റെബേക്ക മാത്തന്റെ ഗർഭം 15

 

“ദുഷ്ട. അത്രയും നേരം കൂടി ഞാൻ വിശപ്പും സഹിച്ചു ഇരിക്കണം”

 

രേണു എന്റെ കവിളത്തു ഒരു ഉമ്മ തന്നു. ചെറുപഴം തോലു കളഞ്ഞു വായിൽ വെച്ച് തന്നു.

 

“തൽക്കാലം ഈ പഴം കൊണ്ട് തൃപ്തിപ്പെട് കണ്ണാ”

 

ഞാൻ രേണുവിന് വാരി കൊടുത്തു. അത് കഴിഞ്ഞ് ഞാൻ ഉണ്ട് എണീക്കുന്നത് വരെ രേണു എന്റെ അടുത്തിരിക്കുകയായിരുന്നു.

 

ഉമ്മറത്ത് ചാരുകസേരയിൽ മഴ പെയ്യുന്നതും നോക്കി ഇരിക്കുകയാണ് ഞാൻ. കൂട്ടിന് ചില മഴയോർമ്മകളും ഉണ്ട്. ചുറ്റും പച്ചപ്പ് മാത്രം. രേണു അച്ഛഛന്റെ മുറുക്കാൻ ചെല്ലവും ഒരു കോളാമ്പിയുമായി വന്നു.

 

“ഇങ്ങനെ ഇരിക്കുമ്പോ അച്ഛൻ തന്നെ”

 

“അതെന്തിനാ എടുത്തോണ്ട് വന്നെ”?

 

“സദ്യ കഴിഞ്ഞാൽ നാലും കൂട്ടി മുറുക്കണമെന്നാ”

 

രേണു വെറ്റിലയെടുത്തു നൂറ് തേച്ച് അടക്കയും വെച്ച് വായിൽ വെച്ച് തന്നു.

 

“ഇത് മൂന്നല്ലേയുള്ളൂ. പുകലയെവിടെ”?

 

“അങ്ങനെപ്പോ പൊകല തിന്നണ്ട”

 

ഞാൻ രേണുവിനെ പിടിച്ചു മടിയിലിരുത്തി. മുറുക്കി തുപ്പി ഞങ്ങൾ മഴയും ആസ്വദിച്ചു ഇരുന്നു.

 

“ഇതും രേണുവിൻ്റെ ഫാൻ്റസിയാകും ല്ലേ”?

 

“അച്ഛൻ ഇങ്ങനെ വന്നിരിക്കും. അന്ന് പാടത്തും പറമ്പിലും പണിക്കാരൊക്കെ ഉണ്ടാവും. ഇന്നിപ്പോ ആരൂല്ല. എന്നാലും കാരണവരെപ്പോലെ ഇരിക്കുന്നത് കാണാൻ ഒരാഗ്രഹം”

 

“ വെറുതെ ഒന്ന് നടക്കാൻ പോയാലോ? നിനക്ക് മഴയത്തു നടക്കുന്നത് ഭയങ്കര ഇഷ്ടല്ലേ. പാടത്തെ ഷെഡ്‌ഡിൽ പോയി ഇരിക്കാം”

 

പറഞ്ഞപ്പോഴത്തേക്ക് നല്ലൊരു മഴ പെയ്തു തോർന്നു.

 

“മഴ ഇനീം പെയ്യും കണ്ണാ”

 

 

ഞങ്ങൾ മുറ്റത്തോട്ടു ഇറങ്ങിയപ്പോൾ കവുങ്ങിൻ തോട്ടത്തിനപ്പുറത്ത് നിന്ന് ഒരു സ്പോർട്സ് ബൈക്കിന്റെ ഇരമ്പൽ കേട്ടു. പരിചയമുള്ള ശബ്ദമാണ്. അത് അടുത്തെത്തി.

 

“നിങ്ങളെന്തേ രാവിലെ വരാഞ്ഞേ”?

 

“ഷംസാദിന് ചില പരിപാടികള്. അതൊക്കെ കഴിഞ്ഞിട്ടാ പോന്നത്”

 

“എന്നാ വാ ചോറുണ്ണാം. സദ്യ ഒക്കെണ്ട്”

 

“എന്താടാപ്പോ സദ്യ ഒക്കെ”?

