“ആഹാ… ഓക്കേ.. അവൾ ഇപ്പോൾ എന്തിനാ വിളിക്കുന്നത്. ”
“ഓഫീസ് ടൈം കഴിഞ്ഞില്ലേ…. അതുമല്ല ഞാൻ അവിടെ എത്തേണ്ട ടൈം കഴിഞ്ഞു. അതുകൊണ്ട് കാണാത്തതുകൊണ്ട് വിളിക്കുന്നതാ..”
“അതാണോ”
“അതെ”
“അവളോട് ഓഫീസിൽ ഓവർടൈം വർക്ക് ഉണ്ടെന്ന് പറ..”
“അത് എന്തിനാ കള്ളം പറയുന്നത്..”
“എടാ ഒരു സീരിയസ് കാര്യമുണ്ട്…. അതുകൊണ്ടാണ് അങ്ങനെ പറയാൻ പറഞ്ഞത്..”
“എന്ത് സീരിയസ് കാര്യം.. നീ മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറ ലിയ”
“അതൊക്കെ പറയാം… നീ കോള് കട്ട് ആകുന്നതിനു മുൻപ് എടുത്തു സംസാരിക്ക്….”
ഒന്നും മനസ്സിലാകാതെ ഞാൻ കോള് അറ്റന്റ് ചെയ്തു.
“ ഏട്ടാ എവിടെയാ… ഓഫീസിൽ നിന്ന് ഇറങ്ങിയില്ലേ… ഞാൻ വീട്ടിൽ എത്തി… ഏട്ടൻ എത്താറായോ… വേഗം വാ ഏട്ടാ ”
കോള് എടുത്തതും എനിക്ക് സംസാരിക്കാൻ സമയം തരാതെ അവൾ ചറ പറാ ചോദ്യശരങ്ങൾ എയ്തു.
“ ശ്രീക്കുട്ടി… എനിക്ക് ഓവർടൈം ഉണ്ട്. കുറച്ചു കഴിയും ഓഫീസിൽ നിന്നും ഇറങ്ങാൻ.”
“മ്മ്മ്… ജോലി കഴിഞ്ഞു പെട്ടന്ന് വരണേ ഏട്ടാ”
“വരാം ശ്രീക്കുട്ടി… നീ ഫോൺ വച്ചോ”
ഇനിയും അവളോട് കള്ളം പറയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു. എന്നെ ഇത്രയും കണ്ണടച്ച് വിശ്വസിക്കുന്ന അവളോടാണല്ലോ ഞാൻ കള്ളം പറഞ്ഞത് എന്നാലോചിക്കുമ്പോൾ ചെറിയൊരു വിഷമം.
ഞാൻ സംസാരിച്ചതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ലിയ.
“നീ എന്തിനാ അവളോട് ഓവർടൈം ഉണ്ടെന്ന് കള്ളം പറയാൻ എന്നോട് പറഞ്ഞത്. എന്താ നീ പറഞ്ഞ സീരിയസ് കാര്യം.” ഞാൻ അവളോട് കാര്യം തിരക്കി.
“അയ്യോ അത് വിശ്വസിച്ചോ…. ഞാൻ ചുമ്മാ പറഞ്ഞതാ” എന്ന് പറഞ്ഞവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
ഞാൻ വേദനയോടെ ആ സത്യം മനസ്സിലാക്കി…. ഈ ക്യാനഡയിലെ ചിത്തരോഗി ഇവള് തന്നെ. വെറും സൈക്കോ.
“ എന്റെ കൂടെ എവിടെയെങ്കിലും വരുമ്പോൾ ഫുൾ ടൈം എന്റെകൂടെ നിൽക്കണം. നീ ചിലപ്പോൾ പെട്ടന്ന് തിരിച്ചു പോയാലോ… അതുകൊണ്ടാണ് ഞാൻ ഒരു സീരിയസ് കാര്യമുണ്ടെന്ന് കള്ളം പറഞ്ഞത്.” അവൾ പാതി കുസൃതിയോടെയും പാതി കാര്യമായിട്ടും പറഞ്ഞു.
എനിക്ക് കുറച്ചു ദേഷ്യം വന്നെങ്കിലും ബുദ്ധിയില്ലാത്ത പിള്ളേരെ അടിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാൻ വെറുതേ വിട്ടു. പാവം ജീവിച്ചു പൊയ്ക്കോട്ടേ അല്ലേ…..
ഞങ്ങൾ അവിടെ നടന്നു ആ ഭംഗിയെല്ലാം ആസ്വദിച്ചു. ലിയ പലതവണ ഇവിടെ വന്നിട്ടുണ്ട്. അതുകൊണ്ട് അവൾക്കൊരു ഗൈഡിന്റെ റോൾ ആയിരുന്നു. ആ സ്ഥലങ്ങളെല്ലാം വളരെ വിശദമായിതന്നെ അവൾ എനിക്ക് പരിചയപ്പെടുത്തി.
എനിക്ക് സംസാരിക്കാനുള്ള അവസരമൊന്നും ഇല്ലായിരുന്നു… കാരണം ഒരു റേഡിയോ ആണല്ലോ എന്റെ കൂടെയുള്ളത്. പതിവുപോലെ ആ ലിയ റേഡിയോ വായ തോരാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു…
ഈ പെൺകുട്ടികളെല്ലാം ഇങ്ങനെയാണോ…. ലിയ ഒരു റേഡിയോ ശ്രീക്കുട്ടി ഒരു വായാടി… രണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്താന്നുവച്ചാൽ.., ശ്രീക്കുട്ടി സംസാരിക്കുമ്പോൾ എനിക്ക് തിരിച്ചു അങ്ങോട്ട് സംസാരിക്കാൻ അവസരം കിട്ടും. പക്ഷെ.., ലിയ സംസാരിക്കുമ്പോൾ ആ അവസരം കിട്ടില്ല. അതാണ് ശ്രീക്കുട്ടിയെ വായാടിയായും ലിയയെ റേഡിയോയായും ഉപമിക്കാൻ കാരണം.
ലിയ കൂടെയുള്ളപ്പോൾ സമയം പോകുന്നത് അറിയില്ല… വളരെ പെട്ടന്നുതന്നെ സമയം കടന്നുപോയി. ഇപ്പോൾ സമയം 7 മണി. ഞങ്ങൾ ഇവിടെ 5 മണിക്ക് വന്നതാണ്.
“നമ്മുക്ക് പോകാം ആദി”
“ആ… പോകാം”
ഞങ്ങൾ അവളുടെ കാറിൽ എന്റെ വീട്ടിലേക്ക് തിരിച്ചു…. അപ്പോളും അവളുടെ സംസാരത്തിന് ഒരു കുറവുമില്ല..
പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
“നിനക്ക് ലവ്വർ ഉണ്ടോടാ…”
“ഇതുവരെ ഇല്ല”
എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. എന്തോ ശ്രീക്കുട്ടിയുടെ കാര്യം ഇവളോട് പറയാൻ സമയമായിട്ടില്ല എന്നൊരു തോന്നൽ.
“നിനക്കോ” ? ഞാൻ തിരിച്ചും ചോദിച്ചു.
“എന്റെ മനസ്സിന് ഇഷ്ടപ്പെട്ട ഒരാളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ലായിരുന്നു”
“എന്നിട്ട്…. ഇപ്പോൾ കണ്ടു കിട്ടിയോ”
“കിട്ടിയെന്ന് തോന്നുന്നു”
“ആഹാ… ആരാ ലിയകുട്ടിക്ക് ഇഷ്ടപ്പെട്ട ആ കക്ഷി”
