“അങ്ങനെ ഞാൻ ഉദ്ദേശിച്ചില്ല. നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നത്”?
“ഞാൻ എഴുതിയ പുറം തന്നെയാ രേണു വായിച്ചത്”
“പ്രേമം ധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ കണ്ണാ. ശരീരത്തിന്റെ വലിപ്പമല്ല, മനസിന് ധൈര്യം വേണം. അല്ലാത്തവരു അവരെ പോലെ നടക്കേയുള്ളൂ”
“രേണുവിന് എന്നെ ഭർത്താവായി വേണം എന്നല്ലേ ആഗ്രഹം”
“അത് നിനക്കറിയാവുന്നതല്ലേ”
“ഞാൻ രേണുവിന് ഒരു താലി വാങ്ങി കെട്ടി തരട്ടെ? കല്പറ്റയിലെ ഉമാ മഹേശ്വര ക്ഷേത്രത്തിൽ വെച്ച് ആരും അറിയാതെ കല്യാണം കഴിക്കാം രേണു”
“വേണ്ട കണ്ണാ”
“പ്രശ്നാരി പറഞ്ഞോണ്ടാണോ”?
രേണു സീറ്റിൽ ചാരിയിരുന്ന് എന്റെ മുഖത്ത് നോക്കി കുറച്ചു നേരം മിണ്ടാതിരുന്നു. ശേഷം പറഞ്ഞു തുടങ്ങി.
“നോക്ക് കണ്ണാ. ഇതിപ്പോ വേറെ ആരേലും ആണ് ഇങ്ങനെ പറഞ്ഞത് ന്നുണ്ടെങ്കിൽ പറയാനുള്ളത് പറഞ്ഞു ഇനി എന്തെങ്കിലും ആയിക്കോട്ടെന്ന് ഞാൻ വിചാരിക്കേ ഉള്ളൂ. പക്ഷെ നീ അങ്ങനെ ആരെങ്കിലും അല്ല കണ്ണാ. അതാ കാരണം. നിനക്കെന്തേലും പറ്റുന്നത് ഈവൻ ഡിസ്‌റ്റന്റ് പോസ്സിബിലിറ്റി പോലും എനിക്ക് സഹിക്കാൻ പറ്റില്ല. അതോണ്ടാ”
“പിന്നെന്താ ചെയ്യാ”?
“താലി കേട്ടാതേം ഒരുമിച്ചു ജീവിക്കാലോ”
“അപ്പോ താലി വേണ്ടേ”?
“വേണം. മരിക്കുന്നേന് മുന്നേ കെട്ടിത്തന്നാൽ മതി”
“എന്താ രേണു ഇങ്ങനെ”?
“നിന്നോടുള്ള പ്രേമം കൊണ്ട്. വേറെന്തു കാരണാ ഉള്ളത്”
ഞങ്ങൾ മാർക്കറ്റിൽ സാധനങ്ങൾ അന്വേഷിച്ച് അലയുകയാണ്.
“മറ്റന്നാളു പോവില്ലേ കണ്ണാ. കുറച്ചു സാധനങ്ങൾ മതി. കുറെ വിഭവങ്ങളൊന്നും വേണ്ട. ഇതെന്നെ നിന്റെ ആഗ്രഹത്തിന് സമ്മതിച്ചതാ”
പച്ചക്കറി വാങ്ങി ഞങ്ങൾ ജ്വല്ലറിയിൽ കയറി. രേണുവിന് അരഞ്ഞാണം വാങ്ങി. മുത്തുകളുള്ള വെള്ളി പാദസരവും എടുത്തു.
“താലി വാങ്ങുന്നില്ലേ കണ്ണാ”?
ഞാൻ ഒരു താലിമാല എടുത്തു.
“ഇതെങ്ങനെണ്ട് രേണു”?
“നിനക്കിഷ്ടമുള്ളത് മതി കണ്ണാ”
ആഭരണങ്ങൾ വാങ്ങി ബില്ലുമടച്ച് ജ്വല്ലറിയിൽ നിന്നിറങ്ങി.
“എന്നാ ഇനി വീട്ടിൽ പോവാം”
“പോവാം”
ജംഗ്ഷനിലെ സിഗ്നലിൽ നിർത്തിയിരിക്കുകയാണ് വണ്ടി. രേണു എന്തോ ആലോചനയിലാണ്.
“ഞാൻ രേണുവിനോട് ഒരു കാര്യം ചോദിക്കട്ടെ”?
“ചോദിച്ചോ കണ്ണാ”
“പ്രേമിച്ചാ മാത്രം പോരാ. പ്രേമിക്കപെടുന്നുണ്ട്ന്നു മറ്റേ ആൾക്കും തോന്നണ്ടേ”?
“ വേണം”
“രേണുവിനെ ഞാൻ എങ്ങനെയാ പ്രേമിക്കണ്ടേ? ചോദ്യം മനസിലായോ”?
“ മനസിലായി. നോക്ക് കണ്ണാ, ഞാൻ ചെറുപ്പം തൊട്ടേ ഒറ്റക്കായിരുന്നു. എന്നും ബുക്കുകളായിരുന്നു കൂട്ട്. അയാം എ ലോൺലി ആൻഡ് ടോർച്ചേർഡ് സോൾ. സ്കൂൾ ലൈഫോ കോളേജ് ലൈഫോ ഒന്നും എനിക്കുണ്ടായിട്ടേ ഇല്ല. അങ്ങനെത്തെ കാലം പോലും ഓർമയിലില്ല. അക്കാദമിക്സിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ”
“ ഹൈസ്കൂൾ പ്രണയം പോലെ ഞാൻ രേണുവിനെ പ്രേമിക്കണന്നല്ലേ”?
“പോര. എല്ലാത്തരം പ്രണയവും വേണം. ഞാൻ ജീവനോടെ ഉണ്ടായിരുന്നതും എന്നാൽ ജീവിക്കാത്തതുമായ കാലം മുഴുവൻ നിന്റെ കൂടെ വീണ്ടും ജീവിക്കണം. ഓരോ ദിവസവും പുതിയ അനുഭവങ്ങൾ വേണം”
“ ചെയ്തത് ആവർത്തിക്കാതെ പുതിയ പുതിയ അനുഭവങ്ങൾ വേണന്ന് അല്ലേ? ബുദ്ധിമുട്ടാണ്. എന്നാലും ചെയ്യാവുന്നതേ ഉള്ളൂ”
“ താങ്ക് യൂ കണ്ണാ”
“രേണുവിന് എങ്ങനെയാണോ ആഗ്രഹം അതുപോലെ ഞാൻ രേണുവിനെ പ്രേമിക്കും. ജസ്റ്റ് ദി വേ യു വാണ്ട് മി ടു ലവ് യു ആസ് ലോങ്ങ് ആസ് യൂ വാണ്ട് മി ടു ലവ് യൂ”
രേണു എന്റെ തോളത്തേക്ക് ചാഞ്ഞു. വണ്ടി ജംഗ്ഷൻ കഴിഞ്ഞ് നേന്മേനിയിലേക്ക് തിരിഞ്ഞു.
ഞങ്ങൾ വീട്ടിലെത്തി. സാധനങ്ങൾ എടുത്ത് വെച്ച് തിണ്ണയിൽ ഇരുന്നു.
“രേണുവാണോ എന്റെ ഭട്ടി”?
“ഞാൻ ഭട്ടി ആയാൽ നീ വിക്രമാദിത്യനാവണ്ടേ”?
“രേണുവിന് പിന്നെ എന്താ ആവണ്ടേ”?
