ഒരേയൊരാൾ – 1 Like

ഒരേയൊരാൾ – 1

Oreoraal | Author : Hari


എന്നത്തേയും പോലെ ഒരു മടുപ്പോടെയാണ് ജ്യോതി ഉറക്കമെഴുന്നേറ്റത്. തണുത്ത പ്രഭാതത്തിലേക്ക് വെയിൽ ഊർന്നുവീഴുന്നത് ജനാലച്ചില്ലിലൂടെ അവളറിഞ്ഞു.

ഇല്ല. അതിലും തോന്നുന്നില്ല ഒരു തരത്തിലുള്ള ഉന്മേഷവും.

മുറിയുടെ മറുചുമരിനോട് ചേർന്നു കിടക്കുന്ന കട്ടിലില്‍ രാജി മൂടിപ്പുതച്ച് അപ്പോഴും ഉറക്കമാണ്.

വിളിച്ചുണർത്താൻ നിന്നില്ല. ‘അവൾക്ക് വേണേൽ എണീറ്റ് ക്ലാസില്‍ പോട്ടെ’ – ജ്യോതി ചിന്തിച്ചു.

ആകെ ചടപ്പോടെയെങ്കിലും ജ്യോതി പതിയെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങളിലേക്ക് കടന്നു.

ഒരു ബ്രഷും കടിച്ചുപിടിച്ച് ക്ലോസറ്റിൽ ഇരിക്കുമ്പോള്‍ മടങ്ങി കിടക്കുന്ന വയറിൽ അവൾ ഒന്ന് നോക്കി.

‘ഈശ്വരാ, പിന്നേം വയറുചാടിയോ? അല്ലെങ്കിലേ വണ്ണക്കൂടുതലാണ്! ‘

അതും ചിന്തിച്ച് ആകുലപ്പെട്ടിരിക്കുമ്പോഴാണ് ബാത്ത് റൂമിന്റെ വാതിലിൽ മുട്ട് കേൾക്കുന്നത്. “ടീ… ഒന്ന് വേഗാവട്ടെ. എനിക്കും റെഡിയാകാന്ണ്ട്”.

രാജിയാണ്. ‘രാജി’. അവളോർത്തു. ‘ചേച്ചിയാണത്രേ, ചേച്ചി’.

രാജി ജ്യോതിയേക്കാൾ രണ്ടു വയസ്സ് മൂത്തതാണ്. ചെറുപ്പം മുതല്‍ സഹോദരങ്ങൾ തമ്മിലുള്ള ഒരു അടുപ്പമോ സ്നേഹമോ അവർ തമ്മില്‍ ഉണ്ടായിട്ടില്ല. ഓർമ്മവച്ച കാലം മുതൽ തനിക്ക് എവിടേയും ഒരു എതിരാളിയായി മാത്രമാണ് ജ്യോതിക്ക് രാജിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.

ചില പഴയ സിനിമകളിൽ വില്ലന്‍മാര്‍ നായകന്മാരെ കുറിച്ച് പറയുന്നത് പോലെ. കുട്ടിക്കാലം മുതല്‍ എവിടേയും തന്നേക്കാൾ മികച്ചു നിൽക്കുന്ന ചേച്ചി. അച്ചനമ്മമാരുടെയും ടീച്ചർമ്മാരുടേയുമെല്ലാം പെറ്റ്. പാട്ടുകാരി. അവിടങ്ങളിലെല്ലാം ആരും ശ്രദ്ധിക്കാതെ പോയത് ജ്യോതിയെയാണ്. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ താൻ വില്ലനാകുകയല്ലേയെന്ന് ജ്യോതി ഇടക്കോർക്കും.

‘ഞാന്‍ വില്ലനും അവൾ നായകനും! ബെസ്റ്റ്. എന്റെ തലവിധി!’

വാതിൽക്കൽ മുട്ട് തുടർന്നുകൊണ്ടേയിരുന്നു. എന്നാല്‍ വിസ്തരിച്ചു കുളിച്ചിട്ടേ ജ്യോതി ഇറങ്ങിയുള്ളൂ. വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോൾ രാജി കണ്ണുരുട്ടി നിൽപ്പുണ്ട്.

