ഉമ്മ എന്നെ വിളിച്ചിരുന്നോ..? 1

“ഇക്ക പൊയ്ക്കോ. ഇക്കയെ എനിക്ക് മനസ്സിലാവും.
ഇനിമുതൽ ഇക്കാനെ മനസ്സിലാക്കേണ്ടത് ഞാനല്ലേ.. ഇക്കാടെ ഭാര്യയാവാൻ മാത്രമുള്ള അർഹതയൊന്നും എനിക്കില്ല. ഇക്കാടെ മനസ്സിൽ ഒരു വേലക്കാരിയുടെ സ്ഥാനമാണെങ്കിലും എനിക്ക് സന്തോഷാണ്..”

“അതെന്താടോ നീ അങ്ങനെ പറഞ്ഞെ.. സ്വന്തമായി ഒരു ജോലിപോലുമില്ലാത്ത, കളിച്ചു നടക്കുന്ന ഈ തലതെറിച്ച എന്റെ ഭാര്യയാവാൻ അതിനുമാത്രം യോഗ്യത വേണോ..?”

അവളുടെ താടി ഉയർത്തി ഞാൻ പറഞ്ഞു..

“നോക്ക്യേ എന്റെ ഭാര്യയാവാനുള്ള നിന്റെ യോഗ്യത എന്താണെന്നോ..
എന്റെ ഉമ്മാക്ക് നിന്നെ ഇഷ്ടപ്പെട്ടു എന്നതാ.. പിന്നെ നമ്മുടെ ആദ്യരാത്രിപോലും എന്റെ മാത്രം ഇഷ്ടം നീ സാധിപ്പിച്ചുതരാൻ സമ്മതിച്ചില്ലേ ഇത്രയൊക്കെ പോരെ..”

നേരം അർധരാത്രി കഴിഞ്ഞു വീട്ടിലെല്ലാവരും ഉറങ്ങിയെന്നു തോന്നുന്നു.. പുറത്തൊന്നും ഒരാളുടെയും അനക്കം കേൾക്കുന്നില്ല.
ഞാൻ ഷാഹിനയെ നോക്കി.. അവൾ തല താഴ്ത്തിത്തന്നെ ഇരിക്കുവാണ്

“ഡോ ഞാൻ പോവാണ്. ഇപ്പം പോയാലേ സമയത്തിന് അവിടെ എത്തോള്ളൂ .
ജയിക്കാൻ വേണ്ടി ഇയ്യ് പ്രാർത്ഥിക്കണം ട്ടോ “.

“ഉം.”

അവളൊന്ന് മൂളി..

ഞാൻ ബൈക്കിന്റെ കീയുമെടുത് വാതിൽ മെല്ലെ തുറക്കുമ്പോൾ പിറകിൽ നിന്ന് അവളുടെ വിളി..

“ഇക്കാ
ഞാനും വന്നോട്ടെ..?”

“എന്ത്.. ??”

“ഏതൊക്കെ തരാം ആൾക്കാരാണെന്നോ അവിടെ ണ്ടാവാ..! അയിന്റെടേൽ പാതിരാത്രി ഇയ്യ് വന്നാൽ എങ്ങനെ ശരിയാവും…??.
ഞാൻ പോയിട്ടു പെട്ടന്ന്ന്നെ വരാട്ടോ ..”

“പ്ളീസ് ഇക്ക ഞാനിവിടെ ഒറ്റക്കെങ്ങാനാ.. ഇക്കാടെ കാറിൽ പോകാം.
ഞാൻ കാറിൽ തന്നെ ഇരുന്നോളാം. പുറത്തേക്കിറങ്ങൂല. പ്ളീസ് ഇക്ക..”

അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല..
ഫോണെടുത്തു നേരെ അൻവറിനെ വിളിച്ചു.. അൻവർ എന്റെ എളാപ്പയുടെ മകനാണ്.. ഞങ്ങളുടെ ക്ലബ്ബിന്റെ നെടുംതൂൺ..
“ഡാ നിങ്ങ വിട്ടോ.. ഞാൻ കാറിൽ വന്നോളാം എന്റെ കൂടെ ഒരാളുണ്ട്..”

“ആരാ ഷാനുക്ക..?”

“അത് ന്റെ കെട്യോളാടാ..”

