“തമ്പുരാട്ടീ… “..
ഉള്ളിൽ നിന്നും ഒരു തളർന്ന ശബ്ദം സമദ് കേട്ടു..
“തമ്പുരാട്ടിയല്ല വേറാളാ…”..
അകത്തേക്ക്
കയറി സമദ് ടോർച്ചടിച്ച് കൊണ്ട് പറഞ്ഞു.. അവിടെ നിലത്തിട്ട മെത്തയിൽ ഒരാൾ കിടക്കുന്നത് അവൻ കണ്ടു..
“ആരാ നിങ്ങൾ… ?”..
രാജൂന്റെ പേടിയോടെയുള്ള ചോദ്യം..
“ പേടിക്കണ്ട… എന്നെ തമ്പുരാട്ടി പറഞ്ഞയച്ചതാ… നിങ്ങൾക്കുള്ള ഭക്ഷണവുമായി വന്നതാ…”..
സമദ് സൗമ്യമായി പറഞ്ഞു..
സമാധാനത്തോടെയുള്ള ഒരു നിശ്വാസം സമദ് കേട്ടു.. അവൻ കയ്യിലുള്ള കവറുകളെല്ലാം അവിടെ വെച്ച് അതിൽ നിന്നും മെഴുക് തിരിയെടുത്ത് കത്തിച്ചു.. ഇപ്പോൾ ആ ചെറിയ ഷെഡിൽ നല്ല പ്രകാശമായി..
അവർ പരസ്പരം കണ്ടു..ആ കിടക്കുന്ന ചെറുപ്പക്കാരനെ സമദ് ആകെയൊന്ന് നോക്കി.. എണീൽക്കാൻ വയ്യാതെ ഇവൻ കിടക്കുന്നതെന്തെന്ന് അവന് മനസിലായില്ല..പിന്നെയാണവൻ അവന്റെ കാലിലെ കെട്ട് കണ്ടത്..
ഈ ചെറിയ മുറിവുണ്ടായെന്ന് വെച്ച് ഇവനെണീൽക്കാൻ കഴിയില്ലേ..?.
“എന്താ നിനക്ക് പറ്റിയത്..?..നീ തമ്പുരാട്ടിയുടെ ആരാ… ?”..
സമദ് ചോദിച്ചു..
“ അത്…തമ്പുരാട്ടി… നിങ്ങളോടൊന്നും… പറഞ്ഞില്ലേ… ?”..
അവന്റെ ശബ്ദത്തിലെ വേദന സമദ് തിരിച്ചറിഞ്ഞു..
“ഇല്ല… എന്നോടൊന്നും പറഞ്ഞില്ല… ആരോ ഈ ഷെഡിൽ എഴുനേൽക്കാനാവാതെ കിടക്കുന്നുണ്ടെന്ന് പറഞ്ഞു… അവനെ സഹായിക്കണമെന്ന് പറഞ്ഞു… നീ ആരാ… ?..എന്താ പറ്റിയത്…
കാലിന് ഈ മുറിവ് എങ്ങിനെ പറ്റി… ?”..
രാജു കുറച്ച് നേരം മിണ്ടാതെ കിടന്നു..പിന്നെ പതിയെ പറഞ്ഞു..
“ അത്… വെടിയേറ്റതാ…”..
സമദ് ഞെട്ടിപ്പോയി.. അത്യാവശ്യം ചെറിയ ഗുണ്ടായിസമൊക്കെ സമദിനുണ്ട്..എന്നാൽ അവനിത് വരെ ഒരു തോക്ക് നേരിട്ട് കണ്ടിട്ടില്ല.. അപ്പഴാ ഒരുത്തൻ വെടിയേറ്റ് കിടക്കുന്നത്..
ഈ വള്ളി താൻ പിടിക്കണോന്ന് അവനൊന്നാലോചിച്ചു..എന്നാൽ ഈ പണി തന്നെ എൽപിച്ചത് കാർത്തികത്തമ്പുരാട്ടിയാണ്.. ചെയ്യാതിരിക്കാനാവില്ല.. ജീവൻ പോയാലും തമ്പുരാട്ടി ഏൽപിച്ച പണി താൻ ചെയ്യും..