“ഞാന്‍ വിചാരിച്ചു അതിന്റുള്ളിലിരുന്ന് ചത്തൂന്ന്”

“തെരക്കാണെങ്കി കാലത്ത് നേരത്തെ എണീക്കടീ”

ജ്യോതി രാജിയെ വകഞ്ഞുമാറ്റി ബാത്ത് റൂമിൽ നിന്നിറങ്ങി. രാജി തിരിച്ചൊന്നും പറഞ്ഞില്ല. നേരെ ബാത്ത് റൂമിൽ കയറി വാതിലടച്ചു. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും ജ്യോതി ഒരുങ്ങിയിരുന്നു. സമയം എട്ടരയായി. അച്ഛനും അമ്മയും കാലത്തെ തിരക്കുകളിലാണ്. രണ്ടാൾക്കും ജോലിക്ക് പോകണം. രാജിയും ജ്യോതിയും ഒരേ കോളേജിലാണ്. രാജി ഫൈനല്‍ ഇയർ ബി.എസ്.സി. ജ്യോതി ഫസ്റ്റ് ഇയര്‍ ബി.എ. എല്ലാവർക്കും 9 മണിക്ക് തന്നെ ഇറങ്ങണം.

“പോത്ത് പോലെ വളർന്ന രണ്ട് പെമ്പിള്ളേരുണ്ടായിട്ടെന്താ കാര്യം. അടുക്കളയില്‍ ഞാനൊരുത്തി ഒറ്റക്ക് മേയണം.” ഓടി നടന്ന് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ അമ്മ പായാരം പറഞ്ഞു. ജ്യോതി അത് മൈന്റ് ചെയ്യാതെ വേഗം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. രാജി ഓടി വന്ന് അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു,” സോറി അമ്മേ. ഞാന്‍ ഉറങ്ങിപ്പോയി”. അമ്മ അതിന് ഇരുത്തിയൊന്ന് മൂളുക മാത്രം ചെയ്തു.

‘മണിയടിക്കാൻ അല്ലെങ്കിലും ഇവളെ കഴിഞ്ഞിട്ടേയുള്ളൂ’ ജ്യോതി ഓർത്തു.

ആരോടും സ്നേഹം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത പ്രകൃതമാണ് രാജിയുടേത്. നേരെ തിരിച്ചാണ് ജ്യോതിയുടെ സ്വഭാവം. ആരേയും അധികം അടുപ്പിക്കുകയില്ല. അടുപ്പമുള്ളവരോട് ഒരല്പം അകലമുണ്ടാകുകയും ചെയ്യും. രാജിയെ കണ്ടാല്‍ ആരുമൊന്ന് നോക്കും. വെളുത്ത് മെലിഞ്ഞ സുന്ദരിയാണവൾ. അവളുടെ വരിതെറ്റിയ പല്ലുകള്‍ പോലും അവളെ കൂടുതല്‍ സുന്ദരിയാക്കിയിട്ടേയുള്ളൂ. ഭംഗിയുള്ള കൊന്ത്രൻപല്ലുകൾ. ജ്യോതിക്ക് ഒരല്പം ഇരുണ്ട നിറമാണ്. ചെറുപ്പം മുതല്‍ ബന്ധുമിത്രാദികളുടെ “അയ്യോ, മോള് പിന്നേം കറുത്തുപോയല്ലോ” കേട്ട് കേട്ട് അവൾക്ക് മടുത്തു. വെളുക്കാനുള്ള പാരമ്പര്യസൂത്രപ്പണികളെ പറ്റിയുള്ള ഉപദേശങ്ങൾ അവളില്‍ ചെറുതല്ലാത്ത അപഹർഷത ഉരുത്തിരിയിച്ചിരുന്നു. ജ്യോതി അങ്ങനെ തടിച്ചിട്ടൊന്നുമല്ല. എന്നാല്‍ ദുർമേദസ്സ് ഉണ്ടുതാനും. ഇതെല്ലാം അവളുടെ സ്വഭാവത്തെ വല്ലാതെ ബാധിച്ചിരുന്നു. തിരസ്കരിക്കപ്പെടുന്നു എന്ന തോന്നല്‍. അടച്ചുപൂട്ടിയ മുറി പോലെ ഒരുവൾ.

ബസ്സിന്റെ വിന്‍ഡോ സീറ്റ് തന്നെ ജ്യോതിക്ക് കിട്ടി. അവൾക്ക് അതിഷ്ടമാണ്. കാറ്റ്. കാഴ്ചകൾ. അതില്‍ മുഴുകിയിരിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന കവിതകള്‍.

“സമയമാകുന്നു പോകുവാൻ, രാത്രി തൻ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവർ”

“എന്താ?!”

