സരിത ഒന്ന് ഞെട്ടി കൂടെയുള്ള പോലീസുകാരന് സർവീസ് വല്ലതും അറിയാമോ എന്തോ, ഇനി ഇവരുടെ സകല സാധനവും നന്നാക്കണം എന്ന് പറഞ്ഞാൽ അറിയില്ലെകിൽ കള്ളി വെളിച്ചത്താകുമോ. “ചേച്ചീ ഉപ്പ് താ കറി തിളക്കുന്നു”
“അയഡിൻ ചേർത്ത ഉപ്പ് വേണോ അതോ കല്ലുപ്പ് വേണോ ”
“എന്തേലും താ ”
“ജോർജുകുട്ടി പ്രകൃതിയുടെ ആളാണ് , കല്ലുപ്പ് വേണം , നമ്മളൊക്കെ പൊടിയുപ്പ് ആണ് , അതാ ചോദിച്ചത് ”
“എന്നതിലും താ , അതിയാൻ ഇപ്പോൾ ഉണ്ണാൻ വരും , വേഗം താ ”
” ഓ, നിങ്ങൾ പ്രേമിച്ചു കിട്ടിയവർ അല്ലെ , പുതുമോടി , നൂൺ ഷോ ഒക്കെ എന്നും കാണും അല്ലെ , ഇപ്പം ഉപ്പ് തരാം ”
റാണി പോയി ഒരു കൊച്ചു പ്ളേറ്റിൽ ഉപ്പു കൊണ്ട് വന്നു സരിതക്ക് കൊടുത്തു , കൂട്ടത്തിൽ അവളെ ഒന്ന് ആകമാനം നോക്കി , കഴുത്തിൽ സ്വർണ്ണം ഒന്നുമില്ല ഒരു താലി ചരട് ഉണ്ട് , ഇവർ മാർത്തോമാ ആണെന്ന് പറഞ്ഞിട്ട് താലി ഹിന്ദുക്കളുടെ പോലെ ആണല്ലോ. “ഇതാണോ താലി , ഇത് ഹിന്ദുക്കളുടെ താലി പോലെ ഉണ്ടല്ലോ നമ്മടെ മിന്നു അല്ലല്ലോ ”
സരിത ഒന്ന് ഞെട്ടി , ഇവർ ഒരു ബുദ്ദൂസ് ആണെന്ന് പറഞ്ഞത് ശരിയല്ലല്ലോ, ക്രിസ്ത്യാനിക്ക് വേറെ താലി ഉണ്ടോ, ഭഗവാനെ. “അതെ ചേച്ചീ , ജോണ് മാത്യു എന്നെ വീട്ടിൽ നിന്നും ചാടിച്ചു കൊണ്ട് വന്നതാണ് താലീം മാലേം ഒന്നും മേടിക്കാൻ കാശില്ലായിരുന്നു , ആരാണ്ടെടെ എടുത്തു കൊണ്ട് വന്നതാണ് ”
“അയ്യോ അതെന്ന പൊക്കണം കേടാ ഒരു മിന്നു മേടിക്കാൻ ഇല്ലാത്തവന്റെ കൂടെ ആണോ നീ ഒളിച്ചോടിയത് , നല്ല പണിക്കാരൻ ആയിരിക്കും അല്ലെ ”
“ഇലക്ട്രീഷ്യൻ അല്ലെ ചേച്ചി നല്ല പണി ഉണ്ടെന്നത് പറഞ്ഞത് ”
” പോടീ മണ്ടീ ആ പണി അല്ല മറ്റേ പണീടെ കാര്യം ആണ് ചോദിച്ചത് , നാണമാണോ പറയാൻ ” റാണി ഒരു കള്ളച്ചിരി ചിരിച്ചു ”
“അയ്യോ ചേച്ചീ അതൊക്കെ ഒരു കഥയാ പിന്നെ പറയാം മീൻ കരിഞ്ഞു കാണും , സരിത ഉപ്പും വാങ്ങി ഓടി രക്ഷപെട്ടു.