 

“രേണുവിന്റെ പിറന്നാൾ”

 

“ഞങ്ങളറിഞ്ഞില്ലല്ലോ. ഗിഫ്‌റ്റൊന്നും ഇല്ലല്ലോ മിസ്സേ”

 

“ഗിഫ്റ്റൊന്നും വേണ്ടടാ. നീ കോട്ടയത്ത്‌ന്ന് തന്ന വലിയൊരു ഗിഫ്റ്റാണ് അപ്പുറത്ത് നിക്കുന്നത്”

 

“അതൊക്കെ എന്തിനാ വെറുതെ”

 

ജംഷി ഇറങ്ങി വീട്ടിലേക്കു നടന്നു.

 

“ടാ കണ്ണാ, ഞങ്ങൾ വരുന്ന വഴിക്കു കഴിച്ചു. വയനാട്ടിൽ വന്നിട്ട് പോത്തും കാലും പത്തിരീം തട്ടിയില്ലേൽ മോശല്ലേ. ഇനി സ്ഥലം ഇല്ല”

 

“എന്നിട്ടെങ്ങനണ്ട്”?

 

“പറയുന്ന അത്ര രസൊന്നുല്ല. എന്നാലും കുഴപ്പൊന്നുല്ല. കഴിക്കാം”

 

“എന്നാലും എന്തേലും. ഒരു ഗ്ലാസ്‌ പായസം എങ്കിലും”

 

അവര് പായസവും പപ്പടവും കഴിച്ചു. ഷംസാദ് ചെറുപഴവും പായസവുമാണ് കുത്തി കേറ്റിയത്. സ്ഥലം ഇല്ലാന്ന് പറഞ്ഞിട്ടും രണ്ട് ഗ്ലാസ് പാവം കോരി കുടിച്ചു.

 

“ആ കോട്ടൊക്കെ ഊരിക്കൂടെ? അന്യഗ്രഹ ജീവികളെ പോലെ ഉണ്ട്”

 

ഷംസാദ് രേണുവിൻ്റെ കൂടെ പോയി. എന്തേലും കാണിച്ച് കൊടുക്കാനാവും.

 

“ജംഷി ഒന്ന് ഹെല്പ് ചെയ്യെടാ”

 

 

പോവുന്നതിനു മുൻപ് ഞാൻ കുറ്റിയും മറ്റ് അല്ലറ ചില്ലറ സാധന സാമഗ്രികളും ഗോഡൗണിൽ കൊണ്ട് വെക്കാൻ തുടങ്ങുമ്പോളാണ് ജംഷി ഒരു പഴവും തൊലിച്ച് ആ വഴി വന്നത്. എല്ലാം ഗോഡൗണിൽ കൊണ്ട് പോയി തട്ടി. അജ്മലിനോടും വർഗീസ് ചേട്ടനോടും പോവുന്ന കാര്യം പറഞ്ഞു. അന്നമ്മ ചേടത്തിയോട് നാളെ പറയാം.

 

അവിടുന്ന് വന്ന് ഞങ്ങൾ പാടത്തു പോയി. ജംഷീറിൻ്റെ കൂടെ കുറേ റീൽസെടുത്തു. ഒരു മാസത്തിനുള്ളതായിട്ടുണ്ടാവും.

 

“നീഹയും കൂടെ ഉണ്ടേന്നെങ്കിൽ നന്നായേനെ”

 

രേണു എന്നെ ഒന്ന് നോക്കി.

 

“ഒന്നൂല്ല രേണു. അവന്റെ കൂടെ കപ്പിൾ റീൽസ് എടുക്കാലോ. അതാ”

 

“എന്താടാ ഒരു വെള്ളച്ചാട്ടത്തിൻ്റെ ഒച്ച”?

 

“അത് കുളത്തിലെ വെള്ളം താഴെ പുഴയിലേക്ക് വീഴുന്നതാ”

 

ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ നടന്നു. മഴക്കാലമായത് കൊണ്ട് എല്ലാത്തിന്റെയും സൗന്ദര്യം ഇരട്ടിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുകയാണെങ്കിൽ ‘കാലേ വർഷതു പർജന്യ പൃഥ്വി സസ്യ ശാലിനി…’ എന്ന കണക്കെ പ്രകൃതിയെ വർണിച്ച് വല്ലതും എഴുതാമായിരുന്നു. അതല്ലാത്തതുകൊണ്ട് ഞാൻ ജംഷിയോട് ഓരോന്ന് സംസാരിച്ച് വെള്ളച്ചാട്ടവും നോക്കി നിന്നു.

 

ഷംസാദ് രേണുവിന്റെ പല പോസിലുമുള്ള ഫോട്ടോസ് എടുക്കുകയാണ്.

