” ഞാൻ ഉറങ്ങിക്കോളാം ..
ഇക്കയും മോളും ഉറങ്ങിയോ? ”
“ഉറങ്ങി ഇക്കയും മോളും ഉറങ്ങി ”
“ഇക്കയ്ക്ക് എപ്പോഴാ ബോധം വന്നത്? വന്നിട്ട് എന്തെങ്കിലും പറഞ്ഞോ? ”
“ആ പറഞ്ഞു.. നാളെമുതൽ പുതിയ ഒരു പണിക്ക് പോകുകയാണെന്ന് പറഞ്ഞു.. ”
“എവിടെയാണെന്ന് പറഞ്ഞില്ലേ? ”
“ഇല്ല.. അതൊന്നും പറഞ്ഞില്ല.. ”
“എന്നാൽ ശരി നാളെ കാണാം.. എന്റെ മൊഞ്ചത്തിയും ഉറങ്ങിക്കോ?”
പിറ്റേന്ന് രാവിലെ ആലിയും ഫൈസിയും ഒരുമിച്ചാണ് കടയിലേക്ക് പോയത്.
“ഉപ്പൂപ്പ ഇന്നുമുതൽ ഹസ്സൻ ഇക്ക നമ്മുടെ കൂടെ കാണും കടയിൽ . ഇന്ന് ഞാൻ വന്നു വിളിക്കുന്നത് വരെ ഉപ്പൂപ്പ കടയിൽ ഉണ്ടാകണം.. ”
.
“ഏത് കടയിൽ ആണ് തുണികടയിലോ അതോ സ്വർണ്ണക്കടയിലോ ?”
“ഒപ്പൂപ്പ സ്വർണ്ണക്കടയിൽ ഇരുന്നാൽ മതി.. ഇന്ന് കുറച്ചു സ്റ്റോക്ക് വരാൻ ഉണ്ട്. അത് നോക്കണം. ഇക്കയെ തുണികടയിൽ ആക്കാം. അവിടെ നിന്ന് പഠിക്കട്ടെ.?”
“സൈയിൽസിൽ ആണോ ഹസ്സനെ നിർത്തുന്നത്? അവിടെ ഇപ്പോൾ തന്നെ ആളില്ലേ? ”
“അങ്ങനെ ഒന്നും ഇല്ല. നമ്മുടെ ഒരാളായി അവിടെ നിക്കട്ടെ… പിന്നെ വേണ്ടത് പോലെ ചെയ്യാം.. ”
“ഡാ മോനെ നിന്റെ ഉമ്മൂമ്മനെ നോക്കാൻ ഒരാളെ നിർത്തണം.. ഓൾക്ക് തീരെ വയ്യ..”
“അതിനുള്ള ആളെ ഞാൻ കണ്ടുവെച്ചിട്ടുണ്ട്. നമുക്ക് നോക്കാം. ”
ഫൈസി ആലിയെ സ്വർണക്കടയിൽ ഇറക്കി തുണികടയിലേക്ക് പോയി.
അപ്പോഴേക്കും ഹസ്സൻ അവിടെ എത്തിയിരുന്നു..
“ആ ഇക്ക രാവിലെ എത്തിയോ..? ”
“ഇപ്പോൾ എത്തിയെ ഉള്ളൂ. ”
“ആ വാ ഇക്ക.. ”
ഫൈസി അവിടെ വരുമ്പോഴേക്കും.. അവിടെയുള്ള സ്റ്റാഫുകൾ കട തുറക്കും. അവർ അകത്തേക്ക് കയറി. അവിടെയുള്ള ചെറിയൊരു ഓഫീസ് മുറിയിലേക്കാണ് അവർ പോയത്.
ഫൈസി അവിടെ ഇരുന്നു. എന്നിട്ട് ഹസ്സനോട് പറഞ്ഞു.
“ഇക്ക ഇരിക്ക്. നിങ്ങൾ ഇങ്ങനെ നിന്നാലോ? .”
“ഞാൻ ഇവിടെ എന്ത് ജോലിയാണ് ചെയ്യേണ്ടത് സാർ.? ”
“എന്റെ ഇക്ക നിങ്ങൾ എന്നെ സാറേ എന്നൊന്നും വിളിക്കല്ലേ… ഫൈസി അത് മതി. ഇക്ക കുറച്ചു ദിവസം ഇവിടെ ഒരാളായി നിൽക്ക്.. അങ്ങനെ ഇന്നത് എന്നൊന്നില്ല .. ഞാൻ തരുന്നത് എന്തും ഏറ്റെടുക്കുന്ന ഒരാൾ.. ഇക്കാക്ക് അത് ബുദ്ധിമുട്ട് ആകുമോ?”
