ഹരികാണ്ഡം – 6 6

ഞാൻ ഒന്നും മിണ്ടാൻ പോയില്ല അവളെത്തന്നെ നോക്കി ഇരുന്നു കുറച്ചു നേരം. കമല കോണി കേറി വരുന്നത് കണ്ടു, കമല ചായ കൊണ്ട് വെച്ച് ഞങ്ങളെ രണ്ടു പേരെയും നോക്കി നിന്നിട്ട് ചോദിച്ചു, അഞ്ജനക്കൊച്ചിനെ ചേച്ചി അന്വേഷിക്കുന്നുണ്ട്. അപ്പോൾ അഞ്ജന പറഞ്ഞു, ഞാൻ ഇപ്പൊ വന്നേക്കാം എന്ന് പറഞ്ഞേക്ക് കമലച്ചേച്ചി. ശെരി എന്നും പറഞ്ഞ് കമല തിരിഞ്ഞു നടന്നു, ഒന്ന് തിരിഞ്ഞു നിന്നിട്ട് പറഞ്ഞു, മാഷെ, ദോശയൊക്കെ തണുത്തു പോയി, പെട്ടെന്നു വരുവാണേ ചൂടാക്കി തരാം. ഞാൻ പറഞ്ഞു, ഞാൻ വന്നേക്കാം ഇപ്പൊ. കമല താഴേക്ക് പോയി.

ഞാൻ ചായ ഒരു കവിൾ കുടിച്ചിട്ട് അവളോട് പറഞ്ഞു, പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമാ, പക്ഷെ ഞാൻ പറഞ്ഞില്ലേ അതിൽ ഒരു കാര്യവുമില്ല ഇനി. രണ്ടു മാസം കഴിഞ്ഞാ നിൻ്റെ കല്യാണമാണ്. നീ കൊറച്ചു കൂടുതൽ അടുത്തോ എന്നൊരു സംശയം, അതാ നിന്നെ കൊറച്ചു ദൂരെ നിർത്തിയെ, പേടിച്ചിട്ടാണെ, ഇപ്പൊ നിനക്കാ വീണ്ടുവിചാരം ഉള്ളത് കൊണ്ട് ഞാൻ ഇനി മിണ്ടാതിരിക്കുന്നില്ല. നമുക്ക് ഫ്രണ്ട്‌സ് ആയിരിക്കാം എന്ത് പറയുന്നു.

അത് മതി, എന്ന ഹരിയേട്ടൻ വാ, ദോശ കഴിക്കാം, അവളുടെ മുഖം തെളിഞ്ഞിരിക്കുന്നു, ചായയുടെ ഗ്ലാസും എടുത്ത് അവൾ താഴേക്ക് നടന്നു, ഞാൻ പുറകെയും. അവളാണ് ദോശ ചൂടാക്കിത്തന്നത്, ചേച്ചിയും കമലയും ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, നിങ്ങളുടെ വഴക്കൊക്കെ തീർന്നോ, അഞ്ജനയാണ് മറുപടി പറഞ്ഞത്, അതിനു വഴക്കൊന്നും ഇല്ലായിരുന്നല്ലോ അമ്മായീ, ചെറിയ ഒരു ആശയക്കുഴപ്പം, അത് തീർന്നു. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എനിക്ക് കിട്ടാൻ വയ്യാത്ത ആ സുന്ദരിക്കുട്ടിയെ ഞാനും ഒന്ന് ചിരിച്ചു കാണിച്ചു.

ചായ കുടിച്ച് പുറത്തിറങ്ങിയതും അവൾ പറഞ്ഞു, നാളെ രാവിലെ എന്നെ അമ്പലത്തിൽ കൊണ്ട് പോകുവോ ഹരിയേട്ടാ. ചാടിക്കേറി സമ്മതിക്കുന്നതിനു മുമ്പ് വസുമതി ടീച്ചറിൻ്റെ അടുത്ത് പോകുന്ന കാര്യം ഓർത്തു. ഞാൻ അവളോട് പറഞ്ഞു, പെണ്ണെ, രാവിലെ പറ്റില്ല, ഇന്നെനിക്കൊരിടം വരെ പോകാനുണ്ട്, നാളെ രാവിലെയേ ഞാൻ തിരിച്ചെത്തൂ, അപ്പോപ്പിന്നെ വൈകിട്ട് കൊണ്ട് പോയാ മതിയോ, അവൾക്ക് സന്തോഷം. അമ്പലത്തിൽ പോകുന്നതിനേക്കാൾ എൻ്റെ കൂടെ പോകാനാണ് അവൾക്ക് കാര്യം എന്ന് തോന്നുന്നു.