ഹ ഹ ചക്കിക്കൊത്ത ചങ്കരൻ…ഇങ്ങക്ക് പറ്റിയ കമ്പനി ന്നെ കിട്ടീലെ ..?”

“നീ വെച്ചുപോട. ഞങ്ങൾ രണ്ടാളും വന്നോളാം..”

“അതേയ് ഗ്രൗണ്ട് അറിയൂലെ..?”

“അതൊക്കെ ഇനിക്കറിയാം.
അപ്പൊ ശരി അവിടുന്ന് കാണാം..”

കാറിൽ അവളെന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുറങ്ങുന്നുണ്ട്.. പാവം എന്റെ ഓരോ പിരാന്തുകൊണ്ട് അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ എത്രവലിയ സ്വപ്നങ്ങളാണ്.. ഓർത്തപ്പോൾ ഉള്ളിലൊരു നീറ്റൽ..

ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ ടീമിന്റെ കളിയാവുന്നതേയുള്ളു.. കാർ ഒരു മൂലയിൽ ഒതുക്കി നിർത്തി ഞാൻ അവളെ ഉണർത്തി.

ഡിസംബറിലെ മഞ്ഞുകൾ മണ്ണിലേക്കുറ്റി വീഴുന്നുണ്ട്.. നല്ല തണുപ്പ് കാറിന്റെ ചില്ലുജാലകങ്ങളിൾക്കുള്ളിലോടെ അകത്തേക്ക് തണുപ്പ് ഇടിച്ചുകയറുന്നു..
ഈ രാത്രിയിലും ഗ്രൗണ്ടിന് ചുറ്റും കച്ചവടം സജീവമായി നടക്കുന്നുണ്ട്.
വേഗം അൻവറിനെ ഫോണിൽ വിളിച്ചു ഓരോ കട്ടൻ ചായ വാങ്ങിച്ചു..

ചായ ഞാൻ അവൾക്ക് നീട്ടി.
കുടിച്ചോ നല്ല തണുപ്പല്ലേ ഉള്ളൊന്ന് ചൂടാവട്ടെ..
ഊതി ഊതി അവൾ ചായ കുടിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു..
ഞാൻ അവളെത്തന്നെ നോക്കി നിന്നു.
ഞങളുടെ ടീമിന്റെ കളിയായെന്ന് അൻവർ വന്ന് പറഞ്ഞപ്പോൾ ഞാൻ പോകാൻ
ഒരുങ്ങി.

“ഞാൻ പോവാ.
പേടിക്കൊന്നും മാണ്ട. അൻവർ പൊർത്തുണ്ടാവും. വേണേൽ നീയൊന്ന് ഉറങ്ങിക്കോ.
ബാക്കിൽ കിടന്നോ നല്ല ക്ഷീണം കാണും…
ഒരു അരമണിക്കൂർ കൊണ്ട് ഞാൻ വന്നോളാം…
എന്തേലും ആവിശ്യമുണ്ടേൽ ഓനോട് പറഞ്ഞാൽ മതി..”

അൻവറിനെ അവൾക്ക് കാവൽ നിർത്തി ഞാൻ ഗ്രൗണ്ടിലേക്ക് പോയി.
കളിയുടെ ആദ്യ പകുതിയിൽ തന്നെ ഞങ്ങൾ മൂന്നു ഗോളിന് മുന്നിട്ടു നിന്നു.
ജയം ഉറപ്പായപ്പോൾ ഞാൻ പകരക്കാരനെ ഇറക്കി വേഗം ഷാഹിനയുടെ അടുത്തേക്ക് പോന്നു..
കാറിനടുത്തായി ഒരു പാറക്കല്ലിൽ അക്ഷമനായി കാത്തുനിൽക്കുന്ന അൻവർ എന്നെ കണ്ടതും ചാടി എണീറ്റ് കളിയുടെ കാര്യം തിരക്കി..

ജയിച്ചെന്നു പറഞ്ഞപ്പോൾ അവന്റെ മുഖത് പൂത്തിരി കത്തിപോലെ..
അവൻ നേരെ ഗ്രൗണ്ടിലേക്കോടി.
കാറിന്റെ അടച്ചിട്ട ചില്ലിനുള്ളിലൂടെ ഞാൻ അകത്തേക്ക് നോക്കി. പാവം ഷാഹിന പിൻസീറ്റിൽ കിടന്നുറങ്ങുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *