ഓര്മ്മകള് നേര്ത്ത നൂലുകള് പോലെ എന്റെ ശരീരം മുഴുവന് ചുറ്റിവരിയട്ടെ. അവ ഈ രാത്രിയില് നിലാവ് ഏറ്റു തിളങ്ങട്ടെ, അതെ തിളങ്ങുന്ന ഓര്മകള്, ഇടയ്ക്ക് മുറിഞ്ഞു പോവുകയും വീണ്ടും പുനര്ജനിക്കുകയും ചെയ്യുന്ന പവിത്രമായ നീരുറവകള് പോലെ അവ എന്നിലേക്ക് ഒഴുകിയെത്തട്ടെ.
ധാരാളം മിത്തുകളിലൂടെയും അന്ധവിശ്വസങ്ങളിലൂടെയും ജീവിതം തള്ളി നീക്കുന്ന എന്റെ കുടുംബത്തിലെ അംഗങ്ങള് എന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു. ഏതായാലും ഞാന് കബീറിന്റെ വീട്ടില് നിന്നും ഓടി രക്ഷപെട്ടു. വീട്ടിലെത്തി കിടക്കയില് നീണ്ടു നിവര്ന്നു കിടന്നു. എം. ടി യുടെ രണ്ടാമൂഴം എന്നപുസ്തകം വായിച്ചുതുടങ്ങി. പനികാരണം അവശനായിരുന്ന ഞാന് ഇടയ്ക്കെപ്പോഴോ ഉറങ്ങുകയും ചെയ്തു. ഇടയ്ക്കെപ്പോഴോ ഉമ്മയുടെ ചൂടുള്ള കൈത്തലം എന്റെ നെറ്റിയില് സ്പര്ഷിച്ച്ചതായി എനിക്ക് ഓര്മയുണ്ട്. കതകില് ശബ്ദം കേട്ട് ഞാന് ഞെട്ടിയുണര്ന്നു. നോക്കുമ്പോള് അമ്മായിയുടെ മക്കളായ സെയ്ത് ഉമര്, ഗഫാര്, ലതീഫ, ഹബീബ ഇത്യധികളെല്ലാം നിരന്നു നില്ക്കുന്നു. ഞാന് വിറച്ചുപോയി.
തൊട്ടുപുറകില് ബപ്പയുമുണ്ട്. ആരെങ്കിലും എന്നോട് വന്നു പടച്ചോനെ പെടിയുണ്ടോയെന്നു ചോദിച്ചാല്, പടച്ചോനെക്കാളും പേടി ബപ്പയെയാണ് എന്നായിരിക്കും എന്റെ മറുപടി. അന്ന് രാത്രി ബാപ്പയുടെ ക്രൂരകൃത്യങ്ങള് എന്റെ മേല് അരങ്ങേറി.
ആ ഓര്മ്മകള് എപ്പോഴും ഞാന് വെറുപ്പോട് കൂടി ഓര്ക്കുന്നു. മര്യാദക്ക് ഇവര്ക്കൊപ്പം ചെന്നിരുന്നു ദിക്ര് ചൊല്ല്. നെന്റെ ഒറക്കം ഞാനിന്നു തീര്ത്തുതരാം എനീക്കട മറ്റവനെ, ബാപ്പ അലറുന്നുണ്ടായിരുന്നു. എനിക്ക് ഉറങ്ങണം, പനിയുണ്ട്, ഒരു തരത്തില് ഞാന് പറഞ്ഞൊപ്പിച്ചു. നീ ഉറങ്ങണ്ട, ദിക്ര് ചൊല്ലിയാല് നെന്റെ ഒടുക്കത്തെ പനി മാറും, അഥവാ നീ പനിച്ചിട്ടു ചത്തു പോവുമെങ്കില് നെന്നെ കുഴിച്ചിടുന്ന കാര്യം ഞാനേറ്റു. അന്നെനിക്ക് ബാപ്പയോട് കടുത്ത വെറുപ്പ് തോന്നി. കൊല്ലാനുള്ള വൈരാഗ്യമുണ്ടായി. ഈ അനുഭവം ഇപ്പോള് ടൈപ്പ് ചെയ്യുമ്പോള് പോലും ആ വെറുപ്പ് എന്റെ മുന്നില് പത്തി വിടര്ത്തി നില്ക്കുന്നു. ബാപ്പയറിയാതെ മുറിയടചിട്ടിരുന്നു യോഗ ചെയ്തു ചെയ്തു ഞാന് എന്റെ ഉള്ളിലെ വിഷം കുറച്ചു കൊണ്ടു വരുന്നു. ജീവിതത്തിന്റെ അവസാനഘട്ടം ഈ വെറുപ്പുകള് ഒന്നുമല്ലതാകുമെന്നും അറിയാം. പക്ഷെ എന്റെ ഉള്ളിലെ വിഷം കളയേണ്ടത് എന്റെ കൂടി ആവശ്യമാണ്.
