ഇത് ഗിരിപർവ്വം – 3അടിപൊളി  

ഗിരി മല്ലികയെ നോക്കി…

അവളുടെ മിഴികളിലെ നീർത്തിളക്കം അവൻ കണ്ടു…

“” എല്ലാം ശരിയാകും………. “

അവൻ ആശ്വാസവാക്ക് മൊഴിഞ്ഞു…

“” അങ്ങനെ തന്നെയാ ഇത്രനാളും കഴിഞ്ഞത്… ഇപ്പോഴാ പ്രതീക്ഷയും നശിച്ചു തുടങ്ങി… “

മല്ലിക പറഞ്ഞു…

“” ഉമ പോകും… അമ്പൂട്ടനും പോകും… തൊഴിലുറപ്പൊന്നും ഇല്ലാത്ത സമയം ഇതിനകത്തിങ്ങനെ ഓരോന്ന് ആലോചിച്ച്… …. “

മല്ലിക കസേരയുടെ കൈപ്പിടിയിൽ പതിയെ നഖം കൊണ്ട് പോറിത്തുടങ്ങി……

“” ജീവിക്കാനുള്ള ആശ മരിച്ചതാ… പിന്നെ ഉമയേയും അമ്പൂട്ടനെയും ഓർത്തിട്ടാ… “

ഗിരി ഒരക്ഷരം ശബ്ദിച്ചില്ല…

കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞു പോയി……

“ വാഴകൃഷി ചെയ്യാൻ തന്നെ തീരുമാനിച്ചോ…… ?””

ഒടുവിൽ മല്ലിക തന്നെ മൗനം ഭേദിച്ചു…

“” പിന്നല്ലാതെ… ഏതായാലും സോമന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം…… അതിനിവിടെ കുറച്ചു ദിവസം നിൽക്കണം..എന്നാൽപിന്നെ പത്തു വാഴ വെച്ചേക്കാമെന്ന് കരുതി… “

ഗിരി ചിരിച്ചു…

“” പന്നി കുത്തിക്കളയാതിരുന്നാൽ ഭാഗ്യം… “

മല്ലികയും ചിരിച്ചു……

“” അതിനൊക്കെ വഴിയുണ്ട് ചേച്ചി… നമുക്ക് നോക്കാമെന്ന്………. “

“” ഞാൻ കരുതി ഗിരി ചുമ്മാ പറഞ്ഞതാണെന്നാ… “

“” ഏതായാലും ഇവിടെ നിൽക്കുകയല്ലേ… നിങ്ങൾക്കെന്തെങ്കിലും കാര്യമാകുമല്ലോ… “

ഗിരി പതിയെ അരഭിത്തിയിൽ നിന്നിറങ്ങി……

“” ഏതായാലും ഇവിടെ വന്ന് സ്ഥലം വാങ്ങിയ നിങ്ങളെ സമ്മതിക്കണം…… “

ഗിരി പറഞ്ഞു…

“” അതിനുള്ള പണമേ അന്നുണ്ടായിരുന്നുള്ളൂ… പിന്നെ വീടും… ഇതിലെ ഹൈവേയോ, തുരങ്കപാതയോ ഒക്കെ ഉടനെ വരും, വിറ്റാൽ നാലിരട്ടി പണം കിട്ടും എന്നൊക്കെ പറഞ്ഞ് ബ്രോക്കർ പറ്റിച്ചതാ… …. “

മല്ലികയും കസേരയിൽ നിന്ന് എഴുന്നേറ്റു..

“” ഞാനൊന്നു കവല വരെ പോയി വരാം ചേച്ചീ… അമ്പൂട്ടൻ വരാനായല്ലോ.. അവന്റെ കൂടെയിങ്ങ് പോരാം……””

മല്ലിക തലയാട്ടി……

“” ഗിരി പോയിട്ടു വാ……. എനിക്കും കുറച്ച് ജോലിയുണ്ട്… “

മല്ലിക തിരിഞ്ഞു…

“” ങ്ഹാ… ഗിരിയേ… …. “

അവൾ പെട്ടെന്ന് ഓർത്ത് തിരിഞ്ഞു…

“” ഞാനീ സങ്കടം പറഞ്ഞ കാര്യമൊന്നും ഉമയറിയണ്ട ട്ടോ…””

“” പിന്നേ… വെട്ടു പോത്തിനടുത്ത് വേദമോതാൻ പോകുവല്ലേ ഞാൻ…”

