വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത 3

കിടക്കാൻ നേരം അരുൺ പറഞ്ഞു

“തനു ഞാൻ അലാം ആറുമണിക്ക് സെറ്റ് ചെയ്തിട്ടുണ്ട്. നല്ല യാത്രക്ഷീണമുണ്ട്. നിന്റെ മൊബൈലിലും അലാം സെറ്റ് ചെയ്യണേ. ഞാൻ അഥവാ ഉറങ്ങിപ്പോയാൽ വിളിച്ചേക്കണേ”

“എന്തിനാ ആറുമണിക്ക് എഴുന്നേൽക്കുന്നെ? ഇവിടുന്ന് ഒൻപതരക്ക് ഇറങ്ങിയാൽ പോരെ?”

“താൻ നോക്കിക്കോ നാളത്തെ ഇവിടുത്തെ കാര്യങ്ങൾ” നെറ്റിയിൽ ഒരു ഉമ്മകൊടുത്തുകൊണ്ട് അരുൺ പറഞ്ഞു.

രാവിലെ തനുജ ഉണർന്നപ്പോൾ അരുകിൽ അരുൺ ഇല്ലായിരുന്നു. അവൾ സമയം നോക്കി, ആറര ആയിരിക്കുന്നു. അലാം ചതിച്ചല്ലോ. പെട്ടെന്ന് തന്നെ ടോയ്ലെറ്റിൽ കയറിയതിനു ശേഷം അടുക്കളയിൽ ചെന്ന അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അരുൺ ചായ ഇടുന്നു, അച്ഛൻ പുട്ടിനു നനക്കുന്നു, അമ്മ സവാള അരിയുന്നു.

“ഹലോ ഉണർന്നോ? വാ ചായകുടിക്കാം” ചായക്കപ്പ് നീട്ടി ചിരിച്ചുകൊണ്ട് അരുൺ.

” എന്താ എന്നെ വിളിക്കാഞ്ഞേ?” പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“യാത്രാക്ഷീണം ഇല്ലേ, അതാ താൻ ഉറങ്ങിക്കോട്ടെ എന്ന് കരുതിയത്.”

അപ്പോഴേക്ക് അച്ഛനും അമ്മയും ചെയ്തു കൊണ്ടിരുന്ന പണിതീർത്തു ചായക്കപ്പ് കയ്യിലെടുത്തു. ഊണുമുറിയിൽ കസേരയിലിരുന്ന് ചായകുടിക്കുമ്പോൾ അവർ തമ്മിൽ വിശേഷങ്ങൾ കൈമാറുന്നതും ചില രാഷ്ട്രീയക്കാരെ വിമർശിക്കുന്നതുമെല്ലാം തനുജ കേട്ടിരുന്നു. തന്റെ അമ്മ ഇരുന്നു ചായ കുടിക്കുന്നത് അവൾ കണ്ടിട്ടില്ല.. അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് ഇടയ്ക്കിടെ കുടിക്കും.. അല്ലെങ്കിൽ തണുത്തു കഴിയുമ്പോൾ ഒറ്റവലിക്ക് കുടിക്കും. ചായകുടി കഴിഞ്ഞപ്പോൾ അരുൺ എല്ലാവരുടെയും ചായക്കപ്പുകൾ കഴുകാനായി എടുത്ത് അടുക്കളയിലേക്ക് നടന്നു. അച്ഛൻ ടോയ്‌ലെറ്റിലേക്ക് നടക്കുമ്പോൾ തനുജയോട് ചോദിച്ചു.
“ഉച്ചക്ക് ക്യാന്റീനിൽ നിന്നാണോ തനു ഊണ് അതോ ചോറ് കൊണ്ടുപോകുന്നോ? ഞാനും സാവിത്രിയും ചോറ് കൊണ്ടുപോകും”

“എനിക്ക് അവിടെ ഭക്ഷണം ഫ്രീ ആണ്. അതുകൊണ്ടു കൊണ്ടുപോകേണ്ട”

ഉച്ചക്ക് ഊണിനുള്ള പൊതിയും പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് തയ്യാറാക്കി. സാവിത്രി സാവധാനം ഉടുത്തോരുങ്ങി സുന്ദരിയായി അച്ഛനുമായി ജോലിക്കിറങ്ങുന്നത് തനുജ സകൂതത്തോടെ നോക്കി നിന്നു.