ഇതെല്ലം കേട്ടുകൊണ്ട് ഒന്നും പറയാനാകാതെ തൊട്ടു പുറകില് ഉമ്മ നില്ക്കുന്നുണ്ട് . ക്ഷീണം വകവയ്ക്കാതെ ഞാന് സര്വ്വശക്തിയുമെടുത്ത് പുറത്തേക്കോടി. തൊട്ടുപുറകില് ബാപ്പയും പരിവാരങ്ങളും. അവനെ ഉപദ്രവിക്കരുത് , അവന് നല്ല പനിയുണ്ട്. എന്ന് ഉമ്മ വിളിച്ചു പറയുന്നതു ഓടുന്നതിനിടയില് ഞാന് കേട്ടിരുന്നു. ഞാന് തളര്ന്നു പറമ്പിലെ ആലിന് ചുവട്ടിലിരുന്നു. പുറകില് നിന്നും ശക്തമായി ബാപ്പയുടെ വലംകൈ എന്റെ ശിരസ്സില് പതിച്ചു. ഞാന് മൂക്കും കുത്തി മണലിലേക്ക് വീണു.
നല്ല വീതിയും നീളവുമുള്ള മുറിയില് കുടുംബത്തിലെ താടി കാരണവന്മരെല്ലാം പുല്പ്പായയില് നിരന്നിരിക്കുന്നു. കുട്ടികളുടെ കൂട്ടത്തില് ഞാനും അതിനടുത്തുള്ള ചെറിയ മുറിയിലേക്ക് ആനയിക്കപ്പെട്ടു. സാമ്പ്രാണിപ്പുകയുടെ മണം മുറിയിലാകെ നിറഞ്ഞു നിന്നു. ഞാന് കണ്ണുകള് ഇറുകെയടച്ചു ധിക്രു ചൊല്ലുന്നതായി അഭിനയിച്ചു.
നെറ്റിത്തടം അമിതവേഗത്തില് ചൂടായിക്കൊണ്ടിരുന്നു. കണ്ണുനീര് വിഴുന്നു എന്റെ തുടയും കൈകളും പൊള്ളി. നോക്കൂ പ്രിയപ്പെട്ട വായനക്കാരാ എന്റെ പിതാവ് എന്നോട് കാണിച്ചത് ക്രൂരതയല്ലേ . എന്റെ തലയ്ക്കു ലഭിച്ച അടി എന്റെ കാഴ്ചയെ ബാധിക്കുന്ന തരത്തില് അതീവ ശക്തമായിരുന്നു. ബാപ്പയോട് പുച്ഛം തോന്നിയ രാത്രികളില് ഒന്നു, ദിവ്യന്റെ ധിക്രിന്റെ അന്നും, തരാവീത് നമസ്കരിക്കത്തതിന്റെ രാത്രി എന്റെ പുസ്തകങ്ങള് കത്തിക്കാന് ശ്രമിച്ചതിന്റെ അന്നുമാകുന്നു. മണിക്കൂറുകള് നീണ്ടു നിന്ന ധിക്രു ചൊല്ലല് വല്ല വിധേനയും അവസാനിച്ചു. പത്തിരിയും ആട്ടിറച്ചിയും കഴിച്ചതിനു ശേഷം ദിവ്യന് എല്ലാപേര്ക്കും തവിട്ടു നിറത്തിലുള്ള ഒരു ദ്രാവകം കുറേശ്ശെ ഗ്ലാസ്സുകളില് പകര്ന്നു നല്കി.
അതൊന്നും കുടിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്. വെറുപ്പോടെ ഞാന് മുറിയുടെ ഓരം ചേര്ന്നു നീണ്ടു നിവര്ന്നു കിടന്നു. ജനലിലൂടെ ഒഴുകിയെത്തിയ നിലാവ് എന്റെ ശരീരത്തില് വീണു പരന്നു. വേദന സഹിക്കവയ്യാതെ ഞാന് തല തടവിക്കൊണ്ടിരുന്നു. ഞാന് കണ്ണുകളടച്ചു. അഗാധമായ അബോധത്തിന്റെ ചുഴിയില് ഞാന് എടുത്തെറിയപ്പെട്ടു. അബോധത്തിന്റെ അതിര്വരമ്പിലൂടെ ദിവ്യന് എനിക്ക് നേരെ നടന്നടുക്കുന്നത് ഞാന് അവ്യക്തമായി കണ്ടു. പെട്ടെന്ന് ധര്മാരാജയിലെ ഹരിപഞ്ചാനന് എന്റെ ഓര്മയിലെത്തി. ഈ ദിവ്യന് എന്നെ കൊല്ലും ഞാന് ഉറക്കത്തില് ബാപ്പയെ ചീത്ത പറയുന്നതായി എനിക്ക് തോന്നി. തലയ്ക്കു നല്ല ഭാരം തോന്നുന്നു. എഴുന്നേല്ക്കാന് വയ്യാത്ത നിസ്സഹായവസ്ഥയിലയിരുന്നു ഞാന്.
