ഒരു സ്ഥലക്കച്ചവട കോള് വന്നെത്തിയിട്ടുണ്ട്… നാലഞ്ച് ദിവസം കഴിഞ്ഞേ ഞാൻ വരു … ചുമ്മ തുമ്മിയതിനും തൂറിയതിനും എൻ്റെ ഫോണിലേക്ക് വിളിച്ച് എന്നെ ശല്യം ചെയ്യരുത് …
എന്നിങ്ങനെയുള്ള എൻ്റെ പതിവ് നുണകൾ തന്നെ ഞാൻ അന്നും ഭാര്യയോടും മക്കളോടും വീട്ടുകാരോടുമായി പറഞ്ഞിരുന്നു …
ആലുവയിലെത്തി ബീവറേജ് തുറന്ന പാടെ തന്നെ ചില്ല് കുപ്പിയിലടച്ച മൂന്ന് ഓൾഡ് മഗ് പൈൻ്റും മേടിച്ച് താൽകാലികമായി ആലുവയിൽ തന്നെ ഞാനൊരു റൂമുമങ്ങെടുത്തു …
ടച്ചിങ്ങിനായി നല്ല അണ്ടിപ്പരിപ്പും വെള്ളേപ്പവും ചിക്കൻ പൊരിച്ചതും ചിക്കൻ ഗ്രേവിയും മേടിക്കാനും ഞാൻ മറന്നില്ല …
തലേന്ന് ഫംഗ്ഷനിൽ എൻ്റെ മുന്നിൽ വെച്ച് എന്നേ കൊതിപ്പിച്ചു കൊണ്ട് കുടിച്ച എല്ലാവരേയും മനസിൽ ധ്യാനിച്ചു കൊണ്ട് സിപ് സിപ്പായിട്ട് ഞാനൊരു പൈൻ്റങ് അകത്താക്കി …
പൈൻ്റടിച്ച് കഴിഞ്ഞ് ഭക്ഷണവും കഴിച്ച ശേഷം ഒരു സിഗ് കത്തിച്ച് വലിക്കുമ്പോഴാണ് എൻ്റെ മനസിൽ പെട്ടെന്ന് മുംബൈക്കൊരു സ്ലീപർ ലോക്കൽ ട്രയിൻ യാത്ര നടത്തിയാലോ എന്ന ചിന്ത ഉടലെടുത്തത് …
അങ്ങനെ ലക്ഷ്വറിയായി ബാഗ്ലൂർക്ക് പോകാം എന്നുള്ള എൻ്റെ ചിന്ത ഞാൻ ലോക്കൽ ട്രയിനിൽ മുംബൈക്ക് പോകാം എന്ന ആശയത്തിലേക്ക് മാറ്റുകയായിരുന്നു …
പിന്നെ സമയം വൈകിപ്പിച്ചില്ല ..
റൂമും വെക്കേറ്റ് ചെയ്ത് ബാഗുമെടുത്ത് നേരെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ പറന്നെത്തി …
അപ്പോൾ സമയം ഏകദേശം രാവിലെ 11.30 നും പന്ത്രണ്ടിനും ഇടയിലായിരുന്നു ..