ഗിരി തിരിഞ്ഞു നിന്ന് ചിരിച്ചു…

മല്ലികയും ചിരിച്ചു……

“” പാവമാ… …. ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെയായിപ്പോയതാ… …. “

ഗിരി ഒതുക്കുകളിറങ്ങിയതും ജാക്കിയും പിന്നാലെ ഇറങ്ങി…

കവലയിലേക്ക് തിരിയുന്ന വഴിയിൽ ജാക്കി നിന്നു…

ഗിരി അവനെ വിളിച്ചെങ്കിലും നായ കൂടെപ്പോയില്ല…

വൈകുന്നേരമായിരുന്നു…

വഴിയരികിൽ കണ്ട  ഒന്നുരണ്ടു പേർ അവനോട് പരിചയമുള്ളതു പോലെ ചിരിച്ചു കടന്നു പോയി…

“മിഷൻ സോമൻ “” എല്ലാവരും അറിഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി……

അങ്ങാടിയിൽ അവിടിവിടെയായി പത്തോ പതിനഞ്ചോ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ……

ഗിരി കഴിഞ്ഞ ദിവസം കയറിയ ചായക്കടയിലേക്ക് കയറി…

ചില്ലലമാരിയിൽ കായപ്പവും പഴംപൊരിയും അടുക്കി വെച്ചിട്ടുണ്ടായിരുന്നു……

കടക്കാരനും അവനെ നോക്കി പുഞ്ചിരിച്ചു…

രണ്ട് പേർ അകത്തിരുന്ന് ചായ കുടിക്കുന്നു…

“” ചായയല്ലേ…..?:””

കടക്കാരൻ ഗിരിയെ നോക്കി…

“” ആയ്ക്കോട്ടെ……. “

ഗിരി ടാർ റോഡ് കാണുന്ന വിധം ഒരു കസേരയിലേക്ക് ഇരുന്നു…

“” സുധാകരന്റെ ആരാ…….? “”

കടക്കാരൻ ചായയുമായി വന്നു……

“” എന്റെ അമ്മാവനായിട്ടു വരും… “

മല്ലിക പറഞ്ഞ കാര്യം ഗിരിക്ക് ഓർമ്മയുണ്ടായിരുന്നു…

“” കാര്യം ചെയ്തതൊക്കെ നല്ലതാ… ആ പിള്ളേർക്കാണേൽ ആരുമില്ല … പക്ഷേ, റാവുത്തർമാരുടെ പണിക്കാരോടു പോലും ഇവിടാരും ഇടയാൻ നിൽക്കാറില്ല … “

കടക്കാരൻ പറഞ്ഞു……

“” ഒരു പഴം പൊരി തന്നേരേ ചേട്ടാ… “

ഗിരി പുഞ്ചിരിയോടെ പറഞ്ഞു…

കടക്കാരൻ സ്‌റ്റീൽപ്ലേറ്റിൽ പഴം പൊരി എടുത്തു വെച്ചു…

ഇനി ഇയാളല്ലേ , സോമനെ തല്ലിയത് എന്നൊരു ചോദ്യം കടക്കാരന്റെ മുഖത്തുണ്ടായി……

റോഡിലൂടെ അമ്പൂട്ടനും മൂന്നാലു കുട്ടികളും നടന്നു വരുന്നത് ഗിരി കണ്ടു…

ഗിരി കടയുടെ വരാന്തയിലേക്കിറങ്ങി അമ്പൂട്ടനെ വിളിച്ചു…

ഗിരിയെ കണ്ടതും അത്ഭുതവും സന്തോഷവും ഒരേ സമയം അവനിലുണ്ടായി……

കൂട്ടുകാരോട് എന്തോ പറഞ്ഞ ശേഷം അവനോടി ഗിരിക്കരുകിലേക്ക് വന്നു…

“” ചേട്ടായി എപ്പ വന്നു… ?””

“” അതിന് ഞാനെവിടെപ്പോകാനാ അമ്പൂട്ടാ… “

ഗിരി ഒരു കണ്ണടച്ച്‌ മറുപടി കൊടുത്തു …

കാര്യം അവിടെ നിന്ന് പറയണ്ട എന്ന് മനസ്സിലായ അമ്പൂട്ടൻ വരാന്തയിലേക്ക് കയറി…

“ ചേട്ടാ… ഇവനും ഒരു കടുപ്പം കുറഞ്ഞ ചായയെടുക്ക്………. “

ഗിരി കടക്കാരനോട് പറഞ്ഞു……

ഇത്തവണ അമ്പൂട്ടന് അഭിമാന ബോധമൊന്നും പ്രശ്നമല്ലായിരുന്നു……

അവനും ഗിരിക്കൊപ്പം കടയ്ക്കുള്ളിലേക്ക് കയറി……

തനിക്ക് വേണ്ടപ്പെട്ട ഒരാൾ ക്ഷണിച്ചതു പോലെ ഗിരിയുടെ അടുക്കൽ അവൻ കയറിയിരുന്നു…

“” നിനക്കെന്താ വേണ്ടത്……… ? കായപ്പമോ പഴംപൊരിയോ…… …? “”