എന്നാലും ഇവനെങ്ങിനെ
വെടിയേറ്റു..?. ഇത്തരം ഒരാളുമായി തമ്പുരാട്ടിക്കെന്താണ് ബന്ധം..എല്ലാമറിയണം.. ആദ്യം ഇവൻ ഭക്ഷണം കഴിക്കട്ടെ.. ബാക്കിയൊക്കെ പിന്നെ… ഇവൻ നന്നായി തളർന്നെന്ന് തോന്നുന്നു..
സമദ് പിന്നെ ഒന്നും ചോദിക്കാതെ ഭക്ഷണപ്പൊതിയെടുത്ത് അഴിച്ചു… അവനിഷ്ടം പൊറോട്ടയാണ്..അത് കൊണ്ട് പൊറോട്ടയും ചിക്കനുമാണ് വാങ്ങിയത്..
“നിനക്കിരിക്കാൻ കഴിയോ… ?”..
“ഉം… എന്നെ പിടിച്ച് ആ തൂണിലേക്ക് ചിരിയിരുത്തിയാ മതി… “..
സമദ് അവനെ പിടിച്ചെണീപ്പിച്ച് ആ മരത്തൂണിലേക്ക് ചാരിയിരുത്തി.. പിന്നെ പേപ്പർ പ്ലേറ്റിലേക്ക് പൊറോട്ടയും ചിക്കൻ കറിയും അവന്റെ കയ്യിലേക്ക് കൊടുത്തു.. സമദും കഴിക്കാൻ തുടങ്ങി..എട്ട് പൊറോട്ട വാങ്ങിയതിൽ മൂന്നെണ്ണം രാജു കഴിച്ചു.
ബാക്കി അഞ്ചെണ്ണം സമദ് നിഷ്പ്രയാസം അകത്താക്കി.. രാജു ചിക്കൻ മുഴുവനായും കഴിച്ചില്ല.. അതും കൂടി സമദ് തിന്നു.. അവന്റെ കൈ കഴുകിച്ച് അവനെ കിടത്തി സമദ് ഒരു സിഗറെറ്റെടുത്ത് കൊളുത്തി..
“നിനക്ക് വലിക്കണോടാ… ?”..
പുകയൂതിപ്പറത്തി സമദ് ചോദിച്ചു..
“വലിക്കാറൊന്നുമില്ല… എന്നാലും ചേട്ടൻ ചോദിച്ചല്ലേ ഒന്ന് വലിക്കാം…”..
രാജു ചിരിയോടെ പറഞ്ഞു..
“ ചേട്ടനല്ല, ഇക്ക..അങ്ങനെ വിളിച്ചാ മതി… പിന്നെ പുകവലി നല്ല ശീലമൊന്നുമല്ല… “..
അത് പറഞ്ഞ് ഒരു സിഗററ്റെടുത്ത് സമദ് അവന് കൊടുത്തു.. അവൻ ചുണ്ടത്ത് വെച്ച സിഗററ്റ് ലൈറ്റർ കൊളുത്തി കത്തിച്ചും കൊടുത്തു..രാജു കിടന്ന് കൊണ്ട് ഒരു പുകയെടുത്തു..
“ഇക്ക ഈ നാട്ടുകാരനാണോ… ?”..
“ ഉം…ഇവിടെ അടുത്താ… എന്നെപ്പറ്റി ഞാൻ പിന്നെപ്പറയാം… നീ നിന്റെ കാര്യം പറ… നിനക്കെങ്ങിനെയാ തമ്പുരാട്ടിയെ പരിചയം… ?”..
“എനിക്കൊരു പരിചയവുമില്ല… ഞാനിന്നാ ആ തമ്പുരാട്ടിയെ ആദ്യമായി കാണുന്നത്…”…
“പിന്നെ നീയെങ്ങനെ ഇവിടെയെത്തി… ?”..
രാജു ഒരു പുക കൂടി
എടുത്തു.. പിന്നെ അവന്റെ കഥ പറഞ്ഞു.. തീർത്തും അപരിചിതനായ ഒരാളോടായിട്ട് പോലും പലപ്പോഴും അവൻ തേങ്ങി..