“ഇല്ല.. ഫൈസി പറയുന്നത് എന്തും ഞാൻ ചെയ്യാം.. ”
“അങ്ങനെ ഒരാളെയാണ് എനിക്കും വേണ്ടത്. ഇതിന്റെ മുകളിലെത്തെ നില ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.. അവിടെ കൂടെ റെഡിയാക്കി കട കുറച്ചു കൂടെ വലുതാക്കണം.. അപ്പോൾ അവിടെയുള്ള പണി നോക്കണം. അപ്പോൾ അവിടേക്കുള്ള സ്റ്റോക്ക് എടുക്കാൻ ഇക്ക പോകേണ്ടിവരും. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം. എന്നോട് പറയാതെ എവിടെയും പോകരുത്.. ഇക്കയെ വിശ്വസിച്ചു ഞാൻ ഇതെല്ലാം ഇക്കയെ ഏൽപ്പിക്കുകയാ.
പിന്നെ തൊട്ടടുത്തു ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ആണ് എന്റെ പ്ലാൻ അത് മുഴുവനും ഇക്ക നോക്കണം.. ഇങ്ങനെ ഞാൻ പറയുന്നത് എന്തും ചെയ്യേണ്ടിവരും..”
“ഇതൊക്കെ ഞാൻ എങ്ങനെ..? ”
ഇക്ക ഒന്നും പേടിക്കേണ്ട.. എല്ലാത്തിനും പണിക്കാരെ ആക്കിയിട്ടുണ്ട്.. അവർ കൃത്യമായി പണിയെടുക്കുന്നുണ്ടോ എന്ന് നോക്കണം.. അവർക്ക് വേണ്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ എത്തിച്ചു കൊടുക്കണം. അത്രയൊക്കെയേ ഉള്ളൂ.. എല്ലാത്തിന്റെയും ഒരാളായി നിൽക്കണം.. തൊട്ടടുത്തു ഒരു കാന്റീൻ ഉണ്ട് എന്ത് വേണമെങ്കിലും അവിടെപ്പോയി കഴിച്ചോ.. മറ്റേത് ഒഴിച്ച്.. മനസ്സിലായോ?
“അയ്യോ! മനസ്സിലായി . ഞാൻ അങ്ങനെ കഴിക്കാറൊന്നും ഇല്ല.. അത് മോള് പോയത് കൊണ്ട്. ”
“വല്ലപ്പോഴും കഴിച്ചോ.. ജോലി കഴിഞ്ഞിട്ട് മാത്രം .. പിന്നെ കമ്പനിക്ക് ആളില്ലെങ്കിൽ എന്നെ വിളിച്ചോ.. സമയം ഉള്ളപ്പോൾ ഞാനും കൂടാം.. “.
“അങ്ങനെ നിർബന്ധം ഒന്നും ഇല്ല.. ”
“വേറൊരു പ്രധാന കാര്യം ഉണ്ട്.. ഇക്കാക്ക് അറിയാലോ വീട്ടിൽ ഞാനും ഉപ്പൂപ്പയും ഉമ്മൂമ്മയും മാത്രമേ ഉള്ളൂ … അതാണ് അന്ന് അങ്ങനെ ഒരു കാര്യം ആലോചിച്ചത്.. ഉമ്മൂമ്മയ്ക്ക് സുഖമില്ല. ഞാനും ഉപ്പൂപ്പയും വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഉമ്മൂമ്മ തനിച്ച..അപ്പോൾ അകത്തെ പണിക്കും. അകത്തെ പണി എന്ന് പറഞ്ഞാൽ അങ്ങനെ വലിയ പണിയൊന്നും കാണില്ല. ഒരു ഒന്നോ രണ്ടോ മണിക്കൂർ അത്രയേ കാണൂ പണി. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനും ഒരാളെ വേണം. ഇത്താക്ക് പരിചയം ഉള്ള ഒരാളെ വേണമെങ്കിൽ അടുക്കളയിൽ നിർത്താം . സുബൈദ ഇത്താക്ക് സമ്മതം ആണെങ്കിൽ ഇത്തക്ക് വീട്ടിൽ നിൽക്കാൻ പറ്റുമോ ? ഇക്കാക്ക് അത് ബുദ്ധിമുട്ട് ആകുമോ ?