 

“ആറ് മണിയായി. ഉച്ചക്കോ കഴിച്ചില്ല. രാത്രി എന്തേലും തട്ടിയിട്ട് പോയാ പോരെ”?

 

“ഞങ്ങക്ക് ഒരു തിരക്കൂല്ല കണ്ണാ”

 

“എന്നാ ഞാൻ പോയി വിളക്ക് വെക്കട്ടെ. നിങ്ങള് ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞ് അങ്ങ് പോരെ”

 

 

കുറെ നേരം കൂടെ കളി തമാശയും ഒക്കെയായി അവരവിടെ ഓരോന്ന് ചെയ്തു. ഞാൻ സന്ധ്യാവന്ദന പരിപാടികൾക്ക് പോന്നു.

 

“സാധനം എങ്ങനെണ്ട്”?

 

“ഇയല്ല ഉണ്ടാക്കിയത് ന്നു മനസിലായി”

 

“കേട്ടോ മിസ്സേ. ഓൻ കയ്യില് കിട്ടിയതൊക്കെ എടുത്തിട്ട് എന്തേലും ഉണ്ടാക്കും. എന്നിട്ട് എവിടേം കേക്കാത്ത ഒരു പേരും പറയും”

 

“എന്നിട്ട് നീ അത് മൂക്കുമുട്ടെ കയറ്റലുണ്ടല്ലോ ജംഷി”

 

“അത് പിന്നെ വിശപ്പല്ലേ ഏന്തേലും തിന്നണ്ടേ”

 

ജംഷി രേണുവിന്റെ നേരെ തിരിഞ്ഞു.

 

“സത്യം പറയാലോ മിസ്സേ എലിശ്ശേരി നല്ല രുചിയുണ്ട്”

 

ജംഷി കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു.

 

“അവൻ എലിശ്ശേരി വെറുതെ കോരിക്കഴിച്ചു നടക്കും രേണു. അത്രക്കിഷ്ടാണ്”

 

“അത് ശെരിയാ കണ്ണാ. ജംഷി സദ്യ എന്ന് പറഞ്ഞാ മരിക്കും”

 

“എന്നാ വിഷുവിനു വന്നൂടായിരുന്നോ”?

 

“സമ്മർ ഇന്റൺഷിപ് ആണേന്നു മിസ്സേ”

 

രേണു പോയി ഒരു കറി പാത്രത്തിൽ എലിശ്ശേരി കൊണ്ടുവന്നു ജംഷിക്കു കൊടുത്തു.

 

“ആ അച്ചാറിലെ സ്പൂൺ എടുത്തോ”

 

“അത് ഓൻ വെറുതെ പറഞ്ഞതാ. ഇതൊന്നും വേണ്ട മിസ്സേ”

 

“പോടാ പുല്ലേ. അവന്റെ ഒരു ഫോർമാലിറ്റി. നിന്നെ എനിക്കറിഞ്ഞൂടെ. വേണേങ്കി തിന്നിട്ട് എണീച്ചു പോടാ”

 

ജംഷി എലിശ്ശേരിയെടുത്ത് ഉമ്മറത്ത് പോയിരുന്നു. രേണു പാത്രങ്ങളെടുത്തു അടുക്കളയിലേക്ക് പോയി. ഷംസാദ് ബാക്കി പാത്രങ്ങളും ഇലയും പെറുക്കികൂട്ടി രേണുവിന്റെ കൂടെ പോയി. ആ നാറി പിന്നെ പണ്ടു തൊട്ടെ ഒരു സഹായിയാണ്. പാവമാണ് ആള്. എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുന്ന ഒരു പേഴ്സണാലിറ്റിയാണ് അവന്റെ.

 

“ജംഷി രാത്രി പോണോ? താമരശ്ശേരി വരെ സ്ഥലം അത്ര നന്നല്ല”

 

ജംഷി എന്നെ ഒന്ന് നോക്കി.

 

“ആൾക്കാരെയല്ല. മൃഗങ്ങളുണ്ടാവും. വല്ല ആനയോ ഒക്കെ. കഴിഞ്ഞ ഫെബ്രുവരിയിലാ മുതുക്കനൊരു കടുവ പട്ടാപ്പകല് അങ്ങാടിക്കൂടെ നടന്നു പോയത്. അപ്പോ പിന്നെ രാത്രീലെ കാര്യം പറയണോ. പോരാത്തേന് മഴയും ”

Leave a Reply

Your email address will not be published. Required fields are marked *