ജ്യോതി ഒന്ന് ഞെട്ടി. തൊട്ടടുത്തിരിക്കുന്ന രാജിയാണ് ചോദിച്ചത്. മനസ്സില്‍ ചിന്തിച്ച വരികള്‍ താന്‍ ഉച്ചത്തില്‍ പറഞ്ഞുപോയെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.

“ഒന്നൂല്ല”. ആകെ ചമ്മിപ്പോയി. അവൾ രാജിക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

” അത് സന്ദർശനത്തിലെയല്ലേ? ചുള്ളിക്കാടിന്റെ..?” രാജി ചോദിച്ചു. ജ്യോതി തെല്ലൊരത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

“നിനക്ക് അതറിയുവോ?!” അവൾ ആരാഞ്ഞു. “നല്ല കവിതയാണ്” രാജി ഒന്ന് മന്ദഹസിച്ചു. ജ്യോതിയും.

വീട്ടില്‍ നിന്ന് മിനിമം ചാര്‍ജ് ദൂരമേയുള്ളൂ കോളേജിലേക്ക്. ബസ് ഇറങ്ങി ഒരു അഞ്ച് മിനിറ്റ് നടക്കണം. ബോഗൈൻവില്ല പൂക്കള്‍ പൂത്തുനിൽക്കുന്ന വഴിയിൽ ഒരു വശത്ത് ചെറിയൊരു ചായക്കടയുമുണ്ട്. എന്നും അവർ അതുവഴി കടന്നുപോകുമെങ്കിലും ഒരുമിച്ച് ഇതുവരെ അവിടുന്ന് ഒരു ചായ കുടിച്ചിട്ടില്ല. സാധാരണ ഇങ്ങനെ നടക്കുമ്പോള്‍ ഇരുവരും പരസ്പരം ഒന്നും സംസാരിക്കാറില്ല. ഇന്ന് പക്ഷേ-

“നീ എന്നുമുതലാ കവിത വായിക്കാന്‍ തുടങ്ങിയത്?” ജ്യോതി ചോദിച്ചു.

“അങ്ങനെ വായിക്കലൊന്നുമില്ല. ഇത് ജസ്റ്റ് ഇങ്ങനെ…. ഭയങ്കര ഫീലാണ്. ഒരു തരം നഷ്ടപ്രണയത്തിന്റെ…” രാജി അത് മുഴുവനാക്കിയില്ല.

ജ്യോതി അവളെ സംശയത്തോടെ ഒന്ന് നോക്കി. വേറൊന്നും ചോദിച്ചില്ല. ഇരുവരും നിശബ്ദരായി തന്നെ നടന്നു.

ക്ലാസില്‍ ഇരിക്കുമ്പോഴും ജ്യോതിയുടെ മനസ്സില്‍ രാജി പറഞ്ഞത് ഒരു മുള്ള് പോലെ കൊളുത്തി വലിച്ചുകൊണ്ടിരുന്നു.

‘നഷ്ടപ്രണയമോ? അവൾക്കോ? അതെങ്ങനെ? അവള്‍ എപ്പോള്‍ പ്രണയിച്ചു? ഇനി പൊതുവെ പറഞ്ഞതായിരിക്കുമോ?’

ജ്യോതിയുടെ പേന നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വട്ടം കറങ്ങി കറങ്ങി അതിനെ കുതിർത്തുകീറി.

ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ ബസ് സ്റ്റോപ്പ് വരെ രാജിയുടെ കൂട്ടുകാരുമുണ്ടായിരുന്നു കൂടെ. അവരോട് കലപിലയടിച്ച് രാജി നടക്കുമ്പോള്‍ അതും നോക്കി തൊട്ടുപിറകെ ജ്യോതിയും നടന്നു. ആ ബഹളത്തിനിടയിൽ അവളോട് ഒന്നും ചോദിക്കാന്‍ വയ്യ. തിരിച്ച് പോകുമ്പോള്‍ ബസ്സില്‍ സീറ്റില്ലായിരുന്നു. പതിവ് പോലെ ആ കമ്പിയില്‍ തൂങ്ങി വീടുവരെ എത്തി. മുറിയിലെത്തി ബാഗ് ഒരു മൂലയിലേക്ക് ഇട്ടിട്ട് രാജി കട്ടിലില്‍ മലർന്നു കിടന്നു. മുറിയിലേക്ക് എത്തിനോക്കുന വെയിലിനെ മറയ്ക്കാന്‍ രാജി തന്റെ ഇടതു കൈത്തണ്ട കൊണ്ട് കണ്ണും മുഖവും മൂടി.

Leave a Reply

Your email address will not be published. Required fields are marked *