“കോൺസ്റ്റബിൾ, എങ്ങിനെ ഉണ്ട് ജോർജുകുട്ടി ഫാമിലി? ഇൻഫർമേഷൻ കിട്ടാൻ എളുപ്പമാണോ?” സരിതയുടെ ഭർത്താവായി അഭിനയിക്കുന്ന ജോൺ ചോദിച്ചു, ” ദേ , കോൺസ്റ്റബിൾ വിളി എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല, നിങ്ങളും
കോൺസ്റ്റബിൾ തന്നേയല്ലോ അല്ലാതെ എ എസ്‌ഐ റാങ്ക് ഒന്നുമല്ലല്ലോ, നമ്മൾ രണ്ടും ഇപ്പോൾ സീ ഐ ഡി മാരാണ് , അത് ഓർമ്മവേണം “.
“എന്നാൽ സീ ഐ ഡി സരിത, എങ്ങിനെയുണ്ട് ഇൻഫോർമേഷൻ ഗാതറിംഗ് ?”
“ഓ, ഒരു കത്തിയാണ് , എന്നാൽ വിചാരിച്ചപോലെ അത്ര ഭോഷത്തി അല്ല താനും, അല്ല നിങ്ങൾ ക്രിസ്ത്യാനികൾക്ക് പല പല മിന്നു ഉണ്ടോ? മാർതോമക്ക് ഒരു മിന്നു, ഓർത്തഡോക്സ് സിനു വേറെ? കാത്തലിക്കിന് വേറെ അങ്ങിനെ ഉണ്ടോ ?”
“അതിപ്പോൾ എനിക്കും വലിയ പിടിയില്ല, മിന്നു കെട്ടിയില്ലല്ലോ”
“എന്നാൽ അവർ നമ്മൾ പ്രേമ വിവാഹം എന്നൊക്കെ പറഞ്ഞപ്പോൾ അപ്പോൾ തന്നെ എന്റെ മിന്നു വച്ച് പിടിച്ചു”
“ശെടാ കുരിശേ, അങ്ങിനെ ഒരു പണ്ടാരം ഉള്ളതായി എനിക്ക് പിടിയില്ല, പിന്നെ എങ്ങിനെ ഊരി?”
“ജോണ് മാത്യു എന്നെ ചാടിച്ചു കൊണ്ട് വന്നപ്പോൾ ഏതോ ഫ്രണ്ടിന്റെ ഭാര്യേടെ താലി ഊരി എന്റെ കഴുത്തിൽ ഇട്ടു എന്ന് പറഞ്ഞു ”
“ശരി ഞാൻ സെബാസ്ട്യൻ സാറിനോട് ചോദിച്ചു ശരിക്കുള്ള താലി കൊണ്ട് വരാം ”
“ഇനി ആരോടും ഒന്നും ചോദിക്കണ്ട, നമ്മൾ തുടക്കത്തിലേ കല്ലുകടിച്ചു എന്ന് ആരും അറിയാതിരിക്കുന്നതല്ലേ നല്ലത് , അല്ലേൽ ജോൺ മാത്യു സീ ഐ ഡി പഴയപോലെ ട്രാഫിക്കിൽ വെയിലും കൊണ്ട് നില്കും ”
“സരിതാ ജോൺ സീഐഡി ആംഡ് പോലീസിന്റെ അടുക്കളയിൽ പാത്രം കഴുകാനും പോകേണ്ടി വരും ”
“അവിടെ വെയിൽ കൊള്ളേണ്ട നല്ല സാധനം തിന്നാനും കിട്ടും”
“തിന്നാൻ സാധനം ഞാനും തരാം , പക്ഷെ അവിടെ വത്സൻ ആയിരുന്നു പരിപാടി എന്നാണല്ലോ കേട്ടത് ”
“ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, വേല ഒന്നും എന്റെ അടുത്തോട്ട എടുക്കരുത് , ഒരു സിഐഡി മറ്റൊരു സിഐടിയെ റെസ്‌പെക്ട് ചെയ്‌താൽ രണ്ടു പേർക്കും നല്ലത് , സാധനം തിന്നാൻ ഒക്കെ വീട്ടിൽ ആളെ നോക്കണം, രണ്ടു പേരും ഒരുമിച്ചു പ്രവർത്തിച്ചാൽ രണ്ടുപേർക്കും പ്രൊമോഷനും നല്ല പോസ്റ്റിംഗും കിട്ടും, അത് ഓർമ്മ വേണം ”