അവൾ എൻ്റെ കൂടെ മുകളിലേക്ക് പൊന്നു. ഒരാഴ്ച മിണ്ടാതിരുന്നത് മുഴുവനും പലിശ ചേർത്തവൾ തീർക്കുന്നുണ്ടെന്ന് തോന്നി, എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവൾ പറഞ്ഞത് പകുതിയും കേട്ടില്ലെങ്കിലും അവളെത്തന്നെ നോക്കിയിരുന്നു, നോക്കുന്തോറും അവളൂടെ എനിക്ക് ഇഷ്ടം കൂടി വരുന്നത് എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. എന്തായാലും അവളുടെ കൂടെ സമയം പോകുന്നതറിഞ്ഞില്ല, ഇടക്ക് താഴെപ്പോയി ഞങ്ങൾ രണ്ടു പേരും ഉണ്ടു. തിരിച്ചു വന്നൊന്ന് കിടന്നുറങ്ങി.

എഴുന്നേറ്റപ്പോൾ ആറു മണിയായി. റെഡിയായി താഴെ ഇറങ്ങിച്ചെന്നു, എന്നെ കണ്ടതും അഞ്ജന ചായയെടുക്കാമെന്നും പറഞ്ഞ് അകത്തേക്ക് പോയി. ചേച്ചി ഒന്ന് ചിരിച്ചിട്ട് ചോദിച്ചു, നീ എന്ത് മാജിക്കാടാ ചെയ്തേ, ഒരാഴ്ചയായിട്ട് മിണ്ടാട്ടമില്ലാതിരുന്ന കൊച്ചാ, ദേ ഇപ്പൊ പിന്നേം ഉഷാറായിരിക്കുന്നു. ഞാൻ വെറുതെ ചിരിച്ചു, എന്നിട്ട് ചോദിച്ചു, അവൾ നല്ല കൊച്ചാ അല്ലേ ചേച്ചിയെ, ചേച്ചി എൻ്റെ തലയിൽ ഒന്ന് തട്ടിയിട്ട് പറഞ്ഞു, കണ്ണാ നിനക്ക് നല്ല ചേർച്ചയാണവൾ, പക്ഷെ എന്ത് ചെയ്യാനാ, നീ കാണുന്നതിന് മുമ്പേ അവളുടെ കല്യാണം ഉറപ്പിച്ചു പോയില്ലേ, സാരമില്ല, നിനക്ക് വിഷമമൊന്നും ഇല്ലല്ലോ അല്ലേ. ചേച്ചിക്കറിയാം നിനക്കവളെ ഇഷ്ടമാണെന്നു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല, വെറുതെ ചിരിച്ചു.

അഞ്ജന ചായ കൊണ്ട് വന്നു, അതും കുടിച്ച് വൈകിട്ട് ഉണ്ടാവില്ലെന്നും പറഞ്ഞ് സ്കൂട്ടർ എടുത്തിറങ്ങി.

വസുമതി ടീച്ചറിൻ്റെ അടുത്തേക്ക്, ഇന്നൊരുപാട് കുടിക്കേണ്ട എന്ന് മനസ്സിൽ പറഞ്ഞു, പോകുന്നവഴി കോയക്കുട്ടിടെ കടയിൽ കയറി. വിൽസ് വെക്കാൻ തുടങ്ങിയിരിക്കുന്നു, ഒരു പാക്കറ്റ് വാങ്ങിച്ചു, ഒന്നിന് തീ കൊടുത്ത് അവിടിരുന്നു വലിച്ചു.

Updated: October 16, 2025 — 4:37 pm

Leave a Reply

Your email address will not be published. Required fields are marked *