അന്ന് സ്കൂളിലേക്കുള്ള യാത്രയിൽ തനുജയുടെ ചിന്തകളിൽ തന്റെ അമ്മ ആയിരുന്നു, അടുത്തിരുന്നു ഡ്രൈവ് ചെയ്യുന്ന അരുണിനെപ്പോലും അവൾ മറന്നു.

ഒരിക്കൽപ്പോലും അദ്ധ്യാപികയായ അമ്മ നന്നായി ഒരുങ്ങി സ്കൂളിൽ പോകുന്നത് കണ്ടിട്ടില്ല. പപ്പയും ആങ്ങളയും വീട്ടിൽ നിന്നിറങ്ങുന്നത് വരെ അമ്മ അടുക്കളയിലായിരിക്കും. അവരുടെ മുറികളിലേക്ക് ഷട്ടിൽസർവീസ് പലതവണ നടത്തും. ഓരോ കാര്യത്തിനും മുറിയിൽ നിന്ന് ‘അമ്മേ’… “ദീപേ” എന്നുള്ള വിളികൾ തന്നെ കാരണം. അടുക്കളജോലി എല്ലാം തീർത്തു ഒരു കാക്ക കുളിയും കുളിച്ച് സാരി വാരിവലിച്ചുടുത്തു അമ്മ ബസ്സിനായി ഓടുന്നത് വീട്ടിലെ സ്ഥിരം കാഴ്ച ആയിരുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്നത് വരെ താനും അമ്മയെ സഹായിക്കാൻ കൂടാറില്ലായിരുന്നു എന്ന സത്യം തനുജ കുറ്റബോധത്തോടെ ഓർത്തു.

“താൻ ഇറങ്ങുന്നില്ലേ?” അരുണിന്റെ ശബ്ദമാണ് തനുജയെ ചിന്തയിൽ നിന്നുണർത്തിയത്

“മ്മ്”…

വൈകിട്ട് എങ്ങനെയാ? താൻ തനിയെ പോകുന്നോ അതോ ഞാൻ വന്ന് ഫെച്ച് ചെയ്യണോ?”

“വേണ്ട.. ഞാൻ പോന്നോളാം”
കാർ മുന്നോട്ടു എടുത്ത് അരുൺ കൈവീശി. തിരിച്ചുള്ള തനുജയുടെ കൈ വീശൽ തികച്ചും യാന്ത്രികമായിരുന്നു. ആ വീട്ടിലെ ‘വീട്ടു ജോലി സംസ്ക്കാരം’ അവൾക്ക് അത്ഭുതവും കുറ്റബോധവും ഒരുപോലെ നൽകി. അവൾക്ക് സാവിത്രി എന്ന അമ്മായിഅമ്മയോട് അതിരറ്റ ബഹുമാനം തോന്നി. മകനെക്കൊണ്ട് തിന്ന പാത്രം പോലും കഴുകിക്കാത്ത തന്റെ അമ്മയോട് ഒരു ചെറിയ പിണക്കവും.

” നാളെ സെക്കന്റ്‌ സാറ്റർഡേ അല്ലെ ആർക്കും ജോലിക്ക് പോകണ്ടല്ലോ.. എന്താ നാളെ ഇവിടുത്തെ പരിപാടി?” അലക്കിയ തുണി മടക്കിക്കൊണ്ട് തനുജ അരുണിനോട് ചോദിച്ചു.

“അത് നാളെ തനിക്ക് കാണാം… ഒരു സർപ്രൈസ്”…മടക്കിയ തുണികൾ അലമാരയിൽ തരംതിരിച്ചു വക്കുന്നതിനിടയിൽ അരുൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *