നാലാമത്തെ കത്ത് എന്നെ തെല്ലമ്പരപ്പിച്ചു.അതിൽ ഫ്രം അഡ്രസ് ഇല്ലായിരുന്നു. വടിവൊത്ത ആ അക്ഷരങ്ങളിൽ എന്റെ പേര് കൂടുതൽ മനോഹരമായി തോന്നി.
വേദപരമേശ്വർ
കൈലാസം
ഓലി മുഗൾ
കാക്കനാട്
കൊച്ചി
ഞാൻ കത്തു തുറന്നു വായന തുടങ്ങി.
പ്രിയ വേദമേഡത്തിന്,
എനിക്ക് നിങ്ങളെ അറിയാം നിങ്ങൾക്കെന്നെ അറിയില്ല. ഞാൻ ഏത് നിമിഷവും കൊല ചെയ്യപ്പെടാം. ഞാനിതെഴുതുന്ന നിമിഷവും എനിക്കു പിന്നിൽ മരണത്തിന്റെ ഗന്ധമുണ്ട്. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി. കണ്ണടച്ചാൽ കുഞ്ഞിമാളുവിന്റെ കരച്ചിലാണ് മുഴങ്ങുന്നത്.മൂക്കിൽ രക്തത്തിന്റെ ഛർദ്ദിൽ മണമാണ്………
………
അക്ഷരങ്ങളിലൂടെ കണ്ണുകൾ ഇഴഞ്ഞു നീങ്ങുമ്പോൾ ഞാൻ ഒന്നറിഞ്ഞു.എനിക്കു ശ്വാസഗതി കൂടിയിട്ടുണ്ട്.കത്തെഴുതിയ അജ്ഞാതനെ പോലെ ഞാൻ ഞാനും എന്തിനേയോ ഭയക്കുന്നു.
നെഞ്ചിടിപ്പു കൂടി, തൊണ്ടയിലെ വെള്ളം വറ്റിത്തുടങ്ങി. നെറ്റിയിൽ വലിയ വിയർപ്പു മണികൾ പ്രത്യക്ഷപ്പെട്ടു.
എനിക്കറിയാത്ത എന്നെയറിയുന്നവർ ഒത്തിരി പേരുണ്ടാവും. ചാനൽ ചർച്ചകളിൽ പലതും സ്വയം അന്വേഷിച്ച് കണ്ടെത്തിയവയായതിനാൽ ശത്രുക്കളും ഉണ്ടാവും. ചാനൽ റേറ്റിംഗ് പോലും എന്റെ പ്രോഗ്രാമിനെ കേന്ദ്രീകരിച്ചാണെന്ന് എന്റെ ക്യാമറാമേൻ ജോണ്ടി ഇടയ്ക്കിടെ പറയുന്നതോർത്തു.
മുന്നേത്തെ ആഴ്ചകളിൽ നടത്തിയ ‘അഴിച്ചുപണി’ ലൈവ് പ്രോഗ്രാമിലെ പ്രതിസ്ഥാനത്തേയും വാദിസ്ഥാനത്തേയും മുഖങ്ങൾ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. അവരിൽ ആരെങ്കിലുമാവുമോ?
ഞാൻ വീണ്ടും അക്ഷരങ്ങളിലേക്ക് നോക്കി.
………..എനിക്കു പിന്നിലെ വ്യക്തി ഏത് നിമിഷവും നിങ്ങളിലേക്കെത്തും.സൂക്ഷിക്കണം. മരണം ഫോൺ കോളിന്റെ രൂപത്തിൽ പോലും നിങ്ങളിലേക്കെത്തും.സൂക്ഷിക്കുക.
സ്നേഹപൂർവ്വം Pr.
കത്ത് മടക്കാനിരിക്കെ അമ്മയുടെയും അച്ഛന്റേയും മരണശേഷം ശബ്ദിക്കാതിരുന്ന ലാന്റ് ഫോൺ വലിയ ശബ്ദത്തിൽ റിംഗ് ചെയ്തു.
ഞാൻ ഞെട്ടി എഴുന്നേറ്റു. സുനിത ലാന്റ് ഫോൺ ലക്ഷ്യം വെച്ച് നടക്കുന്നുണ്ടായിരുന്നു. മരണമണി പോലെ അത് നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു.
അരുതേ എന്നു പറയാൻ തുടങ്ങും മുൻപേ സുനിത ഫോണെടുത്തിരുന്നു.
“ഹലോ…..”
………….
ഹലോ.
..
അതെ
ഉണ്ട് കൊടുക്കാം
തുടർന്നവൾ മൗത്ത് പീസ് പൊത്തിയിട്ട് പറഞ്ഞു.
അപ്പൂ ജോണ്ടിയാ
ശ്വാസഗതി ഇപ്പോഴാണ് നേരെ ആയത്.
ജോണ്ടിയെന്താ ലാന്റ് ഫോണിൽ വിളിച്ചേന്നു ചിന്തിക്കേം ചെയ്തു.
ഹലോ ജോണ്ടി.
ചേച്ചീ ഞാനെത്ര നേരമായി ട്രൈ ചെയ്യുന്നു ഫോൺ സ്വിച്ചോഫാണല്ലോ.
ഓഹ് ഞാനത് ശ്രദ്ധിച്ചില്ല. നീ കാര്യം പറ.
ചേച്ചീ നമ്മുടെ കുര്യച്ചൻ പെരുമ്പാവൂർ പോളിടെക്നിക്കിന് പിന്നിലുള്ള വീട്ടിലുണ്ട് ചേച്ചി വേഗം വരാമോ?
ഏത് കുര്യച്ചൻ? ശെൽവി കൊലക്കേസിലെ..?
അതെ ചേച്ചി എത്രയും പെട്ടന്ന് വാ ഞാൻ സ്റ്റുഡിയോയിൽ ഉണ്ട്.
ഞാനിപ്പോൾ തന്നെ വരാം.നീ അരവിയെ വിളിച്ച് പറ.
അരവി സാർ വേറെ വർക്കിൽ ബിസിയാണ്.
ഒകെ ഡാ 10 മിനിട്ട് .നീയൊരു കാര്യം ചെയ്യ് ഇത് വഴി വാ..
ഫോൺ വെച്ച് കഴിഞ്ഞ് ഓഫായിക്കിടക്കുന്ന മൊബൈൽ ചാർജ്ജിലിട്ടു ഞാൻ വളരെ പെട്ടന്നു തന്നെ റെഡിയായി .
പതിനഞ്ചു മിനിട്ട് വ്യത്യാസത്തിൽ ഗേറ്റിൽ ജോണ്ടി ഹാജർ.
സുനിതേച്ചീ ഒരർജ്ജന്റ് വർക്കുണ്ട് ലേറ്റാവും.ഗേറ്റടച്ചേക്കു
എന്നും പറഞ്ഞ് ചാടി അവന്റെ പിന്നിൽ കയറുമ്പോൾ പിന്നിൽ നിന്നും സുനിതേച്ചി എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.അത് റെസ്റ്റില്ലാത്ത ജോലിയെ ചീത്ത വിളിച്ചതാവാമെന്ന ബോധുമുള്ളതിനാൽ ശ്രദ്ധിച്ചില്ല.
എടാ നീയിതെങ്ങനെ അറിഞ്ഞു.
യാത്രയിൽ ഞാൻ ചോദിച്ചു.
എന്റെയൊരു സുഹൃത്ത് നിതിൻ താമസിക്കുന്നത് അതിനടുത്താണ്. അവനാണ് സംശയം പറഞ്ഞത് ഞാനപ്പോൾ തന്നെ ലൊക്കേഷൻ സ്കെച്ച് ചെയ്തു. ഒറ്റയ്ക്ക് പോയാൽ ശരിയാവില്ലെന്നറിയാവുന്നതിനാൽ അരവി സാറിനെ വിളിച്ചപ്പോൾ സാർ പറഞ്ഞു ചേച്ചി സ്ഥലത്തെത്തിയിട്ടുണ്ടെന്ന്.അങ്ങനെ ചേച്ചിയെ വിളിച്ചു.
ജോണ്ടിയുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി. അവൻ വണ്ടി സൈഡാക്കി.
