്പുരയിലൂടെ അവർ കല്പടവുകളിലേക്ക് ഇറങ്ങിച്ചെന്നു.

അപ്പോഴേക്കും അംബികചിറ്റ കാച്ചിയ എണ്ണയും തേർത്തുമുണ്ടുമായി കുളക്കടവിലേക്ക് വന്നു.

ഗൗരിയുടെ അച്ഛന്റെ അനിയന്റെ ഭാര്യയാണ് അംബിക. ഹൃദയസ്തംഭനംമൂലം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരണമടഞ്ഞിരുന്നു.
ശേഷം അംബികചിറ്റ കീഴ്ശ്ശേരിയിലായിരുന്നു താമസിച്ചു വരുന്നത്.

“ന്തിനാ അംബികേ ഇപ്പൊ എണ്ണയിടുന്നെ, നീരിറങ്ങിയാൽ നിനക്കുതന്നെ ജോലിയാവില്ല്യേ..”

കൽപ്പടവുകളിൽ ഇരിപ്പുറപ്പിച്ച തിരുമേനി പറഞ്ഞു.

“സാരല്ല്യ, ന്റെ കുട്ട്യല്ലേ…”

എണ്ണകൊടുത്ത് അംബികചിറ്റ തിരഞ്ഞുനടന്നു.

ഗൗരി തന്റെ മൃദുലമായകാലുകൾ പതിയെ കുളത്തിലേക്ക് ഇറക്കിവച്ചു.

കൊലുസണിഞ്ഞകാലിന്റെ ചെറിയ രോമങ്ങൾക്കിടയിലൂടെ തണുപ്പ് ശരീരത്തിലേക്ക് പ്രവാഹിക്കാൻ തുടങ്ങി.

ഒറ്റകുതിപ്പിന് ഗൗരി നീലനിറത്തിലുള്ള ജലത്തിലേക്ക് എടുത്തുചാടി.

കൈയിലുള്ള മുറുക്കാൻ നിലത്തിട്ട് ശങ്കരൻതിരുമേനി ഭയത്തോടെ ചാടിയെണീറ്റു.
വൈകാതെ ചതുരാകൃതിയിലുള്ള കുളത്തിൽ ഗൗരി നീന്തിക്കളിക്കുന്നത് കണ്ട തിരുമേനി നെഞ്ചിൽ കൈവച്ച് ദീർഘശ്വാസമെടുത്ത്‌ നിന്നു.

“നിനക്ക് നീന്താൻ അറിയായിരുന്നു ല്ലേ ?..

കുളത്തിലെ ജലം വായയിലേക്കെടുത്ത് ഗൗരി നീട്ടിതുപ്പി.

“ഉവ്വ്, ഞങ്ങൾക്ക് ബാംഗ്ളൂരിൽ സ്വിമിങ് പൂൾ ഉണ്ട് മുത്തശ്ശാ “

“പേടിച്ചു പോയി ഞാൻ”

“ആരുടെയാ മുത്തശ്ശാ അവിടെകണ്ട മൃതദേഹം ?..”
കുളത്തിൽ നിന്നുകൊണ്ട് ഗൗരി ചോദിച്ചു.

“അത് കുട്ടൻ, വാര്യരുടെ മകനാണ്. നല്ല വിദ്യാഭ്യാസമുള്ള പയ്യനാ, പക്ഷേ…”

കൈക്കുമ്പിളിൽ കാച്ചിയ ചെമ്പരത്ത്യതിയുടെ എണ്ണയെടുത്ത്‌ നെറുകയിൽ തേക്കുന്നതിനിടയിൽ തിരുമേനി പറഞ്ഞു.

“എന്തിനാ തൂങ്ങിമരിച്ചെ?”

“തൂങ്ങിമരിച്ചതല്ല, കൊന്നതാ.”

“ആര്..?’
ഗൗരി കുളത്തിൽനിന്നും കല്പടവുകളിലേക്ക് കയറിനിന്നു.

“അവൻ, ആഭിചാരകർമ്മങ്ങൾ ചെയുന്ന ദുർമന്ത്രവാദി.”
വായിൽ ചവച്ചു കൊണ്ടിരിക്കുന്ന മുറുക്കാൻ കുളപ്പുരയുടെ ചുമരിന്റെ അരിലേക്ക് തിരുമേനി നീട്ടിതുപ്പികെണ്ട് പറഞ്ഞു.

“എന്താ മുത്തശ്ശാ ദുർമന്ത്രവാദം?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“ഹഹഹ, നിനക്കിതൊന്നും അറിയില്ല്യേ ഗൗര്യേ.”
പരിഹാസത്തോടെ തിരുമേനി ചോദിച്ചു.

“അറിയെങ്കിൽ ഞാൻ ചോദിക്കോ മുത്തശ്ശാ..”

ഗൗരി തോർത്തുമുണ്ടുകൊണ്ട് തന്റെ നനഞ്ഞ മുടിയിഴകൾ തോർത്തി.

“വ്യക്തികളുടെ പ്രത്യേക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക,ന്നുവച്ചൽ
അവരെന്തു ചിന്തിക്കുന്നുവോ അത് മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കുക.
അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകര്‍മങ്ങള്‍ ദുർമന്ത്രവാദത്തിന്റെ വശമാണ്. പലതരത്തിലുള്ള ക്ഷുദ്രക്രിയകള്‍, ബലികര്‍മ്മങ്ങള്‍, താന്ത്രിക കര്‍മങ്ങള്‍ എന്നീ കര്‍മവൈവിധ്യങ്ങള്‍ ദുര്‍മന്ത്രവാദത്തില്‍ അടങ്ങിയിരിക്കുന്നു.”

അപ്പോഴാണ് ഗൗരിക്ക് ട്രെയിനിൽ കമ്പിളിപുതച്ചുവെന്നയാളെക്കുറിച്ച് ഓർമ്മവന്നത്.

“മുത്തശ്ശാ, ഇങ്ങട് വരുന്നവഴി ട്രെയിനിൽ ഒരാളെ കണ്ടു. കമ്പിളി പുതച്ച്, ഇടതുകാലിൽ വളയിട്ട്, കുറെ ചരടുകൾ കഴുത്തിൽ അണിഞ്ഞ്, ആ പിന്നെ അയാളുടെ കഴുത്തിൽ ഒരു തലയോട്ടിയുടെ ലോക്കറ്റ്.
അതിൽ ഞാൻ നോക്കിയപ്പോൾ രക്തത്തിന്റെകറ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
പക്ഷെ മുത്തശ്ശന്റെ പേരുപറഞ്ഞപ്പോൾ അയാൾ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് എടുത്തുചാടി.”

കുളത്തിലേക്ക് ഇറങ്ങാൻ നിന്ന തിരുമേനിയോട് ഗൗരി പറഞ്ഞു.

വെള്ളത്തിൽ ചവിട്ടിയ വലതുകാൽ തിരുമേനി പെട്ടന്ന് പിൻവലിച്ചു.

“മാർത്താണ്ഡൻ..”

തിരുമേനിയുടെ കണ്ണകൾ വികസിച്ചു.
നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്ക് ഒലിച്ചിറങ്ങി.

“അവൻ നിന്നെ സ്പർശിച്ചോ..?”

ഗൗരിയുടെ മുഖത്തേക്ക് നോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *