കാന്റീനിൽ കയറിയപ്പോൾ തന്നെ അവളുടെ കണ്ണുകൾ ആരെയോ തേടി. അത് ഗായത്രിയെ ആയിരുന്നില്ല മറിച്ച് ആ താടിക്കാരനെ ആയിരുന്നു. ആളുകൾ കുറവായത് കാരണം പെട്ടെന്ന് അവളുടെ കണ്ണുകൾ അയാളിൽ പതിച്ചു. ബോബനും മോളിയും അതാ ഇരിക്കുന്നു. അവരുടെ അടുത്ത ടേബിൾ കാലിയാണ് എന്ന് കണ്ട് അവൾ അവിടെ പോയി ഇരുന്നു. ഇനി ഗായത്രി വരുന്നത് വരെ കാത്തിരിക്കണം.
അവൾ പതുക്കെ ഇടംകണ്ണിട്ട് അവരെ നോക്കി അച്ചു നിർബന്ധിച്ച് എന്തോ അവനെ കൊണ്ട് കഴിപ്പിക്കാൻ ശ്രമിക്കുകയാണ്. അവൻ കഴിക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ അവൾ അശ്വിന് വായിൽ വച്ച് കൊടുക്കുന്നു. അവൾ തെല്ലൊരു അസൂയയോടെ അവരെ നോക്കി ഇരുന്നു. അവളുടെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു.
“ചേച്ചിക്ക് വേണോ?” അച്ചുവിന്റെ ആ ചോദ്യം കേട്ട് ശ്രീ ആദ്യം ഒന്ന് ഞെട്ടി. അവൾ തന്നോട് തന്നെ ആണോ ഈ ചോദിക്കുന്നത് എന്ന സംശയത്തിൽ അവൾ ചുറ്റും നോക്കി.
“ചേച്ചിയോട് തന്നെ ആണ് ചോദിച്ചത്. ഞാൻ ഏട്ടന് വായിൽ വച്ച് കൊടുക്കുന്നത് കണ്ട് വാ തുറന്നു ഇരിക്കുന്നത് കണ്ട് ചോദിച്ചത്” ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു
അത് കെട്ട ശ്രീക്ക് ഭൂമി പിളർന്ന് താൻ അങ്ങ് താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് തോന്നി. അയാളുടെ മുന്നിൽ ചമ്മി നാറി. അറിയാതെ അയാളെ പാളി നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ കളിയാക്കല്ലോ പുച്ഛമോ ഇല്ല. വേറെ എന്തോ ഒരു പ്രത്യേക ഭാവം.
“ചമ്മിയപ്പോൾ ചേച്ചിയെ കാണാൻ ഭയങ്കര ഭംഗി ആണ്, അല്ലേ ഏട്ടാ” അച്ചു പറഞ്ഞത് കേട്ട് ശ്രീ കൂടുതൽ നാണിച്ചു.
“അച്ചു” എന്ന് ഗാംഭീര്യത്തോടും ഒരു ശാസന പോലെയും ഉള്ള അശ്വിന്റെ വിളിയോടെ അച്ചു ചിരി നിർത്തി. ശ്രീ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലാതെ തല താഴ്ത്തി ഇരുന്നു.
“ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് ചേച്ചി” അച്ചു തുടർന്നു “ചേച്ചിയുടെ പേരെന്താ? ഏതാ ക്ലാസ്സ്?” തന്റെ ചമ്മൽ മാറ്റാൻ സഹായിക്കാൻ എന്ന പോലെ അവൾ ചോദിച്ചു
“ശ്രീ ധന്യ. 1st MA English” അവൾ മറുപടി നൽകി
“ആഹാ ഏട്ടന്റെ ജൂനിയർ ആണല്ലോ. ഏട്ടൻ 2nd MA English ആണ്” അച്ചു പറഞ്ഞു
അശ്വിനും ശ്രീയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരെ പറ്റി അവൾക്ക് അറിയാമായിരുന്നു എങ്കിലും ഒരു പരിചയപ്പെടൽ നല്ലതാണല്ലോ.
“ഞാൻ 2nd BA Psychology ആണ്. പേര്…” അവൾ മുഴുവിപ്പിക്കും മുമ്പേ ശ്രീ പറഞ്ഞു “അറിയാം. അശ്വതിയും അശ്വിനും അല്ലേ” ശ്രീ പറഞ്ഞു
“ആഹാ നമ്മൾ അത്രയും ഫേമസ് ആണോ” അവൾ അശ്വിനെ നോക്കി ചോദിച്ചു.
അതിനും ഒരു ചെറു പുഞ്ചിരി മാത്രമേ അവനിൽ നിന്നും വന്നുള്ളൂ. ഇയാൾക്ക് എന്താ ശരിക്ക് ചിരിക്കാൻ അറിയില്ലേ ശ്രീ ചിന്തിച്ചു.
പെട്ടെന്ന് അവൻ അവളുടെ പിന്നിലേക്ക് നോക്കി, ആ മുഖഭാവം മാറുന്നത് കണ്ടു. ഞൊടിയിടയിൽ അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ നേരേ കുതിച്ചു. എന്താ സംഭവിക്കുന്നത് എന്നറിയാതെ അവൾ പേടിച്ചു, മുഖം വിവർണ്ണമായി. അവന്റെ വലത് കൈ അവളുടെ വലത് കവിളിന്റെ സൈഡിലൂടെ പിന്നിലേക്ക് പോയി.
എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാതെ പിന്നിലേക്ക് നോക്കിയ അവൾ കാണുന്നത് ശരീരം നിറയെ നിറങ്ങൾ പൂശപ്പെട്ട നിലയിൽ ഉള്ള ഒരാളുടെ കൈ അശ്വിൻ പിടിച്ച നിലയിൽ ആണ്.
“ഇവളെ ഇന്ന് വിട്ടേക്ക്” അശ്വിൻ ആജ്ഞ സ്വരത്തിൽ പറഞ്ഞു.
എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കാതെ ശ്രീ മിഴിച്ചിരുന്നു.
ആഗതനായ ആ പയ്യൻ ഒന്നും പറയാതെ തിരിച്ചു നടന്നു പോയി. അശ്വിൻ ഒന്നും സംഭവിക്കാത്ത രീതിയിൽ തിരികെ വന്നിരുന്നു.ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന ശ്രീയെ കണ്ട് അച്ചു കാര്യം വിവരിച്ചു.
“ഇവിടെ ഓരോ അധ്യായന വർഷവും തുടങ്ങിയ ശേഷം വരുന്ന രണ്ടാമത്തെ വെള്ളിയാഴ്ച ഹോളി പോലെ ആഘോഷം നടത്തും. ഇതിനെ പറ്റി അറിയാതെ വരുന്ന ഫസ്റ്റ് ഇയർ പിള്ളേർ ആണ് പ്രധാന ഇരകൾ. ചേച്ചിയെ പോലെ വെള്ള ഒക്കെ ഇട്ട് വന്ന് പലരും പെട്ട് പോയിട്ടുണ്ട്”
അപ്പോഴാണ് രാവിലെ ഗായത്രി പറഞ്ഞതിന്റെ പൊരുൾ ശ്രീക്ക് മനസ്സിലായത്.