ഗിരി ചോദിച്ചു…

ഏതു വേണം, ഏതു കഴിച്ചാൽ വയർ നിറയും എന്നൊരു ചിന്ത ഒരു നിമിഷം അവന്റെ മുഖത്തുണ്ടായി…

“” കായപ്പം മതി… “

ഗിരിയും അമ്പൂട്ടനും ചായ കുടിച്ച്, പണം കൊടുത്ത് ഇറങ്ങിയതും ഒരു ട്രാൻസ്പോർട്ട് ബസ് വന്നു നിന്നു…

ബസ് അവിടെ വരെയേ ട്രിപ്പ് ഉള്ളൂ….

“” ബസ് താമസിച്ചാ…….”.

അമ്പൂട്ടൻ പറഞ്ഞു……

“” അതെന്താ……..?”

“” ഞാനങ്ങു കേറ്റത്തിൽ വെച്ചാ എന്നും കാണുന്നത്…………”

അവൻ താഴെ ഇറക്കത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…

ഒരു ജീപ്പ് കിടന്നതിനാൽ ബസ് അല്പം ബുദ്ധിമുട്ടിയാണ് അവിടെയിട്ട് തിരിച്ചത്……

ഡ്രൈവർ തല പുറത്തേക്കിട്ട് ചീത്ത വിളിക്കുന്നത് ഗിരി കണ്ടു……

ബസ് കാത്തു നിന്നവർ കയറിയതും അത് ഇറക്കമിറങ്ങി വേഗത്തിൽ പോയി… ….

ബസ് താഴേക്കിറങ്ങിയതും എയർ ഹോൺ അടിച്ചു കൊണ്ട് ഒരു കറുത്ത  മഹീന്ദ്ര താർ, ഓഫ് റോഡ് ജീപ്പ് കയറ്റം കയറി വേഗത്തിൽ വന്നു…

അതിന് മൂടിയില്ലായിരുന്നു…….

ഗിരിയും അമ്പൂട്ടനും തിരിഞ്ഞതും അവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അത് ബ്രേക്കിട്ടു…

അമ്പൂട്ടനെ എടുത്ത് ഗിരി വലതു വശത്തേക്ക് നിർത്തി……

ജീപ്പിന്റെ മുൻ സീറ്റിൽ ഇരു കൈകളും ബാൻഡേജിട്ട് സോമൻ ഇരിക്കുന്നു……

ഡ്രൈവറെക്കൂടാതെ മൂന്നു പേർ പിൻസീറ്റിൽ…

ഒരു നിമിഷം കൊണ്ട് ഗിരിക്ക് അപകടത്തിന്റെ ചൂരടിച്ചു……

ബസിറങ്ങിയവർ കടത്തിണ്ണയിലേക്ക് കാഴ്ച കാണാൻ കയറുന്നത് ഗിരി കണ്ടു…

“ ചേട്ടായീ… അതയാളുടെ ആൾക്കാരാ… “

അമ്പൂട്ടന്റെ ഭയം നിറഞ്ഞ സ്വരം അവൻ കേട്ടു……

ജീപ്പിന്റെ പിൻസീറ്റിൽ നിന്ന് മൂന്നുപേരും ഇറങ്ങി…

അതിൽ ഉയരം കൂടിയവൻ ഗിരിക്കടുത്തേക്ക് വന്നു……

“”സേട്ടോ……. സേട്ടനാണോ സേട്ടോ കിരി………. ?””

ഗിരി മിണ്ടാതെ അവന്റെ ചലനം ശ്രദ്ധിച്ചു നിന്നു…

“” സോമേട്ടോ… …. യിവനാണോ നിങ പറഞ്ഞ ലവൻ………. “

രണ്ടാമൻ സോമനെ നോക്കി ചോദിച്ചതും സോമൻ കണ്ണു കാട്ടിയത് ഗിരി കണ്ടു……

“” അമ്പൂട്ടാ… …. മാറി നിൽക്കെടാ… …. “