നല്ല ഇളം വെയിലേറ്റ് റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്ക് ചെയ്യുന്ന ഏരിയ തിളങ്ങുകയായിരുന്നു …
അവിടെയുള്ള പേ പാർക്കിങ്ങിൽ എൻ്റെ ബുള്ളറ്റും ഹെൽമെറ്റും പാർക്ക് ചെയ്ത ശേഷം മൂന്ന് കുപ്പി പെപ്സി വാങ്ങാനായി റെയിൽവേ സ്റ്റേഷന് അകത്തുള്ള ഒരു കടയുടെ മുന്നിലേക്ക് ഞാനെത്തി …
ട്രയിനിൻ്റെ അനൗൺസ്മെൻ്റും ബംഗാളികളുടേയും ആസാമി ഒറീസ Up ബായിമാരുടേയുമെല്ലാം കലപില ശബ്ദങ്ങളും എല്ലാം കൂടി ആയതും …
എൻ്റെ ഓൾഡ് മഗ് പൈൻ്റിൻ്റെ പവർ ഒന്നു കൂടി കൂടുന്ന പോലെ എനിക്ക് തോന്നി …
അര ലിറ്ററിൻ്റെ മൂന്ന് പെപ്സി ഞാൻ വാങ്ങിയത് മദ്യം മിക്സ് ആക്കി ട്രെയിനിനകത്തിരുന്ന് നുണയാനാണെന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കൊരു പക്ഷേ അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു …
അങ്ങനെ പെപ്സി വാങ്ങി ബാഗിലിടുന്ന സമയത്താണ് ഞാനൊരു ശബ്ദം കേട്ടത് …
അണ്ണാ .. ഇന്ത വട്ടേപ്പം ഉണ്ണിയപ്പം ഹൽവ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങി സഹായിക്കണ്ണാ … പ്ലീസണ്ണാ…
ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയതും …
എൻ്റെ കൈയിൽ പിടിച്ച് ദയനീയമായി കെഞ്ചി അപേക്ഷിച്ചു കൊണ്ട് ഒരു കറുത്ത പയ്യൻ നിൽക്കുന്നു …
വലിയ ളോഹ പോലുള്ള മുശിഞ്ഞൊരു ക്രീം കളറിൽ പച്ച വരയുള്ള ഷർട്ടും.. കുണ്ടി കീറിയ കരിനീല കളറിലുള്ളൊരു നിക്കറുമിട്ട് …
ചെമ്പിച്ച നീളൻ മുടിയുള്ള ആ പയ്യനെ കണ്ടാൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയായിട്ടെ തോന്നുമായിരുന്നുള്ളു …
അവൻ്റെ കാലിലും കയ്യിലും ചൊറിയും ചുണങ്ങും നിറഞ്ഞിരിക്കുന്നത് കണ്ടിട്ട് തന്നെ എനിക്കറപ്പ് തോന്നി ..
മൂക്കിൽ നിന്നും മൂക്കട്ട ഒലിച്ചിറങ്ങുന്നത് ചെക്കൻ നാവ് വെച്ച് വലിച്ച് കുടിക്കുന്നതും കൂടി കണ്ടതും എൻ്റെ കയ്യിൽ പിടിച്ചിരുന്ന അവൻ്റെ കൈ ഞാൻ പതിയെ വിടുവിച്ചു …
അണ്ണാ പ്ലീസണ്ണ… എതാവത് വാങ്ങണ്ണാ …
എന്നും പറഞ്ഞ് അവൻ എൻ്റെ പിന്നാലെ കൂടി ..
എൻ്റെ അരക്ക് തൊട്ടു മുകളിൽ മാത്രം ഉയരമുള്ള ആ പയ്യൻ്റെ ദയനീയ അവസ്ഥ കണ്ടിട്ട് സത്യത്തിൽ എൻ്റെ മദ്യ മനസിൽ പാവത്തം തോന്നാൻ തുടങ്ങിയിരുന്നു …
എന്താ നിൻ്റെ പേര് … എവിടെയാ സ്ഥലം?
എന്ന് ഞാൻ അവനോട് ദയനീയ ഭാവത്തോടെ തിരക്കി …
എൻ്റെ പേര് അൻപ് … സ്വന്തം ഊര് തമിഴ് നാട് താ .. ഇങ്കെ വന്ത് പൊറം പോക്ക് കോളണിയിൽ വാടകക്ക് താമസിക്കുന്നു … എൻ്റെ അപ്പക്ക് കണ്ണ് കാണാത് . ലോട്ടറി കച്ചവടം ചെയ്യുന്നു… അമ്മയും ചേച്ചിയും കൂടി വീട്ടിൽ ഉണ്ടാക്കുന്ന പലഹാരമാണിത് .. ഇത് വിറ്റാണ് ഞങ്ങൾ പൊഴക്കുന്നത് .. അമ്മയും ചേച്ചിയും ബസിലും കടകളിലും കയറിയാണ് കച്ചവടം ചെയ്യുന്നത് …
